മനുഷ്യൻ കാലത്തിന്റെ സൃഷ്ടിയാണെങ്കിലും ചിലർ അതിനെ അതിജീവിക്കുന്നു. അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ രവീന്ദ്രനാഥടാഗോറും മഹാത്മാഗാന്ധിയും. ടാഗോർ ഇന്ത്യയെ കവിതയിലൂടെ അവതരിപ്പിച്ചു, ഗാന്ധിജി അതിനെ പ്രവൃത്തിയിലൂടെ സൃഷ്ടിച്ചു. ഒരാൾ കവിതകൊണ്ട്‌ നൃത്തംചെയ്തെങ്കിൽ മറ്റേയാൾ ഗദ്യമായി രാജ്യത്തുടനീളം പദയാത്ര നടത്തി-ആടയിലും ആകാരത്തിലും ശ്രദ്ധിക്കാതെ, ആത്മശക്തിയിലും നിർഭയതയിലും ഊന്നിനിന്നുകൊണ്ട്‌. ടാഗോറും ഗാന്ധിജിയും ഇന്ത്യയുടെ പാസ്റ്റ്‌ പെർഫെക്ടാണ്.
ഇരുവരും ജനിക്കുന്നത്‌ ഒരേ പതിറ്റാണ്ടിലാണെങ്കിലും (ടാഗോർ-1861; ഗാന്ധിജി-1869) തമ്മിൽ കണ്ടുമുട്ടുന്നത്‌ അരനൂറ്റാണ്ടിനുശേഷമാണ്‌-1915 മാർച്ച്‌ ആറിന്‌. ഇന്ത്യൻരാഷ്ട്രീയത്തിലെ സർഗാത്മകമായൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു അത്‌. പല വിഷയങ്ങളിലും സന്ധിയില്ലാസമീപനം പുലർത്തിയപ്പോഴും ഇരുവരും ജനാധിപത്യത്തിന്റെ തുറസ്സിലൂടെ ഒരുമിച്ച്‌ നടന്നുനീങ്ങി, കന്മഷം തീണ്ടാതെ.
 സമീപനങ്ങളിൽ 
വിട്ടുവീഴ്ചയില്ലാതെ
സ്വദേശിപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഗാന്ധി-ടാഗോർ കൂടിക്കാഴ്ച നടക്കുന്നത്‌. ക്രമേണ ബ്രിട്ടീഷ്‌ ഉത്‌പന്നങ്ങളുടെ ബഹിഷ്കരണവും നിസ്സഹകരണപ്രസ്ഥാനവും ചർക്കയും ഖാദിയും സ്വരാജിനായുള്ള നീക്കവുമൊക്കെ കൊളോണിയൽവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി. നിർഭാഗ്യവശാൽ, ഇക്കാര്യങ്ങളിൽ പലതിലും ടാഗോറും ഗാന്ധിജിയും രണ്ടുധ്രുവങ്ങളിൽ നിലയുറപ്പിച്ചു.
ചർക്ക സ്വരാജിന്റെ സൂചകമായി മാറി എന്നതായിരുന്നു ടാഗോറിന്റെ ഒരു വിമർശനം. ഇത്‌ കാതലായ പ്രശ്നങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടുകയും നിഴലിനെ രൂപമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത്രേ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വരാജിന്‌ എളുപ്പവഴിയൊന്നുമില്ല; ആഗ്രഹവും വികാരവും കൊണ്ടുമാത്രം അത്‌ നേടാനുമാവില്ല; അതൊരു ദീർഘകാലപദ്ധതിയാണ്‌. വിദേശവസ്ത്രങ്ങൾ തീയിടുന്നതിനെയും അദ്ദേഹം വിമർശിച്ചു. ‘‘ഉടുതുണിക്ക്‌ മറുതുണിയില്ലാതെ സ്ത്രീകൾ കഷ്ടപ്പെടുമ്പോൾ വിദേശവസ്ത്രങ്ങൾ നശിപ്പിക്കുന്നതിന്റെ യുക്തിയെന്താണ്‌’’ -അദ്ദേഹം ചോദിച്ചു. 
വിശ്വഭാരതി സ്ഥാപിക്കാൻ ടാഗോർ പാശ്ചാത്യനാടുകൾ സന്ദർശിക്കുന്ന വേളയിലാണല്ലോ നിസ്സഹകരണപ്രസ്ഥാനം ഇന്ത്യയിൽ ആരംഭിക്കുന്നത്‌. ഇതദ്ദേഹത്തെ വല്ലാത്ത ചൊടിപ്പിച്ചു. സി.എഫ്‌. ആൻഡ്രൂസിനയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. ‘‘ഇവിടെ ഞാൻ കിഴക്കും പടിഞ്ഞാറുമായുള്ള സഹകരണത്തിന്‌ വാദിക്കുമ്പോൾ അവിടെ നിസ്സഹകരണം അരങ്ങുതകർക്കുന്നു. എന്തൊരു വിധിവൈപരീത്യം’’ -അദ്ദേഹം ചോദിക്കുന്നു. മറ്റൊരുവേള, നിസ്സഹകരണത്തെ ‘രാഷ്ട്രീയവനവാസ’മായും അദ്ദേഹം ചിത്രീകരിക്കുന്നു.
ഗാന്ധിജിയും ടാഗോറും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇതിൽമാത്രം ഒതുങ്ങിയതുമില്ല. അത്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിലേക്കും അടിക്കടിയുള്ള ഗാന്ധിജിയുടെ നിരാഹാരസമരത്തിലേക്കും ദീർഘിക്കുന്നു. ഖിലാഫത്തിലൂടെ ഹിന്ദു-മുസ്‌ലിം ഐക്യം കെട്ടിപ്പടുക്കാനാവില്ലെന്നും പ്രവൃത്തിയെ വിലക്കുന്നതായതുകൊണ്ട്‌ നിരാഹാരസമരം ഏറ്റവും അത്യാവശ്യഘട്ടത്തിൽമാത്രം ഉപയോഗിക്കേണ്ട ആയുധമാണെന്നും അദ്ദേഹം ഗാന്ധിജിയെ ഓർമിപ്പിക്കുന്നു.
വളരെ കണിശതയോടെയുള്ള മറുപടിയാണ്‌ ഇതിന്‌ ഗാന്ധിജി നൽകിയത്‌. തൊഴിലില്ലായ്മയും പട്ടിണിയുമാണ്‌ ജനങ്ങളെ ചർക്കയിലേക്ക്‌ ആകർഷിക്കുന്നത്‌ എന്നദ്ദേഹം വാദിക്കുന്നു. ഇതിന്റെ കാരണമാവട്ടെ ഇന്ത്യക്കാർക്ക്‌ വിദേശവസ്തുക്കളോടുള്ള ഭ്രമവും. ‘‘വിദേശവസ്ത്രങ്ങൾ അഗ്നിക്ക്‌ ഇരയാക്കുകവഴി നാം ഈ പാപം കഴുകിക്കളയുകയാണ്‌, സ്വയം ശുദ്ധീകരിക്കുകയാണ്‌’’ -ഗാന്ധിജി പറഞ്ഞു. ചർക്ക അദ്ദേഹത്തിന്‌ സ്വയംപര്യാപ്തതയിലേക്കും സ്വരാജിലേക്കുമുള്ള നാഴികക്കല്ലാണ്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വരാജിന്‌ പരസ്പരപൂരകങ്ങളായ രണ്ട്‌ അർഥതലങ്ങളാണുള്ളത്‌-രാഷ്ട്രീയസ്വാതന്ത്ര്യവും പരാശ്രയമില്ലാതെ ജീവിക്കാനുള്ള ജനങ്ങളുടെ കഴിവും അവകാശവും. രാഷ്ട്രീയക്കാരനല്ലാത്തതു കൊണ്ടാവണം ടാഗോറിന്‌ ഇതിൽ രണ്ടാമത്തെ ആശയത്തോടായിരുന്നു ആഭിമുഖ്യം.
നിസ്സഹകരണത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ മറുപടിയും ശ്രദ്ധേയം. ‘‘അതിന്റെ ലക്ഷ്യം കിഴക്കിനും പടിഞ്ഞാറിനുമിടയിൽ ചൈനീസ്‌ മതിൽ കെട്ടുകയല്ല. മറിച്ച്‌, അത്‌ പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ സഹകരണത്തിനുവേണ്ടിയുള്ളതാണ്‌. അടിമത്തത്തിൽ കഴിയാൻ ഇനിയും നാം തയ്യാറല്ലെന്ന മുന്നറിയിപ്പാണ്‌ നിസ്സഹകരണം” -അദ്ദേഹം വ്യക്തമാക്കി.
ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും നിർണായക ഘട്ടത്തിൽ അരങ്ങേറിയ ഈ ആശയവിനിമയം, ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിലെയും ആശയങ്ങളുടെ ചരിത്രത്തിലെയും ഏറ്റവും ഈടുറ്റ സംവാദമായിരുന്നുവെന്ന്‌ പറയാതെ വയ്യ. ഇരുവരും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നതിനാൽ, അത്‌ പരിഹാരമില്ലാതെ ചരിത്രത്തിൽ വിലയംപ്രാപിച്ചു; അതേസമയം, പൊട്ടിത്തെറിയിലേക്ക്‌ നീങ്ങിയതുമില്ല. മൗലികമായ സമസ്യകളിൽ ഇരുവർക്കുമുണ്ടായിരുന്ന ആശയസമന്വയമായിരുന്നു ഇതിന്റെ കാരണം.
 ആശയസമന്വയം
ആഴത്തിൽ പരതിയാൽ, ഗാന്ധിജിയുടെയും ടാഗോറിന്റെയും ആശയപ്രപഞ്ചത്തിൽ വിയോജിപ്പിനെക്കാൾ യോജിപ്പിനായിരുന്നു മുൻതൂക്കം. വ്യത്യസ്തമായ മാർഗങ്ങളിലൂടെയാണെങ്കിലും ഇരുവരും എത്തിയത്‌ ഒരേ നിഗമനത്തിൽത്തന്നെ-രാഷ്ട്രനിർമാണം ആരംഭിക്കേണ്ടത്‌ ഗ്രാമങ്ങളിൽനിന്നാണെന്നും സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ജനങ്ങൾക്ക്‌ സ്വാതന്ത്ര്യമില്ലെങ്കിൽ, സ്വരാജ്‌ അന്തസ്സാരശൂന്യമാണെന്നുമുള്ള തിരിച്ചറിവിൽ. ഇരുവരും ഇന്ത്യൻ പാരമ്പര്യത്തിലും സംസ്കാരത്തിലും അടിയുറച്ചുവിശ്വസിച്ചു. ഗാന്ധിജിയുടെ ‘ഹിന്ദ്‌ സ്വരാജും’ ടാഗോറിന്റെ കാവ്യസമാഹാരമായ ‘ഭാരത്‌ തീർഥ’യും ഇതിലേക്കുള്ള ചൂണ്ടുപലകയാണ്‌. രണ്ടും ഒരേ കാലഘട്ടത്തിൽ രചിച്ച കൃതികളാണെന്ന പ്രത്യേകതയുമുണ്ട്‌.
ഇരുവരും മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും പൊതുജനസേവനത്തിനും അഹിംസയ്ക്കും ഊന്നൽ നൽകിയവരാണ്‌. തങ്ങളുടേതായ രീതിയിൽ അവർ ദൈവവിശ്വാസികളുമായിരുന്നു. സാധാരണക്കാരന്റെ ജീവിതകഥയാവണം ചരിത്രമെന്നും സ്വാതന്ത്ര്യവും ഉത്തരവാദിത്വവും സമരസപ്പെട്ടുനിൽക്കണമെന്നും ദരിദ്രരെ സേവിക്കുന്നതാവണം സ്വരാജ്‌ എന്നും അവർ കരുതി.
മാത്രമല്ല, സ്വരാജ്‌ ആത്യന്തികമായി അഹിംസയിൽ അധിഷ്ഠിതവുമാണ്‌. തങ്ങൾ പങ്കാളികളായ സമരങ്ങൾ ഹിംസാത്മകമായപ്പോൾ ഒരു സങ്കോചവുമില്ലാതെ അവയെ തള്ളിപ്പറഞ്ഞ പാരമ്പര്യമായിരുന്നല്ലോ അവരുടേത്‌. ‘ഏക്ക്‌ ല ചലോ രെ’ എന്ന ടാഗോർക്കവിത പിറക്കുന്നതുതന്നെ സ്വദേശിപ്രസ്ഥാനം ഹിംസാത്മകമായപ്പോഴാണെന്ന കാര്യമോർക്കുക. ‘ഒരുവന്റെ വചനം ആരും ചെവിക്കൊള്ളുന്നില്ലെങ്കിൽ ഏകാകിയായി സഞ്ചരിക്കണം’ എന്നാണ്‌ അതിൽ ടാഗോർ ആഹ്വാനം ചെയ്യുന്നത്‌. നിസ്സഹകരണപ്രസ്ഥാനം പാതിവഴി ഉപേക്ഷിച്ചപ്പോഴും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാഷ്ട്രീയംവിട്ട്‌ വർഗീയസംഘർഷങ്ങളുടെ നടുവിലൂടെ ഒറ്റയാനായി നടന്നപ്പോഴും ഇതുതന്നെയാണ്‌ ഗാന്ധിജി ചെയ്തതും.
അഭിപ്രായപ്രകടനത്തിലും സംവാദത്തിലും ഇത്രയും മാന്യതയും ജനാധിപത്യമര്യാദയും പുലർത്തിയ അപൂർവം വ്യക്തികളേ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടുള്ളൂ. ഗാന്ധിജിയും ടാഗോറും ശ്രമിച്ചത്‌ പരസ്പരം പരാജയപ്പെടുത്താനോ കൈയടിവാങ്ങാനോ ആയിരുന്നില്ല. കാര്യങ്ങൾ വിശദീകരിക്കാനും ബോധ്യപ്പെടുത്താനും മാത്രമായിരുന്നു. ഇരുവരും തമ്മിലുണ്ടായ സംവാദത്തെ എത്ര മനോഹരമായാണ്‌ ഗാന്ധിജി വർണിക്കുന്നത്‌ എന്നുകാണുക: “കവി ഒരു സൃഷ്ടികർത്താവാണ്‌. അദ്ദേഹം സൃഷ്ടിക്കുന്നു, നശിപ്പിക്കുന്നു, പുനഃസൃഷ്ടിക്കുന്നു. ഞാനൊരു അന്വേഷകനാണ്‌. അന്വേഷിച്ച്‌ കണ്ടെത്തിയതിൽ കടിച്ചുതൂങ്ങിക്കിടക്കുന്നു”. ഇതിന്‌ ടാഗോർ നൽകിയ മറുപടിയും ശ്രദ്ധേയമാണ്‌: “മഹാത്മജി തപസ്യയുടെ പ്രവാചകനാണ്‌. ഞാൻ ആനന്ദത്തിന്റെ കവിയും”.
സ്നേഹബഹുമാനത്തോടെ, യോജിച്ചും വിയോജിച്ചും ഗാന്ധിജിയും ടാഗോറും സർഗസംവാദത്തിന്റെ ഒരു പുത്തൻ സംസ്കാരത്തിന്‌ ബീജാവാപംനൽകി. ഭാവി ഇന്ത്യയെ സ്വപ്നം കണ്ടു. ഇക്കാര്യത്തിൽ അവർ അസാധ്യമായ സാധ്യതയായി (impossible possibility) ഇന്നും നിലകൊള്ളുന്നു.