നിയമനിർമാണസഭയിൽ പാർലമെന്റിൽ കാര്യമായ ചർച്ച കൂടാതെ ബില്ലുകൾ പാസാക്കുന്നു.  ഭരണഘടനയുടെയും പാർലമെന്റിന്റെ കാര്യനിർവഹണവും നടപടിക്രമങ്ങളും സംബന്ധിച്ച ചട്ടങ്ങളുടെ അന്തസത്തയ്ക്കും സ്വത്വത്തിനും വിരുദ്ധമാണത്‌. നിയമനിർമാണ സഭകളിലെ ഭൂരിപക്ഷം എന്ന സാങ്കേതികത്വംമാത്രം ഉപയോഗിച്ച് ബില്ലുകൾ  പാസാക്കാനല്ല ഭരണഘടനാ ശില്പികളോ ചട്ടങ്ങളോ ഉണ്ടാക്കിയവർ ലക്ഷ്യമിടുന്നത്.   ശരിയായ രീതിയിൽ ഓരോ ബില്ലും തലനാരിഴകീറി ചർച്ച ചെയ്യണം. 
നിയമനിർമാണസഭകളുടെ ചരിത്രം പരിശോധിച്ചാൽ സഭാ സമ്മേളനങ്ങളുടെ ബഹുഭൂരിപക്ഷം സമയവും നീക്കിെവക്കുന്നത് നിയമനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേണ്ടിയാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് കാലങ്ങളായി നിയമനിർമാണം ഒരു ആചാരമായി മാറിയിരിക്കുന്നു. ഭരണഘടനയുടെ 107 മുതൽ 111 വരെയുള്ള അനുേച്ഛദങ്ങൾ നിയമനിർമാണ നടപടിക്രമങ്ങൾ വിശദമാക്കുന്നുണ്ട്.  ഭരണഘടനയുടെ അനുച്ഛേദം 118 നൽകുന്ന അധികാരം ഉപയോഗിച്ച് നിർമിക്കുന്ന ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.  പാർലമെന്റിൽ ഇപ്പോൾ നടക്കുന്ന നിയമനിർമാണ പ്രക്രിയ ഇവയുടെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ടാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.  സാങ്കേതികമായി ഭൂരിപക്ഷം ഉപയോഗിച്ച് ചർച്ച കൂടാതെ പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ചിടത്തോളം ഇതൊന്നും പാലിക്കപ്പെടുന്നില്ല.

നടക്കുന്നത് നിയമാവലിയുടെ ലംഘനം
കാര്യനിർവഹണവും നടപടിക്രമങ്ങളും ചട്ടം 72 പ്രകാരം ഒരു ബിൽ നോട്ടീസ് ലഭിച്ചാൽ  അവതരണത്തിനെതിരേ ആക്ഷേപം ഉന്നയിക്കാം.  നിയമനിർമാണ ആധികാരികത, ഭരണഘടനാപരമായ സാധുത തുടങ്ങിയ വിഷയങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കാം. ബിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ ചട്ടം13 പ്രകാരം ഗസറ്റിൽ വിജ്ഞാപനം ചെയ്യണം.  ഒരു ബിൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിലൂടെ അത് പൊതുജന സമക്ഷം  അറിവിലേക്കായി സമർപ്പിക്കുകയാണ്. ചട്ടം 74 പ്രകാരം ബിൽ പരിഗണനയ്ക്ക് എടുക്കണം. പരിഗണനയ്ക്ക് എടുക്കുക എന്നതു പാസാക്കുക മാത്രമല്ല ചട്ടം 74-ലെ വ്യവസ്ഥകൾ പ്രകാരം സെലക്ട് കമ്മിറ്റിക്ക് വിടാനോ ജോയന്റ് കമ്മിറ്റിക്ക്‌ വിടാനോ പൊതുജനാഭിപ്രായത്തിനു വേണ്ടി വിതരണം ചെയ്യാനോ വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും ഒരു ആവശ്യത്തിനായി പ്രമേയം അവതരിപ്പിക്കുന്നതിന് രണ്ട് ദിവസംമുമ്പ് ബില്ലിന്റെ പകർപ്പ് എല്ലാ അംഗങ്ങൾക്കും നൽകേണ്ടതും അംഗങ്ങൾക്ക് അതിന്മേൽ ആക്ഷേപം ഉന്നയിക്കാൻ സാധിക്കുന്നതുമാണ്. ബില്ലിനെ  സംബന്ധിച്ച് പൊതുചർച്ച ഈ അവസരത്തിൽ സാധ്യമാണ്.   

ചട്ടം 76 പ്രകാരം ഏതൊരംഗത്തിനും ബിൽ സെലക്ട് കമ്മിറ്റിക്കോ ജോയന്റ് കമ്മിറ്റിക്കോ വിടാനോ പൊതുജനാഭിപ്രായം തേടാനോ ആവശ്യപ്പെടാം. സെലക്ട് കമ്മിറ്റിക്ക് വിടുന്ന ബില്ലുകളുടെ റിപ്പോർട്ടുകളും ചർച്ചയ്ക്ക് വിധേയമാക്കാൻ വ്യവസ്ഥയുണ്ട്.  ഭരണഘടനാവ്യവസ്ഥകളും ചട്ടങ്ങളും വ്യക്തമാക്കുന്നത് ഓരോ ഘട്ടത്തിലും ബിൽ സംബന്ധിച്ച് വിശദമായ ചർച്ചയാണ്.  ഭരണപ്രതിപക്ഷ ഭേദമെന്യേ അംഗങ്ങൾക്ക് നിയമനിർമാണ പ്രക്രിയയിൽ പങ്കാളികളാവാനും ചർച്ചയിൽ പങ്കെടുക്കാനും വ്യവസ്ഥചെയ്യുന്നതാണ് നിലവിലുള്ള നടപടിക്രമങ്ങൾ.   ഇത്തരത്തിൽ വിശദവും കാര്യക്ഷമവുമായ  ചർച്ച വിവിധ തലങ്ങളിൽ വിവിധ ഘട്ടങ്ങളിൽ ഉറപ്പുവരുത്തുന്ന നിയമാവലി പിന്തുടരുന്ന പാർലമെന്റിൽ ഒരു ചർച്ചയും കൂടാതെ ബില്ലുകൾ പാസാക്കുന്നത് ഗുരുതരവും നിയമാവലിയുടെ ലംഘനവുമാണ്.

തിടുക്കത്തിൽ, പാസാക്കുന്നത് മാരണനിയമങ്ങൾ
ഓരോ ഘട്ടത്തിലും ചർച്ച ഉറപ്പുവരുത്തണമെന്ന വ്യവസ്ഥ നിലനിൽക്കുമ്പോൾ  സഭാസമ്മേളനം പ്രക്ഷുബ്ധമാക്കുന്ന സാഹചര്യം സർക്കാർതന്നെ സൃഷ്ടിക്കുന്നു.  സഭ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ഒരു ചർച്ചയും കൂടാതെ മിനിറ്റുകൾ കൊണ്ട് ബില്ലുകൾ പാസാക്കുന്നു. ഈ രീതി ജനാധിപത്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭൂഷണമല്ല.കോവിഡിന്റെ ഭീഷണിയിൽ രാജ്യം വിറങ്ങലിച്ചുനിന്നപ്പോൾ കാർഷികരാജ്യമായ ഇന്ത്യയിൽ കർഷകരുടെ ദൈനംദിന ജീവിതത്തെയും കാർഷികവൃത്തിയെയും അടിമുടി ദോഷകരമായി ബാധിക്കുന്ന ബിൽ നിയമമാക്കി.  പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ, കാര്യക്ഷമമായി ചർച്ചയില്ലാതെ പാസാക്കിയ നിയമം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.   നിയമത്തിനെതിരേ നടന്ന സമരത്തിൽ ഒട്ടേറെ രക്തസാക്ഷികൾ ഉണ്ടായി.  കർഷകർ ഇപ്പോഴും സമരമുഖത്താണ്. ഇൻഷുറൻസ് കമ്പനികളുടെ ദേശസാത്‌കരണം ഇല്ലാതാക്കി സ്വകാര്യവത്‌കരണം സാധ്യമാക്കുന്ന ബിൽ ചർച്ച കൂടാതെ പാസാക്കി.  ജനതയുടെ ഉപജീവനത്തെയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെയും താറുമാറാക്കുന്ന നിയമനിർമാണങ്ങൾ, ഒന്നിനും ചർച്ചയില്ല. ബി.ജെ.പി. സർക്കാരിന്റെ കാലത്തെ നിയമനിർമാണങ്ങൾ രാജ്യത്തെ നിയമനിർമാണ ചരിത്രത്തിലെ കറുത്തഏടായി അവശേഷിക്കുന്നു. 

ഗുരുതര പ്രതിസന്ധി
പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾക്ക് ഒരു നിശ്ചിതകാലയളവുപോലും  ആയുസ്സ് ഇല്ലായെന്ന തരത്തിൽ നിരന്തരമായി നിയമഭേദഗതി വേണ്ടിവരുന്നത് കാര്യക്ഷമായ ചർച്ചയും വീക്ഷണവുമില്ലാതെ നിയമനിർമാണം നടത്തുന്നതുകൊണ്ടാണ്.   ഓർഡിനൻസ് രാജ് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.  ഓർഡിനൻസ് പ്രകാരം സ്വീകരിക്കുന്ന നടപടികൾ ഓർഡിനൻസ് നിലവിലുള്ള കാലത്തോളം  നിയമാനുസരണമാണെന്ന് കണക്കാക്കപ്പെടുന്നതിനാൽ ഓർഡിനൻസിൽ കാര്യമായ ഭേദഗതിയോടു കൂടിയുള്ള നിയമമാണ് സഭ പാസാക്കുന്നതെങ്കിലും ഓർഡിനൻസ് പ്രാബല്യത്തിലുണ്ടായിരുന്ന കാലത്തെ നിയമസാധുത സങ്കീർണമായ നിയമപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.  ഫലത്തിൽ പാർലമെന്റിന്റെ അധികാരം എക്സിക്യുട്ടീവ് കവർന്നെടുക്കുന്ന അതി ഗുരുതരമായ ജനാധിപത്യ പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്.  സാങ്കേതികമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഭരണം ലഭിക്കുന്നവർ അവരുടെ ആഗ്രഹങ്ങൾക്കനുസൃതമായി ബില്ലുകൾ  കൊണ്ടുവരുകയും കാര്യക്ഷമമായ ചർച്ചയോ പരിശോധനയോ കൂടാതെ ബിൽ നിയമമാക്കുകയും ചെയ്യുമ്പോൾ അവിടെ  ജനഹിതം അനുസരിച്ചുള്ള നിയമനിർമാണം സാധ്യമാകുന്നില്ല. 

എക്സിക്യുട്ടീവിന്റെ ദുരുപയോഗം
 അധികാരത്തിലെത്തുന്ന കക്ഷികൾ പാർലമെന്റിന്റെയും നിയമസഭയുടെയും അധികാരങ്ങളിൽ കടന്നുകയറി നിയമനിർമാണ പ്രക്രിയയെ എക്സിക്യുട്ടീവിന്റെ ഭരണസൗകര്യത്തിനായി ദുരുപയോഗം ചെയ്താൽ  ക്ഷയിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ ഓരോ പാർലമെന്റേറിയന്റെയും നിയമസഭാ സാമാജികന്റെയും ഉത്തരവാദിത്വമുള്ള പൗരന്റെയും ബോധമണ്ഡലത്തിൽ ഇടിമുഴക്കം പോലെ പ്രതിധ്വനിക്കണം.  നിയമങ്ങളിൽ വ്യക്തത വേണം,  നിയമങ്ങൾ എന്തിനുവേണ്ടി എന്ന ഉത്തമബോധ്യം ഉണ്ടാവണം. ഒാരോ നിയമവും സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് ദീർഘവീക്ഷണം ഉണ്ടാവണം. സർവോപരി കാര്യക്ഷമവും ക്രിയാത്മകവുമായ ചർച്ച ഉണ്ടാവണം. ബില്ലുകൾ കാര്യക്ഷമമായ ചർച്ചയ്ക്ക് വിധേയമാക്കി നിയമം പ്രാബല്യത്തിൽ വരുമ്പോൾ സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് മുൻകൂട്ടി കാണുകയും തദനുസരണമായി മാറ്റങ്ങൾ വരുത്തുകയും വേണം.  രാഷ്ട്രീയമായ കാഴ്ചപ്പാടിനപ്പുറം രാജ്യത്തെ ജനതയുടെ ക്ഷേമവും നന്മയും ഉറപ്പുവരുത്തുന്നതാകണം ഓരോ നിയമവും. നിയമനിർമാണ പ്രക്രിയകളിൽ ഒരു പുതിയ വഴിത്തിരിവുണ്ടാവാൻ പ്രചോദനമാകട്ടെ പരമോന്നത നീതിപീഠത്തിന്റെ  അഭിപ്രായപ്രകടനം.    (അവസാനിച്ചു)