ഓഗസ്റ്റ് 26-ന് 170 പേരുടെ ജീവനെടുത്ത ചാവേറാക്രമണത്തിനുശേഷം, ആഗോളഭീകരവാദത്തിന്റെ ഉദ്പാദകരെന്ന പഴയ നിലയിലേക്ക് അഫ്ഗാനിസ്താൻ തിരികെപ്പോകുമോയെന്ന ഭീതി നിഴലിക്കുകയാണ്. മടങ്ങിപ്പോക്ക് അത്ര വേഗത്തിലാവില്ലെങ്കിലും അങ്ങനെയൊരു സാധ്യത പൂർണമായും തള്ളിക്കളയുന്നത് വിഡ്ഢിത്തമായിരിക്കും. അത്തരമൊരു പിന്നോട്ടുപോക്ക് കാലക്രമേണയുണ്ടായാലും അതുണ്ടാക്കുന്ന ഭീഷണി ഇരുപതുവർഷംമുമ്പുണ്ടായിരുന്ന അത്രയും ഭീതിദമായേക്കില്ല. അഫ്ഗാന്റെ ഭാവി നിയന്ത്രിക്കാൻ മൂന്ന് പ്രധാനശക്തികളാണ് രംഗത്തുള്ളത്. കാബൂളടക്കം രാജ്യത്തിന്റെ 34 പ്രവിശ്യകളിൽ ഭൂരിഭാഗം എണ്ണത്തിന്റെയും തലസ്ഥാനം പിടിച്ചെടുത്ത താലിബാനാണ് അതിലേറ്റവും കരുത്തർ. പക്ഷേ, രാജ്യത്തെ ഏതുദിശയിൽ മുന്നോട്ടുനയിക്കുമെന്നതിനെക്കുറിച്ച് താലിബാൻ നേതൃത്വം ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് കരുതുന്നത്. താലിബാൻ ഭരണകൂടം തങ്ങളുടെ നയങ്ങൾക്ക് രൂപംനൽകിക്കഴിഞ്ഞാൽ മാത്രമേ മറ്റ് രണ്ടു ശക്തികളുടെയും സാധ്യതയെക്കുറിച്ചുള്ള വിലയിരുത്തലുകൾ തുടങ്ങാനാകൂ.

കളത്തിലെ മൂന്നുപേർ
അഫ്ഗാനിലെ പുതിയ ഭരണകൂടത്തോട് വളരെവേഗം സന്ധിചെയ്ത രാജ്യങ്ങളിൽപ്പോലും താലിബാനോടുള്ള ശത്രുത സഹജമാണ്. തങ്ങളുടെ നാട്ടിലെ വിമതഗ്രൂപ്പുകൾ മുമ്പ്‌ ഈ മതാധിഷ്ഠിതഭരണത്തിന്റെ വക്താക്കളിൽനിന്ന് പിന്തുണയും പ്രചോദനവും നേടിയിട്ടുണ്ടെന്ന് ചൈനയ്ക്കും റഷ്യയ്ക്കും മറ്റുള്ളവരെക്കാൾ ധാരണയുണ്ടായിക്കഴിഞ്ഞു. സംരക്ഷിച്ചു വളർത്തിയവരെ അഫ്ഗാനിൽ അധികാരത്തിലേറ്റിയതിന്റെ ആഘോഷത്തിലാണ് പാകിസ്താനിപ്പോൾ. എന്നാൽ, ഭാവിയിൽ പതിയിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള ഭയം മറയ്ക്കാൻ ആ ആഹ്ലാദത്തിനായിട്ടില്ല. യുദ്ധം തുടങ്ങിയ നാളുകളിലെങ്ങനെയായിരുന്നോ അതേ ബാഹ്യരൂപത്തിലേക്കുതന്നെ അഫ്ഗാൻരാഷ്ട്രീയത്തെ തിരിച്ചെത്തിച്ച അമേരിക്കയുടെ പാളിപ്പോയ ‘ഭീകരതയ്ക്കെതിരായ യുദ്ധ’ത്തെച്ചൊല്ലിയുള്ള ആശങ്കയിലാണ്‌ ലോകമിപ്പോൾ.
അറബ് ആധിപത്യമുള്ള അൽ ഖായിദയുടെ സ്ഥാനത്ത് ലോകമെമ്പാടുമുള്ള തീവ്രവാദികളുമായി ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസനാണിന്ന്. അന്നും ഇന്നും മിതവാദത്തിന്റെ വക്താക്കളായ വടക്കൻസഖ്യം തങ്ങളുടെ അവസാനകോട്ടയായ പഞ്ച്ശീർ താഴ്‌വരയിലേക്ക് പിന്മാറി. ഭൂമിശാസ്ത്രപരമായും ആലങ്കാരികമായും കേന്ദ്രസ്ഥാനത്ത് ഇന്ന് താലിബാനിരിക്കുന്നു. താലിബാൻ എങ്ങോട്ട്‌ ചായുമെന്നതിനെ ഉറ്റുനോക്കുകയാണ് എല്ലാവരും. ഐ.എസ്.കെ.യുമായി പലഘട്ടത്തിൽ ഉരസിയിട്ടുള്ള താലിബാൻ വടക്കൻസഖ്യത്തെ പരാജയപ്പെട്ട ശത്രുവായാണ് കണക്കാക്കുന്നത്. താലിബാനുള്ളിലെതന്നെ സംഘങ്ങൾ രണ്ടുവശത്തേക്കും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുമുണ്ട്. തീവ്രവാദത്തെയാകും താലിബാൻ സ്വീകരിക്കുകയെന്ന് അവരുടെ മുൻകാലഭരണം സൂചിപ്പിക്കുന്നു. അത്തരമൊരു വിധി ഒഴിവാക്കാനാകാത്തതുതന്നെയെന്ന് സാമാന്യയുക്തിയും ശരിവെക്കുന്നു.

നിർണയിക്കപ്പെട്ട ‘ഭീകരത’
1996-നും 2001-നുമിടയിലുണ്ടായിരുന്ന അതേരീതിയിൽ ഇനിയും തങ്ങൾക്ക് പെരുമാറാനാവില്ലെന്ന് ആഗോളരീതികളെക്കുറിച്ച് ബോധ്യമുള്ള താലിബാൻ നേതൃത്വത്തിനറിയാം. 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽനടന്ന ഭീകരാക്രമണം അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അതുവരെ, തീവ്രവാദത്തെ ഇതിനുമപ്പുറം കടത്തിവിടില്ലെന്ന കൃത്യമായ അതിർത്തി അന്താരാഷ്ട്ര സമൂഹം നിശ്ചയിച്ചിരുന്നില്ല. അതിനുമുമ്പ്‌ വർഷങ്ങളോളം, അൾജീരിയമുതൽ ഫിലിപ്പീൻസ് വരെയുള്ള ഇസ്‌ലാമിക തീവ്രവാദ സംഘടനകൾ ശത്രുവിടങ്ങളിൽ ഖിലാഫത്ത് സ്ഥാപിക്കുകയും ഇതര ശക്തികളെ വിജയിക്കുകയും ചെയ്യുകയെന്ന പൊതുലക്ഷ്യത്തിലേക്ക് സ്ഥിരമായി നീങ്ങിക്കൊണ്ടിരുന്നിരുന്നു. സായുധപോരാട്ടം തിരഞ്ഞെടുത്ത തീവ്രവാദികൾ തങ്ങളുടെ സൈനികബലത്തിന്റെ പോരായ്മയെക്കുറിച്ച് ധാരണയുള്ളതിനാൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളിലേക്ക് നീങ്ങി.
തങ്ങളോടേറ്റുമുട്ടാനുള്ള ധൈര്യം ഒരു രാജ്യത്തിനുമില്ലെന്നും അന്തിമവിജയം തങ്ങൾക്കാകുമെന്നുമുള്ള വിശ്വാസംപോലും ഒരു ഘട്ടത്തിൽ തീവ്രവാദികളിൽ ഉടലെടുത്തു. തിരിച്ചടിക്കാനുള്ള നടപടികൾ വേണ്ടരീതിയിൽ ഏകോപിപ്പിക്കുകയോ അതിനായി പൊതുവായി അംഗീകരിക്കപ്പെടുന്ന മാനദണ്ഡങ്ങൾ തയ്യാറാക്കുകയോ ചെയ്യാതെ റഷ്യയൊഴികെയുള്ള മുഴുവൻ ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളും ഈ ധാരണ ശരിവെക്കുന്നതുപോലെ പെരുമാറി. ഒരു രാജ്യം ഭീകരസംഘടനയെന്ന പട്ടികയിലുൾപ്പെടുത്തിയ സംഘടനയെ മറ്റൊരു രാജ്യം സ്വാതന്ത്ര്യപ്പോരാളികളെന്നു വിളിക്കുന്ന സാഹചര്യംപോലുമുണ്ടായി.
അവിടെനിന്ന് തീവ്രവാദത്തിന് അതിർവരമ്പുനിശ്ചയിക്കുന്നതിലേക്കാണ് 9/11 ഭീകരാക്രമണം വഴിതെളിച്ചത്. യു.എസും അവർ തെളിച്ച സഖ്യവും അബദ്ധത്തിനുമേൽ അബദ്ധം കാട്ടുന്നതായിരുന്നു പിന്നീടുകണ്ടത്. എന്നാൽ, അടിസ്ഥാനനിയമം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഭീകരവാദത്തിനു തുനിയുന്നവർ യു.എസിന്റെ പ്രതികാരത്തിന്‌ പാത്രമാവും എന്ന നിലവന്നു. യു.എസ്. പ്രസിഡന്റുമാർ ജോർജ് ഡബ്ല്യു. ബുഷിനെ മാതൃകയാക്കാനും അതേപാതയിലേക്ക് നീങ്ങുന്ന മറ്റേതെങ്കിലും സർക്കാരുണ്ടെങ്കിൽ അവയ്ക്ക് പിന്തുണനൽകാനും സ്വന്തം ജനതയാൽ നിർബന്ധിക്കപ്പെട്ടു.

മുന നഷ്ടപ്പെട്ട ഭീകരവാദം
ഭീകരവാദവും പരമ്പരാഗത സൈനികശക്തിയും തമ്മിലുള്ള അന്തരം വലുതാണ്. രണ്ടു പതിറ്റാണ്ടുകളായി ചെറുകാർ വലുപ്പത്തിലുള്ള ലക്ഷ്യങ്ങളെപ്പോലും വിദൂരത്തുനിന്ന് കൃത്യമായി ആക്രമിക്കാനുള്ള മാർഗങ്ങൾ പാശ്ചാത്യലോകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വന്തം സൈന്യത്തെ സുരക്ഷിതരാക്കി ശത്രുവിനെ വകവരുത്താൻ പലരീതിയിൽ അവർ മിടുക്കുനേടിയിട്ടുമുണ്ട്. ഭീകരസംഘടനകളിലേക്കും അവരെ സഹായിക്കുന്ന സർക്കാരുകളിലേക്കുമുള്ള പണമൊഴുക്ക് തടയാൻ കൃത്യമായ നിയമങ്ങളും സംവിധാനങ്ങളും ഇതിനകം നിർമിക്കപ്പെട്ടുകഴിഞ്ഞു. എന്നിരുന്നാലും വരുംകാലങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിൽ ഭീകരാക്രമണങ്ങളുണ്ടാകും. എന്നാൽ, ഇതെല്ലാം മതഭരണം സ്ഥാപിക്കുന്നതിലേക്ക് നയിക്കുമെന്നും അതിലൂടെ ലോകക്രമത്തെ മാറ്റിമറിക്കുമെന്നും വിശ്വസിക്കാൻ മൂഢതീവ്രവാദികൾക്കേ കഴിയൂ.

വ്യർഥമെന്നു വെളിപ്പെട്ടതോടെ ജിഹാദി പദ്ധതിയുടെ ആകർഷണംതന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. അൾജീരിയ, ലിബിയ, ഈജിപ്ത്, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽപ്പോലും ഇന്ന് മതതീവ്രവാദം സ്വാധീനം നഷ്ടപ്പെട്ട ഒരു ശക്തിയാണ്. മതതീവ്രവാദത്തിന്റെ പുനരുജ്ജീവനത്തിനെതിരേയുള്ള ആദ്യ പ്രതിരോധ സംവിധാനംതന്നെ ഈ രാജ്യങ്ങളിൽ ഇപ്പോൾ അധികാരത്തിലുള്ള മതേതരഭരണകൂടങ്ങളാണ്. സാമ്പത്തിക ഉപരോധം ഉലയ്ക്കാൻ തുടങ്ങിയിട്ടും സൈന്യത്തിന് സ്വാധീനമുള്ള പാകിസ്താൻ ഭരണകൂടം പക്ഷേ, ഈ നിലയിലേക്കുയർന്നിട്ടില്ല.
ഒരുകാലത്ത് തങ്ങൾക്ക് പ്രചോദിതരാക്കാൻകഴിഞ്ഞ യുവതലമുറ ഇന്ന് മറ്റുമാതൃകകൾ തേടിപ്പോയതോടെ തീവ്രവാദികൾ സാംസ്കാരികപ്രതിമകൾ മാത്രമായൊതുങ്ങിയിട്ടുണ്ട്. അഫ്ഗാനിലെ ഗ്രാമപ്രദേശങ്ങളിലും താലിബാന്റെ പ്രധാന റിക്രൂട്ടിങ് കേന്ദ്രങ്ങളായ പാകിസ്താനിലെ അഭയാർഥിക്യാമ്പുകളിലും ഇന്നുള്ളത് പുതിയൊരു തലമുറയാണ്. മൊബൈൽ ഫോണിലൂടെ ആഗോള വിവരപാതയിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നവർ. ഉസാമ ബിൻലാദന്റെയും അയ്മൻ അൽ സവാഹിരിയുടെയും ശബ്ദദൃശ്യ സന്ദേശങ്ങൾ മാത്രമല്ല അവർക്ക് പഥ്യം.

നിലച്ച പണമൊഴുക്ക്
തലമുറമാറ്റം മാത്രമല്ല ഇപ്പോൾ താലിബാനെ വലയ്ക്കുന്നത്. ദുരിതാശ്വാസ ഫണ്ടിന്റെ രൂപത്തിൽ രക്ഷാധികാരികളിൽനിന്നുള്ള സംഭാവനകളുടെ ഇടനിലക്കാരായിനിന്നായിരുന്നു മുല്ലകൾ അഭയാർഥിക്യാമ്പുകളിലെ പ്രധാനികളായിമാറിയത്. എന്നാൽ, സൗദി കിരീടാവകാശിയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ജിഹാദി പദ്ധതിക്കെതിരേ നിലപാടെടുത്തതോടെ ഈ പണമൊഴുക്ക് നിലച്ചു. താലിബാന് രൂപംനൽകിയിട്ടുള്ള മതനേതാക്കൾ ചർച്ചയ്ക്കായി മറ്റ്‌ അധികാര കേന്ദ്രങ്ങളെ സമീപിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഇത്തരം ഘടകങ്ങളുടെ പിന്തുണയില്ലാതെ മുല്ലാ ബരാദറുമായോ അനസ് ഹഖാനിയുമായോ നേരിട്ട് ബന്ധപ്പെടാൻ ഹമീദ് കർസായിക്കോ അബ്ദുള്ള അബ്ദുള്ളയ്ക്കോ കഴിയില്ല.

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാരിനെക്കുറിച്ചോ ശരീഅത്തിന്റെ കാഠിന്യംകുറഞ്ഞ വ്യാഖ്യാനങ്ങളെക്കുറിച്ചോ സൂചനനൽകുമ്പോൾ അഫ്ഗാനു പുറത്തുള്ള ജനതയെ കബളിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല താലിബാൻ ചെയ്യുന്നത്. മുൻ ഭരണകാലത്ത് കാട്ടിക്കൂട്ടിയ ക്രൂരതകൾ തങ്ങൾക്ക് ദോഷമായി ഫലിക്കുമെന്നവർക്കറിയാം. അഫ്ഗാനിലെ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമമാണെന്ന് പറയാനാവില്ലെങ്കിലും ഭരണകൂടത്തെ മുന്നോട്ടു ചലിപ്പിക്കാൻ അവരുണ്ടായേ തീരൂ. ഡോക്ടർമാരും എൻജിനിയർമാരും മറ്റ് സാങ്കേതികവിദഗ്ധരുമില്ലാതെ ഒരു സമൂഹത്തിനും അതിജീവിക്കാനാവില്ല. ഇങ്ങനെ ശ്വാസംമുട്ടുന്ന ഒരന്തരീക്ഷത്തിൽ അവർക്കോ വ്യവസായങ്ങൾക്കോ പ്രവർത്തിക്കാനാവില്ല. ഇത്തരം വാദങ്ങൾ 1996-2001 കാലത്തും നടക്കുമായിരുന്നെന്നും എന്നാൽ, മുല്ലകൾ അത്തരത്തിൽ നിയന്ത്രിക്കപ്പെട്ടില്ലെന്നും താലിബാന്റെ മറുഭാഗത്തുള്ളവർ ചൂണ്ടിക്കാട്ടും. എന്നാൽ, ഗുൽബുദ്ദീൻ ഹെക്മത്യാർ, അഹമ്മദ് ഷാ മസൂദ്, അബ്ദുൽ റഷീദ് ദോസ്തം, ഹസാര ഷിയാകൾ എന്നിവർ നടത്തിയ ഏറ്റുമുട്ടലുകളിൽ അവശിഷ്ടങ്ങളുടെ കൂമ്പാരമായിമാറിയ കാബൂളിൽനിന്ന് ഉദ്യോഗസ്ഥവൃന്ദവും സാങ്കേതികവിദഗ്ധരും വ്യവസായികളും അതിനുമുമ്പ്‌ പലായനം ചെയ്തുവെന്ന വസ്തുത ഈ വാദത്തിൽ പരിഗണിക്കപ്പെടുന്നില്ല. ആ കാലത്ത് താലിബാന് എന്തെങ്കിലും കെട്ടിപ്പടുക്കാനുള്ള കഴിവില്ലെന്നുമാത്രമല്ല അവർക്ക് കെട്ടിപ്പടുക്കാനും ഒന്നുമില്ലായിരുന്നു. എന്നാൽ, ഇപ്പോൾ അഫ്ഗാൻ പൗരന്മാരോട് രാജ്യത്തു തുടരാൻ പറയാനും നിലവിൽ പടുത്തുയർപ്പെട്ടുകഴിഞ്ഞ സംവിധാനങ്ങളെ പ്രവർത്തിപ്പിക്കാനും അവർക്കാകും.

ഐ.എസ്‌.കെ. എന്ന ഭീഷണി
അഫ്ഗാൻ, ജിഹാദികളുടെ സുരക്ഷിതതാവളമായി തുടരുന്നുവെന്ന്‌ കാബൂൾ വിമാനത്താവളത്തിന്റെ ഗേറ്റിലുണ്ടായ ചാവേറാക്രമണം സൂചിപ്പിക്കുന്നു. താലിബാനുള്ളിലെതന്നെ ഘടകങ്ങൾക്ക്, പ്രത്യേകിച്ചും ഹഖാനി ശൃംഖലയുമായി ബന്ധമുള്ളവർക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഒരു സർക്കാരും ഒരു വിദഗ്ധനും ഇക്കാര്യം നിഷേധിക്കാനുള്ള സാധ്യതയില്ല. എന്നാൽ, ഇപ്പോൾ അമേരിക്കപോലും അവർക്ക് സംശയത്തിന്റെ ആനുകൂല്യം അനുവദിച്ചതായിത്തോന്നുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത സംഘടന നിലനിൽക്കുന്ന ഒന്നായതുകൊണ്ടായിരിക്കാം ഒരുപക്ഷേയിത്.

ഖിലാഫത്ത് ലക്ഷ്യം ഭീകരതയിലൂടെ കൈവരിക്കാമെന്ന് ഇപ്പോഴും വിശ്വസിക്കുന്ന സംഘടനയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസൻ. റഷ്യയുടെ ചെചെൻ-ദഗെസ്താൻ മേഖലകളിലും ചൈനയിലെ ഷിൻജിയാങ്ങിലും അറബ്‌ലോകത്തെ ചിലയിടങ്ങളിൽ നിന്നും വന്ന അവരുടെ പതിനായിരത്തോളം ഭീകരർ അഫ്ഗാൻ താവളമാക്കിയതായി പറയപ്പെടുന്നു. ഒട്ടേറെ ഒറ്റപ്പെട്ട സ്ഥലങ്ങളുള്ള, പർവതങ്ങളാൽനിറഞ്ഞ വിശാലമായ രാജ്യമാണ് അഫ്ഗാനിസ്താൻ. വലിയ ആൾക്കൂട്ടങ്ങൾക്കുപോലും ഒളിഞ്ഞുപാർക്കാൻ കഴിയുന്ന ഭൂപ്രദേശം. നാൽപ്പതുവർഷത്തെ യുദ്ധങ്ങൾ തകർത്തെറിഞ്ഞ ഭൂമിയിൽ ആയുധങ്ങളും സുലഭം. അഞ്ച് അയൽരാജ്യങ്ങളുമായുള്ള അതിർത്തിയാകട്ടെ മറയില്ലാത്തതും. ഒളിത്താവളങ്ങളിൽനിന്ന് പുറത്തുപോകാനും എവിടേക്കും ആക്രമണം നടത്താനും അനായാസം തിരികെ ഒളിക്കാനും ഭീകരർക്ക് കഴിയും, അഫ്ഗാൻ ജനത അവർക്കെതിരേ തിരിയുന്നതുവരെ.
   സ്വത്വത്തിൽ മുറുകെപ്പിടിക്കുന്നവരാണ് അഫ്ഗാൻ ജനത. സ്വന്തം ഗോത്രത്തിന്റെയോ വംശത്തിന്റെയും അവകാശങ്ങൾക്കും വസ്തുവകകൾക്കുംമേലുള്ള കടന്നുകയറ്റം അവർക്ക് സഹിക്കാനാവില്ല. പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന വിദേശികൾ തദ്ദേശീയർക്കുമേൽ ആജ്ഞാപിക്കാൻ തുടങ്ങിയാൽ വളരെപ്പെട്ടെന്ന്  അസ്വാരസ്യങ്ങളുണ്ടാകും. ഇത്തരത്തിലുള്ള ഏതൊരു വിശകലനവും ഇക്കാര്യത്തിൽ പാകിസ്താൻ സ്വീകരിക്കാൻ സാധ്യതയുള്ള സമീപനത്തെക്കൂടി നേരിട്ടു പരിഗണിക്കുന്നതാവണം. താലിബാനെ പിന്തുണയ്ക്കുന്ന ഏകഘടകം എന്നനിലയ്ക്ക് അഫ്ഗാനിലെ സംഭവവികാസങ്ങളിൽനിന്ന് നമ്മുടെ അയൽരാജ്യം ഏറെ ലാഭംകൊയ്തിട്ടുണ്ട്. ഇതുവരെയുള്ള ലാഭത്തിൽ സംതൃപ്തരായിരിക്കുമോ പാകിസ്താൻ?

പാകിസ്താന്റെ മനസ്സിലുള്ളതെന്ത്
അതേസമയം, താലിബാനിലെ ചില വിഭാഗങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്നവരാണ്. മറ്റുചിലർ അവരുടെ ഇരകളും. അധികാരം കൈയാളുന്നതിനാൽ ഉണ്ടാകാവുന്ന അനിവാര്യതകൾ പാക്‌-താലിബാൻ ബന്ധത്തിൽ നിലവിലുള്ള വിള്ളലുകളെ വിപുലീകരിച്ചെന്നുവരാം. എപ്പോഴെങ്കിലും കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നെങ്കിൽ ജെയ്‌ഷെ മുഹമ്മദിനെയും ലഷ്‌കറെ തൊയ്ബയെയുംപോലെ തങ്ങൾ പോറ്റിവളർത്തുന്ന മറ്റ് ഭീകരസംഘടനകളെ കളത്തിലിറക്കുകയും സ്വതന്ത്രമായോ ഐ.എസ്. ഖൊറാസനുമായി ചേർന്നോ അവർക്ക് പ്രവർത്തിക്കാനുള്ള അവസരമൊരുക്കിനൽകുകയോ ആകും പാകിസ്താൻ ചെയ്യുക. ഈ പഞ്ചാബി ഭീകരരുടെ പങ്കാളിത്തം എളുപ്പത്തിലുള്ള തിരിച്ചടിക്ക്‌ വഴിയൊരുക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ, കാര്യമായെന്തെങ്കിലും പങ്കുവഹിക്കാനാകുന്നത്ര ശക്തമല്ല അഫ്ഗാനിലെ മൂന്നാംശക്തി. സമർഥവും ശക്തവുമായ നേതൃത്വം വടക്കൻസഖ്യത്തിനുണ്ടെങ്കിലും അറുപതിനായിരത്തോളംവരുന്ന താലിബാൻ പടയെ നേരിടാൻ അവരുടെ പക്കൽ 2500-നടുത്ത് പോരാളികൾ മാത്രമാണുള്ളത്‌. പടക്കോപ്പ്, ഇന്ധനം, ഭക്ഷണം എന്നിവയില്ലാതെ വീഴുംമുമ്പ്‌, യു.എസ്. സൈന്യത്തിനൊപ്പം പ്രവർത്തിച്ച സൈനികഘടകങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാൻ വടക്കൻസഖ്യത്തിനായാൽ ഈ സമവാക്യം മാറിമറിയും. സൈന്യത്തിന്റെ അഞ്ചിലൊന്നു മാത്രമാണ് സജീവമായുണ്ടായിരുന്നതെന്നും ഇവരിലേറെയും താലിബാനു കീഴടങ്ങിയെന്നതും വാസ്തവമാണ്. ആയുധങ്ങളുമായി അപ്രത്യക്ഷരായ ആയിരത്തോളം സൈനികർ പുതിയ ഭരണാധികാരികൾ ഭീഷണിയാണെന്നുതോന്നിയാൽ പഞ്ച്ശീറുമായി ബന്ധപ്പെടാൻ മാർഗങ്ങൾ തേടിയേക്കാം.