​രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ കേസിൽ ദേശീയ അന്വേഷ ഏജൻസിയുടെ അന്വേഷണ പരിധിയിൽപ്പെടുന്നത്. അത് കേരള മുഖ്യമന്ത്രിയുടെ ഓഫീസാണെന്നത് ലോകത്താകെയുള്ള മലയാളികൾക്ക് നാണക്കേടാവുകയാണ്. കേസിലെ മുഖ്യപ്രതികളും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായുള്ള ബന്ധം പുറത്തുവന്നതോടെ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കേണ്ടിയിരുന്നു. രാജ്യദ്രോഹ കേസിലെ പ്രതികളായ സരിത്തിനും സ്വപ്നാ സുരേഷിനും ഒളിവിൽ താമസിക്കാനുള്ള ഫ്ലാറ്റുപോലും ഏർപ്പാടാക്കിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആളാണെന്ന വിവരം കേരളത്തെ ഞെട്ടിച്ചു. നിൽക്കകള്ളിയില്ലാതെ വന്നപ്പോൾമാത്രമാണ്‌ ശിവശങ്കറിനെ സസ്‌പെന്റ്‌ ചെയ്‌തതും അദ്ദേഹത്തെ സഹായിച്ച ഐ.ടി. വകുപ്പിലെ മറ്റൊരു ഉന്നതനായ അരുൺ ബാലചന്ദ്രനെതിരേ നടപടിയെടുക്കുകയും ചെയ്‌തത്‌.
കേസിലെ മുഖ്യ ആസൂത്രകരായ സ്വപ്നയും സന്ദീപ് നായരും എങ്ങനെ കേരള അതിർത്തി കടന്നെന്നതിന് വ്യക്തമായ മറുപടി പറയാൻ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ല.

സെക്രട്ടേറിയറ്റു മുതൽ  നിയമസഭവരെ
സംസ്ഥാനത്തെ ഉന്നതപദവിയിലിരിക്കുന്നവരുമായി സ്വർണക്കടത്തു കേസിലെ പ്രതികൾക്കുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. നിയമസഭാ സ്പീക്കർ, പ്രതിയായ സന്ദീപ് നായരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും സ്വപ്നാ സുരേഷുമായുള്ള ബന്ധം ന്യായീകരിച്ചതും സ്വർണക്കടത്തുകാരുടെ പിടിപാട് ഏറ്റവും ഉന്നതസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ്.  മന്ത്രി കെ.ടി. ജലീലും അദ്ദേഹത്തിന്റെ ​േപഴ്സണൽ സെക്രട്ടറിയും സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചത് സംശയാസ്പദമാണ്. ഇതുമായി ബന്ധപ്പെട്ട് ജലീൽ നടത്തിയ വിശദീകരണം വിശ്വാസയോഗ്യമല്ല. യു.എ.ഇ. കോൺസുലേറ്റിന്റെ നിർദേശമനുസരിച്ചാണ് താൻ സ്വപ്നയുമായി സംസാരിച്ചതെന്നാണ് ജലീൽ പറയുന്നത്. എന്നാൽ, കോൺസുലേറ്റിൽനിന്നു പുറത്താക്കിയ വ്യക്തിയാണ് സ്വപ്ന എന്ന യാഥാർഥ്യം മന്ത്രി വിസ്മരിക്കുകയാണ്. 
റംസാൻ റിലീഫ് ഫണ്ട് വിതരണത്തിനായാണ് വിളിച്ചതെന്ന വാദത്തിനും അടിസ്ഥാനമില്ല. കാരണം റംസാൻ മാസത്തിനു  മുമ്പും ശേഷവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഒരു വിദേശരാജ്യത്തിന്റെ കോൺസുലേറ്റുമായി 
നേരിട്ട് ഇടപെടാനുള്ള സ്വാതന്ത്ര്യം ആരാണ് മന്ത്രിക്ക് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.  
 

അഴിമതിക്ക്‌ കോവിഡ് മറ
കോവിഡിനെ മറയാക്കി പിണറായി സർക്കാർ നടത്തുന്ന അഴിമതികളിൽ ഏറ്റവും ഗൗരവമുള്ള സംഭവമാണ് തിരുവനന്തപുരം സ്വർണക്കടത്ത്. രാജ്യത്തിന്റെ സമ്പദ്ഘടന തകർത്ത് സർക്കാരിനെ അസ്ഥിരപ്പെടുത്തുകയായിരുന്നു കള്ളക്കടത്തുകാരുടെ ലക്ഷ്യമെന്നാണ് എൻ.ഐ.എ. പറയുന്നത്. ഇതിന് അവർ കേന്ദ്രമാക്കിയതാവട്ടെ മുഖ്യമന്ത്രിയുടെ ഓഫീസും. ഇത്തരമൊരു സാഹചര്യത്തിലാണ് കോവിഡ് കാലത്തും സമരം ചെയ്യാൻ ബി.ജെ.പി. നിർബന്ധിതമായത്.

മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല
ലോകം മുഴുവൻ എല്ലാം കണ്ടുകൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രി എന്തു ചെയ്യണമെന്നാണ് മന്ത്രി എ.കെ. ബാലൻ ചോദിക്കുന്നത്. ധാർമികതയും സദാചാരവും പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന മുഖ്യമന്ത്രി തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്രയും വലിയ രാജ്യദ്രോഹ പ്രവർത്തനം നടന്നിട്ടും  കാര്യമായ ഒരന്വേഷണവും നടത്താൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണ്.  സർക്കാർ ഔദ്യോഗിക ചടങ്ങുകളുടെ നടത്തിപ്പുകാരിയായി മുഖ്യമന്ത്രിക്കൊപ്പംനടന്ന വ്യക്തിയാണ് രാജ്യദ്രോഹക്കേസിൽ എൻ.ഐ.എ.യുടെ കസ്റ്റഡിയിലുള്ളത്. എന്നിട്ടും ഒന്നും സംഭവിക്കാത്തമട്ടിൽ എല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതികൾക്ക് സർക്കാരുമായി ഒരു ബന്ധവുമില്ലെന്നു പറയുന്ന മുഖ്യമന്ത്രി സംസ്ഥാനസർക്കാരിന്റെ മുദ്രയുള്ള വിസിറ്റിങ്‌ കാർഡും ലോഗോയും പ്രതികൾക്ക് എങ്ങനെ കിട്ടി എന്നു വ്യക്തമാക്കണം.സോളാർ കാലത്ത് ഉമ്മൻചാണ്ടിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരംചെയ്ത മുഖ്യമന്ത്രിയും എ.കെ. ബാലനും അതിലും ഗുരുതരമായ സ്വർണക്കള്ളക്കടത്ത് കേസിൽ എന്തേ ആ നിലപാട് എടുക്കുന്നില്ല? ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണ്. എല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെങ്കിൽ പിന്നെന്തിന് ഇവിടെ ജനങ്ങളുടെ നികുതിപ്പണം മുടക്കി സംസ്ഥാന അന്വേഷണ ഏജൻസികളെ തീറ്റിപ്പോറ്റണം?

മന്ത്രി എ.കെ. ബാലൻ തെറ്റിദ്ധരിപ്പിക്കുന്നു
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും എൻ.ഐ.എ.യും നയതന്ത്ര ബാഗ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വർണം കടത്തിയതെന്നാണ് പറഞ്ഞത്. എൻ.ഐ.എ.യുടെ റിമാൻഡ്‌ റിപ്പോർട്ടിൽ ഇത് വ്യക്തവുമാണ്. എന്നിട്ടും മന്ത്രി എ.കെ. ബാലൻ ഉൾപ്പെടെയുള്ള സി.പി.എം. നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.സ്വർണക്കള്ളക്കടത്ത് ബാഗ് വിട്ടുകൊടുക്കാൻ വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണെന്ന് പകൽപോലെ വ്യക്തമായിട്ടും മന്ത്രി കള്ളം പ്രചരിപ്പിക്കുകയാണ്. രാജ്യദ്രോഹം ചുമത്തിയ ഗൗരവമുള്ള കേസിലെ പ്രതികളുടെ മുന്നിലും പിന്നിലും സി.പി.എമ്മുകാരാണെന്നിരിക്കെയാണിത്.സന്ദീപ് നായർ ബി.ജെ.പി. പ്രവർത്തകനാണെന്നു പറയുന്ന മന്ത്രി ബാലൻ സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തവരെല്ലാം എങ്ങനെ ഇടതുപക്ഷക്കാരായി എന്ന് മറുപടിപറയണം.സ്പീക്കർമുതൽ ഡിവൈ.എഫ്.ഐ. ജില്ലാ നേതാക്കൾവരെ പങ്കെടുത്ത ചടങ്ങിൽ ഒരൊറ്റ ബി.ജെ.പി. നേതാക്കൾപോലും പങ്കെടുത്തില്ലെന്ന് മന്ത്രി മറക്കരുത്.
(ബി.ജെ.പി. സംസ്ഥാന അ​ധ്യക്ഷൻ)