സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണവിധേയരായി നിൽക്കുമ്പോൾ ന്യായീകരണത്തിന്റെ ദുർബലമായ ഭാഷ്യങ്ങളുമായി ഇവരെയൊക്കെ സംരക്ഷിക്കാൻ നിയമമന്ത്രി എ.കെ. ബാലൻ രംഗത്തുവന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച് മന്ത്രി എഴുതിയ ലേഖനം ഒരു വൃഥാവ്യായാമം മാത്രമാണ്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ സ്വർണക്കള്ളക്കടത്തിൽ   പങ്കുണ്ടെന്നുള്ള ഗുരുതരമായ ആരോപണം ഉയരുന്നത്. രാജ്യദ്രോഹമുൾപ്പെടെയുള്ള ഗൗരവതരമായ കുറ്റമാണിത്. ശരിക്കുള്ള ചോദ്യങ്ങൾ ചോദിക്കാതെ, കൃത്യമായ ഉത്തരങ്ങൾ തേടാതെ, ഒരു പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതുകൊണ്ട് കാര്യമില്ല.  

മുഖ്യമന്ത്രി ഒന്നുംചെയ്തില്ല
ഇതിനുമപ്പുറം ഒരു മുഖ്യമന്ത്രി എന്തുചെയ്യണമെന്നാണ് ലേഖനത്തിൽ അദ്ദേഹം  ചോദിക്കുന്നത്? സത്യത്തിൽ ഈ ആരോപണമുണ്ടായതിനുശേഷം മുഖ്യമന്ത്രി എന്താണ് ചെയ്തതെന്നാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. സ്വന്തം ഓഫീസിൽ താൻ കഴിഞ്ഞാൽ ഏറ്റവും അധികാരങ്ങൾ കൈയാളുന്നയാളാണ് സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കൂടിയായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി. അദ്ദേഹത്തിനെതിരേ ഉയർന്നുവന്നത് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലർത്തിയെന്നും അവരെ സഹായിച്ചെന്നുമുള്ള ആരോപണമാണ്. എന്നിട്ട് മുഖ്യമന്ത്രി എന്തുചെയ്തുവെന്നാണ് ഞങ്ങളുടെ ചോദ്യം? കേരളത്തിന്റെ മുഖ്യമന്ത്രിയുടെ  പേരിൽ,  അദ്ദേഹത്തിനുവേണ്ടി ലോകത്ത് ആരോടും സംസാരിക്കാൻ അദ്ദേഹംതന്നെ അധികാരം നൽകിയ ഒരാൾ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കപ്പെടാവുന്ന  സ്വർണക്കള്ളക്കടത്തിലെ പ്രതികളുമായി ബന്ധം പുലർത്തി എന്ന് തെളിവുസഹിതം പുറത്തുവരുമ്പോൾ മുഖ്യമന്ത്രി ചെയ്യേണ്ടതൊന്നും യഥാസമയം ചെയ്തില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. അപ്പോൾ മുഖ്യമന്ത്രിക്ക്  ഈ ഉദ്യോഗസ്ഥനെ കൈവിടാൻ കഴിയാത്ത എന്തോ ഒന്ന് ഈ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ടുണ്ട്.  ഒടുവിൽ രക്ഷയില്ലാത്ത അവസ്ഥയിൽമാത്രമാണ്‌ പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്‌പെന്റ്‌ ചെയ്‌തത്‌.
സ്‌പ്രിംക്ളർമുതൽ ബെവ്‌കോ ആപ്പും ഇ-ബസും പമ്പയിലെ മണൽകടത്തലുംവരെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുഖ്യകാർമികത്വത്തിൽ അദ്ദേഹത്തിന്റെ ഓഫീസ് നടത്തിയ പകൽക്കൊള്ളകളെക്കുറിച്ച് പ്രതിപക്ഷം കൃത്യവും വ്യക്തവുമായ കാര്യങ്ങൾ  പുറത്തുകൊണ്ടുവന്നിരുന്നു. അപ്പോഴെല്ലാം ഈ  ഐ.എ.എസ്. ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പ്രകടമായും ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താൻ പ്രതിപക്ഷം ശ്രമിക്കരുതെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. 

ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
കേവലം പത്താംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള വിവാദസ്ത്രീക്ക് മുഖ്യമന്ത്രിയുടെ വകുപ്പിൽ  ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ ശമ്പളത്തിൽ ജോലിനൽകിയതാര് എന്ന   ചോദ്യത്തിന്  ഉത്തരം കിട്ടേണ്ടതുണ്ട്. വിദ്യാസമ്പന്നരായ ഒട്ടേറെ ചെറുപ്പക്കാർ പി.എസ്.സി. പരീക്ഷയെഴുതി ജോലിതേടിയലയുമ്പോഴാണ് ഇത്രയും കനത്ത ശമ്പളത്തിൽ, കേവലവിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ  നിയമിച്ചതിനെക്കുറിച്ച് എന്തുമറുപടിയാണ് ഈ സർക്കാരിന് ഇന്നാട്ടിലെ ചെറുപ്പക്കാരോട് പറയാനുള്ളത് ? ഈ വിവാദ വ്യക്തിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് അവർക്ക് ഉയർന്ന ശമ്പളത്തിൽ അവിടെ ജോലിലഭിച്ചത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞരുമായി ഇവർ ഇടപെടുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകയായി പ്രവർത്തിക്കുകയും സർക്കാരിന്റെ മുദ്രവെച്ച് അവർ സ്വന്തം വിസിറ്റിങ്‌ കാർഡ് അടിക്കുകയും ചെയ്തു. അവരെ ആ സ്ഥാനത്തേക്കെല്ലാം  കൈപിടിച്ചുയർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവാധികാര്യക്കാരനായ ശിവശങ്കറാണ്. 

ഇ-മൊബിലിറ്റി കരാറുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർഹൗസ് കൂപ്പർ  എന്ന കൺസൾട്ടൻസിക്കെതിരായി കേരളത്തിലെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉയർത്തിയപ്പോൾ മുഖ്യമന്ത്രി അതിനെ പുച്ഛിച്ചുതള്ളുകയായിരുന്നു. ഇപ്പോൾ കള്ളക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കൺസൾട്ടൻസിസ്ഥാപനം വഴിയാണ് മുഖ്യമന്ത്രിയുടെ വകുപ്പിലുള്ള സ്ഥാപനത്തിൽ   ജോലിക്കുകയറിയതെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. ഐ.ടി. വകുപ്പിൽ കഴിഞ്ഞ നാലുവർഷംകൊണ്ട് കൺസൾട്ടൻസികൾ വഴിയും അല്ലാതെയും നടത്തിയ നിയമനങ്ങളെക്കുറിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കാൻ  സർക്കാർ തയ്യാറാകുമോ? കൺസൾട്ടൻസികളെ സംബന്ധിച്ച് സി.പി.എമ്മിന് വ്യക്തമായ നയമുണ്ടായിരുന്നു. ഇപ്പോൾ കൺസൾട്ടൻസികളുടെ  ഉറ്റതോഴന്മാരായി കേരളത്തിലെ സി.പി.എം. നേതൃത്വത്തിലുള്ള മന്ത്രിസഭ  മാറിയിരിക്കുകയാണ്.  

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷും സന്ദീപ് നായരും ട്രിപ്പിൾ ലോക്ഡൗൺ നിലവിലിരുന്ന തിരുവനന്തപുരത്തുനിന്ന് വഴിനീളെയുള്ള പരിശോധനകൾ കടന്ന് എങ്ങനെ ബെംഗളൂരുവുവിലെത്തി? സംസ്ഥാന പോലീസിന്റെയും സംസ്ഥാന സർക്കാരിലെ ഉന്നതകേന്ദ്രങ്ങളുടെയും സഹായം  ഇവർക്ക് ലഭിക്കാതെ ഇവർ എങ്ങനെ അവിടെ എത്തും എന്നചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.  അതോടൊപ്പം  സ്വർണക്കടത്ത് കേസിൽ സി.ആർ.പി.സി. 154 അനുസരിച്ച് സംസ്ഥാന പോലീസ് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ്  ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. 
 

പ്രതിക്കൂട്ടിൽ പലരും
മുഖ്യമന്ത്രി മാത്രമല്ല, സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലുമൊക്കെ ഈ കേസിലെ മുഖ്യപ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്.  കള്ളക്കടത്തുകേസിനെക്കുറിച്ച് കസ്റ്റംസും എൻ.ഐ.എ.യും അന്വേഷിക്കുകയാണ്. ആ അന്വേഷണം തുടരുകയും വസ്തുതകൾ  പുറത്തുവരുകയും വേണം.  അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കേസിലുള്ള പങ്കിനെക്കുറിച്ചും വ്യക്തമായ അന്വേഷണം നടക്കണം. കള്ളക്കടത്തിലെ മുഖ്യപ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള  ബന്ധവും ഇതുമായി ബന്ധപ്പെട്ടുനടന്ന ഗൂഢാലോചനയും സി.ബി.ഐ.തന്നെ അന്വേഷിക്കണം. മാത്രമല്ല, ഇത്തരത്തിലൊരു അന്വേഷണം നടക്കുമ്പോൾ പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനുള്ള ധാർമികമായ അവകാശം നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് അദ്ദേഹം തത്‌സ്ഥാനത്തുനിന്ന് മാറിനിന്നാണ് അന്വേഷണം നടക്കേണ്ടതും.
(പ്രതിപക്ഷ ഉപനേതാവ്‌)