വികസനലക്ഷ്യവുമായി മുന്നോട്ട്‌
പിണറായി വിജയൻ  (കേരള മുഖ്യമന്ത്രി)
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട്‌ ഇന്ന്‌ രണ്ടുവർഷം തികയുന്നു. കഴിഞ്ഞ രണ്ടുവർഷംകൊണ്ട്‌ സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ്‌ സർക്കാർ ശ്രമിച്ചത്‌.
സർക്കാരിന്‌ വിഭവപരിമിതിയുണ്ട്‌. അതിനാൽതന്നെ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, വിഭവസമാഹരണത്തിനായി  മൗലികമായ രീതികൾ ആവിഷ്‌കരിച്ചു. അതിന്റെ ദൃഷ്ടാന്തമാണ്‌ ബജറ്റിനുപുറത്ത്‌ അഞ്ചുവർഷംകൊണ്ട്‌ അമ്പതിനായിരം കോടി രൂപ കണ്ടെത്തുന്ന സംവിധാനം. ആദ്യ രണ്ടുവർഷം കൊണ്ടുതന്നെ ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികൾക്ക്‌ തുടക്കം കുറിക്കാൻ കഴിഞ്ഞു. ഇത്‌ രാജ്യത്തിനുതന്നെ മാതൃകയാണ്‌. 
 ശ്രദ്ധപതിപ്പിച്ച നാലുകാര്യങ്ങൾ
പൊതുവേ നാലുകാര്യങ്ങളിൽ ഊന്നി മുന്നോട്ടുപോകാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ഒന്ന്, രാഷ്ട്രീയാന്തരീക്ഷത്തെ ജീർണതകളിൽനിന്ന് മോചിപ്പിച്ച് പുതിയൊരു സംസ്കാരം പകരംവെക്കാൻ കഴിഞ്ഞു. ജീർണിച്ച ഭരണസംവിധാനത്തെ നവീകരിച്ചു. സിവിൽ സർവീസ് ജനക്ഷേമകരവും വികസനോന്മുഖവുമായ രീതിയിൽ നവീകരിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് അടക്കമുള്ള വിഷയങ്ങളിൽ ശരിയും ശക്തവുമായ തീരുമാനങ്ങൾ എടുത്തു. 
രണ്ട്, തടസ്സപ്പെട്ടുകിടന്നിരുന്ന അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള പൊതു വികസനപ്രവർത്തനങ്ങൾ നേരിടുന്ന തടസ്സങ്ങൾ നീക്കി. നാഷണൽ ഹൈവേയും മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയിൽ പൈപ്പ് ലൈനും കൂടംകുളം ലൈനും എല്ലാം വേഗത്തിൽ തീർക്കും എന്നുറപ്പുവരുത്താനും പുതിയ പദ്ധതികൾ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാടുകൾ എടുത്തു. തത്‌ഫലമായി കഴിഞ്ഞ 131.6 കോടി മൊത്തം നഷ്ടം ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ 104 കോടി ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്കു മാറ്റി. സുഗമമായ വ്യവസായ നിക്ഷേപങ്ങൾക്കാവശ്യമായ സാഹചര്യമൊരുക്കാൻ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഉറപ്പുവരുത്തി.  
മൂന്ന്, സാമൂഹികസുരക്ഷാ പദ്ധതികളാകെ വെട്ടിക്കുറയ്ക്കുക എന്ന കേന്ദ്രസർക്കാർ സമീപനത്തിന് വിരുദ്ധമായി സാമൂഹികക്ഷേമ മേഖലയിൽ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവർഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹികക്ഷേമ പെൻഷൻ 1100 രൂപയായി വർധിപ്പിച്ചു. കുടിശ്ശിക കൊടുത്തുതീർക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. 
 നാല്, കേരള മോഡൽ സാമൂഹികവികസനം പുതിയ സാഹചര്യങ്ങളിൽ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അവയെ മറികടന്ന് ദീർഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ മുൻപോട്ടുകൊണ്ടുപോയി. അതിനായി വിഭാവനം ചെയ്ത് നടപ്പാക്കിയവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ്‌, ഹരിതകേരളം എന്നീ മിഷനുകൾ.
ചേർത്തുപിടിച്ച്‌ മുന്നോട്ട്‌
 സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പ്രത്യേക കരുതൽ വേണ്ട ട്രാൻസ്‌ജെൻഡേഴ്‌സിനോടും സ്ത്രീകളോടും കുട്ടികളോടും പട്ടികജാതി-വർഗ വിഭാഗങ്ങളോടും സർക്കാർ എടുത്തിട്ടുള്ള സമീപനം ആ വിഭാഗങ്ങളിൽ നവോന്മേഷം പ്രദാനം ചെയ്തിട്ടുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ചെറുതല്ലാത്ത സംഭാവനയാണ്‌ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്‌. പി.എസ്‌.സി. വഴി എഴുപതിനായിരത്തോളം പേർക്ക്‌ നിയമനം നൽകി. പതിമൂവായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിച്ചു.  
വികസനശ്രമങ്ങളെ തകർക്കാൻ അനുവദിക്കില്ല
അഴിമതിക്ക്‌ അറുതിവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ്‌ ഭാവികേരളത്തെ സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനവും. ഇത്‌ തകർക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും നടക്കുന്നു. അത്തരം ശ്രമങ്ങൾക്ക്‌ കീഴടങ്ങി വികസനം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ്‌ ഉണ്ടായിരുന്നത്‌. അത്‌ അനുവദിച്ചുകൊടുക്കാൻ  ഈ സർക്കാർ തയ്യാറല്ല. സുതാര്യമായും ജനപങ്കാളിത്തത്തോടെയും വികസനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകതന്നെ ചെയ്യും. അത്‌ സർക്കാർ ജനങ്ങൾക്ക്‌ കൊടുത്ത വാക്കാണ്‌. 
ഏത്‌ കുറ്റകൃത്യം ചെയ്താലും രക്ഷപ്പെടാമെന്ന ധൈര്യം കേരളത്തിൽ പലർക്കുമുണ്ടായിരുന്നു. എന്നാൽ, ഈ സർക്കാർ ആ  അവസ്ഥയ്ക്ക്‌ മാറ്റമുണ്ടാക്കി. മുൻ സർക്കാരിന്റെ കാലത്തുണ്ടായ പെരുമ്പാവൂർകേസ്‌ മുതൽ ഈയിടെ നടന്ന വിദേശവനിതയുടെ കൊലപാതകംവരെയുള്ള കേസുകളിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തു.  
 കേരളത്തിന്റെ വികസനത്തിന്‌ ലോകത്തിന്റെ ഏതുഭാഗത്തും പ്രവാസിയുടെ  പണവും പ്രതിഭയും നൈപുണിയും ഉപയോഗിക്കാനും അവർക്കുകൂടി അതിന്റെ പ്രയോജനമുറപ്പുവരുത്താനും ഉതകുന്ന തരത്തിൽ ലോക കേരളസഭ എന്ന സങ്കല്പം രൂപപ്പെടുത്തിയതും അത്‌ നടപ്പാക്കിയതും ഈ സർക്കാരാണ്‌. സഹകരണത്തിലധിഷ്ഠിതമായ പുതിയൊരു വികസനസംസ്കാരമാണ്‌ അത്‌ മുന്നോട്ടുവെക്കുന്നത്‌. 

**********************
എല്ലാം തകർത്തെറിഞ്ഞ് പിന്നോട്ട്‌ 
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

മന്ത്രിസഭയുടെ രണ്ടുവർഷത്തെ വിലയിരുത്തുമ്പോൾ ആദ്യം വിലയിരുത്തേണ്ടത്  മുഖ്യമന്ത്രിയുടെ പ്രവർത്തനമാണ്. അദ്ദേഹം നേരിട്ട് കൈകാര്യംചെയ്യുന്ന വകുപ്പാണ് ആഭ്യന്തരം. ഈ സർക്കാരിൽ പൂർണമായി പരാജയപ്പെട്ടതും ഈ വകുപ്പാണ്. കൊള്ളയും കൊലപാതകങ്ങളും ഗുണ്ടാ ആക്രമണവും സ്ത്രീപീഡനങ്ങളും വീട് കയറിയുള്ള വൻകവർച്ചകളും  നാടുനീളെ പടർന്നുപിടിച്ചത് ഒരു ഭാഗത്ത്. പോലീസിന്റെ അതിരുവിട്ട അതിക്രമങ്ങൾ മറുഭാഗത്ത്. 
    രണ്ടു വർഷത്തിനുള്ളിൽ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചവരുടെ എണ്ണം ഒമ്പത്‌ ആണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു മന്ത്രിസഭയ്ക്ക് കീഴിലും  ഇത്രയുംപേർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിട്ടില്ല.  
പോലീസിനെ രാഷ്ട്രീയവത്കരിച്ചു എന്നതാണ് ഇടതുസർക്കാരിന്റെ ഏറ്റവും അപകടകരമായ നീക്കങ്ങളിലൊന്ന്. സ്ത്രീസുരക്ഷയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കിയാണ്  ഇടതുസർക്കാർ അധികാരത്തിലെത്തിയതെങ്കിലും മലവെള്ളപ്പാച്ചിൽ കണക്കെയാണ്  സ്ത്രീപീഡനങ്ങളുടെ കുത്തൊഴുക്കുണ്ടായത്. സ്വദേശികൾക്ക് മാത്രമല്ല കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളായ വിദേശവനിതകൾക്കുപോലും രക്ഷയില്ലെന്നാണ് കോവളത്തെ വിദേശ വനിതയുടെ ദാരുണമായ കൊലപാതകം വെളിവാക്കുന്നത്. 
തിരിച്ചുവന്ന 
രാഷ്ട്രീയക്കൊലപാതകങ്ങൾ
യു.ഡി.എഫ്. സർക്കാർ പൂർണവിരാമമിട്ടിരുന്ന രാഷ്ട്രീയക്കൊലപാതകങ്ങൾ ഇരട്ടിശക്തിയോടെ മടങ്ങിയെത്തി എന്നതാണ് മറ്റൊന്ന്. 24 മാസങ്ങൾക്കുള്ളിൽ 25 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി ഈ കൊച്ചു കേരളത്തിൽ. ഇതിൽ 12 എണ്ണവും മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും പരിസരത്തുമാണ്. മിക്കവാറും എല്ലാ കൊലപാതകങ്ങളിലും ഒരറ്റത്ത് സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും മറ്റേയറ്റത്ത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.-ആർ.എസ്.എസ്. ശക്തികളുമാണ്.  
 പദ്ധതികളെല്ലാം അവതാളത്തിൽ
യു.ഡി.എഫ്. സർക്കാർ  മുന്നോട്ടുകൊണ്ടു പോയിരുന്ന വൻപദ്ധതികളെല്ലാം അവതാളത്തിലാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ  പണി അവതാളത്തിലാണെന്ന് കരാറുകാരായ അദാനി ഗ്രൂപ്പ് രേഖാമൂലം സർക്കാരിനെ അറിയിച്ചിരിക്കുകയാണ്.   48 മാസം കൊണ്ടാണ് പണി പൂർത്തിയാക്കേണ്ടത്. ഇനി അവശേഷിക്കുന്നത് 20 മാസം. പണി 25 ശതമാനം പോലും പൂർത്തിയായിട്ടില്ല. 
കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം 45 മാസം കൊണ്ടാണ് യു.ഡി.എഫ്. കാലത്ത് പൂർത്തിയാക്കിയത്.  ഈ സർക്കാർ വന്നിട്ട് 24 മാസം കഴിഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം എവിടെയെങ്കിലും എത്തിയോ? കണ്ണൂർ വിമാനത്താവളത്തിന്റെ പണി മിക്കവാറും പൂർത്തിയാക്കി വിമാനവും ഇറക്കിയശേഷമാണ്  യു.ഡി.എഫ്. അധികാരമൊഴിഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ എന്താണ്? കേരളത്തിന്റെ മറ്റൊരു സ്വപ്നമായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥകഴിഞ്ഞ മട്ടാണ്. നിശ്ചിത സമയത്തിനുള്ളിൽ  കുറഞ്ഞ ചെലവിൽ പദ്ധതി നടപ്പാക്കാൻ വന്ന മെട്രോയുടെ രാജശില്പി ഇ. ശ്രീധരനെ ഓടിച്ചുവിട്ടു. 
വൻകിട പദ്ധതികളുടെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനത്തെ പരമ്പരാഗതവ്യവസായങ്ങൾ ഒന്നൊഴിയാതെ നിലംപൊത്തുകയാണ് ചെയ്യുന്നത്. യഥാർഥത്തിൽ ഇടതുസർക്കാർ അധികാരമേറ്റശേഷം വ്യവസായ സ്ഥാപനങ്ങളുടെ മൊത്തംനഷ്ടം 73.66 ശതമാനം വർധിച്ചുവെന്നാണ് നിയമസഭയിൽ വെച്ച കണക്കുകൾ കാണിക്കുന്നത്. 
  വികസനസ്വപ്നങ്ങളെല്ലാം സർക്കാർ പടുത്തുയർത്തുന്നത് കിഫ്ബി എന്ന സങ്കല്പത്തിന്മേലാണ്. അമ്പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കുമെന്ന് പറയുന്നത്. െെകയിലുള്ളത് നാലായിരം കോടി രൂപയും. ബാക്കി ഗൾഫിൽ ചിട്ടി നടത്തി സ്വരൂപിക്കുമെന്നാണ് പറയുന്നത്. ഇതുവരെ ചിട്ടി തുടങ്ങിയിട്ടില്ല.   
പിണറായി സർക്കാരിന്റെ രണ്ടു വർഷത്തിനിടയിൽ രാജിവയ്ക്കേണ്ടി വന്നത് മൂന്ന് മന്ത്രിമാർക്കാണ്. മൂന്നും നാണം കെട്ട രാജികൾ.   
കേരളത്തിന്റെ പൊതുഭൂമി െെകയേറ്റക്കാർക്കും കൊള്ളക്കാർക്കും തുറന്നുകൊടുത്തു എന്നതാണ് ഇടതുസർക്കാരിന്റെ പാതകങ്ങളിൽ മറ്റൊന്ന്. മൂന്നാറിൽ സി.പി.എം. ആഭിമുഖ്യത്തിലാണ് ഭൂമിെെകയേറ്റമെങ്കിൽ വയനാട്ടിൽ സി.പി. ഐ. നേതൃത്വത്തിലാണ് ഭൂക്കൊള്ള. ഇതിന് പുറമേയാണ് ഭൂമി കേസുകളിൽ നിരന്തരം തോറ്റുകൊടുത്ത് ആയിരക്കണക്കിന് ഏക്കർ ഭൂമി സംസ്ഥാനത്തിന് ഈ സർക്കാർ  നഷ്ടപ്പെടുത്തിയത്. ലോക വിസ്മയങ്ങളിലൊന്നായ കുറിഞ്ഞി ഉദ്യാനം െെകയേറ്റക്കാരുടെ പറുദീസയാക്കി. സി.പി.എം. എം.പി.യുടെ െെകയേറ്റം സംരക്ഷിക്കാൻ ഉദ്യാനത്തിന്റെ അതിർത്തിപോലും മാറ്റുന്നു. 
 സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മദ്യമൊഴുക്കി എന്നതാണ് ഇടതുസർക്കാരിന്റെ ഏക നേട്ടം. ജനകീയസമരങ്ങളോടുള്ള അസഹിഷ്ണുത ഈ സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് തുറന്നു കാട്ടുന്നത്. കീഴാറ്റൂരിലെ വയൽക്കിളി സമരത്തെയും നാഷണൽ ഹൈവേ വികസനത്തിനും ഗെയിൽ പൈപ്പ് ലൈനിനും വേണ്ടി സ്ഥലം പിടിച്ചെടുക്കുന്നതിനെതിരേ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളെയും ചർച്ചയ്ക്കുപകരം  ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്.