ർണാടകത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരുന്ന   രാഷ്ട്രീയനാടകങ്ങൾ ലോകത്തിന്റെതന്നെ  ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്‌.   ജനാധിപത്യവ്യവസ്ഥിതി നിലവിലിരിക്കുന്ന രാജ്യങ്ങൾ, ലോകത്തിലെ  ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ നിയമനിർമാണസഭകളിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള താത്‌പര്യം പലപ്പോഴും കൗതുകപൂർവം  പ്രകടിപ്പിക്കാറുണ്ട്‌. എന്നാൽ, അതൊന്നും പൂർണമായി മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ള വസ്തുത മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് ഈ ലേഖകൻ. അത്ര സങ്കീർണമാണ്‌ നമ്മുടെ നടപടിക്രമങ്ങളും  രാഷ്ട്രീയതന്ത്രങ്ങളും.കർണാടകത്തിലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ രണ്ടുകാര്യങ്ങളാണ്‌ നടക്കേണ്ടിയിരുന്നത്‌. ഒന്ന്‌, ഏതെങ്കിലും  പാർട്ടിയോ അല്ലെങ്കിൽ സഖ്യമോ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ട്‌ ഗവർണറെ അറിയിക്കുക.

ഗവർണർ പട്ടിക പരിശോധിച്ചിട്ട്‌ ഭൂരിപക്ഷം ഉണ്ടെന്ന്‌ ഉറപ്പുവരുത്തിയതിനുശേഷം ആ പാർട്ടിയുടെയോ സഖ്യത്തിന്റെയോ  നേതാവിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക. രണ്ട്‌, ഭൂരിപക്ഷം ഉണ്ടാക്കാൻ  കഴിഞ്ഞില്ലെങ്കിൽ പ്രസിഡന്റുഭരണം താത്‌കാലികമായി ഏർപ്പെടുത്തുക, അതിനുശേഷം വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്തുക.  പെട്ടെന്ന്‌ വീണ്ടുമൊരു തിരഞ്ഞെടുപ്പിനുപോകാൻ ആരും തയ്യാറല്ലാത്തതുകൊണ്ട്‌ എങ്ങനെയെങ്കിലും ഭൂരിപക്ഷമുണ്ടാക്കാനുള്ള തത്രപ്പാടിലാണ്‌   ഏറ്റവുംവലിയ കക്ഷി. പക്ഷേ, കർണാടകത്തിലെ പ്രശ്നം  സങ്കീർണമാക്കിയത്‌ എതിർകക്ഷികൾ ഒരുമിച്ചുകൂടിയപ്പോൾ അവർക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷമായി എന്നുള്ളതാണ്‌. ഗവർണർ   എതിർപക്ഷത്തിന്റെ അവകാശവാദം തള്ളി ഭൂരിപക്ഷമില്ലാത്ത  ഏറ്റവുംവലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയായി നിയമിച്ചതാണ്‌  കർണാടകത്തിലെ പ്രതിസന്ധിക്ക്‌ കാരണം.

ഗവർണർക്ക് എന്തു ചെയ്യാം?

നമ്മുടെ ഭരണഘടനയും കീഴ്‌വഴക്കങ്ങളുമൊക്കെയനുസരിച്ച്‌ ഗവർണർക്ക്‌  അങ്ങനെ ചെയ്യാൻ പറ്റുമോ, എന്താണ്‌ ഇങ്ങനെയൊരു സാഹചര്യത്തിൽ അദ്ദേഹം ചെയ്യേണ്ടത്‌ എന്നൊക്കെയുള്ള ഭരണഘടനാപരമായ പ്രശ്നങ്ങൾ  ഉയർന്നുവന്നിരിക്കുകയാണ്‌. ഒരു പാർട്ടിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ ഗവർണർ ആ പാർട്ടിയുടെ നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കും. കാരണം അദ്ദേഹത്തിന്‌  ഭൂരിപക്ഷമുണ്ട്‌ എന്നുള്ളതാണ്‌. അപ്പോൾ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള അടിസ്ഥാനം ഭൂരിപക്ഷമാണ്‌. അപ്പോൾപ്പിന്നെ ഭൂരിപക്ഷം ആർക്കും  ഇല്ലെങ്കിലെന്താണ്‌ ചെയ്യേണ്ടത്‌? ഭൂരിപക്ഷം എന്നുള്ള  അടിസ്ഥാനതത്ത്വംതന്നെ ഉപേക്ഷിച്ച്‌ തോന്നുന്നയാളിനെ മുഖ്യമന്ത്രിയാക്കാൻ ഭരണഘടനാപരമായി  സാധിക്കുമോ? ഈ ചോദ്യങ്ങൾ നമുക്കൊന്ന്‌ പരിശോധിക്കാം.

ഒരു സർക്കാരിന്‌ ഭരിക്കാനുള്ള അവകാശം ഭൂരിപക്ഷത്തിൽ  അധിഷ്ഠിതമായിരിക്കുന്നു എന്നുള്ളത്‌ ഭരണഘടനാപരമായ  അടിസ്ഥാനതത്ത്വമാണ്‌. ഭരണഘടനയുടെ 164-ാംവകുപ്പിൽ രണ്ടു പ്രധാനകാര്യങ്ങളാണ്‌ പറഞ്ഞിരിക്കുന്നത്‌. ഒന്ന്‌, മുഖ്യമന്ത്രിയെ ഗവർണർ  നിയമിക്കുന്നു എന്നുള്ളത്‌. രണ്ട്‌, ഗവർണർ നിയമിക്കുന്ന മന്ത്രിസഭയ്ക്ക്‌  നിയമസഭയോട്‌ കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കും എന്നുള്ളത്‌. കൂട്ടുത്തരവാദിത്വം എന്നുപറഞ്ഞാൽ ലളിതമായ ഭാഷയിൽ ഭൂരിപക്ഷം എന്നുതന്നെയാണ്‌.  അതായത്‌ മന്ത്രിസഭയ്ക്ക്‌ നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടതാണ്‌. 164-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പിലാണിത്‌ പറഞ്ഞിരിക്കുന്നത്‌. ഈ വകുപ്പ്‌  സൂക്ഷ്മമായി പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും.

അതായത്‌, ഒരു  മന്ത്രിസഭയെ നിയമിക്കുന്ന ഗവർണർ ഭൂരിപക്ഷം അവർക്ക് ഉണ്ടോ എന്ന്‌ ഉറപ്പുവരുത്തേണ്ട ആവശ്യമുണ്ട്‌ എന്നുള്ളതാണ്‌. എങ്ങനെയുള്ള ആളിനെയാണ്‌ ഗവർണർ മുഖ്യമന്ത്രിയായി നിയമിക്കേണ്ടതെന്നുള്ള വ്യക്തമായ നിർദേശം  മേൽപ്പറഞ്ഞ ഉപവകുപ്പിലടങ്ങിയിരിക്കുന്നു എന്നുള്ളത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. നിയമസഭയിൽ ഭൂരിപക്ഷം അംഗങ്ങളുടെയും പിൻബലമുള്ള നേതാവിനെമാത്രമേ  ഗവർണർക്ക്‌ മുഖ്യമന്ത്രിയായി നിയമിക്കാനവകാശമുള്ളൂ. അങ്ങനെ  ചെയ്തില്ലെങ്കിൽ അത്‌ ഗുരുതരമായ ഭരണഘടനാലംഘന
മായിരിക്കും.

ഭരണഘടനാപരമല്ല

ഭൂരിപക്ഷമില്ലാത്തയാളിനെ മുഖ്യമന്ത്രിയായി നിയമിക്കുകയും എങ്ങനെയെങ്കിലും ഭൂരിപക്ഷമുണ്ടാക്കിയെടുത്തോളൂ എന്നുള്ള നിർദേശം നൽകുകയും ചെയ്യുന്നത്‌ ഭരണഘടനാപരമായ നടപടിയല്ല.  ഭരണഘടനാവിദഗ്ധന്മാർ സർക്കാരിയ കമ്മിഷന്റെ ശുപാർശകളും പുംഛി കമ്മിഷന്റെ ശുപാർശകളുമൊക്കെ ഉദ്ധരിച്ച്‌ ഗവർണർ ആദ്യം ഏറ്റവുംവലിയ ഒറ്റക്കക്ഷിയെ വിളിക്കണമെന്ന്‌  അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാൽ, ഈ കമ്മിഷനുകളൊന്നുംതന്നെ  ഭൂരിപക്ഷമില്ലാത്ത ഒരാളിനെ മുഖ്യമന്ത്രിയാക്കണമെന്ന്‌ പറഞ്ഞിട്ടില്ല. ഗവർണർ ആരെയാണാദ്യം വിളിക്കേണ്ടതെന്നുള്ള കാര്യത്തിൽമാത്രമേ ഈ ശുപാർശകൾക്ക്‌ പ്രസക്തിയുള്ളൂ.

ഗവർണർ വിളിക്കുന്നത്‌ വന്നാലുടനെ മുഖ്യമന്ത്രിയായിക്കോളൂ  എന്നുപറയാനല്ല. ആ വ്യക്തിക്ക്‌ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ  ഉറപ്പുവരുത്താൻ കഴിയുമോ എന്നറിയാനാണ്‌ ഗവർണർ വിളിക്കുന്നത്‌. വിവേചനാധികാരമുപയോഗിച്ച്‌ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കാനാണെങ്കിൽ  പലകക്ഷികളെയും ഗ്രൂപ്പുകളെയും സഖ്യങ്ങളെയുമൊക്കെ വിളിക്കണമെന്ന്‌  കമ്മിഷൻ ശുപാർശചെയ്യുകയില്ലായിരുന്നു.
ഗവർണറുടെ വിവേചനാധികാരത്തെക്കുറിച്ച്‌ ധാരാളം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്‌. ഗവർണർക്കെന്നല്ല, ആർക്കുംതന്നെ സർവതന്ത്രസ്വതന്ത്രമായ  വിവേചനാധികാരം നമ്മുടെ ഭരണഘടന നൽകിയിട്ടില്ല.

ഭരണഘടനാതത്ത്വങ്ങൾക്കധീനമായി മാത്രമേ ഈ അധികാരം പ്രയോഗിക്കാൻ  സാധിക്കൂ. 164-ാം വകുപ്പനുസരിച്ച്‌ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും  നിയമിക്കുമ്പോൾ ഗവർണർ പാലിക്കേണ്ടത്‌ രണ്ടാം ഉപവകുപ്പിലടങ്ങിയിരിക്കുന്ന  അനുശാസനം (Direction) ആണ്‌. അതായത്‌ ഭൂരിപക്ഷം ഉണ്ടായിരിക്കണമെന്നുള്ള  നിബന്ധന. അതുപാലിക്കാതെ നടത്തുന്ന ഒരു നിയമനത്തിനും    ഭരണഘടനാപരമായ നിലനിൽപ്പില്ലാത്തതാണ്‌.
ഈവക കാര്യങ്ങളെക്കുറിച്ചൊന്നും സുപ്രീംകോടതി വ്യക്തമായ  തീരുമാനങ്ങളെടുത്തിട്ടില്ല. വെള്ളിയാഴ്ച സുപ്രീംകോടതി എടുത്ത തീരുമാനത്തിലും  വിശ്വാസവോട്ട്‌ 15 ദിവസങ്ങൾക്കുപകരം ശനിയാഴ്ച  നാലുമണിക്കുള്ളിൽ  നടത്തിയിരിക്കണമെന്നുമാത്രമാണ്‌ പറഞ്ഞിരിക്കുന്നത്‌. ഗൗരവമേറിയ  ഭരണഘടനാപരമായ വിഷയങ്ങളൊന്നും സ്പർശിക്കാതെയുള്ള ഒരുത്തരവാണിത്‌. ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവുംവലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ  അനുവദിക്കാമെന്നുള്ള കീഴ്‌വഴക്കം തെറ്റാണ്‌, ഭരണഘടനാലംഘനമാണ്‌. 

ഗവർണർ നോക്കേണ്ടത്‌ ആർക്ക്‌ ഭൂരിപക്ഷമുണ്ട്‌ എന്നുള്ളത്‌ മാത്രമാണ്‌.  ഭൂരിപക്ഷം പിന്നീട്‌ തെളിയിച്ചാൽമതി എന്നുള്ള നിലപാട്‌ രാഷ്ട്രീയകക്ഷികൾ സ്വന്തംസൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയതാണ്‌. അതിന്‌ യാതൊരു  ഭരണഘടനാസാധുതയുമില്ല. സർക്കാരുണ്ടാക്കുമ്പോൾ ഭൂരിപക്ഷം  ഉണ്ടായിരിക്കണം. ഒറ്റയ്ക്ക്‌ ഭൂരിപക്ഷമില്ലെങ്കിൽ മറ്റു കക്ഷികളുടെ കൂടെച്ചേരാം. അല്ലെങ്കിൽ വേറൊരു കക്ഷിയിൽ ലയിക്കാം. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നൽകുകയും നൽകാതിരിക്കുകയും ചെയ്യുന്നത്‌ ജനങ്ങളാണ്‌. അവർക്കാണതിന്റെ ഉത്തരവാദിത്വം. അതുകൊണ്ട്‌ അവരുടെ അടുത്തേക്ക്‌ തിരിച്ചുപോകുന്നതിൽ മടിക്കേണ്ട ആവശ്യമില്ല. അനാശാസ്യങ്ങളായ നടപടികളിലൂടെ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യത്തിന്റെ ഉൾക്കാമ്പിനെ നശിപ്പിക്കുന്നതാണ്‌.

(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ)