imageകുറ്റവാളികളായ രാഷ്ട്രീയനേതാക്കളെ ബഹിഷ്കരിക്കാൻ കോടതി വിധികളെക്കാൾ ജനങ്ങളെ സഹായിക്കുന്നത്‌ ബാലറ്റുപേപ്പറുകൾ തന്നെയായിരിക്കും

ഇക്കഴിഞ്ഞ നവംബർ ഒന്നാംതീയതി ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയിയും നവീൻ സിൻഹയും  ചേർന്ന്‌ പുറപ്പെടുവിച്ച ഉത്തരവ്‌ ക്രിമിനൽവത്‌കരിക്കപ്പെട്ട നമ്മുടെ രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നതിൽ സംശയമില്ല. രാഷ്ട്രീയനേതാക്കൾ ഉൾപ്പെട്ട ക്രിമിനൽക്കേസുകൾ സമയബന്ധിതമായി തീർക്കുന്നതിന്‌ പ്രത്യേക കോടതികൾ രൂപവത്‌കരിക്കണമെന്ന ഉത്തരവ്‌ യഥാർഥത്തിൽ കേന്ദ്രസർക്കാറിന്റെകൂടി സമ്മതത്തോടെ പുറപ്പെടുവിച്ച ഒന്നാണ്‌. ഈ വിഷയത്തിൽ കോടതിയുടെ ഇടപെടലുകൾക്കുള്ള സാധ്യതകളും പരിമിതികളും ഒന്ന്‌ പരിശോധിക്കാം.

2009-’14 കാലത്ത് ലോക്‌സഭയിലുണ്ടായിരുന്ന 543 അംഗങ്ങളിൽ 162 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായും ഇതേ കാലത്തുതന്നെ 4032 അസംബ്ലി അംഗങ്ങളിൽ 1258 പേർ പ്രതിസ്ഥാനത്തുണ്ടായിരുന്നവരാണെന്നും തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ രേഖകൾ ഉദ്ധരിച്ചുകൊണ്ട്‌ ധീരേന്ദ്രകുമാർ ജെന വ്യക്തമാക്കുന്നു (ഇന്റർനാഷണൽ ജേണൽ ഓഫ്‌ സോഷ്യൽ സയൻസ്‌ ആൻഡ്‌ ഹ്യുമാനിറ്റീസ്‌ റിസർച്ച്‌). രാഷ്ട്രീയരംഗത്തെ ക്രിമിനൽവത്‌കരണം എങ്ങനെ ഭരണതലത്തിലേക്ക്‌ ബാധിക്കുന്നുവെന്ന്‌ സുപ്രീംകോടതി പരിശോധിച്ചത്‌ മനോജ്‌ നെരൂലയുടെ കേസിൽ (2014)9 സുപ്രീം കോർട്ട്‌ കേസസ്‌1) ആയിരുന്നു.

ശുദ്ധീകരണശ്രമങ്ങൾ

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയരംഗം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾ മുമ്പും സുപ്രീംകോടതി നടത്തിയിട്ടുണ്ട്‌. ചിലതെല്ലാം വിജയിച്ചു; മറ്റുചിലത്‌ പരാജയപ്പെട്ടു. സ്ഥാനാർഥികളുടെ വ്യക്തിഗതമായ വിശദാംശങ്ങൾ അറിയാനുള്ള വോട്ടർമാരുടെ അവകാശത്തെക്കുറിച്ച്‌ അസോസിയേഷൻ ഫോർ െഡമോക്രാറ്റിക്‌ റിഫോംസിന്റെ കേസിൽ (2002) സുപ്രീംകോടതി പറഞ്ഞു.
സ്ഥാനാർഥിയുടെ സ്വത്തുവിവരവും വിദ്യാഭ്യാസയോഗ്യതയും ഇതരപശ്ചാത്തലവും വോട്ടർമാർക്ക്‌ അറിയാനുള്ള സാഹചര്യം വന്നതോടെ ഇന്ത്യൻ ജനാധിപത്യത്തിന്‌ പുതിയൊരു കരുത്തുതന്നെ ലഭിക്കുകയുണ്ടായി. 

ക്രിമിനൽക്കേസുകളിൽ രണ്ടുവർഷത്തിൽക്കവിഞ്ഞ ശിക്ഷ വിധിക്കപ്പെട്ടുകഴിഞ്ഞാൽ ആ വ്യക്തിക്ക്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ വിലക്കുണ്ടാകുമെന്ന്‌  പ്രഖ്യാപിച്ച വിധി ജനപ്രാതിനിധ്യ നിയമത്തിലെ (1951) എട്ടാം വകുപ്പിനുള്ള ജനകീയ വ്യാഖ്യാനമായിരുന്നു. ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ശിക്ഷയ്ക്കെതിരേ അപ്പീലോ റിവിഷനോ ഫയൽചെയ്താൽമാത്രം മതി; അവർക്ക്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന നിലയിലുള്ള ജനപ്രാതിനിധ്യനിയമത്തിലെ 8 (4) വകുപ്പ്‌ റദ്ദാക്കിയ ലില്ലി തോമസ്‌ കേസിലെ [(2013)7 സുപ്രീംകോർട്ട്‌ കേസസ്‌ 653)] വിധിയും ചരിത്രപ്രധാനമാണ്‌.


ഉദ്ദേശ്യശുദ്ധി കോടതിക്കുമാത്രം പോര

 രാഷ്ട്രീയരംഗത്തെ എല്ലാ വിധത്തിലുമുള്ള തിന്മകൾക്കും കോടതിയിലൂടെ പരിഹാരം കാണാമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. ജൻ ചൗകിദാർ (പീപ്പിൾസ്‌ വാച്ച്‌) കേസിലെ സുപ്രീംകോടതിവിധിക്ക്‌ [(2013(7) സുപ്രീംകോർട്ട്‌ കേസസ്‌ 507)] ഇപ്പോഴത്തെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ സവിശേഷ പ്രാധാന്യമുണ്ട്‌. നവോത്ഥാനശ്രമങ്ങൾ വിജയിക്കണമെങ്കിൽ കോടതിയുടെ ഉദ്ദേശ്യശുദ്ധിമാത്രം പോര. പോലീസ്‌ കസ്റ്റഡിയിലോ ജയിലിലോ അടയ്ക്കപ്പെടുന്ന വ്യക്തിക്ക്‌ വോട്ടവകാശമില്ലെന്ന്‌ പറയുന്ന വ്യവസ്ഥ, ആ വ്യക്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസ്സമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. 

പട്ന ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ട്‌ ജനപ്രാതിനിധ്യ നിയമത്തിലെ (1951) 62(5) വകുപ്പിന്‌ സവിശേഷമായൊരു വ്യാഖ്യാനം നൽകുകയാണ്‌ സുപ്രീംകോടതി ചെയ്തത്‌. തടങ്കലിൽപ്പെട്ടയാൾക്ക്‌ വോട്ടർ (ഇലക്ടർ) ആകാൻ കഴിയില്ല.  ‘ഇലക്ടർ’ ആയ ആൾക്കുമാത്രമേ സ്ഥാനാർഥിയാകാൻ കഴിയൂ എന്ന്‌ നിയമം പറയുന്നുണ്ട്‌. അതിനാൽ തടങ്കലിൽ കഴിയേണ്ടിവന്നയാൾക്ക്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല-ഇതായിരുന്നു, ജൻ ചൗകിദാർ കേസിലെ സുപ്രീംകോടതി വിധിയുടെ അന്യഥാ ആകർഷകമായ യുക്തി.

എന്നാൽ, ജസ്റ്റിസ്‌ ഹോംസ്‌ നിരീക്ഷിച്ചതുപോലെ നിയമത്തിന്റെ ജീവൻ തർക്കയുക്തിയല്ല, അനുഭവമാണ്‌. നിർവചനവും യുക്തിയും ഗംഭീരമായപ്പോൾപോലും ജൻ ചൗകിദാർ കേസ്‌ നൽകുന്ന അനുഭവപാഠം മറ്റൊന്നായിരിക്കും. രാഷ്ട്രീയപ്രതിയോഗികളെ കുറച്ചുമണിക്കൂറുകൾ പോലീസ്‌ കസ്റ്റഡിയിലോ റിമാൻഡിലോ വെക്കാനുള്ള ഒരു കൃത്രിമകേസുമതി, അവരുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കാൻ എന്ന അവസ്ഥ ഈ വിധിയോടെ വരുമായിരുന്നു. 

അധികാരത്തിലിരിക്കുന്ന കക്ഷിക്ക്‌ എതിരാളികളെ അറസ്റ്റുചെയ്യിക്കാനും തടങ്കലിൽ പാർപ്പിക്കാനും എല്ലാവിധ സൗകര്യങ്ങളുമുള്ള നാടാണ്‌ നമ്മുടേത്‌. തമിഴ്‌നാട്ടിൽ ജയലളിതയും കരുണാനിധിയുംമറ്റും പലതവണ പയറ്റിയ ഈ രാഷ്ട്രീയതന്ത്രത്തെ ശാശ്വതീകരിക്കുന്ന അവസ്ഥയാകും ഈ  സുപ്രീംകോടതിവിധി നടപ്പായാൽ ഉണ്ടാവുന്നത്‌. എന്നാൽ, ഭാഗ്യത്തിന്‌ ഈ വിധി നടപ്പായില്ല.  1951-ലെ ജനപ്രാതിനിധ്യനിയമത്തെ പാർലമെന്റ്‌ വീണ്ടും ഭേദഗതിചെയ്തു. 

വോട്ടുചെയ്യാനുള്ള അവകാശം നഷ്ടപ്പെടുന്നതുകൊണ്ടുമാത്രം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ തടസ്സമില്ലെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ പുതിയ വ്യവസ്ഥ-62 (5) വകുപ്പ്‌ -നിയമത്തിൽ ചേർക്കപ്പെട്ടു.  ഈ ഭേദഗതി സാധുവാണെന്ന്‌ പിന്നീട്‌ ഡൽഹി ഹൈക്കോടതിക്കും സുപ്രീംകോടതിക്കുതന്നെയും അംഗീകരിക്കേണ്ടിവന്നു (അപൂർവാ മൻദാനി, ലൈവ്‌ ലൊ, ഡിസംബർ 7, 2014). പി.യു.സി. എല്ലിന്റെ കേസിൽ (2013) സുപ്രീംകോടതി ആവിഷ്കരിച്ച ‘േനാട്ട’ സമ്പ്രദായവും എന്തെങ്കിലും ശ്രദ്ധേയമായ ഗുണഫലങ്ങൾ ഉണ്ടാക്കിയില്ല.

കോടതിവിധികളുടെ ഈ  പരാജയകഥകളിൽനിന്ന്‌ ഏറെ പഠിക്കാനുണ്ട്‌. നിയമനിർമാണംവഴിയോ ജനങ്ങളുടെ പ്രബുദ്ധതയുടെ ആവിഷ്കാരം (വോട്ട്‌) വഴിയോ നേടേണ്ടുന്ന കാര്യങ്ങൾ എപ്പോഴും കോടതി ഉത്തരവിലൂടെ നേടാനാകണമെന്നില്ല. ചിലപ്പോഴെങ്കിലും പരിഷ്കരണം ലക്ഷ്യമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും.

 ഭരണപരമായ സാംഗത്യം

രാഷ്ട്രീയക്കാർക്ക്‌ പ്രത്യേക കോടതി എന്ന ആശയത്തിന്റെ ഭരണഘടനാപരമായ സാംഗത്യവും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്‌. നിയമപരമായോ ഭരണഘടനാപരമായോ ‘രാഷ്ട്രീയക്കാർ’ എന്ന  പ്രത്യേകവിഭാഗം വിഭാവനംചെയ്യപ്പെട്ടിട്ടില്ല. ക്രിമിനൽക്കുറ്റങ്ങൾ ആര്‌ ചെയ്തതായി കണ്ടെത്തിയാലും അവർ ശിക്ഷിക്കപ്പെടണം. ക്രിമിനൽക്കേസുകളുടെ വേഗത്തിലുള്ള വിചാരണ ഒരു സാമൂഹികാവശ്യമാണ്‌. ഓരോ കുറ്റകൃത്യവും സാമൂഹിക സുരക്ഷിതത്വത്തിനെതിരായ ആക്രമണമാണ്‌-അത്‌ രാഷ്ട്രീയക്കാരൻ ചെയ്താലും മറ്റുള്ളവർ ചെയ്താലും. 

വിജയ്‌ മല്യയെപ്പോലുള്ളവർ നടത്തിയ സാമ്പത്തികതട്ടിപ്പുകൾ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ എന്നതിനേക്കാൾ ബിസിനസുകാരൻ എന്ന നിലയിൽ ചെയ്തതായിരുന്നു. കച്ചവടത്തിലും സിനിമയിലും സാംസ്കാരികമേഖലയിലും പ്രവർത്തിക്കുന്ന പലരും രാഷ്ട്രീയരംഗത്തും പ്രവർത്തിക്കുന്നുണ്ട്‌. ആൾദൈവങ്ങളും അധോലോകമാഫിയകളും വൻകിട കുത്തകകളും നടത്തുന്ന കൊള്ളകളും കുറ്റകൃത്യങ്ങളും പലപ്പോഴും രാഷ്ട്രീയനേതാക്കൾ നടത്തുന്ന കുറ്റകൃത്യങ്ങളെക്കാളും ഭയാനകമാണ്‌. 
നിയമത്തിനു മുമ്പിൽ തുല്യത, നിയമത്തിന്റെ തുല്യസംരക്ഷണം എന്നത്‌ ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉയർത്തുന്ന മുദ്രാവാക്യമാണ്‌. അപ്പോൾ, ശതകോടികൾ വെട്ടിച്ച്‌ വിദേശത്ത്‌ താമസിക്കുന്ന സുഖലോലുപരായ വൻതോക്കുകളെ സ്പർശിക്കാതെ, നാട്ടിലെ തട്ടിപ്പുകാരായ രാഷ്ട്രീയക്കാർക്കുമാത്രമായി പ്രത്യേക കോടതിയും പ്രത്യേക വിചാരണയും വേണമെന്ന്‌ പറയുന്നതിൽ യുക്തിരാഹിത്യമുണ്ട്‌. ക്രിമിനൽക്കുറ്റങ്ങളെ കുറ്റംചെയ്തയാളിന്റെ തൊഴിൽ ഏതെന്നുനോക്കി തരംതിരിക്കുന്നത്‌  ആധുനിക നിയമവ്യവസ്ഥയ്ക്ക്‌ ചേർന്ന പദ്ധതിയല്ല. 

അഴിമതിക്കേസുകൾ വിചാരണചെയ്യാൻ പ്രത്യേക കോടതികൾ ഇപ്പോൾത്തന്നെ ഇന്ത്യയിൽ നിലവിലുണ്ട്‌. കുറ്റകൃത്യങ്ങളിൽ ഊന്നിക്കൊണ്ടുവേണം ക്രിമിനൽ നീതിനിർവഹണരംഗം പരിഷ്കരിക്കാൻ. ഇത്തരം പരിഷ്കരണങ്ങൾ നടത്തുന്നതിൽ കോടതികൾക്കുള്ള പരിമിതികളും തിരിച്ചറിയപ്പെടണം. കുറ്റവാളികളായ രാഷ്ട്രീയനേതാക്കളെ ബഹിഷ്കരിക്കാൻ കോടതിവിധികളെക്കാൾ ജനങ്ങളെ സഹായിക്കുന്നത്‌ ബാലറ്റുപേപ്പറുകൾ തന്നെയായിരിക്കും. എന്നാൽ, വിചിത്രമാണ്‌ ഇതുസംബന്ധിച്ച ഇന്ത്യൻ യാഥാർഥ്യം. 

മിലാൻ വൈഷ്ണവ്‌ നടത്തിയ പഠനമനുസരിച്ച്‌ ഇന്ത്യയിലെ കഴിഞ്ഞ മൂന്ന്‌ പൊതുതിരഞ്ഞെടുപ്പുകളിൽനിന്ന്‌ വ്യക്തമാകുന്ന കാര്യമിതാണ്‌: ഗൗരവമായ ക്രിമിനൽക്കേസുകളിൽപ്പെട്ട സ്ഥാനാർഥികൾക്ക്‌ വിജയസാധ്യത 18 ശതമാനമാണെങ്കിൽ അവർക്കെതിരേ നിൽക്കുന്ന ശുദ്ധമായ പ്രതിച്ഛായയുള്ളയാളിന്റെ സാധ്യത വെറും ആറുശതമാനം മാത്രമാണ്‌.
യഥാർഥത്തിൽ ഒരു ജനതയെന്ന  നിലയിൽ നാം നിരന്തരം പരാജയപ്പെടുന്നത്‌ ഇങ്ങനെയാണ്‌!
(ലേഖകൻ സുപ്രീംകോടതിയിലും കേരള 
ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)