ദൂരെനിന്നേ കാണാം ചിത്തോർ കോട്ട. വിന്ധ്യനിൽനിന്നു ചിതറിത്തെറിച്ച നീലത്തിമിംഗിലത്തിന്റെ രൂപമുള്ള ഒരു വലിയ ശിലാഖണ്ഡത്തിനു മേലെ പരന്നു കിടക്കുന്നു അത്. ലോകത്തെ ഏറ്റവും വലിയ കോട്ടകളിലൊന്ന്. ആർക്കുംമുന്നിൽ തലകുനിക്കാത്ത സിസോദിയ രജപുത്രരുടെ പ്രതിരോധപ്രതീകം. രാജസ്ഥാന്റെ അഭിമാനമാണ് ചിത്തോർ. നൂറ്റാണ്ടുകൾനീണ്ട ചരിത്രത്തിൽ മൂന്നുതവണയേ മഹാദുർഗം ശത്രുക്കൾക്കുമുന്നിൽ വീണിട്ടുള്ളൂ. റാണ കുംഭ മുതൽ റാണാ പ്രതാപ് വരെ നീളുന്ന യുദ്ധവീരരുടെ എണ്ണിയാലൊടുങ്ങാത്ത ചരിതങ്ങളുണ്ടെങ്കിലും രണ്ടു രജപുത്രവനിതകളാണ് ചിത്തോറിനെ കാല്പനികമാക്കുന്നത്. റാണി പദ്മിനിയും ഭക്ത മീരയും. അലാവുദ്ദീൻ ഖിൽജി കോട്ട തകർത്തപ്പോൾ പദ്മിനിയും എണ്ണായിരംവരുന്ന ആബാലവൃദ്ധം സ്ത്രീകളും തീയിലമർന്നു. മീര കോട്ട വിട്ട് കൃഷ്ണനിലലിഞ്ഞു.

നഗരത്തിന്റെ ഒാരോമൂലയിലും  ഭൂതകാലസ്മരണകളുയർത്തുന്ന പേരുകളും സ്മാരകങ്ങളും കാണാം. മീരാ മാർബിൾസ്, പദ്മിനി ഹോട്ടൽ, ചേതക് ട്രാവൽസ്, മഹാറാണ സ്വീറ്റ്സ്. സഞ്ജയ് ലീല ബൻസാലിയുടെ ‘പദ്മാവത്’ ചിത്രം ചില്ലറ പ്രശ്നമല്ല രാജസ്ഥാനിൽ ഉണ്ടാക്കിയത്. കർണി സേന വലിയ ക്രമസമാധാനപ്രശ്നം തന്നെ സൃഷ്ടിച്ചു. ‘‘ദീപിക പദുകോണിന്റെ പദ്മാവതി അവതാരം രജപുത്ര കുലസ്ത്രീകളെ അപമാനിച്ചു.’’ -ചിത്തോറിലെ കർണിസേനാ പ്രവർത്തകൻ ദുഷ്യന്ത് സിങ്ങ് റാത്തോഡ് ക്ഷോഭിച്ചു. ‘‘വിരൽത്തുമ്പു പോലും പുറത്തു കാണിക്കാതിരുന്ന പദ്മിനിയെ ബൻസാലി ആട്ടക്കാരിയാക്കി, അയാളിവിടെ കാലുകുത്തിയാൽ മുട്ടുതകർക്കും.’’ -സിങ് മീശപിരിച്ചു. പ്രശ്നത്തിൽ നിന്നകന്നുനിന്നെങ്കിലും മേവതിലെ ബി.ജെ.പി., കോൺഗ്രസ് നേതൃത്വം  കർണിസേനയെ പരോക്ഷമായി അനുകൂലിക്കുന്നു. തള്ളിപ്പറഞ്ഞാൽ പദ്മിനിയെ സതീമാതാവായി പൂജിക്കുന്ന രജപുത്രർ കോപിക്കും. ചിത്തോർ കോട്ടയോട് അഭേദ്യമായ ബന്ധമുള്ള ഭീൽ ആദിവാസി ഗോത്രക്കാരും കോപിക്കും. ‘‘രാജസ്ഥാന്റെ ‘ഷാൻ’ ആണ് ചിത്തോർ. അതിൽതൊട്ടുള്ള കളിവേണ്ട.” -ചമ്പൽ താഴ്‌വരയിലെ ധോൽപുരിൽനിന്ന് കോൺഗ്രസ് പ്രചാരണത്തിനായെത്തിയ രഘുരാജ് സിങ് പറഞ്ഞു.

ഭൂതകാലത്തിലൂന്നിയാണ് ചിത്തോറിലെ ജീവിതവും രാഷ്ട്രീയവും ഇഴചേരുന്നത്. സിസോദിയ കുല സ്ഥാപകൻ ബപ്പാ റാവലിനെ പോലെയാണ് കോൺഗ്രസ് സ്ഥാനാർഥിയെന്ന് അനുയായികൾ പറയുമ്പോൾ നഗരത്തിലെ യുവാവായ ബി.ജെ.പി. സ്ഥാനാർഥി ചന്ദ്രഭാൻസിങ്‌ അനുയായികൾക്ക് റാണാ സംഗയാണ്.

 അലമാര     ചിഹ്നക്കാരൻ

ചിത്തോർ കോട്ടയോടു ചേർന്ന  മിക്കവീടുകളുടെ ചുമരുകളിലും ‘യെ ഘർ കമൽ കെ സാഥ്’ എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ബി.ജെ.പി. യുടെ കോട്ടയായ ചിത്തോറിൽ ഇത്തവണ വിള്ളലുണ്ട്. ബി.ജെ.പി. വിജയം സുനിശ്ചിതമല്ല എന്നു മനസ്സിലായത് ജബ്ബാർ ഖാനെ കണ്ടപ്പോഴാണ്. ചിത്തോർ നഗര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയാണ് കക്ഷി. അലമാര ചിഹ്നത്തിൽ മത്സരിക്കുന്നു. ‘‘ഇങ്ങേരെ സത്യത്തിൽ മത്സരിപ്പിക്കുന്നത് ബി.ജെ.പി.യാണ്‌.’’ ജാള്യമേതുമില്ലാതെ ചിരിക്കുന്ന ഖാനെ ഇരുത്തി സുഹൃത്ത് തമാശയൊട്ടുമില്ലാതെ പറഞ്ഞു. 5000 മുസ്‌ലിം വോട്ടുണ്ട് ഇവിടെ. ദല്ലാളായ ജബ്ബാറിനെ ഒരുവിധം മുസ്‌ലിം വോട്ടർമാർക്കെല്ലാമറിയാം. 
സമുദായത്തിന്റെ വോട്ട് കോൺഗ്രസിനു പോകാതിരിക്കാൻ ഒരു തന്ത്രം. ‘‘വെച്ച കാൽ പിന്നോട്ടില്ല. അഭിമാനികളാണ് ചിത്തോറുകാർ.’’ കാലിന്‌ സ്വാധീനക്കുറവുള്ള ഡമ്മി സ്ഥാനാർഥി നെഞ്ചുവിരിച്ചു പറഞ്ഞു.
സിമിന്റ്, സിങ്ക്, ചെമ്പ് ഫാക്ടറികളിലും സർക്കാർ വകുപ്പുകളിലും ജോലിക്കുവന്ന് നാട്ടുകാരായി മാറിയ മലയാളികൾ ഇവിടുണ്ട്. ‘‘ജീവിക്കാൻ നാടിനെക്കാൾ സുഖമാണിവിടെ. നാട്ടിലെപോലെ നൂലാമാലകളില്ല’’ -നഗരത്തിൽ കേരള സ്റ്റോർ നടത്തുന്ന കൊട്ടാരക്കരക്കാരനായ വിജയകുമാർ പറഞ്ഞു. ഭാര്യ ശോഭന പന്തളത്തുകാരിയാണ്.

കൊയിലാണ്ടിക്കാരനായ ഗോപിനാഥനും കാഞ്ഞിരപ്പള്ളിക്കാരിയായ ഭാര്യ ഓമനയും അതേ അഭിപ്രായക്കാരാണ്. “അദ്ദേഹം ബി.ജെ.പി.ക്ക് വോട്ടുചെയ്യും. ഞാൻ കോൺഗ്രസുകാരിയാണ്” -ഓമന സ്വകാര്യം പറഞ്ഞു.  ‘‘നാട്ടിൽ ബി.ജെ.പി.ക്കാരെ മാർക്സിസ്റ്റുപാർട്ടിക്കാർ തല്ലിക്കൊല്ലുന്നുണ്ടോ എന്നാണ് നാട്ടുകാരായ സംഘപരിവാറുകാർ ചോദിക്കുന്നത്’’ -മൂന്നുപതിറ്റാണ്ടായി ഇവിടെക്കഴിയുന്ന വിജയകുമാർ പറഞ്ഞു. “കടുത്ത മത്സരമാണ് രാജസ്ഥാനിൽ നടക്കുന്നത്. ബി.ജെ.പി.ക്ക് ഭരണം നിലനിർത്താൻ വിഷമമാണ്” -അദ്ദേഹം പറഞ്ഞു.