രാഷ്ട്രീയമായി പലതുകൊണ്ടും ശ്രദ്ധേയമായൊരു വർഷമാണ് കടന്നുപോയത്. കഴിഞ്ഞ 365 ദിവസങ്ങളിൽ, ഒരു വശത്ത് ഇന്ത്യൻ രാഷ്ട്രീയം അതിന്റെ പതിവ് ഭാവങ്ങളിലേക്ക് ഉരുണ്ടുപോയെങ്കിൽ, മറുവശത്ത് ഏതാനും വർഷങ്ങളായി ബി.ജെ.പി. പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘ധീര നൂതന രാഷ്ട്രീയം’ (brave new politics) വിജയം കൈവരിക്കുയും ചെയ്തു. ‘വികാസ് പുരുഷ്’ എന്ന നരേന്ദ്രമോദിയുടെ പ്രതിച്ഛായയുടെയും വാക് ചാതുര്യത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിൻബലത്തിലും സ്വന്തം അധികാരം അത് പരമാവധി വിപുലീകരിച്ചു.

അതേസമയം, സമ്മതിദായകർ കോൺഗ്രസിനെ പരിത്യജിച്ചതുമില്ല.  ഗുജറാത്ത് തിരഞ്ഞെടുപ്പ്ഫലത്തിലൂടെ അതിന് പ്രതീക്ഷയ്ക്ക് വക നൽകിയിരിക്കുകയുമാണ്. ഇത്, ഒരർഥത്തിൽ, നരേന്ദ്രമോദിയ്ക്കെതിരേ രാഹുൽഗാന്ധിയുടെ വരവിന്റെ വിളംബരം കൂടിയാണ്. 

മുൻനാളുകളിലേതുപോലെ കഴിഞ്ഞ വർഷവും ഇന്ത്യൻ രാഷ്ട്രീയം അന്വേഷിച്ചത് ‘ആശയങ്ങളുടെ ഇന്ത്യയെ അല്ല (India of ideas), ആസ്തിയുടെ ഇന്ത്യയെയാണ് (India of assets). ജനങ്ങളെക്കാൾ കോർപ്പറേറ്റുകൾക്ക് മുന്തിയ പരിഗണന എല്ലാമേഖലകളിലും ലഭിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പതിവ് ഭാവങ്ങൾക്ക് ശക്തിപകരുന്നതും ചില കാര്യങ്ങളിൽ മാറ്റം വരുത്തുന്നതുമായിരുന്നു  2017-ലെ ബി. ജെ.പി.യുടെ നിലപാടുകൾ. ഇന്ത്യ എന്ന ആശയത്തിന്റെ ഏറ്റവും സങ്കുചിതവും പ്രതിലോമപരവുമായ അംശത്തിൽ ഊന്നിനിന്നുകൊണ്ടാണ് തങ്ങളുടെ അധികാരം അരക്കിട്ട് ഉറപ്പിക്കാൻ അത് ശ്രമിച്ചത്. ചരിത്രം, മതം, ഭക്ഷണം (ബീഫ് നിരോധനം ഓർക്കുക), ഭയം, പാകിസ്താൻ, ഭീകരപ്രവർത്തനം, രാജ്യസ്നേഹം/ രാജ്യദ്രോഹം തുടങ്ങിയ പതിവ് വിഭവങ്ങളെല്ലാം ഇതിന് അവർ ഉപയോഗിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പതിവ് ഭാവങ്ങളും ബി.ജെ.പി.യുടെ ധീര നൂതന രാഷ്ട്രീയവും സാധാരണജനങ്ങളിൽ പലവിധ ആശങ്കകൾ ഉയർത്തിത്തുടങ്ങിയിരിക്കുന്നു എന്ന വലിയ പാഠവും 2017 നൽകുന്നു. 
ജനങ്ങൾ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് പ്രത്യയശാസ്ത്രത്തിലൂടെയല്ല, സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണ്‌.  ഇത്തരം ജീവിതാനുഭവങ്ങളാണ് താഴെനിന്ന് മുകളിലോട്ടുള്ള രാഷ്ട്രീയത്തിന് ബീജാവാപം ചെയ്യാൻ അവരെ പ്രേരിപ്പിച്ചതും.

രാജ്യത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്ന കർഷക സമരങ്ങളും ആദിവാസി- ദളിത് മുന്നേറ്റങ്ങളും (പ്രത്യേകിച്ച് ഭൂമിയുമായി ബന്ധപ്പെട്ടവ) ഇതിന്റെ ഉദാഹരണങ്ങളാണ്. കേരളത്തിലെ ‘പൊമ്പിളൈ ഒരുമയും’, സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയും ഗുജറാത്തിൽ ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് ഠാക്കൂർ ത്രയങ്ങൾ രൂപപ്പെടുത്തിയ ജനകീയമുന്നേറ്റവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. 

രണ്ടുതരം രാഷ്ട്രീയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ജീവനോപാധിരാഷ്ട്രീയവും (livelihood politics) ജീവിതശൈലീരാഷ്ട്രീയവും(life style politics)തമ്മിലുള്ള പോര്.  ജീവനോപാധി രാഷ്ട്രീയം കദനത്തിന്റെ കവിതയല്ല, ജ്വലിക്കുന്ന ഗദ്യമാണ്. ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ രാഷ്ട്രീയത്തെ പുനഃനിർവചിക്കാനുള്ള ശ്രമം. ഈ വിധം മുഖ്യധാരാരാഷ്ട്രീയത്തെ ഉറപ്പിച്ചുനിർത്തിയും പുത്തൻ രാഷ്ട്രീയ ശൈലിക്ക് തുടക്കംകുറിച്ചും കൊണ്ടാണ് 2017 കടന്നുപോയത്.