നരേന്ദ്ര മോദി സർക്കാർ നാല് വർഷം  പൂർത്തിയാക്കുമ്പോൾ എന്താണ് വിലയിരുത്തൽ? ‘രാജ്യത്തെ സുശക്തമായ നിലയിലേക്ക് എത്തിച്ചു’ എന്നതു തന്നെ. സാമ്പത്തിക ഭദ്രത, വാണിജ്യ-വ്യാവസായിക മേഖലയിലെ സ്ഥിരത, രാഷ്ട്രീയ സ്ഥിരത. അതിലെല്ലാമുപരി ഒരു ഭരണകൂടം ഇവിടെയുണ്ട് എന്ന പ്രതീതി ഇന്ത്യയിൽ മാത്രമല്ല ലോക രാഷ്ട്രങ്ങൾക്കിടയിൽ  മുഴുവൻ മോദി സർക്കാർ സൃഷ്ടിച്ചു.  മാത്രമല്ല,  പതിവുകളിൽ നിന്ന് ഭിന്നമായി രാജ്യം ഇന്ന് ചർച്ചചെയ്യുന്നത് ഈ  സർക്കാരിന്റെ ജയപരാജയങ്ങളല്ല മറിച്ച് 2019-ലും മോദി തന്നെയാവുമോ വരിക എന്നതാണ്. 

വികസിത പാതയിൽ രാജ്യം
ഏത് മേഖലയിലാണ് സർക്കാർ പിന്നാക്കം പോയത്, എവിടെയാണ് മുന്നോട്ട് കടന്നുചെല്ലാതെ വന്നത്? സാമ്പത്തിക മേഖല തന്നെ ഒന്ന് നോക്കൂ. വിദേശ നിക്ഷേപത്തിലുണ്ടായ വർധന, വിദേശ നാണ്യ ശേഖരത്തിലുണ്ടായ റെക്കോഡ്‌, ഓഹരി വിപണിയിലെ തുടർച്ചയായ കുതിപ്പ്, പണപ്പെരുപ്പം നിയന്ത്രിച്ചത്. ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികൾ, ദേശീയ പാത, തുറമുഖം, ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ വികസനം നടക്കുമ്പോഴാണ് ഇത് സാധ്യമായത് എന്നത് കൂടി  ഓർമിക്കുക. 

അന്താരാഷ്ട്ര രംഗത്തെ തലപ്പൊക്കം 
മറ്റൊന്ന് വിദേശ രംഗമാണ്. ഇന്ത്യ ഇന്നിപ്പോൾ ഏഷ്യയിലെ വൻശക്തിയാണ് എന്നതിൽ തർക്കമില്ല. യു.പി.എ. സർക്കാരിന്റെ കാലത്ത് ഉറക്കത്തിലായിരുന്ന അന്താരാഷ്ട്ര പ്രഭാവം ഇന്ന്‌ സടകുടഞ്ഞെണീറ്റിരിക്കുന്നു. ലോകരാജ്യങ്ങൾ ചിട്ടവട്ടങ്ങൾ തെറ്റിച്ച് ചുവപ്പു പരവതാനി വിരിച്ച് രാജ്യത്തലവനെ സ്വീകരിക്കുന്നു.  ശരിയാണ് പാകിസ്താനുമായി   പ്രശ്നങ്ങൾ ബാക്കിയുണ്ട്; അത് പുതിയതല്ലല്ലോ. പക്ഷേ, അവിടെയും ഇന്ത്യ വിചാരിക്കുന്നതേ നടക്കൂ എന്നത് ഇസ്‌ലാമാബാദിനെ ബോധ്യപ്പെടുത്താൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. മറ്റ് അയൽരാജ്യങ്ങളുമായി മികച്ച ബന്ധങ്ങൾ കെട്ടിപ്പടുക്കാനായി.  ദുർബല രാജ്യമല്ല ഇന്ന്‌ ഇന്ത്യ എന്ന്‌ ചൈനയെ ബോധ്യപ്പെടുത്താനായി.  ‘ആസിയാൻ’ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം  അണിനിരന്നപ്പോൾ   ഇന്ത്യ നടത്തുന്ന നയതന്ത്രത്തിന്റെ മേന്മ  െബയ്‌ജിങ്ങിനും  ബോധ്യമായി. സൗത്ത് ചൈന സമുദ്രത്തോട് ചേർന്നുകിടക്കുന്ന ഈ രാജ്യങ്ങളെ കൂടെനിർത്തി നാം നടത്തിയ നയതന്ത്രം വിജയിച്ചു എന്നുതന്നെയല്ലേ ചൈന സ്വീകരിക്കുന്ന നിലപാടിലെ ചെറിയ മാറ്റങ്ങൾ കാണിക്കുന്നത്. ഹഫീസ് സെയ്ദിനെ    പറഞ്ഞുവിടണം എന്ന് പാകിസ്താനോട് അവർ നിർദേശിച്ചത് വരെയുള്ളത് ഓർമിക്കുക. 

ജനസമ്മതിയിൽ മുന്നോട്ട്
രാഷ്ട്രീയമാണ് മറ്റൊന്ന്. തീർച്ചയായും കഴിഞ്ഞ നാല് വർഷങ്ങൾ നരേന്ദ്ര മോദിക്കും ബി.ജെ.പി.ക്കും   രാജ്യത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് വിജയത്തിന്റെ ചരിത്രമാണ്. ചില ഉപതിരഞ്ഞെടുപ്പുകൾ മറക്കുകയല്ല;  ഇന്നിപ്പോൾ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയായി ബി.ജെ.പി. മാറിയെങ്കിൽ അത് ജനങ്ങൾ ഈ സർക്കാരിന് നൽകുന്ന അംഗീകാരം കൂടിയാണ്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വടക്കു കിഴക്കൻ മേഖലയിൽ ഉണ്ടാക്കിയ വലിയ മുന്നേറ്റമാണ്. ത്രിപുര തന്നെ ഒരു പ്രധാന ഉദാഹരണം. 
ഏറ്റവുമൊടുവിൽ കർണാടകത്തിൽ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് ശരിതന്നെ. പക്ഷേ, അവിടെ ഏറ്റവുമധികം സീറ്റ് നേടി യഥാർഥത്തിൽ വിജയകിരീടമണിഞ്ഞത് ബി.ജെ.പിയാണ് എന്നതിൽ  ആർക്ക് തർക്കം? പിന്നെ 2019. ചില കൂട്ടുകെട്ടുകൾ ബി.ജെ.പിക്കെതിരേ രൂപപ്പെടുന്നുണ്ട് എന്നത് ശരിതന്നെ.   സംസ്ഥാനങ്ങളിൽ മാത്രം ആൾബലമുള്ള ഈ കക്ഷികൾക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തൊക്കെ ചെയ്യാനാവും എന്നത് കാണേണ്ട കാര്യമാണ്.  തിരഞ്ഞെടുപ്പ് ഇനിയും മാസങ്ങൾ അകലെയാണ്. അടിത്തറയുള്ള സംസ്ഥാനങ്ങളിൽ 51  ശതമാനം വോട്ട് ആർജിക്കുക എന്നതാണ്  ബി.ജെ.പി. തന്ത്രം. ചുരുക്കത്തിൽ 2019 നെക്കുറിച്ച് ബി.ജെ.പിക്ക്, നരേന്ദ്ര മോദിക്ക് ആശങ്കയ്ക്ക് കാരണമില്ലതന്നെ.   

(മുതിർന്ന പത്രപ്രവർത്തകനാണ് ലേഖകൻ)