യുവജനങ്ങള്ക്ക് രാഷ്ട്രീയനേതൃത്വങ്ങള് അത്ര പരിഗണന നല്കുന്നില്ലെന്ന പരാതി ഓരോ തിരഞ്ഞെടുപ്പിലുമുണ്ടാകാറുണ്ട്. കേഡര് പാര്ട്ടികളില് അത് രഹസ്യമായും അല്ലാത്തവയില് പരസ്യമായും ചര്ച്ചയാകാറുമുണ്ട്. ഇക്കുറിയും പതിവിനു മാറ്റമൊന്നുമില്ല. പരാതികളുയരുന്നു, പരിഹരിക്കണമെന്ന് മേല്ത്തട്ട് നിര്ദേശം വരുന്നു. പരാതിയും നിര്ദേശവുമെല്ലാം തിരഞ്ഞെടുപ്പോടെ തീരും. യുവാക്കളെ പരിഗണിച്ചതുകൊണ്ട് ജയിച്ചെന്നോ പരിഗണിക്കാത്തതുകൊണ്ട് തോറ്റെന്നോ ഫലംവന്നശേഷം പറഞ്ഞുകേട്ടിട്ടുമില്ല. 

മുന് തിരഞ്ഞെടുപ്പുകളില്നിന്നു വ്യത്യസ്തമായി കുറെക്കൂടി ഗൗരവമായ യുവത്വപരിഗണനാചര്ച്ച ഇക്കുറിയുണ്ട്. സ്ഥാനത്യാഗംമുതല് ഷര്ട്ടൂരിസമരംവരെ അരങ്ങേറി. സംസ്ഥാനത്ത് 21,871 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതില് പകുതി വനിതാസംവരണമാണ്. 


മത്സരിക്കുന്ന വനിതകളില് ഭൂരിപക്ഷവും യുവതികളാണെന്ന് പാര്ട്ടികള് സമ്മതിക്കുന്നുണ്ട്.  അപ്പോള് യുവജനങ്ങളെ പരിഗണിക്കുന്നില്ല എന്ന വാദം ‘യുവാക്കളില്’ മാത്രമായി ഒതുങ്ങിപ്പോവുകയാണോ എന്ന ചിന്തയുയരുന്നു. ചെറുപ്പക്കാര് എന്ന പുരുഷസമൂഹത്തിനുവേണ്ടിമാത്രമുള്ള മുറവിളിയായി ഇതു മാറിപ്പോവുകയുംചെയ്യുന്നു. വനിതാസംവരണമൊഴിച്ചുള്ള സീറ്റുകളുടെ കാര്യത്തിലെ യുവജനപരിഗണനയ്ക്കുള്ള  ആവലാതിയാണ് ഇപ്പോള് നടക്കുന്നതെന്നു വ്യക്തം. 

രാഷ്ട്രീയനേതൃപദവിയിലിരിക്കുന്നത് മിക്കവാറും അമ്പതിനുമേല് വയസ്സുള്ളവരാണ്. യുവാക്കള്ക്ക് സീറ്റു കൊടുക്കണമെന്ന് പരസ്യമായി പറയുകയും അത് നടപ്പാകാതിരിക്കാന് പരിശ്രമിക്കുകയും ചെയ്യുന്നു ഇവര് എന്നാണ് യുവജനവാദം. യുവത്വം എന്ന ജീവിതാവസ്ഥയെ രാഷ്ട്രീയവത്കരിക്കാന് പാര്ട്ടികള്ക്കിപ്പോള് ആവുന്നില്ലെന്നു പറയാം.  സ്വന്തം സ്ഥാനത്തിന് ഭീഷണിയാകുമോ എന്ന ചിന്ത അലട്ടുമ്പോള് യുവത്വത്തെ താലോലിക്കാന് ആര്ക്കു സമയം. ഈ അരാഷ്ട്രീയവത്കരണത്തിന്റെ ഉപോത്പന്നങ്ങളായി വര്ഗീയത, ക്വട്ടേഷൻ മാഫിയാബന്ധങ്ങള്, സമൂഹവിരുദ്ധത എന്നിവ സൃഷ്ടിക്കപ്പെടുന്നു. 

കേരളത്തിലെ യുവജനങ്ങളില് രാഷ്ട്രീയത്തോട് പ്രതിപത്തി കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. പ്രധാന കാരണങ്ങളായി കാണിക്കാവുന്ന വസ്തുതകള് ഇവയാണ്: 1. വ്യാപകമായിവരുന്ന രാഷ്ട്രീയമൂല്യശോഷണം.  അഴിമതിയും കാപട്യവും നിറഞ്ഞ ഒരു രംഗമാണ് രാഷ്ട്രീയമെന്ന ചിന്ത യുവാക്കളില് പടരുന്നു. 2. ന്യൂഡല്ഹിയില് ആം ആദ്മി നടത്തിയതുപോലുള്ള ഒരു സംഘടിക്കല് ഇവിടെ ഉണ്ടാകുന്നില്ല. ഒരു പൊതുകാര്യത്തിനുവേണ്ടിയിറങ്ങാന് മനസ്സില്ലായ്മയാണ് ഇതിനു പിന്നില്. നാട്ടില് എന്തും സംഭവിച്ചോട്ടെ, നമുക്കിതൊന്നും ബാധകമല്ലെന്ന മാനസികാവസ്ഥ. 3. അനുഭവപാരമ്പര്യത്തിന്റെ അഭാവം. ത്രിതലപഞ്ചായത്തുകള് അതിനുള്ള വേദിയാണ്. എന്നാല്, അതിലേക്കു കടന്നുവരാന് പ്രോത്സാഹനക്കുറവ്  നല്ലപോലെയുണ്ട്. 4. മാതൃകയാക്കേണ്ട വ്യക്തിത്വങ്ങളുടെ (icons) അഭാവം. വൈഭവമുള്ള നേതൃത്വത്തിന്റെ കുറവ് യുവാക്കളുടെ രാഷ്ട്രീയവികര്ഷണത്തില് നിര്ണായകമാവുന്നുണ്ട്. 

ത്രിതലത്തില് ഒതുങ്ങേണ്ടവരല്ലെന്നു ചിന്തിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുമുണ്ട്.  ഇതെന്തോ മോശം പണിയാണെന്നും എം.എല്.എ., എം.പി. സ്ഥാനങ്ങളാണ് തങ്ങളെ കാത്തിരിക്കുന്നതെന്നും ചിന്തിക്കുന്നവര്.  അഞ്ചു ശതമാനത്തില് താഴെമാത്രമേ ഇക്കൂട്ടരുള്ളൂവെങ്കിലും സ്വയം ഭാവിയില്ലാതാക്കുന്ന വിഭാഗമായി ഇവരെ കണക്കാക്കാം. ഇക്കൂട്ടരില് മിക്കവരും മിടുക്കരുമായിരിക്കും. എന്നാല്, ‘ഉയര്ന്ന’ ചിന്തകൊണ്ട് ഉയര്ന്ന സ്ഥാനങ്ങള് കിട്ടിയാല് കിട്ടി എന്നേ പറയാനാവൂ. അല്ലെങ്കില് ഗതിപിടിക്കാത്ത രാഷ്ട്രീയക്കാരന് എന്ന മേലങ്കിയുമായി ശിഷ്ടകാലം കഴിയാം. 

തൃശ്ശൂരിലെ കിലയില്(കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് അഡ്മിനിസ്ട്രേഷന്) വടക്കേ ഇന്ത്യയില്നിന്നുള്ള ജനപ്രതിനിധികള്ക്ക് പരിശീലനം നല്കാറുണ്ട്. ഇതില് 60-70 ശതമാനം പേരും മികച്ച വിദ്യാഭ്യാസമുള്ളവരാണെന്ന് കില ഡയറക്ടര് ഡോ. പി.പി. ബാലന് പറയുന്നു.  എന്ജിനീയര്മാര്, എം.ബി.എ.ക്കാര്, സാങ്കേതികവിദഗ്ധര് ഒക്കെ അവിടെ ജനപ്രതിനിധികളാണ്. കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരില് 10 ശതമാനത്തില് താഴെ മാത്രമേ ഇത്തരത്തിലുള്ളവരെ കണ്ടിട്ടുള്ളൂ. ആര്ജിച്ച അറിവുകള് സമൂഹത്തിനുപയോഗപ്പെടുത്തുന്നതിലുള്ള വിമുഖതയായി ഇതിനെ വ്യാഖ്യാനിക്കാം. 

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദവികള് ഉന്നംവെച്ചുമാത്രം മത്സരിക്കുന്ന നേതാക്കളും പുതുമുഖങ്ങളുടെ അവസരം കുറയ്ക്കുന്നുണ്ട്. അധ്യക്ഷപദവി വനിതയ്ക്കാണെങ്കില് സ്ഥിരം മുഖങ്ങളുടെ ഭാര്യയോ സഹോദരിയോ ഒക്കെ രംഗത്തുവരും. രണ്ടായാലും, അവസരംനോക്കി കാത്തുനില്ക്കുന്ന ചെറുപ്പക്കാര്ക്കും പുതുമുഖങ്ങള്ക്കും നില്പ്പ് അതേപടി തുടരേണ്ടിയുംവരും. 

നല്ല ചെറുപ്പക്കാര് ഇല്ലാത്തതല്ല കേരളത്തിന്റെ പ്രശ്നം. അവസരങ്ങള് നിഷേധിക്കുന്ന നേതൃത്വങ്ങളും മുഴുവന്സമയ പൊതുപ്രവര്ത്തനത്തിനു താത്പര്യമില്ലാത്ത യുവത്വവും ചേരുംപടി ചേരുമ്പോള് അടുത്ത തിരഞ്ഞെടുപ്പിലും പഴയ പല്ലവി ഉയര്ന്നുവരും; യുവാക്കള് തഴയപ്പെടുന്നു എന്ന പല്ലവി. 

***********************

ഞങ്ങള് പറയുന്നത് പൊതുവികാരം

ഡീന് കുര്യാക്കോസ് (യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്)


യുവാക്കള്ക്ക് കൂടുതല് പ്രാധിനിധ്യം വേണമെന്ന കാര്യത്തില് ഞങ്ങളുന്നയിച്ചത് പൊതുവികാരമാണ്. എല്ലാ യുവജനസംഘടനകളുടെയും അഭിപ്രായം ഇതുതന്നെയാണ്. എന്നാല്, അവരുടെ പാര്ട്ടികളില് ഇതു പറയാന് അവസരമില്ല. പൊതുസ്വീകാര്യതയുള്ള യുവാക്കളെ സ്ഥാനാര്ഥിയാക്കാതെ മാറ്റിനിര്ത്തിയാല് ശക്തമായി പ്രതികരിക്കും. 

നേതൃത്വങ്ങളാല് തഴയപ്പെടുന്നതിന്റെ നല്ല ഉദാഹരണമാണ് മൂന്നാറിലെ സമരത്തില് കണ്ടത്. 
35ശതമാനം സീറ്റുകള് വേണമെന്ന കാര്യത്തില് വിട്ടുവീഴ്ചയില്ല. കെ.പി.സി.സി.യുടെ നിര്ദേശം ഡി.സി.സി.കള് അവഗണിക്കുന്നത് ഇനി നോക്കിനില്ക്കാനാവില്ല.

***********************

മുഴുവന്സമയരാഷ്ട്രീയം  യുവാക്കളില്നിന്ന്അകലുന്നു

എം. സ്വരാജ് (സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ.)

ആഗോളീകരണത്തിന്റെ സ്വാധീനം രാഷ്ട്രീയത്തെയും ബാധിച്ചു. ഇതിന്റെ ഫലമായി കരിയറിസം യുവാക്കളെ സ്വാധീനിക്കുന്നു. മക്കള് രാഷ്ട്രീയപ്രവര്ത്തകരാകാന് ആഗ്രഹിക്കുന്ന രക്ഷിതാക്കളും കുറവാണ്. അഴിമതി വ്യാപിക്കുന്നതാണ് മറ്റൊരു ഘടകം.

തിരഞ്ഞെടുപ്പില് യുവാക്കള് തഴയപ്പെടുന്നുവെന്നത് യൂത്ത് കോണ്ഗ്രസിന്റെ ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടേ കാണാനാകൂ. യുവാക്കളെ പരിഗണിക്കുന്നതില് സി.പി.എം. മികച്ച നിലപാടാണെടുത്തത്. ഡി.വൈ.എഫ്.ഐ.ക്ക് ഇക്കാര്യത്തില് പരാതിയോ അസംതൃപ്തിയോ ഇല്ല. പാര്ലമെന്റി പ്രവര്ത്തനത്തില് ഒരുപാടു പ്രായമായവര് മാറിനില്ക്കണം.യുവാക്കളുടെ കടന്നുവരവ് സമൂഹത്തെത്തന്നെ ചടുലമാക്കും.

***********************

സീറ്റ് കിട്ടുന്നതു  മാത്രമല്ല  സംഘടനാ രാഷ്ട്രീയം

പി.സുധീര് (യുവമോര്ച്ച സംസ്ഥാന പ്രസിഡന്റ്)

സീറ്റ് കിട്ടുന്നതില് മാത്രം ഒതുക്കപ്പെടേണ്ടതല്ല സംഘടനാരാഷ്ട്രീയം. അതിനു കുറെക്കൂടി വിശാലമായ അര്ഥമാണുള്ളത്. എല്ലാ പാര്ട്ടികളും യുവാക്കളെ അവഗണിച്ചുവെന്നു പറയുന്നതില് അര്ഥമില്ല. ഏറ്റവും കൂടുതല് അവസരം യുവാക്കള്ക്കു നല്കിയത് ബി.ജെ.പി.യാണ്. 

അര്ഹരായ എല്ലാവര്ക്കും സീറ്റ് കിട്ടിയിട്ടുണ്ട്. പ്രൊഫഷണലുകളായ യുവാക്കളെ ഉപയോഗപ്പെടുത്തണമെന്നാണ് യുവമോര്ച്ചയുടെ പക്ഷം. ഞങ്ങളതു ചെയ്യുന്നുമുണ്ട്. നവമാധ്യമങ്ങളില് വരുന്ന അഭിപ്രായങ്ങള്ക്ക് വിലകല്പിക്കുന്നുമുണ്ട്.

***********************

ഇടപെടലാണ്  പ്രധാനം, അധികാരം തനിയെ വന്നുകൊള്ളും

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്)

പൊതുസമൂഹത്തിന്റെ എല്ലാ രംഗത്തും ക്രിയാത്മകമായി യുവാക്കള് നടത്തുന്ന ഇടപെടലിനാണ് പ്രാധാന്യം. അധികാരസ്ഥാനങ്ങള് തനിയെ വന്നുകൊള്ളും. അത്തരമൊരാളെ മാറ്റിനിര്ത്താന് ഒരുകക്ഷിക്കും കഴിയില്ല.
പുതിയകാലത്ത് യുവാക്കളുടെ സ്വപ്നങ്ങള് മാറി. അതിന്റെ പ്രതിഫലനം രാഷ്ട്രീയത്തിലുമുണ്ടാവണം. യുവാക്കളെ വേറിട്ടുനിര്ത്തി രാഷ്ട്രീയത്തിനു നിലനിൽപ്പില്ല. വര്ഗീയശക്തികളുടെ മുതലെടുപ്പു തടയാന് ഏറ്റവും ഫലപ്രദമായ മാര്ഗം യുവജനരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കലാണ്.

***********************
യുവത്വം തഴയപ്പെടുന്നില്ല; രാഷ്ട്രീയത്തോട് ആഭിമുഖ്യം കുറയുന്നു

കെ. രാജൻ (എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി)

യുവത്വം എവിടെയും തഴയപ്പെടുന്നതായി തോന്നിയിട്ടില്ല. എന്നാല് രാഷ്ട്രീയത്തോട് യുവജനത്തിന് ആഭിമുഖ്യം കുറയുന്നുണ്ട്. തിരഞ്ഞെടുപ്പുകളില് സീറ്റുവിഭജനംപോലുള്ള കാര്യങ്ങളില് ഇടപെടുന്നത് യുവജനസംഘടനകളുടെ പണിയല്ല. പാര്ട്ടിനിര്ദേശം അനുസരിക്കുകയും വേണം. ചെറുപ്പക്കാര്ക്ക് ധാരാളം അവസരംകൊടുക്കുന്ന പാര്ട്ടിയാണ് സി.പി.ഐ. വിജയസാധ്യത പരിഗണിച്ചുള്ള സ്ഥാനാര്ഥിനിര്ണയത്തിനാണ് പ്രാധാന്യംനല്കേണ്ടത്. പിന്തുടര്ച്ച, കുടുംബാവകാശം തുടങ്ങിയ കാര്യങ്ങളോട് യോജിപ്പില്ല.