കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ നിർണായക സ്വാധീനമുള്ള മധ്യകേരളം തിരഞ്ഞെടുപ്പിന്റെ അവസാനവട്ട പോരാട്ടത്തിലാണ്. ഓരോ തിരഞ്ഞെടുപ്പിനുശേഷവും ഭരണത്തിന്റെ ദിശാസൂചികൾ നിന്നത് ഈ മേഖലയുടെ മനസ്സിനൊപ്പമാണ്. എന്നാൽ, മുൻകാല തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായ പടയൊരുക്കങ്ങളൊന്നുമില്ലെങ്കിലും മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വോട്ടർമാരുടെ മുന്നിൽ തിരഞ്ഞെടുപ്പിന്റെ ആവേശം ഇപ്പോൾ ടോപ്പ്ഗിയറിലാണ്. 

യു.ഡി.എഫിന്റെ വിള്ളൽവീഴാത്ത കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറവും വലിയ രാഷ്ട്രീയപാരമ്പര്യമുള്ള വോട്ടർമാർ വിധിനിർണയം നടത്തുന്ന തൃശ്ശൂർ, പാലക്കാട് ജില്ലകളിലെയും തിരഞ്ഞെടുപ്പുമനസ്സ് ദേശീയ രാഷ്ട്രീയവിഷയങ്ങൾ കടന്ന് പ്രാദേശികവിഷയങ്ങളിലും വ്യക്തിബന്ധങ്ങളിലുമെത്തിനിൽക്കുന്നു. 

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ കേട്ടുതുടങ്ങിയതാണ് മലപ്പുറത്തെ ലീഗ്-കോൺഗ്രസ് സ്ഥാനാർഥിപ്രശ്നങ്ങൾ. ഏറെക്കുറെ പരിഹരിച്ചെങ്കിലും പ്രതിഷേധത്തിന്റെയും പരാതിയുടെയും കനലുകൾ ഇനിയും പൂർണമായി കെട്ടടങ്ങിയിട്ടില്ല. പ്രചാരണവേളയിൽ ഒട്ടേറെ കൗതുകങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ സാമ്പാർ മുന്നണിയും മുന്നണിസഖ്യം മറന്നുകൊണ്ടുള്ള മലപ്പുറത്തെ അവിശുദ്ധ രാഷ്ട്രീയബന്ധങ്ങളും ഉയർത്തിയ വിവാദങ്ങളുടെ അനുരണനങ്ങൾ ഇനിയുമുണ്ട്. 

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്തിൽ കോൺഗ്രസ് വിമതർക്കെതിരെ കെ.പി.സി.സി. പ്രസിഡൻറ്‌ വി.എം. സുധീരൻ കൈക്കൊണ്ട നടപടി ജില്ലയിലെ കോൺഗ്രസ്-ലീഗ് ബന്ധത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൈവന്ന അപ്രതീക്ഷിതവിജയം ഇത്തവണ ആവർത്തിക്കാൻ കഴിയുമോയെന്ന കനത്ത ആശങ്കയിലാണ് യു.ഡി.എഫ്. കെ.പി.സി.സി. അച്ചടക്കനടപടിക്ക് പിന്നാലെ ചൊവ്വാഴ്ച ജില്ലയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പാണക്കാട് സന്ദർശനം ലീഗ്-കോൺഗ്രസ് ബന്ധത്തിലെ ഇനിയും ഉരുകാത്ത മഞ്ഞ് ഉരുക്കുമെന്നാണ് സൂചന. 

യു.ഡി.എഫിൽ അരങ്ങേറിയ അനൈക്യവും രാഷ്ട്രീയമൂല്യങ്ങൾ പണയംവെച്ചുകൊണ്ടുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും തിരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയനില മെച്ചപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്തിലും പുതുതായി രൂപവത്കരിക്കപ്പെട്ട നഗരസഭകളിലുമടക്കം വലിയ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. മുന്നണിബന്ധം മറന്നുകൊണ്ടുള്ള ചില അനൗദ്യോഗിക കൂട്ടുകെട്ടുകൾ, പ്രാദേശിക മുന്നണിസഖ്യങ്ങൾ എന്നിവ ഗുണംചെയ്യുമെന്നും അവർ കരുതുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ കേട്ടുതുടങ്ങിയ ബി.ജെ.പി.-എസ്.എൻ.ഡി.പി. സഖ്യം ജില്ലയിൽ പൊന്നാനി, നിലമ്പൂർ മേഖലകളിൽ പ്രധാനമായും കേന്ദ്രീകരിച്ചു. താനൂർ, വള്ളിക്കുന്ന്, തവന്നൂർ മേഖലകളിലടക്കം ഇത്തവണ ബി.ജെ.പി.യുടെ സാന്നിധ്യം ശ്രദ്ധേയമാകുമെന്നാണ് ബി.ജെ.പി. നേതാക്കളുടെ പക്ഷം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യവും ജില്ലയിൽ പ്രതീക്ഷിക്കുന്നു.

പ്രധാനമായും പ്രാദേശികപ്രശ്നങ്ങൾ മുൻനിർത്തി മത്സരരംഗത്തുള്ള എസ്.ഡി.പി.ഐ., വെൽഫയർ പാർട്ടി എന്നിവരുടെ സാന്നിധ്യവും തിരഞ്ഞെടുപ്പുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നു. ജനകീയമുന്നണി പോലുള്ള സഖ്യങ്ങളിൽ നിന്നുകൊണ്ട് ഇതരരാഷ്ട്രീയനേതൃത്വങ്ങൾക്കെതിരെ ഉന്നയിക്കുന്ന വാദങ്ങളും ജനകീയപ്രശ്നങ്ങളും ഈ തിരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമാകുമെന്നാണ് ഇവരുടെ വാദം. എത്ര വാർഡുകൾ ലഭിക്കുമെന്നതിനേക്കാൾ പ്രധാനം ആരൊക്കെ തങ്ങളുടെ സാന്നിധ്യംകൊണ്ട് തോറ്റു എന്നതാണ് വിലയിരുത്തേണ്ടത് എന്നാണവർ പറയുന്നത്‌.

തൃശ്ശൂർ ജില്ലയിൽ തിരഞ്ഞെടുപ്പുരംഗം ആദ്യത്തെ അസ്വാരസ്യങ്ങളും ആലസ്യവുംവിട്ട് സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നുവെങ്കിൽ ഇത്തവണ ജനവിധി ആർക്കനുകൂലമാകുമെന്നകാര്യത്തിൽ പ്രവചനം സാധ്യമല്ലാത്തവിധം മുന്നണികൾ ഉണർന്നുകഴിഞ്ഞു.
യു.ഡി.എഫ്. മേൽക്കോയ്മ അവകാശപ്പെടുന്ന ജില്ലയാണ് തൃശ്ശൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ  55 ഡിവിഷനുകളിൽ 47-ഉം യു.ഡി.എഫിനൊപ്പമായിരുന്നു. ഇത്തവണയും ഇതാവർത്തിക്കാനുള്ള നിക്കങ്ങളാണ് യു.ഡി.എഫ്. നടത്തുന്നത്. മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മകൾ സി.ബി. ഗീതയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്. മത്സരിക്കുന്നത്. ഗീതയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ എ വിഭാഗം ഉയർത്തിയ എതിർപ്പുകൾ ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു.  

കോർപ്പറേഷനിൽ വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കോൺഗ്രസ്സിലുണ്ടായ ഉൾപ്പോരുകളും ഉടുപ്പൂരലുമൊക്കെ തങ്ങൾക്കനുകൂലമായിമാറുമെന്ന് അവർ വിശ്വസിക്കുന്നു. ഡോ. ഷീല വിശ്വനാഥനാണ് എൽ.ഡി.എഫ്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സ്ഥാനാർഥി.
ബി.ജെ.പി.യും മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗവുമായുള്ള ചങ്ങാത്തം പല ഡിവിഷനുകളിലും ഗുണകരമാകുമെന്ന് ബി.ജെ.പി. കരുതുന്നു. നിലവിൽ ബി.ജെ.പി.ക്ക്‌ രണ്ടു കൗൺസിലർമാരാണുള്ളത്.

ജില്ലയിലെ 88 ഗ്രാമപ്പഞ്ചായത്തുകളിൽ 57 പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമായിരുന്നു. ഇത്തവണ ഗ്രാമപ്പഞ്ചായത്തുകൾ 86 ആയി കുറഞ്ഞു. പുതുതായി രൂപംകൊണ്ട വടക്കാഞ്ചേരി അടക്കം മുനിസിപ്പാലിറ്റികളുടെ എണ്ണം ഏഴായി. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടക്കുന്നത്. വിമതശല്യമാണ് യു.ഡി.എഫ്. നേരിടുന്ന പ്രധാനപ്രശ്നം. വിമതരായി മത്സരിക്കുന്നതിന്റെ പേരിൽ ഡി.സി.സി. നേതൃത്വം ഇതുവരെ 29 പേരെ പാർട്ടിയിൽനിന്നു പുറത്താക്കിക്കഴിഞ്ഞു. ചാവക്കാട് ഒഴികെ ബാക്കിയെല്ലാ നഗരസഭകളിലും കോൺഗ്രസ്സിന് വിമതശല്യമുണ്ട്.

കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിൽ 29 ഡിവിഷനുകളിൽ 17-ഉം യു.ഡി.എഫിനായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും പതിനാറിൽ ഒൻപതിടത്തും യു.ഡി.എഫ്. ഭരിച്ചു. മൂന്ന് മുനിസിപ്പാലിറ്റികളിൽ എൽ.ഡി.എഫ്. ഭരണം നിലനിർത്തിയപ്പോൾ മൂന്നിടത്ത് യു.ഡി.എഫിനാണ് ഭരണം ലഭിച്ചത്.

പാലക്കാട് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനവാരത്തിലേക്ക് കടക്കുമ്പോൾ അന്തരീക്ഷത്തിലെയും പ്രചാരണത്തിന്റെയും താപനില ഉയരുകയാണ്. കടുത്ത രാഷ്ട്രീയനിലപാടുകളുള്ള പാലക്കാട്ടെ വോട്ടർമാർക്കുമുന്നിൽ വികസനവും വർഗീയതയും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭരണനേട്ടങ്ങളുമെല്ലാം പ്രചാരണത്തിലെ മുഖ്യവിഷയങ്ങളായി ഉയർന്നുവരുന്നുണ്ട്. ഐക്യജനാധിപത്യമുന്നണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ബി.ജെ.പി.യും ഒരേപോലെ ശക്തമായ പ്രചാരണങ്ങളുമായി വോട്ടർമാർക്കിടയിലേക്കിറങ്ങുമ്പോൾ പ്രചാരണത്തിന് കരുത്തേകാൻ ദേശീയ-സംസ്ഥാന നേതാക്കൾ ബുധനാഴ്ച മുതൽ ജില്ലയിലെത്തും. 
 
88 ഗ്രാമപ്പഞ്ചായത്തുകളിലെ 1,490 വാർഡുകളിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് നഗരസഭകളുണ്ടായിരുന്നത് ഇത്തവണ ഏഴായി. കഴിഞ്ഞതവണ 91 ഗ്രാമപ്പഞ്ചായത്തുകളിൽ 47 എണ്ണം ഇടതുപക്ഷത്തിനൊപ്പം നിന്നു. യു.ഡി.എഫ്. മികച്ച പ്രകടനത്തോടെ 36 പഞ്ചായത്തുകളിൽ ഭരണംപിടിച്ചു. പതിമ്മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്തായിരുന്നു എൽ.ഡി.എഫ്‌. ഭരണസമിതികൾ. 21 നഗരസഭാ കൗൺസിലർമാരും 44 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും ബി.ജെ.പി.ക്ക് ജില്ലയിലുണ്ടായിരുന്നു. 
സംസ്ഥാനസർക്കാറിന്റെ വികസനസാമൂഹ്യക്ഷേമ പദ്ധതികൾ ഉൾപ്പെടെയുള്ളവ സഹായകമായിമാറുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. എന്നാൽ, അഗളി മേഖലയിലുൾപ്പെടെ കോൺഗ്രസ്സിലെ കടുത്ത ഗ്രൂപ്പുവഴക്കും ഏതാനും സ്ഥലത്ത് മുസ്‌ലിം ലീഗിനകത്തെ അതൃപ്തിയുമെല്ലാം മുന്നണിയെ വിഷമിപ്പിക്കുന്നുണ്ട്. ഇടതുമുന്നണിയിൽ പുറമേക്ക് പ്രശ്നങ്ങളില്ലെങ്കിലും ചിലയിടത്തെങ്കിലും സി.പി.എം.-സി.പി.ഐ. അണികൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ രഹസ്യമല്ല.

വർഗീയതയുടെ കടന്നുകയറ്റം, പാലക്കാട്ടെ കാർഷികമേഖലയുടെ തകർച്ച, സംസ്ഥാനസർക്കാറിന്റെ അവഗണന, അട്ടപ്പാടിമേഖലയിലെ ശിശുമരണങ്ങൾക്ക് കൃത്യമായ പ്രതിവിധികണ്ടെത്താനാവാത്തത് തുടങ്ങിയ പ്രാദേശിക വികസനപ്രശ്നങ്ങൾ മുൻനിർത്തിയാണ് ഇടതുമുന്നണി പ്രചാരണം. ഒപ്പം പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേട്ടങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. 

1,422 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്ക് 88 സ്വതന്ത്രരെയുൾപ്പെടെ മത്സരിപ്പിക്കുന്ന ബി.ജെ.പി. ഇത്തവണ വൻ കുതിച്ചുകയറ്റമാണ് പ്രതീക്ഷിക്കുന്നത്. ഏഴുപഞ്ചായത്തിലെങ്കിലും ഭരണം പ്രതീക്ഷിക്കുന്നതായും പാർട്ടി ജില്ലാനേതൃത്വം പറയുന്നുണ്ട്. കേന്ദ്രസർക്കാറിന്റെ വികസനപദ്ധതികൾ, സാമൂഹ്യക്ഷേമപദ്ധതികൾ, വികസനപ്രവർത്തനങ്ങളിലെ രാഷ്ട്രീയപക്ഷഭേദം, ഇരുമുന്നണികളും വികസനപ്രവർത്തനങ്ങൾക്കനുവദിച്ച തുക പാഴാക്കുന്നത് തുടങ്ങിയവയെല്ലാം അക്കമിട്ടുനിരത്തിയാണ് ബി.ജെ.പി. പ്രചാരണം. മുന്നണികളെയും ബി.ജെ.പി.യെയും കൂടാതെ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ. തുടങ്ങിയ സംഘടനകളും സ്വന്തം പോക്കറ്റുകളിൽ മത്സരരംഗത്തുണ്ട്.

വോട്ടെടുപ്പിന് നാളുകൾ മാത്രം ബാക്കിയിരിക്കേ ആവനാഴിയിലെ പ്രചാരണതന്ത്രങ്ങൾ മുഴുവനും പ്രയോഗിക്കാനുള്ള വ്യഗ്രതയിലാണ് മുന്നണികളും സ്ഥാനാർഥികളും. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഒരു സെമിഫൈനൽ എന്ന് എല്ലാവരും വിശേഷിപ്പിക്കുമെങ്കിലും അവകാശവാദങ്ങളല്ലാതെ വിജയസാധ്യതകൾ ഉറപ്പുനൽകാൻ ആരും തയ്യാറല്ല.