ഇങ്ങനെ സംസാരിക്കാൻ ഒരു കമ്യൂണിസ്റ്റുകാരന് എങ്ങനെ കഴിയുന്നു 

ഒരു ഭരണാധികാരി ഉപയോഗിക്കേണ്ട ഭാഷയല്ലിത്. അവിടത്തെ പാവപ്പെട്ട തൊഴിലാളി സ്ത്രീകളെപ്പറ്റി ഇത്രയും നിന്ദ്യമായ രീതിയിൽ സംസാരിക്കാൻ ഒരു കമ്യൂണിസ്റ്റുകാരന് എങ്ങനെ കഴിയുന്നു എന്ന് ഞാൻ അത്ഭുതപ്പെടുന്നു. സ്ത്രീകളെപ്പറ്റി മാത്രമല്ല, കൈയേറ്റങ്ങളൊഴിപ്പിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാർക്കെതിരായും മന്ത്രി മണി നിന്ദയുടെയും പരിഹാസത്തിന്റെയും സ്വരത്തിലാണ് സംസാരിക്കുന്നത് - സുഗതകുമാരി

ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്നത് ക്ഷമിക്കാവുന്നതല്ല

ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്നതും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും മന്ത്രി എം.എം. മണിയായാൽ പോലും ക്ഷമിക്കാവുന്നതല്ല.  
ഇദ്ദേഹത്തോളം പോലും വിദ്യാഭ്യാസമില്ലാത്ത ഒരു മന്ത്രി മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നു. ഇ.കെ ഇമ്പിച്ചിബാവ. നാല് ക്ലാസ്സ് മാത്രം പഠിച്ച അദ്ദേഹം ഏത് ഉന്നത സർവ്വകലാശാലയിൽ നിന്ന് ബിരുദമെടുത്താലും കിട്ടാത്ത പക്വതയുടെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ഖബർ എവിടെയാണെന്ന് കണ്ടുപിടിച്ച് മന്ത്രി മണി അവിടെച്ചെന്ന് സാഷ്ടാംഗം നമസ്കരിക്കണം, വിവേകമുണ്ടാകാൻ. - ഡി. ബാബുപോൾ

മണി തുടരട്ടെ, മന്ത്രിസഭ ശുദ്ധീകരിക്കപ്പെടും

മന്ത്രി മണി മന്ത്രിസഭയിൽ തുടരേണ്ടത് അത്യാവശ്യമാണ്‌. മണി ഇനിയും ഇത്തരം വിഡ്ഢിത്തങ്ങൾ പറയുകയും ജനം അതിനെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോൾ പാർട്ടിക്കും അദ്ദേഹത്തിനും തെറ്റ് ബോധ്യമാവും. അങ്ങനെ ഓരോ സംഭവമുണ്ടാകുമ്പോഴും ജനം പ്രതികരിക്കുകയും തിരുത്തിത്തിരുത്തി പാർട്ടിയും സർക്കാരും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. - ജോയ് മാത്യു 

രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം

മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകളെ ആഭാസകരമായ വാക്കുകളാൽ അപകീർത്തിപ്പെടുത്തിയ എം.എം.മണി മന്ത്രിപദം രാജിവെച്ച്  മാപ്പു പറയണം. രാജിക്ക് തയ്യാറാകുന്നില്ലെങ്കിൽ മണിയെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാക്കുകൊണ്ടോ നോട്ടം കൊണ്ടോ സ്ത്രീകളെ അപമാനിച്ചാൽ നിലവിലുള്ള നിയമമനുസരിച്ച് കേസെടുക്കാവുന്നതാണ്. - സാറാ ജോസഫ്

ശിക്ഷാർഹമായ കുറ്റം 

വൈദ്യുതി മന്ത്രി എം.എം.മണി, പൊമ്പി​െ​െള ഒരുമ പ്രവർത്തകരെക്കുറിച്ച്‌ നടത്തിയ പ്രസംഗം നിയമവിരുദ്ധമാണ്‌. ഇൻഡീസന്റ്‌ റെപ്രസെന്റേഷൻ ഓഫ്‌ വുമൺ ആക്ട്‌ (1986) സെക്ഷൻ 3 പ്രകാരം കുറ്റകരമാണ് ഈ പ്രസംഗം.മന്ത്രിയായ ഒരാളുടെ ഇത്തരം നടപടി അങ്ങേയറ്റം അപലപനീയമാണ്.സ്ത്രീകളെക്കുറിച്ച്‌ സഭ്യമല്ലാത്ത പ്രസ്താവന നടത്തിയത്‌ ഭരണഘടനാലംഘനമാണ്. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാവിരുദ്ധവും. - ഡോ. ജെ.പ്രമീളാദേവി (സംസ്ഥാന വനിതാ കമ്മിഷനംഗം)

മന്ത്രി മണിയുടെ വാക്കുകൾ കേരളത്തിന്‌ ഭൂഷണമോ? വായനക്കാർക്ക്‌ പ്രതികരിക്കാം. നിങ്ങൾക്ക്‌ പറയാനുള്ളത്‌ ഈ വാട്‌സാപ്പ്‌ നമ്പറിലേക്ക്‌  അയക്കാം - 9544011000.  

മാതൃഭൂമി ഓൺലൈനിലും പ്രതികരിക്കാം: www.mathrubhumi.com