കേരളത്തിൽ   യു.ഡി.എഫും എൽ.ഡി.എഫും എന്നപോലെ ഓരോ തിരഞ്ഞെടുപ്പിലും കോൺഗ്രസും ബി.ജെ.പി.യും മാറിമാറി അധികാരത്തിലെത്തുന്ന സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. ’90-കളുടെ തുടക്കം മുതൽ ആ സംസ്ഥാനത്തെ വോട്ടർമാർ  രണ്ട് ദേശീയപ്പാർട്ടികൾക്ക് ഊഴമിട്ട് അവസരം നൽകുകയാണ്. ഇത്തവണയും ഈ പ്രവണത തുടരുമോ, അതോ ഹിമാചൽ പതിവുരീതിയിൽനിന്ന് വ്യതിചലിക്കുമോ എന്നാണ്‌ ചോദ്യം. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും ദേശീയനേതാക്കൾക്കുപോലും ഇക്കാര്യത്തിൽ ഉറപ്പിച്ചൊന്നും പറയാനാകുന്നില്ല. നവംബർ 9-ന് പോളിങ് നടക്കേണ്ട ഹിമാചലിൽ തരംഗങ്ങളൊന്നും പ്രകടമല്ല. 

മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഹിമാചലിൽ അധികാരത്തിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 68 അംഗ നിയമസഭയിൽ 36 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. അതിനുമുമ്പ് പ്രേംകുമാർ ധുമലിന്റെ നേതൃത്വത്തിൽ ബി.ജെ.പി.യായിരുന്നു  ഭരണത്തിൽ.

നിലവിൽ ഭരണത്തിന് നേതൃത്വം നൽകുന്ന 83-കാരനായ വീർഭദ്രസിങ് തന്നെയായിരിക്കും ഇത്തവണയും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾത്തന്നെ പ്രചാരണത്തിൽ കോൺഗ്രസ് ഒരു ചുവട്  മുൻകൂട്ടി നീങ്ങി. പടലപ്പിണക്കങ്ങൾ ഒഴിവാക്കാൻ സാധാരണ മുഖ്യമന്ത്രിസ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാത്ത പതിവ് കോൺഗ്രസ് കീഴ്‌വഴക്കത്തിൽനിന്ന് ഒരു വ്യതിചലനമാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഹിമാചലിന്റെ കാര്യത്തിൽ കൈക്കൊണ്ടത്. സംസ്ഥാനത്ത് പ്രചാരണത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് രാഹുൽ  ഈ പ്രഖ്യാപനം നടത്തിയത്.

 മറുവശത്ത് ബി.ജെ.പി.യും തയ്യാറെടുപ്പിൽ പിറകോട്ടല്ല. 68 സ്ഥാനാർഥികളുടെയും മുഴുവൻ പട്ടിക ആദ്യംതന്നെ പ്രഖ്യാപിച്ച് ബി.ജെ.പി. കോൺഗ്രസിനെ കടത്തിവെട്ടി. എന്നാൽ, മുഖ്യമന്ത്രിസ്ഥാനാർഥിയെക്കുറിച്ച് ബി.ജെ.പി. മൗനംപാലിക്കുകയാണ്. സ്വാഭാവികനിലയിൽ പാർട്ടി ജയിച്ചാൽ മുൻ മുഖ്യമന്ത്രി േരപം കുമാർ ധുമൽ മുഖ്യമന്ത്രിയാകണം.

ധുമൽ മത്സരിക്കുന്നുമുണ്ട്. എന്നാൽ, ഇതേക്കുറിച്ച്  ബി.ജെ.പി.കേന്ദ്രനേതൃത്വം മനസ്സ് തുറക്കുന്നില്ല. ധുമലും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയും തമ്മിൽ ശക്തമായ വടംവലി സംസ്ഥാന ബി.ജെ.പി.ക്കുള്ളിൽ നിലനിൽക്കുന്നുണ്ട്. ബി.ജെ.പി. അധികാരത്തിലെത്തിയാൽ നഡ്ഡ,  ഹിമാചലിലേക്ക് തട്ടകംമാറ്റാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിലൂന്നിയാണ് ബി.ജെ.പി. പ്രചാരണം. മോദി തന്നെയായായിരിക്കും ബി.ജെ.പി.യുടെ പ്രചാരണ നായകൻ.

മോദി പ്രഭാവം എത്രമാത്രം

താരതമ്യേന ചെറിയ സംസ്ഥാനമായ ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നതും ഈ മോദി ഫാക്ടറാണ്. കേന്ദ്രഭരണത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനപ്രീതിയുടെ തോത് സംബന്ധിച്ച ആദ്യ പരീക്ഷണ ശാലയായി മാറുകയാണ് ഈ ഹിമാലയൻ സംസ്ഥാനം. ഈ സാഹചര്യത്തിൽ  ഹിമാചലിൽ  ഒരു വിജയം ബി.ജെ.പി.ക്ക് അത്യന്താപേക്ഷിതമാണ്. ‘മോദി മാജിക്’ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്ന് സ്ഥാപിക്കാൻ പാർട്ടിയെ അത് സഹായിക്കും.

മറിച്ച്  ഹിമാചലിൽ ഭരണം നിലനിർത്താനായാൽ കോൺഗ്രസിന് അത് വലിയ നേട്ടമാണ്. അധികം സംസ്ഥാനങ്ങളിലൊന്നും ഭരണം കൈവശമില്ലാത്ത പാർട്ടിക്ക് ഭരണത്തിലുള്ള ഒരു സംസ്ഥാനം നിലനിർത്താൻ കഴിയുന്നതിന്റെ ആശ്വാസം.  പുറമേ കേന്ദ്രഭരണത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുള്ള ജനപിന്തുണയിൽ ഇടിവുതട്ടിത്തുടങ്ങി എന്ന് വ്യക്തമാക്കാൻ കിട്ടുന്ന ആദ്യ സുവർണാവസരവും. എ.ഐ.സി.സി. അധ്യക്ഷപദം ഏറ്റെടുക്കാൻ പോകുന്ന രാഹുൽഗാന്ധിക്ക് ഇരട്ടിമധുരവും മോദിയോടുള്ള മധുരപ്രതികാരവും ആകുമത്.

വീർഭദ്രസിങ്: ശക്തിയും ദൗർബല്യവും

മുഖ്യമന്ത്രി വീർഭദ്രസിങ്ങാണ് ഹിമാചലിൽ കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും. വീർഭദ്രസിങ് സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളും മറ്റുമാണ് കോൺഗ്രസിന്റെ പ്രധാന തുരുപ്പുശീട്ട്. എന്നാൽ, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനമുൾപ്പെടെ വീർഭദ്രസിങ്ങിന് എതിരായുള്ള അഴിമതി ആരോപണങ്ങളും കേസുകളുമാണ് ബി.ജെ.പി.യുടെ പ്രധാന പ്രചാരണായുധം. ഇതിനുപുറമേ അഞ്ച് വർഷത്തെ ഭരണം സ്വാഭാവികമായി സമ്മാനിച്ച ഭരണവിരുദ്ധവികാരവും. എന്നാൽ. സാമ്പത്തികരംഗത്തെ മാന്ദ്യവും ജി.എസ്.ടി. നടപ്പാക്കിയതിലൂടെ ഉടലെടുത്തിട്ടുള്ള  പ്രശ്നങ്ങളും ബി.ജെ.പി.ക്ക് എതിരേ ജനവികാരം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

എക്കാലത്തും ബി.ജെ.പി.യെ പിന്തുണച്ചിരുന്ന ചെറുകിട കച്ചവടക്കാർ ഉൾപ്പടെയുള്ളവർ സാമ്പത്തികരംഗത്തെ പ്രശ്നങ്ങൾ കാരണം ഇക്കുറി തങ്ങൾക്കനുകൂലമായി ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ, സംസ്ഥാനത്ത്  വികസനരംഗത്ത് കാര്യമായി ഒന്നും ചെയ്യാൻ കോൺഗ്രസ് സർക്കാരിനായിട്ടില്ലെന്നതും മുഖ്യമന്ത്രിക്കും മറ്റുമെതിരായ അഴിമതിയാരോപണങ്ങളും തങ്ങൾക്ക് തുണയാകുമെന്ന് ബി.ജെ.പി. കരുതുന്നു.

മുഖ്യമന്ത്രി വീർഭദ്രസിങ്ങും പി.സി.സി. അധ്യക്ഷൻ സുഖ്‌വീന്ദർസിങ് സുഖുവും തമ്മിൽ നിലനിൽക്കുന്ന ചില പ്രശ്നങ്ങളും കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാണ്. വീർഭദ്രസിങ്‌  നിലവിൽ പ്രതിനിധാനം ചെയ്തിരുന്ന സിംല റൂറൽ മണ്ഡലത്തിൽനിന്ന് മാറി അർക്കിയിൽനിന്നാണ് ഇത്തവണ മത്സരിക്കുന്നത്. സുഖ്‌വീന്ദർസിങ് സുഖു നദൗണിൽനിന്ന് മത്സരിക്കുന്നു. വീർ ഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്‌ സിംല റൂറലിൽ മത്സരിക്കും. എ.ഐ.സി.സി. സെക്രട്ടറി ആശാകുമാരി ദൽഹൗസിയിൽ നിന്ന് മത്സരിക്കും. 

കൂടുമാറ്റവും സ്ഥാനാർഥിനിർണയവും

തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ഭിന്നത സൃഷ്ടിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞിരുന്നു. സംസ്ഥാനമന്ത്രി അനിൽ ശർമ കോൺഗ്രസ്‌വിട്ട്‌ ബി.ജെ.പി.യിൽ ചേർന്നിട്ടുണ്ട്. മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ സുഖ്‌റാമിന്റെ മകനാണ് അനിൽ ശർമ. അനിൽ ശർമയ്ക്ക് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന മണ്ഡി സീറ്റ് തന്നെ ബി.ജെ.പി. നൽകിയിട്ടുണ്ട്. ’90-കാരനായ സുഖ്‌റാമും കോൺഗ്രസ് വിട്ടതായി അനിൽശർമ അറിയിച്ചിരുന്നു.

കേന്ദ്രനേതൃത്വം സംസ്ഥാനത്ത് നടത്തിയ സർവേയുടെയും ആർ.എസ്.എസ്. നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ബി.ജെ.പി.ഭൂരിപക്ഷം സ്ഥാനാർഥികളെയും തീരുമാനിച്ചത്. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിൽനിന്നുള്ള ചില നേതാക്കൾക്കും ബി.ജെ.പി.സീറ്റ് നൽകിയിട്ടുണ്ട്. സ്ഥാനാർഥിപ്പട്ടികയിൽ  വനിതാ പ്രാതിനിധ്യം കുറവാണെന്നതിൽ പ്രധാനമന്ത്രി നീരസം പ്രകടിപ്പിച്ചതിനെത്തുടർന്ന് അവസാന നിമിഷം ഏതാനും വനിതാ നേതാക്കളെക്കൂടി ബി.ജെ.പി. പട്ടികയിൽ ഉൾപ്പെടുത്തി.