മുൻപ് താങ്കൾ നരേന്ദ്രമോദിക്ക്‌ ഉറച്ച പിന്തുണ നൽകിയിരുന്നയാളാണ്. 2014-ൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, കരൺ ഥാപ്പറിന് കൊടുത്ത അഭിമുഖത്തിൽ താങ്കൾ പറയുന്നുണ്ട്, മോദി ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്ന്. പക്ഷേ, അതിനുശേഷം, രണ്ട് വർഷം കഴിഞ്ഞതോടെ എല്ലാം മലക്കം മറിഞ്ഞു. എന്തുകൊണ്ടാണ് മോദിയെക്കുറിച്ചുള്ള താങ്കളുടെ നിലപാട് കടകം തിരിഞ്ഞത്? 

അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ കാലയളവിനിടെ ഞാൻ പഠിച്ച ഒരുകാര്യം, നമ്മൾ എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ സൂക്ഷിച്ച് ആഗ്രഹിക്കണമെന്നാണ്. കാരണം ചിലപ്പോൾ ആ ആഗ്രഹം നടന്നേക്കും. രാജീവ് ഗാന്ധിയുടെ കാര്യമെടുക്കാം. ഞങ്ങൾ ബൊഫോഴ്‌സിന്റെ പിന്നാലെയായിരുന്നു. അദ്ദേഹം ഞങ്ങളുടെ പല എഡിഷനുകളും പൂട്ടിച്ചു. ഗുരുമൂർത്തിക്കെതിരേ മുന്നൂറിലേറെ ക്രിമിനൽ കേസുകൾ വന്നു. അന്വേഷണം, റെയ്ഡ്, കസ്റ്റംസ് നോട്ടീസുകൾ ഒക്കെ ഞങ്ങൾക്കെതിരേ വന്നു.

അപ്പോൾ സർക്കാരിനുള്ളിൽനിന്നുതന്നെ ഞങ്ങളുടെ വാദമുഖങ്ങൾ പറഞ്ഞുകൊണ്ട് ഒരാൾ, വി.പി. സിങ്, മുന്നോട്ടുവന്നപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ശരി, ഇയാളെ പിന്തുണയ്ക്കാമെന്ന്. വി.പി. സിങ്ങിനെ ഉയർത്തിക്കൊണ്ടുവന്നതിനുള്ള പഴി ഞങ്ങൾ കേൾക്കേണ്ടിവന്നത് അങ്ങനെയാണ്. അതൊരു വലിയ പാഠമായിരുന്നു. ഞങ്ങളുടെ ശ്രമം കൊണ്ടുതന്നെ ദേവിലാൽ പോയപ്പോൾ അതേ വി.പി. സിങ് ഭയന്നുപോയി. അദ്ദേഹം മണ്ഡൽ പ്രഖ്യാപിച്ചു. അതുവഴി നമ്മുടെ രാജ്യത്തെ 50 വർഷം പിന്നോട്ടടിച്ചു. 
നരേന്ദ്രമോദിയുടെ കാര്യത്തിലും ഇതുതന്നെയാണ് നടന്നത്. ഡോ. മൻമോഹൻസിങ് സർക്കാരിന്റെ കീഴിൽ നയരൂപവത്കരണം പൂർണമായും തളർന്നുപോയിരുന്നു.

അദ്ദേഹം ഒരു നല്ല, മാന്യനായ വ്യക്തിയാണ്. ധർമാധർമങ്ങൾ നന്നായി അറിയാവുന്ന ഒരാൾ. സോണിയാ ഗാന്ധിയെയോ നാഷണൽ അഡ്വൈസറി കമ്മിറ്റിയെയോ, ആരേയും കേൾക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. എന്നിട്ടും അദ്ദേഹം അതിനൊക്കെ വഴങ്ങി. മറുവശത്ത്, എന്നെ ബാധിക്കുന്ന കാര്യം കൂടിയുണ്ടായിരുന്നു. 2 ജി സ്പെക്ട്രം, കൽക്കരി അഴിമതിക്കേസുകളൊക്കെ വന്നപ്പോൾ, 'അല്ലല്ല, ഇത് എൻ.ഡി.എ.യുടെ കാലത്തുമുണ്ടായിരുന്നു' എന്ന് പറയാൻ വേണ്ടി മാത്രം ഒട്ടും നീതീകരിക്കാനാകാത്ത ചില അന്വേഷണങ്ങൾ അവർ തുടങ്ങി. ഞാൻ മന്ത്രിയായിരുന്ന കാലത്തുള്ള ഓഹരിവിറ്റഴിക്കൽ, ടെലികോംതീരുമാനങ്ങളിൽ അന്വേഷണം വന്നു. അതെന്നെ ക്ഷുഭിതനാക്കി. അതോടെ ഗുണങ്ങൾ തേടിപ്പിടിക്കാൻ തുടങ്ങി. 

പല കാര്യങ്ങളോടും ഞാൻ കണ്ണടച്ചു എന്നത് ശരിയാണ്. ഗുജറാത്തിലെ ഭരണനേട്ടങ്ങളെ ശരിയായ രീതിയിൽ ഞാൻ വിലയിരുത്തിയില്ല. ഡൽഹിയിൽ ഇപ്പോഴുള്ള സർക്കാർ സത്യത്തിൽ ഗുജറാത്തിലുള്ള ആരേയും അതിശയിപ്പിക്കുന്നില്ല. കാരണം ഇപ്പോൾ ഈ നടക്കുന്നത് ഗുജറാത്ത് മോഡൽ ഭരണംതന്നെയാണ്. പക്ഷേ, അതിനോട് ഞങ്ങൾ കണ്ണടച്ചു. അതായത്, നിലനിൽക്കുന്ന വ്യവസ്ഥയിൽ ഒരുപാടങ്ങ് നിരാശപ്പെടുന്നതും ശരിയല്ല. നമ്മൾ ശരിയായി മനസ്സിലാക്കിയിട്ടില്ലാത്ത ഒരാൾക്ക് അവസരം നൽകുന്നതിലേ അത് എത്തിച്ചേരൂ. 


എന്താണ് നരേന്ദ്രമോദിയുടെ സ്വഭാവം? ഒരിക്കൽകൂടി താങ്കൾ മുൻപ് പറഞ്ഞ ഒരു കാര്യം ഓർമിപ്പിക്കട്ടെ. 2014-ൽ സി.എൻ.എൻ.ഐ.ബി.എന്നിന് നൽകിയ ഒരഭിമുഖത്തിൽ താങ്കൾ പറയുന്നുണ്ട് മോദി ഒരു നല്ല കേൾവിക്കാരനാണ്, അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാരെയും വിശ്വാസത്തിലെടുക്കും, രാജ്യത്തിന്റെ തലേവര അദ്ദേഹം മാറ്റും എന്നൊക്കെ. ഇപ്പോൾ താങ്കൾ പറയുന്നത് നരേന്ദ്രമോദി  ഒരു സ്വാർഥമതിയും സ്വന്തം ഗുണഗണങ്ങളിൽ മതിമറക്കുന്നവനുമാണെന്ന്. 

 രസകരമായ കാര്യമാണത്. അഹമ്മദാബാദിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയമായിരുന്നു. അന്ന് മോദി അവിശ്വസനീയമാംവിധം മികച്ച ഒരു കേൾവിക്കാരനായിരുന്നു. അഞ്ചുമണിക്കൂർ നീണ്ട മീറ്റിങ്ങിലൊക്കെ ഇരുന്നിട്ടുണ്ട്. അതിനിടയ്ക്ക് പറയും മൂന്ന് സ്ലൈഡുകൾ പിന്നിലേക്കൊന്ന് പോകാമോ? ഹൈദരാബാദിനെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒന്നുകൂടി നോക്കണം. അത്രയ്ക്ക് ശ്രദ്ധാപൂർവം കാര്യങ്ങൾ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നയാളാണ്. മൂന്ന്, നാല് മണിക്കൂർ കഴിയുമ്പോഴേക്ക് ഞങ്ങളൊക്കെ തളർന്നുപോകും. പക്ഷേ, അതൊരു അഭിനയം മാത്രമാണെന്ന് ഇപ്പോൾ വ്യക്തമാകുന്നു. ഇപ്പോൾ അദ്ദേഹം കേൾക്കുന്നതേയില്ല. എന്നെ മാത്രമല്ല, ആരേയും കേൾക്കുന്നില്ല. അതാണ് ഒരു കാര്യം. 


പലരും ഭയക്കുന്നത്, 2019-ലെ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ബി.ജെ.പി.ക്ക് കഴിഞ്ഞാൽ പിന്നെയങ്ങോട്ട് തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ്. 

അല്ലല്ല. അതിനുശേഷവും തിരഞ്ഞെടുപ്പ് നടത്താൻ അവർക്ക് കഴിയും. തുർക്കിയിൽ ഉർദുഗാൻ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. റഷ്യയിൽ പുതിൻ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിലെ ഉപരിപ്ലവമായ ഒരു നടപടിക്രമം മാത്രമാണ്. ജനാധിപത്യത്തിന്റെ ഒരു ചേരുവ മാത്രമാണത്. പ്രതിപക്ഷത്തെ പൂർണമായും ഇല്ലാതാക്കിയതിനു ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കരുതുക. അങ്ങനെവന്നാൽ അത് ഒട്ടും ജനാധിപത്യസ്വഭാവമുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കില്ല. അതുകൊണ്ട് ഇവിടെയായാലും അവിടെയായാലും തിരഞ്ഞെടുപ്പ് നടത്താതിരിക്കില്ല. പക്ഷേ, സുതാര്യമായ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. 

ഇപ്പോൾതന്നെ സി.ബി.ഐ, ഇന്റലിജൻസ് ബ്യൂറോ, എൻ.ഐ.എ. തുടങ്ങിയ സ്വതന്ത്ര ഏജൻസികളെ കേന്ദ്രസർക്കാരിന്റെ ഉപകരണങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെ കുറേക്കൂടി ക്രൂരമായി ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഉപയോഗിച്ചാലോ? മാധ്യമങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ചാലോ? അതിനുശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കിലോ? ഭരണത്തിന്റെ സമഗ്രസ്വഭാവം രാജ്യത്തെ അപകടത്തിലാക്കുന്നതാണ്, ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് എന്ന വിലയിരുത്തലാണ് നമുക്കുള്ളതെങ്കിൽ, ജനങ്ങൾ അവരെ വോട്ട് ചെയ്ത് ജയിപ്പിച്ചാലും ഇല്ലെങ്കിലും നമ്മൾ അവർക്കെതിരെ നിസ്സഹകരണം തുടങ്ങണം. അത് അനിവാര്യമാണ്. അത്രയെങ്കിലും ഗാന്ധിസം നമ്മൾ പിന്തുടരണം. 


ബി.ജെ.പി. പറയുന്നത് താങ്കളും യശ്വന്ത് സിൻഹയുമൊക്കെ ഇപ്പോൾ തൊഴിലില്ലാതെ നടക്കുന്നവരാണെന്നാണ്. മോദി മന്ത്രിസഭയിൽ ഇടംകിട്ടാൻ ഇരുവരും ആഗ്രഹിച്ചിരുന്നു. അത് നടക്കാത്തതിലുള്ള നിരാശയാണ് നിങ്ങൾക്ക്, അതുകൊണ്ടാണ് നിങ്ങൾ നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതെന്നും ആരോപിക്കുന്നു. എന്താണ് മറുപടി? 

 സത്യത്തിൽ, അവർ വിഡ്ഢികളായതുകൊണ്ടാണ് അങ്ങനെ പറയുന്നത്. എന്റെ കാര്യം തന്നെയെടുക്കാം. 1976-ൽ ലോകബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് ഞാൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അന്ന് തൊട്ട് ഇന്നുവരെ എത്ര വർഷങ്ങൾ കഴിഞ്ഞു. 40 വർഷങ്ങൾ. ഈ നാൽപ്പത് വർഷങ്ങളിൽ എനിക്ക് തോന്നുന്നത് പരമാവധി ഏഴോ എട്ടോ വർഷം മാത്രമാണ് ഞാൻ ഒരു സ്ഥിരജോലി ചെയ്തിട്ടുള്ളത്.

ബാക്കിയുള്ള വർഷങ്ങളിലൊക്കെ ഞാൻ തൊഴിലില്ലാത്തവനായിരുന്നു. അതുകൊണ്ട് തൊഴിലില്ലായ്മ എനിക്ക് പുതുമയുള്ള കാര്യമൊന്നുമല്ല. മാത്രമല്ല, പുസ്തകമെഴുത്ത് അടക്കമുള്ള എന്റെ ജോലികളുടെ തിരക്കിലാണ് ഞാനിപ്പോൾ. അതുകൊണ്ട് എനിക്കൊരു തൊഴിലിന്റെ ആവശ്യമില്ല. 

ആത്മാർഥമായി പറഞ്ഞാൽ, മോദി മന്ത്രിസഭയിൽ എനിക്ക് ഇടം കിട്ടാത്തത് ഒരു നല്ല കാര്യമാണ്. ആ സർക്കാരിൽ ഒരു മാസംപോലും നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഇനിയിപ്പോ, മന്ത്രിസഭയിൽ ഇടംനേടാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് സമ്മതിച്ചാൽ തന്നെ അത് കിട്ടാതിരുന്നത് ഒരു അനുഗ്രഹമായേ ഞാൻ കരുതൂ. കലഹിക്കാനേ എനിക്ക് നേരം കാണുമായിരുന്നുള്ളൂ. മൂന്നാമത്തെ കാര്യം. എന്റെ നിരാശതന്നെ യശ്വന്ത് സിൻഹയും പങ്കുവെയ്ക്കുന്നെന്ന് പറഞ്ഞ് എന്നെ വിളിച്ചവരോട് ഞാൻ പറഞ്ഞത്, ആദ്യം നിരാശരായവരുടെ പട്ടിക പുറത്തുവിടാനാണ്. 


അവസാനമായി, എന്താണ് നമുക്ക് ഒരു പോംവഴി?

 പല വഴികളുണ്ട്. സമൂഹം കൂടുതൽ ഊർജസ്വലമാകേണ്ടതുണ്ട്. പ്രതിവിധികൾക്കായി രാഷ്ട്രീയനേതൃത്വത്തെ മാത്രം ആശ്രയിക്കരുത്. 30, 40 വർഷം ഒരേ രീതിയിലുള്ള രാഷ്ട്രീയം കളിച്ച് ഒരേ സ്വഭാവമായി മാറിയ രാഷ്ട്രീയവർഗമാണ് ഇവിടെയുള്ളത്. രാഷ്ട്രീയകക്ഷികളേക്കാൾ കരുത്തുള്ള സമൂഹമാണ് നമ്മുടേത്.

അതുകൊണ്ട്, സമൂഹം, അല്ലെങ്കിൽ സമൂഹത്തിന്റെ ചില പ്രത്യേകവിഭാഗങ്ങൾ കുറേക്കൂടെ ഊർജസ്വലമാകണം. ഭരണകൂടത്തെ എങ്ങനെ മറികടക്കണമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം. ഒരാൾ ഒരു സ്ഥാപനത്തെ ചോദ്യം ചെയ്യണം. മറ്റൈാരാൾ ഒരു മന്ത്രിയെ വിലയിരുത്തണം. ഇനിയൊരാൾ ഒരു വിഷയം ഉന്നയിക്കണം. എന്നിട്ട് കിട്ടുന്ന വിവരങ്ങൾക്ക് പ്രചാരം നൽകണം. അത് അനിവാര്യമാണ്. 

രണ്ടാമത്, രാഷ്ട്രീയപ്പാർട്ടികൾക്കും ചില പ്രതിവിധികൾ നിർദേശിക്കാനുണ്ട്. ആദ്യമായി, ഓരോ രാഷ്ട്രീയനേതാവും ഒരു കാര്യം മനസ്സിലാക്കണം. അയാളും അയാളുടെ പാർട്ടിയും വലിയ വിപത്തിലാണെന്ന്. കാരണം സമഗ്രസ്വഭാവമുള്ള ഒരു ഭരണകൂടത്തിന്റെ ഒരു രീതി, എല്ലാ സ്ഥാപനങ്ങളും എല്ലാ സംവാദങ്ങളും എല്ലാ ഭൂപ്രദേശങ്ങളും അടിച്ചമർത്തുകയെന്നതാണ്. മോദി ഏതെങ്കിലും ഒന്നിൽമാത്രം നിർത്തുന്ന ആളല്ല. മറ്റെല്ലാ പാർട്ടികളെയും ചവിട്ടിത്താഴ്ത്തുകയോ നശിപ്പിക്കുകയോ കാൽക്കീഴിലാക്കുകയോ ചെയ്യും.

അതുവഴി എല്ലാ പാർട്ടികളുടെയും നിലനിൽപ്പു തന്നെ ഇല്ലാതാക്കും. അതുകൊണ്ട് ഈ പാർട്ടികളുടെ നേതാക്കൻമാർ ഇനിയെങ്കിലും കണ്ണുതുറക്കണം. എന്നിട്ട് മാർക്സ് പറഞ്ഞ ആശയസംഘട്ടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്റെ നിർദേശമിതാണ്. തിരഞ്ഞെടുപ്പ് ഏതുമായിക്കൊള്ളട്ടേ, വിദ്യാർഥി തിരഞ്ഞെടുപ്പോ കോർപ്പറേഷൻ തിരഞ്ഞെടുപ്പോ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ, ഏതുമായിക്കൊള്ളട്ടേ, ബി.ജെ.പി. സ്ഥാനാർഥിക്ക്‌ ഒരു എതിർസ്ഥാനാർഥിയേ ഉണ്ടാകാൻ പാടുള്ളൂ. 

1

രാജ്യം ഭരിക്കുന്നത് ത്രിമൂർത്തികളാണെന്ന് മുൻപ് താങ്കൾ പറഞ്ഞിരുന്നു മോദി, അമിത്ഷാ, അരുൺ ജെയ്റ്റ്‌ലി. പിന്നീട് പറഞ്ഞത് രണ്ടര ആളുകളാണെന്നാണ്. അതിലെ 'അര' സ്വകാര്യവക്കീലാണെന്നാണ് താങ്കൾ പറയുന്നത്. ഒടുവിൽ പറഞ്ഞത്, പ്രസിഡന്റ് മോദി രാജ്യം ഭരിക്കുന്നെന്നാണ്. നമ്മൾ ഇപ്പോൾ ഒരു ഏകാധിപത്യ ഭരണത്തിൻകീഴിലാണോ?

 അല്ല. ഇതുവരെ അങ്ങനെയായിട്ടില്ല. കുറഞ്ഞത്, നമ്മൾ രണ്ടുപേരും ഇപ്പോൾ സ്വതന്ത്രമായി സംസാരിക്കുന്നുണ്ടല്ലോ? ഒരു ഏകാധിപത്യഭരണത്തിൻ കീഴിലാണെങ്കിൽ ഇതിന് കഴിയില്ല. പക്ഷേ, ഏകാധിപത്യത്തിലേക്ക് ചായുന്ന വഴികളിലൂടെയാണ് ഭരണം മുന്നോട്ടുപോകുന്നത്. അതുകൊണ്ട് കൃത്യസമയത്ത് നമ്മൾ ഉണർന്നെണീക്കേണ്ടതുണ്ട്. കാരണം ഒരിക്കൽ ഏകാധിപത്യഭരണസമ്പ്രദായം നിലവിൽ വന്നുകഴിഞ്ഞാൽ, പിന്നെ ഏറെയൊന്നും നമുക്ക് ചെയ്യാനുണ്ടാകില്ല. സമയത്തെ പിന്നിൽ നിന്ന് പിടിച്ചുനിർത്താനാകില്ലെന്ന് പറയാറുണ്ട്. മുന്നിൽ ചെന്നുതന്നെ വേണം സമയത്തെ കീഴ്‌പ്പെടുത്താൻ. അതുകൊണ്ട് ഈ ചായ്‌വിനെ ഇപ്പോൾ നേരിടണം. ഏകാധിപത്യഭരണസമ്പ്രദായത്തിൽ നമ്മെ കൊണ്ടുചെന്ന് കെട്ടിയിടുംവരെ കാത്തിരിക്കരുത്. അങ്ങനെവന്നാൽ അത് ഒരുപാട് വൈകിപ്പോകും.