2 ജി സ്പെക്ടം അഴിമതിക്കേസിൽ ഡി.എം.കെ. നേതാക്കളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള സി.ബി.ഐ. സ്പെഷ്യൽ കോടതിവിധി ബി.ജെ.പി.യെ ഡി.എം.കെ.യുമായുള്ള സഖ്യത്തിലേക്ക്‌ എത്തിക്കുമോ? അത്തരത്തിലുള്ള അഭ്യൂഹം വിധി വന്ന ഇക്കഴിഞ്ഞ വ്യാഴാഴ്ച പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പലരും ചർച്ച ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ആർ.കെ. നഗർ അസംബ്ലി മണ്ഡലത്തിൽ ടി.ടി.വി. ദിനകരൻ നേടിയ വിജയം എ.ഐ.എ.ഡി.എം.കെ.യിലുണ്ടായേക്കാവുന്ന ചലനങ്ങളും ഈ ചർച്ചയിലേക്ക്‌ ഘടകമാവുകയാണ്‌. 

ബി.ജെ.പി.യുടെ അനുഭാവവും മോദി സർക്കാരിന്റെ സഹകരണവും മുഖ്യമന്ത്രി പളനിസ്വാമിയുടെയും പനിനീർശെൽവത്തിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക എ.ഐ.എ.ഡി.എം.കെ.േയാടൊപ്പമാണ്‌. 50 ശതമാനത്തിലേറെ വോട്ട്‌ നേടിയുള്ള ദിനകരന്റെ വൻ വിജയത്തിലൂടെ ജയലളിതയുടെ ആരാധകർ ശശികലയുടെയും ദിനകരന്റെയും കൂടെയാണെന്ന്‌ സൂചിപ്പിക്കപ്പെടുകയാണ്‌.

ഔദ്യോഗിക വിഭാഗം ജനപിന്തുണയില്ലാതെ തകർന്നേക്കുമെന്ന സൂചനയാണ്‌ ദിനകരന്റെ വിജയം ചൂണ്ടിക്കാണിക്കുന്നത്‌. ഈയൊരു സാഹചര്യത്തിൽ കേഡർ സ്വഭാവമുള്ള, ഇപ്പോൾ അഴിമതിക്കേസിൽനിന്ന്‌ മുക്തമാക്കപ്പെട്ട ഡി.എം.കെ. തമിഴ്‌നാട്ടിൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്‌. ഡി.എം.കെ.െയ കോൺഗ്രസുമായുള്ള ബന്ധത്തിൽനിന്ന്‌ അടർത്തിയെടുക്കാൻ കഴിയുമെങ്കിൽ 2019-ൽ കോൺഗ്രസിന്റെ ലോക്‌സഭാ സീറ്റുകൾ കുറയ്ക്കുന്നതിന്‌ അത്‌ സഹായകമാവും.

ഏതാനും ആഴ്ചകൾക്കുമുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി അസുഖമായി കിടക്കുന്ന ഡി.എം.കെ. നേതാവ്‌ കരുണാനിധിയെ ചെന്നുകണ്ടതും ഇതിനോട്‌ ചോർത്തുവായിക്കാം.

സി.ബി.ഐ. അലംഭാവം
കഴിഞ്ഞ മൂന്നുവർഷക്കാലം കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിന്റെ കൺമുന്നിലാണ്‌ കേസിലെ നടപടിക്രമങ്ങൾ മുന്നോട്ടുപോയത്‌.  സി.ബി.ഐ. എങ്ങനെയാണ്‌ പ്രവർത്തിക്കുന്നതെന്നും അതിന്‌ കേന്ദ്ര സർക്കാരുമായി എന്തുമാത്രം വിധേയത്വമുണ്ടെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌.  പക്ഷേ, അതുവെച്ച്‌ കേന്ദ്ര സർക്കാർ ഏതെങ്കിലും കാര്യത്തിൽ സി.ബി.ഐ.യിൽ സ്വാധീനം ചെലുത്തിയെന്ന്‌  ആരോപിക്കാനാവില്ല. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ നിയമത്തെ നിയമത്തിന്റെ വഴിയിൽ സഞ്ചരിക്കാൻ വിട്ടുവെന്ന്‌ നരേന്ദ്രമോദി സർക്കാറിന്‌ അഭിമാനിക്കാം.

ആദ്യംവന്നവന്‌ ആദ്യം എന്ന മാനദണ്ഡത്തിലുള്ള എ.രാജയുടെ 2 ജി വില്പന സർക്കാർ ഖജാനയ്ക്ക്‌ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുള്ള മുൻ സി.എ.ജി. വിനോദ്‌റായിയുടെ അനുമാനത്തെ ചോദ്യം ചെയ്യുന്നതാണ്‌ വിധി. ഈ അനുമാനം തെറ്റായിരുന്നെന്ന്‌ ഇപ്പോൾ കോടതിവിധി വന്നശേഷം പല നിരീക്ഷകരും റായിക്കെതിരേ അഭിപ്രായം പറയാൻ ധൈര്യം കാണിക്കുന്നുണ്ട്‌.

രാജ്യത്തിന്‌ നഷ്ടമൊന്നുമുണ്ടായില്ല എന്നായിരുന്നു  അന്ന്‌ നിയമമന്ത്രിയായിരുന്ന കോൺഗ്രസ്‌ നേതാവ്‌ കപിൽ സിബൽ അവകാശപ്പെട്ടിരുന്നത്‌. മാത്രമല്ല കുറഞ്ഞ വിലയ്ക്ക്‌ സ്പെക്ട്രം വിറ്റതുകൊണ്ട്‌ അത്‌ കുറഞ്ഞ വിലയ്ക്ക്‌ ജനങ്ങൾക്ക്‌ ലഭ്യമായിയെന്നും  അദ്ദേഹം സമർഥിച്ചിരുന്നു. ജനക്ഷേമത്തിനായി സർക്കാർ എടുക്കുന്ന നയങ്ങൾ അഴിമതിയായി വ്യാഖ്യാനിക്കാനാവില്ല എന്നായിരുന്നു ന്യായം.

എങ്കിലും 2 ജി വില്പനയിൽ അഴിമതിയൊട്ടും ഉണ്ടായില്ലെന്ന്‌ ജനം വിശ്വസിക്കുന്നില്ല. അനുമാനത്തിനപ്പുറം തെളിവുകൾ ഇല്ലാത്തതുകൊണ്ടാണോ അതോ, അന്വേഷണം സ്വാധീനിക്കപ്പെട്ടതുകൊണ്ടാണോ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടത്‌ എന്ന നിലയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്‌.

യു.പി.എ.യെ അഴിമതിക്കൂടാരമാക്കിയ 2ജി
എ. രാജയുടെ ഏതാനും കുറിപ്പുകളും 122 ലൈസൻസുകൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും കോൺഗ്രസിനെയും യു.പി.എ. ഗവണ്മെന്റിനെ ഒന്നാകെയും അഴിമതി ആരോപണത്തിൽ മുക്കുന്നതായിരുന്നു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ദയനീയമായ പരാജയത്തിലേക്ക്‌ തള്ളുന്നതിന്‌ പ്രധാന കാരണമായത്‌ 2ജിയിൽ തുടങ്ങിയ അഴിമതി ആരോപണങ്ങളാണ്‌. കൽക്കരി, കോമൺവെൽത്ത്‌ ഗെയിംസ്‌ തുടങ്ങിയവമൂലം യു.പി.എ. ഗവണ്മെന്റ്‌ കൊടും അഴിമതിയുടെ കൂടാരമായി വ്യാഖ്യാനിക്കപ്പെട്ടു.

അഴിമതിക്കറ മങ്ങുന്നു
ഈ കോടതിവിധി കോൺഗ്രസിനും ഡി.എം.കെ.ക്കും മേൽ പുരണ്ടിരുന്ന അഴിമതിക്കറ അല്പമെങ്കിലും തുടച്ചുകളഞ്ഞിട്ടുണ്ട്‌. കോൺഗ്രസിനെതിരായി നിലനിന്ന അഴിമതി ആക്ഷേപം ഒരു വിഷയമല്ലാതാക്കാൻപോലും ഈ വിധി പ്രയോജനപ്പെടും.

പഴയ ബൊഫോഴ്‌സ്‌ ആരോപണത്തിന്റെ ഗതി ബി.ജെ.പി. ഗവണ്മെന്റിന്റെ നിരീക്ഷണത്തിലാണല്ലോ പ്രോസിക്യൂഷൻ മുന്നോട്ടുപോയത്‌. എന്നിട്ടും എന്തുകൊണ്ട്‌ 2ജി പ്രതികളെ ശിക്ഷിക്കാനായില്ല, 2ജി ആരോപണം തെളിയിക്കാനായില്ല എന്നുള്ള ചോദ്യങ്ങൾ ഉയർത്താൻ കോൺഗ്രസിന്‌ കഴിയും.

ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ പ്രകടനമുണ്ടാക്കിയ ആത്മവിശ്വാസത്തിനുശേഷം കോൺഗ്രസിന്‌ ഉത്തേജനം നൽകുന്ന ഒരു സംഭവമാണ്‌ 2ജി വിധി. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിനു മുമ്പായിരുന്നു ഈ വിധി വന്നിരുന്നതെങ്കിൽ ഒരുപക്ഷേ, അത്‌ കോൺഗ്രസിന്‌ പ്രയോജനം ചെയ്തേനെ.