മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയതുപോലെ ഇന്ന് കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ ഒഴുക്കാണ്. കാലം മാറി. കേരളത്തില്‍ അവിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണിന്ന്. അവിദഗ്ധ തൊഴില്‍ മേഖലകളില്‍ ഗള്‍ഫിലേക്കാള്‍ ഉയര്‍ന്ന കൂലിയും ഇവിടെ കിട്ടും. സ്വന്തം സംസ്ഥാനങ്ങളില്‍ ജോലിയോ മാന്യമായ കൂലിയോ ഇല്ലാത്ത തൊഴിലാളികള്‍ ഇതോടെ കേരളത്തെ അവരുടെ ഗള്‍ഫാക്കി.
മലയാളിയായ അവിദഗ്ധ തൊഴിലാളി നാടും വീടും വിട്ട് കുറഞ്ഞ കൂലിക്ക് ഗള്‍ഫിലെ കഠിനകാലാവസ്ഥയില്‍ വാടിത്തളരുമ്പോള്‍ കുടിയേറ്റ തൊഴിലാളി ഇവിടത്തെ സുഖകരമായ കാലാവസ്ഥയില്‍ ജോലിചെയ്യുന്നു. വര്‍ഷം 20,000 കോടി രൂപയിലധികമാണ് അവര്‍ സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നത്. 30,000 കോടി രൂപയിലധികം ഇവിടെ ചെലവഴിക്കുന്നു. എന്നാല്‍, ദുരഭിമാനംകാരണം മലയാളി ഗള്‍ഫ് പ്രേമം ഉപേക്ഷിക്കുന്നില്ല. ഇതേക്കുറിച്ചും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന കുടിയേറ്റത്തൊഴിലാളികളുടെ സാമ്പത്തിക ഇടപെടലുകളെക്കുറിച്ചും ഒരു അന്വേഷണം ഇന്നുമുതല്‍ വായിക്കാം:

മലയാളി മറുനാട്ടില്‍ കുടിയേറ്റത്തൊഴിലാളി മലനാട്ടില്‍


മുമ്പ് അവിദഗ്ധതൊഴിലാളികള്‍ക്ക് ഗള്‍ഫിലെ ശമ്പളം മോഹിപ്പിക്കുന്നതായിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ പല മേഖലകളിലും അത്രതന്നെയോ അതില്‍ക്കൂടുതലോ കൂലി ലഭിക്കുന്നുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളം അവരുടെ ഗള്‍ഫായി മാറുന്നതും
അതിനാല്‍ത്തന്നെ



പേര് %സന്തോഷ് പസ്വാന്‍. ബിഹാറിലെ സിവാന്‍ ജില്ലയില്‍പ്പെട്ട നയാബസാര്‍ സ്വദേശി. 17വര്‍ഷമായി കേരളത്തിലെത്തിയിട്ട്. ഇപ്പോള്‍ കണ്ണൂര്‍ വളപട്ടണം പൊയ്ത്തുംകടവിലാണു താമസം. അഴീക്കല്‍ കപ്പക്കടവിലെ കടവുകളില്‍ മണല്‍വാരലാണു തൊഴില്‍. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12വരെ ജോലിസമയം. ദിവസം ശരാശരി 1000 രൂപ കൂലി ലഭിക്കും.

ഉച്ചഭക്ഷണവും അല്പം വിശ്രമവും കഴിഞ്ഞ് വൈകീട്ട് നാലോടെ സന്തോഷ് പസ്വാന്‍ മീഠാപാന്‍ വില്പനയുമായി പാതയോരത്ത് സക്രിയമാവും. എട്ടുരൂപയാണ് ഒരു മീഠാപാനിനു വില. പ്രദേശത്തെ ഇതരസംസ്ഥാനത്തൊഴിലാളികളാണ് ആവശ്യക്കാര്‍. രാത്രി ഏറെ ഇരുട്ടുംമുമ്പ് പാന്‍വില്പന അവസാനിപ്പിക്കുമ്പോള്‍ ഈയിനത്തിലും മോശമല്ലാത്തൊരു വരുമാനം ലഭിക്കും.

ഇനി യു.എ.ഇ.യില്‍ പ്ലാസ്റ്റിക് കമ്പനിയിലേക്ക് തൊഴിലാളികളെ ആവശ്യപ്പെട്ട് ജോബ് വെബ്‌സൈറ്റില്‍ വന്ന പരസ്യം ശ്രദ്ധിക്കുക. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്ലാസ്റ്റിക് കമ്പനിയിലേക്കാണ് തൊഴിലാളികളെ ആവശ്യമുള്ളത്. ഒരു വര്‍ഷത്തില്‍ത്താഴെ ജോലിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ശമ്പളം 1001 മുതല്‍ 2000 വരെ യു.എ.ഇ. ദിര്‍ഹം. 2,000 യു.എ.ഇ. ദിര്‍ഹം ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് ഏകദേശം 33,000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്. അതായത്, വാഗ്ദാനമുള്ള പരമാവധിശമ്പളമായ 2000 ദിര്‍ഹം ലഭിച്ചാല്‍ ദിവസം 1000 രൂപയില്‍ അല്പം കൂടുതല്‍ ലഭിക്കും. ഇനി, ലഭിക്കുന്നത് 1000 ദിര്‍ഹമാണെങ്കില്‍ ഇതിന്റെ പകുതിയായി കുറയും.

റാസല്‍ഖൈമയില്‍ കാര്‍വാഷിങ് സ്ഥാപനത്തിലേക്ക് തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യംകൂടി നോക്കാം. ദിവസം ഇടവേളയുള്‍പ്പെട 1011 മണിക്കൂര്‍ ജോലിചെയ്യണം. താമസസൗകര്യം കമ്പനി നല്‍കും. 500മുതല്‍ 1000വരെ യു.എ.ഇ. ദിര്‍ഹമാണ് ശമ്പളം. വാഗ്ദാനമുള്ള പരമാവധി ശമ്പളമുണ്ടെങ്കില്‍ ഏകദേശം 16,500 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക കിട്ടും; ദിവസം 550 രൂപ.

അവിദഗ്ധര്‍ക്ക് ഗള്‍ഫിനെക്കാള്‍ മെച്ചം


ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള അവിദഗ്ധ കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളം ഗള്‍ഫിനെക്കാള്‍ മെച്ചപ്പെട്ട ജോലിസ്ഥലമായിമാറുകയാണ്. സംസ്ഥാനത്തുനിന്നുള്ള അവിദഗ്ധതൊഴിലാളികള്‍ ഗള്‍ഫിലെ ചൂടില്‍ വാടിത്തളരുമ്പോള്‍ ഉത്തരേന്ത്യയില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികള്‍ അവിടത്തെ കഠിനകാലാവസ്ഥയില്‍നിന്ന് മോചനംനേടി കേരളത്തിലെ മിതകാലാവസ്ഥയില്‍ ക്ഷീണമറിയാതെ ജോലിചെയ്യുന്നു. അവിദഗ്ധതൊഴിലാളികള്‍ക്ക് ഗള്‍ഫിലേക്കു പോകാനും അവിടെ ജോലിനേടാനും അതില്‍ തുടരാനും കടമ്പകളേറെയുണ്ടെങ്കിലും ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇവിടെയെത്തി ജോലിസമ്പാദിക്കുക ഏറെ എളുപ്പമാണ്.

കൂലിയുടെ കാര്യത്തിലും അന്തരമില്ലാതാവുകയാണ്. മുമ്പ് അവിദഗ്ധതൊഴിലാളികള്‍ക്ക് ഗള്‍ഫിലെ ശമ്പളം മോഹിപ്പിക്കുന്നതായിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ പല മേഖലകളിലും അത്രതന്നെയോ അതില്‍ക്കൂടുതലോ കൂലി ലഭിക്കുന്നുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളം അവരുടെ ഗള്‍ഫായിമാറുന്നതും അതിനാല്‍ത്തന്നെ. എഴുപതുകളില്‍നടന്ന മലയാളികളുടെ ഗള്‍ഫ് കുടിയേറ്റവുമായി ഇതിനു സാദൃശ്യമേറെയാണ്. അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മയും വരുമാനക്കുറവുമാണ് ഗള്‍ഫ് കുടിയേറ്റത്തിനു വഴിവെച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂലിക്കുറവാണ് പുതിയ കുടിയേറ്റത്തിനു തുടക്കംകുറിച്ചത്. ജാര്‍ഖണ്ഡിലെ പ്രധാന നഗരങ്ങളിലൊന്നായ റാഞ്ചിയില്‍ നിര്‍മാണത്തൊഴിലാളിക്ക് കൂലി ദിവസം 52 രൂപയാണ്. ഇവിടെ ശരാശരി 600 രൂപയ്ക്കുമുകളില്‍ ലഭിക്കും. ഒഡിഷയില്‍ കൂലിപ്പണിക്ക് പുരുഷന്‍മാര്‍ക്ക് 100 രൂപയും സ്ത്രീകള്‍ക്ക് 70 രൂപയും മാത്രമാണു ലഭിക്കുക. ഇവിടെ നേരിട്ടാണെങ്കില്‍ ശരാശരി 600 രൂപയും ഇടനിലക്കാര്‍വഴിയാണെങ്കില്‍ 400500 രൂപയും ലഭിക്കും.

ചൂഷണം കുറയുന്നു


തുടക്കകാലത്ത് ഇടനിലക്കാരും ജോലിനല്‍കുന്നവരും കുടിയേറ്റത്തൊഴിലാളികളെ കൂലിയുടെകാര്യത്തില്‍ ചൂഷണംചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഇതിനു മാറ്റംവന്നുതുടങ്ങി. പല സ്ഥലങ്ങളിലും മലയാളിക്കു ലഭിക്കുന്ന കൂലിതന്നെ ഇവര്‍ക്കും ലഭിക്കുന്നുണ്ട്. പ്ലൈവുഡ് മേഖലയുംമറ്റുമാണ് ഇതിനപവാദം. സമാനജോലിക്ക് തുല്യകൂലി ഇന്ന് കുടിയേറ്റത്തൊഴിലാളിക്കും ഒരു പരിധിവരെ ലഭിക്കുന്നുണ്ടെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) എ. അലക്‌സാണ്ടര്‍ പറഞ്ഞു.

സന്തോഷ് പസ്വാനൊക്കെ ഈ ശാക്തീകരിക്കപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ തുടക്കക്കാരാണ്. പാതിമലയാളിയായ ധന്യയെയാണ് സന്തോഷ് വിവാഹംകഴിച്ചത്. പൊയ്ത്തുംകടവ് സ്‌കൂളില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന അര്‍ജുനും കെ.ജി.യില്‍ പഠിക്കുന്ന സഞ്ജനയും സൂര്യയുമാണ് മക്കള്‍. വാടകവീട്ടിലാണു താമസം. മാസം ശരാശരി 8,000 രൂപ ബിഹാറിലെ ഗ്രാമത്തിലുള്ള അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കുന്നുമുണ്ട്. ചെറിയ തുകയ്ക്ക് കിട്ടിയാല്‍ ഇവിടെ ഒരു വീട് വാങ്ങണമെന്നുണ്ട് സന്തോഷ് പസ്വാന്‍ ചിരിയോടെ പറഞ്ഞു.

താമസസൗകര്യം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ തുടരുന്നത്. എന്നാല്‍, ഇതിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും തൊഴില്‍വകുപ്പിന്റെയും പരിശോധനകളും കൂടുതല്‍ സൗകര്യം ലഭിക്കുന്നിടത്തേക്ക് തൊഴിലാളികള്‍ മാറുന്നതുമാണ് ഇതിനുപിന്നില്‍.

'സേഫ് കേരള' പകര്‍ച്ചവ്യാധിനിയന്ത്രണപദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ജില്ലയിലെ ലേബര്‍ ക്യാമ്പുകളില്‍ മെയ് അവസാനം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ അനാരോഗ്യകരമായ സാഹചര്യത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഒരു ക്യാമ്പ് പൂട്ടി. 137 എണ്ണത്തിന് നോട്ടീസ് നല്‍കുകയുംചെയ്തു. ജില്ലയിലെ 747 ക്യാമ്പുകളില്‍ ഒരേസമയം പരിശോധന നടത്തുകയായിരുന്നു. മലമ്പനി, കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ 455 പേരുടെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കുകയുംചെയ്തു. തൊഴിലാളികളെ നിര്‍മാണംനടക്കുന്ന കെട്ടിടത്തിനകത്ത് താമസിപ്പിക്കാന്‍ പാടില്ലെന്ന് തൊഴില്‍വകുപ്പും നിര്‍ദേശംനല്‍കിയിട്ടുണ്ട്. ചില ഫാക്ടറികള്‍ തൊഴിലാളികള്‍ക്ക് സ്വന്തംനിലയിലും താമസസൗകര്യമൊരുക്കുന്നുണ്ട്. വളപട്ടണത്തെ െ്രെപം വിനീര്‍സ് ഉദാഹരണം.

തൊഴിലിനിടെ സംഭവിക്കുന്ന അപകടങ്ങള്‍ കുടിയേറ്റത്തൊഴിലാളിക്കു പേടിസ്വപ്നമാണ്. ക്വാറികളിലുംമറ്റും അപകടകരമായ ജോലി ഇവരെ ഏല്പിക്കുന്നതായി പരാതിയുണ്ട്. ജോലിക്കിടെയുള്ള അപകടങ്ങളില്‍ മരണവും അംഗവൈകല്യങ്ങളും സംഭവിക്കുന്നതും കുറവല്ല. ഇത്തരം സംഭവങ്ങളില്‍ ചികിത്സയും നഷ്ടപരിഹാരവും കിട്ടാത്ത സംഭവങ്ങളുമുണ്ട്. അപകടങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) പറഞ്ഞു. തൊഴിലുടമകള്‍ ഇതില്‍ താത്പര്യംകാണിക്കുന്നില്ല. ഭയംകാരണം തൊഴിലാളികളും പറയാറില്ല. അതിനാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയാണില്ലാതാവുന്നത്. പുറത്തുവരുന്ന സംഭവങ്ങളില്‍ തൊഴില്‍വകുപ്പിടപെട്ട് നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണ്ടു തൊഴിലാളി, ഇന്നു കരാറുകാരന്‍


എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും ഗള്‍ഫ് രാജ്യങ്ങളിലേക്കു കുടിയേറിയവരില്‍ ചിലര്‍ അവിടെ സ്വന്തമായി നിര്‍മാണക്കമ്പനികളും ചെറിയ ഫാക്ടറികളും കച്ചവടസ്ഥാപനങ്ങളും തുടങ്ങി. ഇവ പിന്നീട് വളര്‍ന്നുവികസിച്ച് വന്‍കിട കമ്പനികളും വ്യാപാരസ്ഥാപനങ്ങളുമായി. ഇന്ന് ലോകത്തെ സമ്പന്നരായ മലയാളികളുടെ കൂട്ടത്തില്‍ ഇവരുമുണ്ട്. അതേപോലെ തൊഴിലാളികളായി ഇവിടെയെത്തിയ ഇതരസംസ്ഥാനക്കാരില്‍ ചിലര്‍ ഇന്ന് തൊഴിലാളികളെ ലഭ്യമാക്കുന്ന കരാറുകാരാണ്. ജോലിയെടുത്ത് സ്വന്തം ഗ്രാമത്തിലേക്കു തിരികെപ്പോകുന്നവര്‍ ബന്ധുക്കളെയും കൂട്ടുകാരെയുംകൂട്ടിയാണ് തിരിച്ചെത്തുക. തൊഴിലാളികളെ ആവശ്യമുള്ളിടങ്ങളില്‍ ഇവരെയെത്തിച്ചാണ് കരാര്‍മേഖലയിലേക്കുള്ള ചുവടുവെപ്പ്. ഇവിടെ പണിയെടുത്തപ്പോള്‍ വശമാക്കിയ മലയാളവും കൈമുതലായുണ്ടാവും. ചിലര്‍ ചെറിയ ജോലികള്‍ കരാറെടുത്ത് ചെയ്യുന്നു. ഗ്രില്‍പണിക്കാരനായി ഇവിടെയെത്തിയ ഒരു കുടിയേറ്റത്തൊഴിലാളി ഇന്ന് ഇവിടെ ഗ്രില്‍ പണി ഏറ്റെടുത്തുനടത്തുന്ന കരാറുകാരനാണ്. മാസം ഒന്നേകാല്‍ ലക്ഷം രൂപയോളം ലാഭവുമുണ്ടാക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പേയെത്തി കേരളത്തെ സ്വന്തം നാടാക്കിമാറ്റിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. പെരുമ്പാവൂരില്‍ മീഠാപാന്‍ വില്പനനടത്തുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് നജീംതന്നെ ഉദാഹരണം. 30വര്‍ഷത്തോളമായി നജീം ഇവിടെയെത്തിയിട്ട്. വരുമ്പോള്‍ ഒറ്റയ്ക്കായിരുന്നു. പിന്നീട് സ്വദേശത്തുപോയി വിവാഹിതനായി ഭാര്യയെയുംകൂട്ടി മടങ്ങിയെത്തി. മൂന്നു മക്കളുമൊത്ത് വാടകവീട്ടിലാണു താമസം. മൂത്തമകന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇളയ രണ്ടുമക്കള്‍ സംസ്ഥാനസിലബസില്‍ ഏഴാംക്ലാസില്‍ പഠിക്കുന്നു.

മലയാളിയുടെ മടി കുടിയേറ്റക്കാരന്റെ പിടി


നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മാ നിരക്കില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കേരളത്തിനാണ്, 7.4 ശതമാനം. കുറവ് ഗുജറാത്തിലും, 0.5 ശതമാനം. അഖിലേന്ത്യാ ശരാശരിയാവട്ടെ 2.3 ശതമാനം മാത്രമാണ്. ഇത്രയും തൊഴിലില്ലാപ്പടയുള്ള നാട്ടിലേക്കാണ് തൊഴില്‍തേടി കുടിയേറ്റത്തൊഴിലാളികളുടെ ഒഴുക്കെന്നതാണ് വൈരുധ്യം. സ്വന്തം നാട്ടില്‍ തൊഴിലെടുക്കാന്‍ മലയാളിക്കുള്ള മടിയാണ് ഇവര്‍ക്ക് അനുഗ്രഹമാകുന്നതെന്നു വ്യക്തം. ഇവിടേക്ക് കൂടുതല്‍ കുടിയേറ്റത്തൊഴിലാളികളെത്തുന്ന ബംഗാള്‍(3.3 ശതമാനം), ബിഹാര്‍(3.4 ശതമാനം), അസം(4.8 ശതമാനം), ഉത്തര്‍പ്രദേശ്(1.8 ശതമാനം), ഒഡിഷ(2.5 ശതമാനം) എന്നിവിടങ്ങളില്‍ തൊഴിലില്ലായ്മാനിരക്ക് കേരളത്തെക്കാള്‍ വളരെ കുറവാണ്.

തൊഴിലില്ലായ്മാനിരക്കില്‍ മുന്നിലാണെങ്കിലും കായികാധ്വാനംവേണ്ട ജോലികള്‍ക്കും പരിശീലനവും നൈപുണ്യവും ആവശ്യമുള്ള പുതിയ മേഖലകളിലെ ജോലികള്‍ക്കും ആളെക്കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് 2014ലെ സാമ്പത്തികാവലോകനത്തില്‍ പറയുന്നു. കായികാധ്വാനമാവശ്യമുള്ള മേഖലകളിലെ തൊഴിലാളികളുടെ കുറവ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളാണു നികത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ മേഖലയിലും കേരളത്തെ ഇന്നു മുന്നോട്ടുനയിക്കുന്നത് കുടിയേറ്റത്തൊഴിലാളികളാണ്. അവരില്ലെങ്കില്‍ സംസ്ഥാനം നിശ്ചലമാവും. അതേക്കുറിച്ച് നാളെ: കേരളത്തെ ചലിപ്പിക്കുന്ന വടക്കന്‍ കൈ.


++++++++++

കേരളത്തെ ചലിപ്പിക്കുന്ന വടക്കന്‍ കൈ


2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടിയാണ്. കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനത്തിനടുത്തെത്താറായെന്നു വ്യക്തം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ 2014ലെ റിപ്പോര്‍ട്ട് പ്രകാരം പ്രവാസിമലയാളികളുടെ എണ്ണം 23.63 ലക്ഷമാണ്. സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം ഇതിനെയും മറികടന്നു


കുടിയേറ്റത്തൊഴിലാളികള്‍ മുഴുവനും ഒരുദിവസം കേരളംവിട്ടെന്നു കരുതുക. സംസ്ഥാനം അക്ഷരാര്‍ഥത്തില്‍ നിശ്ചലമാവും. നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിക്കും. ഹോട്ടലുകള്‍ പലതും പൂട്ടേണ്ടിവരും. പല ഫാക്ടറികളുടെയും പ്രവര്‍ത്തനം നിലയ്ക്കും. കൃഷിപ്പണി മുടങ്ങും. എന്തിന്, മുടിമുറിക്കാന്‍വരെ ആളെയന്വേഷിച്ച് മലയാളി നടക്കേണ്ടിവരും. ഫലത്തില്‍ സംസ്ഥാനത്തിന്റെ നിര്‍മാണ, സേവന മേഖലകളെ മുന്നോട്ടുനയിക്കുന്നത് കുടിയേറ്റത്തൊഴിലാളികളാണ്.

തൊഴില്‍സേനയിലെ പങ്കാളിത്തനിരക്കില്‍ കേരളം പിന്നിലാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ 68ാമത് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍സേനയില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തനിരക്ക് 40.3 ശതമാനം മാത്രമാണ്. തമിഴ്‌നാടും(45.4 ശതമാനം) മഹാരാഷ്ട്രയും(43.7 ശതമാനം) കര്‍ണാടകവും(43 ശതമാനം) ഗുജറാത്തും(42.4 ശതമാനം) ഒഡിഷയു(42.2 ശതമാനം)മെല്ലാം ഇക്കാര്യത്തില്‍ കേരളത്തെക്കാള്‍ മുന്നിലാണ്. തൊഴില്‍പങ്കാളിത്തത്തില്‍ സ്ത്രീകളുടെ പങ്ക് കുറഞ്ഞുവരുന്നതും സമൂഹത്തില്‍ പ്രായമായവരുടെ എണ്ണം കൂടുന്നതും ചില ജോലികള്‍ചെയ്യാന്‍ മലയാളിക്കുള്ള മടിയുമെല്ലാം ഇതിനു കാരണമാണ്. ഈ കുറവാണ് കുടിയേറ്റത്തൊഴിലാളികള്‍ നികത്തുന്നത്.

കുടിയേറ്റത്തൊഴിലാളികള്‍ 30 ലക്ഷത്തോളം

തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍(ഗിഫ്റ്റ്) 2013ല്‍ തൊഴില്‍വകുപ്പിനുവേണ്ടി നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് 25 ലക്ഷം കുടിയേറ്റത്തൊഴിലാളികളുണ്ടെന്നാണു കണ്ടെത്തിയത്. ഓരോ വര്‍ഷവും ശരാശരി 2.35 ലക്ഷംപേര്‍ പുതുതായെത്തുന്നുണ്ടെന്നും ഡോ. ഡി. നാരായണയും സി.എസ്. വെങ്കിടേശ്വരനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതനുസരിച്ച് 2015 അവസാനത്തോടെ സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 30 ലക്ഷത്തോളമാകും. എന്നാല്‍, സ്വന്തം നാട്ടിലേക്കു മടങ്ങുന്നവരില്‍ ഏകദേശം 11.6 ശതമാനത്തോളംപേര്‍ വീണ്ടുംവരുന്നില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതുകൂടി പരിഗണിച്ചാല്‍ സംസ്ഥാനത്തുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടാകും.

2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടിയാണ്. കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനത്തിനടുത്തെത്താറായെന്നു വ്യക്തം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ 2014ലെ റിപ്പോര്‍ട്ട് പ്രകാരം പ്രവാസി മലയാളികളുടെ എണ്ണം 23.63 ലക്ഷമാണ്. സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം ഇതിനെയും മറികടന്നു.

മുന്നില്‍ അഞ്ചു സംസ്ഥാനക്കാര്‍

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നേപ്പാളിലുംനിന്നുള്ളവരുണ്ടെങ്കിലും 75 ശതമാനം കുടിയേറ്റത്തൊഴിലാളികളും അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. പശ്ചിമബംഗാള്‍(20 ശതമാനം), ബിഹാര്‍(18.10 ശതമാനം), അസം(17.28 ശതമാനം), ഉത്തര്‍ പ്രദേശ്(14.83 ശതമാനം), ഒഡിഷ(6.67 ശതമാനം), മറ്റുസംസ്ഥാനക്കാര്‍(23.13 ശതമാനം) എന്നിങ്ങനെയാണു കണക്ക്. ഇക്കൂട്ടത്തില്‍ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുണ്ട്. ഭൂരിഭാഗം കുടിയേറ്റക്കാരും പുരുഷന്‍മാരാണ്. ഇവരില്‍ 75 ശതമാനത്തോളംപേരും 18നും 29നും മധ്യേ പ്രായമുള്ളവരാണ്. 36 വയസ്സില്‍ക്കൂടുതല്‍ പ്രായമുള്ളവര്‍ കുറവാണ്.

കുടിയേറ്റത്തൊഴിലാളികളില്‍ 70ശതമാനംപേരും ഹിന്ദുക്കളും 24ശതമാനംപേര്‍ മുസ്‌ലിങ്ങളുമാണ്. ബാക്കിയുള്ളവര്‍ ക്രിസ്ത്യാനികളോ മതമേതെന്നു വ്യക്തമാക്കാത്തവരോ ആണ്. പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരില്‍ 50 ശതമാനത്തോളംപേര്‍ മുസ്‌ലിങ്ങളാണ്. ഒഡിഷയില്‍നിന്നുള്ള 20ശതമാനത്തോളംപേരും അസമില്‍നിന്നുള്ള 13ശതമാനത്തോളംപേരും ക്രിസ്ത്യാനികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ നല്ലൊരുപങ്കും ഛോട്ടാ നാഗ്പുര്‍ മേഖലയിലെ ആദിവാസിവിഭാഗങ്ങളില്‍പ്പെട്ടവരാണ്.

കൊണ്ടുവരുന്നത് കൂട്ടുകാരും വീട്ടുകാരും

കണ്ണൂരില്‍ ഒരു പ്രമുഖ ഇരുചക്രവാഹനക്കമ്പനിയുടെ വര്‍ക്ക് ഷോപ്പിലെ ജോലിക്കാരനാണ് ബിഹാറിലെ കയ്മൂര്‍ജില്ലയില്‍പ്പെട്ട ജിഗിനസ്വദേശി മുരാരി. െബംഗളൂരുവില്‍ ജോലിചെയ്തിരുന്ന മുരാരിയാണ് ഇവിടെ ആദ്യം ജോലിക്കെത്തിയത്. ഒരുതവണ അവധിക്ക് നാട്ടില്‍പ്പോയ മുരാരി അമ്മാവന്‍ ബജരംഗിയെയുംകൂട്ടിയാണു മടങ്ങിയെത്തിയത്. ഇപ്പോള്‍ രണ്ടുപേരും വര്‍ക്ക് ഷോപ്പിലെ പ്രധാന പണിക്കാരാണ്. ബജരംഗിമാത്രമല്ല മറ്റുപലരും കേരളത്തിലേക്കു ജോലിക്കെത്തിയത് സുഹൃത്തുക്കളും ബന്ധുക്കളും മുഖേനയാണ്.

'ഗിഫ്റ്റ്' നടത്തിയ പഠനത്തിലെ കണ്ടെത്തലും ഇത് ശരിവെയ്ക്കുന്നു. 55 ശതമാനത്തോളംപേരുമെത്തുന്നത് സുഹൃത്തുക്കളും ബന്ധുക്കളും മുഖേനയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 28ശതമാനംപേര്‍ മാത്രമാണ് കരാറുകാര്‍മുഖേന എത്തുന്നത്. ഭൂട്ടാനിലും ഇതരസംസ്ഥാനങ്ങളിലും ജോലിചെയ്തശേഷം കേരളത്തിലെത്തിയവരുമുണ്ട്. ഉത്തര്‍പ്രദേശിലും ബിഹാറിലുംനിന്നുള്ളവരില്‍ 20ശതമാനത്തോളംപേര്‍ മറ്റിടങ്ങളില്‍ ജോലിചെയ്തശേഷമാണ് ഇവിടെയെത്തിയത്.

സാന്നിധ്യം എല്ലാ മേഖലകളിലും

സംസ്ഥാനത്തേക്കുള്ള ആദ്യകാല കുടിയേറ്റത്തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമുള്ളവരായിരുന്നു. ഇവരില്‍ കൂടുതല്‍പേരും നിര്‍മാണമേഖലയിലാണു പ്രവര്‍ത്തിച്ചിരുന്നത്. കൂലിപ്പണിയും മണ്‍പണിയും റോഡുപണിയുമൊക്കെ ഇവര്‍ ചെയ്തിരുന്നു. വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നവരെയും കാണാമായിരുന്നു. എന്നാല്‍, 1990കളുടെ ആദ്യം തുടങ്ങിയ പുതിയ കുടിയേറ്റം എണ്ണത്തിലും തൊഴില്‍വൈവിധ്യത്തിലും ഇതിനെയെല്ലാം കവച്ചുവെയ്ക്കുന്നതായിരുന്നു. ഇന്ന് കുടിയേറ്റത്തൊഴിലാളികള്‍ ചെന്നെത്താത്ത മേഖലകള്‍ ഇല്ലെന്നുപറയാം. തിരുവനന്തപുരത്തെയും എറണാകുളത്തെയും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും ഗാര്‍മെന്റ് ഫാക്ടറികളിലും ഹൈറേഞ്ചിലെ തോട്ടം മേഖലയിലും കോട്ടയത്തെ ഡെയറി ഫാമുകളിലും മൂന്നാറിലെയും തൃശ്ശൂരിലെയും ഹോട്ടലുകളിലും പാലക്കാട്ടെ സ്റ്റീല്‍ റോളിങ് മില്ലുകളിലും കോഴിക്കോട്ടെ ബ്യൂട്ടി സലൂണുകളിലും ചിക്കന്‍ സ്റ്റാളുകളിലും കണ്ണൂരിലെ മണല്‍വാരല്‍കേന്ദ്രങ്ങളിലുമെല്ലാം നമുക്കവരെ കാണാം.

ചില മേഖലകളില്‍ ഇവര്‍ തദ്ദേശതൊഴിലാളികളെയും ആദ്യകാല കുടിയേറ്റത്തൊഴിലാളികളെയും പൂര്‍ണമായും നീക്കംചെയ്യുകയുംചെയ്തു. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായംതന്നെ ഉദാഹരണം. പല ഫാക്ടറികളിലും ഇന്ന് കുടിയേറ്റത്തൊഴിലാളികള്‍ മാത്രമാണുള്ളത്. ഭൂരിഭാഗവും ഇപ്പോഴും നിര്‍മാണമേഖലയിലാണു പണിയെടുക്കുന്നത്. ഹോട്ടലുകള്‍, ബേക്കറികള്‍, ഹോസ്​പിറ്റാലിറ്റി, ഇഷ്ടികക്കളങ്ങള്‍, ആഭരണനിര്‍മാണം, ചുമടെടുപ്പ്, ഫാക്ടറികള്‍, കറിപ്പൊടി യൂണിറ്റുകള്‍, മാറ്റ് നിര്‍മാണ യൂണിറ്റുകള്‍, കൃഷി, കൂലിപ്പണി തുടങ്ങിയ മേഖലകളിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്. 'ഗിഫ്റ്റി'ന്റെ പഠനപ്രകാരം 60ശതമാനംപേരും നിര്‍മാണമേഖലയിലാണു പണിയെടുക്കുന്നത്. ഹോട്ടലുകളില്‍ ഏഴും ഫാക്ടറികളില്‍ 8.3ഉം കാര്‍ഷികമേഖലയില്‍ 2.31ഉം വ്യാപാരമേഖലയില്‍ 1.77ഉം ശതമാനംപേര്‍ ജോലിചെയ്യുന്നുണ്ട്. മറ്റു മേഖലകളിലെല്ലാംകൂടി 17.55 ശതമാനം പേരാണുള്ളത്. സ്ത്രീകള്‍ കുറവാണെങ്കിലും അടുത്തകാലത്തായി കൂടുതല്‍പേര്‍ ജോലിതേടിയെത്തുന്നുണ്ട്. ഹോട്ടലുകളിലും ഫുഡ് കോര്‍ട്ടുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഹോസ്​പിറ്റാലിറ്റി മേഖലയിലും വ്യാപാരസ്ഥാപനങ്ങളിലും തുടങ്ങി പ്ലൈവുഡ് ഫാക്ടറികളില്‍വരെ ഇവര്‍ ജോലിചെയ്യുന്നു. കുറച്ചുപേര്‍ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലും പണിയെടുക്കുന്നുണ്ട്. തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന ജോലികളും സ്ത്രീകള്‍ ചെയ്യുന്നുണ്ട്.

കൂലികുറഞ്ഞാല്‍ തൊഴിലാളിയെ കാണില്ല

ആദ്യകാലകുടിയേറ്റത്തൊഴിലാളികള്‍ ഒരുപ്രദേശം കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളം ജോലിചെയ്യുന്നവരായിരുന്നു. എന്നാല്‍, പുതുതലമുറ കുടിയേറ്റക്കാര്‍ തുടര്‍ച്ചയായി സ്ഥലവും പണിയും മാറുന്നവരാണ്. ഇന്നു തിരുവനന്തപുരത്ത് ജോലിചെയ്യുന്നവര്‍ അടുത്തയാഴ്ച പെരുമ്പാവൂരിലും ദിവസങ്ങള്‍ക്കുള്ളില്‍ കോഴിക്കോട്ടുമൊക്കെ ജോലിക്കെത്തും. മൊബൈല്‍ ഫോണിന്റെ വ്യാപനവും യാത്രാസൗകര്യങ്ങളുടെ വര്‍ധനയുമൊക്കെയാണ് ഇതിനു കാരണം. കുടിയേറ്റത്തൊഴിലാളികള്‍ മൊബൈല്‍ഫോണ്‍വഴി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ജോലിചെയ്യുന്നിടത്തെക്കാള്‍ അല്പം കൂടുതല്‍ കൂലി മറ്റൊരിടത്തു കിട്ടുമെന്നുകണ്ടാല്‍ അവര്‍ അവിടേക്കു പോകും. ഇങ്ങനെ വേഗത്തില്‍ മാറാന്‍പറ്റുന്നത് ഇവര്‍ക്ക് മോശമല്ലാത്ത കൂലിനല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും തൊഴില്‍വകുപ്പ് അധികൃതര്‍ പറയുന്നു.

വിദഗ്ധതൊഴിലാളികളായും കുടിയേറ്റക്കാര്‍

തുടക്കം അവിദഗ്ധതൊഴിലാളിയായിട്ടാണെങ്കിലും കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് വൈദഗ്ധ്യമാവശ്യമുള്ള തൊഴില്‍മേഖലകളിലും സാന്നിധ്യമറിയിച്ചുതുടങ്ങിയിട്ടുണ്ട്. വാഹന വര്‍ക്ക് ഷോപ്പുകളിലും വാച്ച് റിപ്പയറിങ് കടകളിലുമൊക്കെ ഇവരുടെ സാന്നിധ്യമുണ്ട്. 70ശതമാനത്തോളംപേരും അവിദഗ്ധതൊഴിലാളികളായാണു ജോലിചെയ്യുന്നത്. എന്നാല്‍, 0.68ശതമാനം പേര്‍ ഇലക്ട്രീഷ്യന്‍മാരായും 3.68ശതമാനംപേര്‍ മേസ്തിരിമാരായും 1.9 ശതമാനംപേര്‍ ആശാരിപ്പണിക്കാരായുമൊക്കെ ജോലിചെയ്യുന്നതായി 'ഗിഫ്റ്റി'ന്റെ പഠനത്തില്‍ കണ്ടെത്തി. മുരാരിയും ബജരംഗിയുംതന്നെ ഉദാഹരണം. അവരുടെ സുഹൃത്തുക്കള്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ സിമന്റും ഇഷ്ടികയും ഉരുക്കുകമ്പിയുമൊക്കെയായി പോരടിക്കുമ്പോള്‍ മഴയും വെയിലും കൊള്ളാതെ ഇവര്‍ വര്‍ക്ക് ഷോപ്പില്‍ ജോലിചെയ്യുന്നു. കമ്പനിയുടെ ഔദ്യോഗികപരിശീലനവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.

വടകര നഗരസഭയില്‍മാത്രം പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടിപാര്‍ലറുകളില്‍ നൂറോളം പേര്‍ ജോലിചെയ്യുന്നുണ്ട്. ഈമേഖലയില്‍ നാട്ടില്‍നിന്ന് തൊഴിലാളികളെ കിട്ടാതായതോടെയാണ് ബംഗാളില്‍നിന്നും ഡല്‍ഹിയില്‍നിന്നുമൊക്കെ യുവാക്കളെ എത്തിച്ചുതുടങ്ങിയത്. താമസസൗകര്യവും നല്‍കും. ചെയ്യുന്നജോലിക്കുള്ള നിരക്കിന്റെ പകുതിയാണു പ്രതിഫലം. അതായത് മുടിവെട്ടിയാല്‍ 60രൂപയാണ് പ്രതിഫലമെങ്കില്‍ 30രൂപ തൊഴിലാളിക്ക്. ഫേഷ്യല്‍പോലുള്ള ജോലിക്ക് നിരക്ക് ആയിരംരൂപവരെയാണ്. ഫേഷ്യലിന് പുരുഷന്‍മാര്‍ക്കിടയിലും പ്രചാരംകൂടിയതോടെ ഇവര്‍ക്കും കൊയ്ത്തുകാലമാണ്. ദിവസം 500 രൂപമുതല്‍ ആയിരം രൂപവരെ സമ്പാദിക്കാത്തവര്‍ ഈമേഖലയില്‍ വിരളം. എങ്ങനെപോയാലും മാസം 20,000 രൂപവരെ സമ്പാദിക്കാം. അഞ്ചുവര്‍ഷത്തിലേറെയായി വടകരയില്‍ ജോലിചെയ്യുന്ന ഡല്‍ഹിക്കാരനായ യുവാവും ഇക്കാര്യം സമ്മതിക്കുന്നു.

സ്വന്തമായി ചെറിയ ഹോട്ടലുകളും പെട്ടിക്കടകളുമൊക്കെ നടത്തുന്നവരുമുണ്ട്. ബിഹാറിലെ ബക്‌സര്‍ സ്വദേശിയാണ് ഹരിഹര്‍ പ്രസാദ്. 12വര്‍ഷമായി കേരളത്തിലെത്തിയിട്ട്. അഴീക്കോട് പൊയ്ത്തുംകടവില്‍ കടമുറി വാടകയ്‌ക്കെടുത്ത് ഭക്ഷണശാല നടത്തുകയാണീ യുവാവ്. സമൂസ, ഖാജാ, ജിലേബി തുടങ്ങിയവയാണ് പ്രധാന വിഭവങ്ങള്‍. സമൂസയ്ക്കും ഖാജായ്ക്കും ഒരെണ്ണത്തിന് ഏഴുരൂപയാണ് വില. ജിലേബിക്ക് കിലോഗ്രാമിന് 120രൂപയും. കുടിയേറ്റത്തൊഴിലാളികളാണ് ഹരിഹര്‍ പ്രസാദിന്റെ പ്രധാന ഇടപാടുകാര്‍. തൊഴില്‍രംഗത്തെ ഈ മുന്നേറ്റം അവരുടെ വരുമാനത്തിലും വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. മാസം ശരാശരി 13,000 രൂപവരെ ലാഭമുണ്ടെന്ന് ഹരിഹര്‍ പ്രസാദ് പറഞ്ഞു.

ലഭിക്കുന്ന കൂലിമുഴുവനും കുടിയേറ്റത്തൊഴിലാളികള്‍ ധൂര്‍ത്തടിച്ചുകളയുകയാണെന്നു കരുതേണ്ട. പ്രവാസിമലയാളികള്‍ കേരളത്തിലേക്കയക്കുന്നതുപോലെ നല്ലൊരുപങ്കു തൊഴിലാളികളും എല്ലാ ആഴ്ചയും മോശമല്ലാത്തൊരു തുക സ്വന്തം നാട്ടിലേക്കയക്കുന്നുണ്ട്.

കുടിയേറ്റത്തിലെ 'ബീമാരു' ഘടകം

കേരളത്തിലെ കുടിയേറ്റത്തൊഴിലാളികളില്‍ ഏറെയും 'ബീമാരു' സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയെയാണ് പിന്നാക്കാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലെ ബീമാരു സംസ്ഥാനങ്ങളെന്നു വിശേഷിപ്പിക്കുന്നത്. ഇതില്‍ രാജസ്ഥാനൊഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്നും ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നും ഇവയെ വിഭജിച്ച് രൂപംനല്‍കിയ ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലുംനിന്നുമാണ് കുടിയേറ്റത്തൊഴിലാളികളിലേറെയും.

ഓക്‌സ്ഫഡ് സര്‍വകലാശാല തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം യുണിസെഫ് നടത്തിയ ലോകദാരിദ്ര്യപഠനത്തില്‍ ഇന്ത്യയിലെ മാത്രമല്ല, ദക്ഷിണേഷ്യയിലെത്തന്നെ ഏറ്റവും ദരിദ്രമായ മേഖലയാണ് ബിഹാര്‍. ഏറ്റവും ദാരിദ്യം കുറഞ്ഞ സംസ്ഥാനം കേരളവും. ലോകത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന 160കോടി ജനങ്ങളില്‍ 44കോടിയും ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള തൊഴിലാളികളുടെ വരവിനു കാരണവും ഇതുതന്നെ.

ഇത്രയും ദരിദ്രമായ സാഹചര്യങ്ങളില്‍നിന്നു വരുന്നതിനാലാണ് ഇവിടത്തെ തൊഴിലാളിക്യാമ്പുകളിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് കുടിയേറ്റത്തൊഴിലാളികള്‍ പരാതിപ്പെടാതിരിക്കുന്നത്. ഇവിടത്തെ മോശം താമസസ്ഥലങ്ങള്‍പോലും അവരുടെ സ്വന്തം നാട്ടിലേതിനെക്കാള്‍ പലപ്പോഴും മെച്ചമാണ്. അവിടത്തെക്കാള്‍ പലമടങ്ങ് കൂലിയും ലഭിക്കും. കുടിയേറ്റത്തൊഴിലാളികളുടെ ഈ നിസ്സഹായാവസ്ഥ നമ്മള്‍ മുതലെടുക്കുകയാണെന്നുമാത്രം.



++++++++++

കേരളം എന്ന ഗള്‍ഫ്


കുടിയേറ്റത്തൊഴിലാളികള് നാട്ടിലേക്ക് പണമയയ്ക്കുന്നതിനുപുറമേ നല്ലൊരു തുക
ഇവിടെ ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ തട്ടുകടകള്ക്കു മുതല്
ഇന്ത്യന് റെയില്വേക്കുവരെ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്


കേരളത്തിലേക്ക് 73,000 കോടി; ഇവിടെനിന്ന് 21,000 കോടി


കുടിയേറ്റത്തൊഴിലാളികള് കേരളത്തെ അവരുടെ ഗള്ഫാക്കി മാറ്റിയെന്നു തെളിയിക്കുന്നതാണ് പണത്തിന്റെ വരവുംപോക്കും. പ്രവാസിമലയാളികള് സംസ്ഥാനത്തേക്കയയ്ക്കുന്ന പണത്തിന്റെ നാലിലൊന്നിലധികം വരുന്ന തുക കുടിയേറ്റത്തൊഴിലാളികള് ഇവിടെനിന്ന് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്കയയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങള് പറയുന്നത്. സെന്റര് ഫോര് ഡെവലപ്പ്‌മെന്റ് സ്റ്റഡീസി(സി.ഡി.എസ്.)ന്റെ പഠനപ്രകാരം 2014 മാര്ച്ച് ഒന്നുവരെയുള്ള 12 മാസക്കാലം പ്രവാസിമലയാളികള് കേരളത്തിലേക്കയച്ചത് 72,680 കോടി രൂപയാണ്. ഗുലാത്തി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‌സ് ആന്ഡ് ടാക്‌സേഷന്(ഗിഫ്റ്റ്) 2013ല് പുറത്തിറക്കിയ പഠനപ്രകാരം കുടിയേറ്റത്തൊഴിലാളികള് 17,500 കോടി രൂപ ഇവിടെനിന്ന് പുറത്തേക്കയയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അതായത് ഒരു തൊഴിലാളി വര്ഷം ശരാശരി സ്വന്തം നാട്ടിലേക്കയയ്ക്കുന്നത് 70,000 രൂപ.

കൂലിയും തൊഴിലാളികളുടെ എണ്ണവും കൂടിയതിനാല് പുറത്തേക്കയയ്ക്കുന്ന തുകയിലും വര്ധനയുണ്ട്. 'ഗിഫ്റ്റി'ന്റെ തന്നെ പഠനപ്രകാരം ഓരോ വര്ഷവും 2.35 ലക്ഷംപേര് പുതുതായി എത്തുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഇതനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2015 ആകുമ്പോഴേക്ക് 29.7 ലക്ഷത്തിലെത്തിയിട്ടുണ്ടാവും. ഇവരെക്കൂടി കണക്കിലെടുത്താല് പുറത്തേക്കയയ്ക്കുന്ന തുക ഇപ്പോള് 21,000 കോടിയുടെ അടുത്തെത്തിയിട്ടുണ്ടാവും. സി.ഡി.എസ്സിലെ മുതിര്ന്ന ഗവേഷകരായ കെ.സി. സഖറിയയും എസ്. ഇരുദയരാജനും നടത്തിയ പഠനത്തിലാണ് പ്രവാസിമലയാളികള് കേരളത്തിലേക്കയയ്ക്കുന്ന തുക കണക്കാക്കിയത്. 1998 മുതല് തുടര്ച്ചയായി ഇവര് കേരള കുടിയേറ്റ സര്വേ എന്നപേരില് ഈ പഠനം നടത്തുന്നുണ്ട്. പഠനപ്രകാരം 1996ല് 13,652 കോടി രൂപയാണ് പ്രവാസിമലയാളികള് കേരളത്തിലേക്കയച്ചത്. 2003ല് ഇത് 18,465 കോടി രൂപയായി ഉയര്ന്നു. പണപ്പെരുപ്പത്തിന്റെ നിരക്ക് കണക്കാക്കാതെ നോക്കുകയാണെങ്കില് ഏകദേശം ഇതിനടുപ്പിച്ചുള്ള തുകയാണ് കുടിയേറ്റത്തൊഴിലാളികള് പുറത്തേക്കയയ്ക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയില് അടുത്തിടെ ആരോഗ്യവകുപ്പ് നടത്തിയ സര്വേയില് കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 599 ആണ്. ഒരാള് മാസത്തില് ശരാശരി 5,000 രൂപവെച്ച് നാട്ടിലേക്കയയ്ക്കുന്നുവെന്ന് കണക്കാക്കിയാല് ഇവിടെനിന്നുമാത്രം പോകുന്നത് 29.5 ലക്ഷം രൂപയാണ്. ഇത് ഒരു നഗരസഭയിലെ മാത്രംകാര്യം. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളുടെ കണക്കെടുക്കുമ്പോള് തുക കോടികള് കവിയും. കോഴിക്കോട് ജില്ലയാകുമ്പോള് ഇത് പിന്നെയും കൂടും.

ജി.എസ്.ഡി.പി.യുടെ 4.6 ശതമാനം


സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തി(ജി.എസ്.ഡി.പി.)ന്റെ 4.5 ശതമാനംവരുന്ന തുകയാണ് കുടിയേറ്റത്തൊഴിലാളികള്വഴി പുറത്തേക്കൊഴുകുന്നത്. 2013'14 സാമ്പത്തികവര്ഷം സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി. 3,96,282 കോടി രൂപയാണ്. എന്നാല്, ഈ ജി.എസ്.ഡി.പി. നിരക്ക് കൈവരിക്കാന് സംസ്ഥാനത്തിന് കുടിയേറ്റത്തൊഴിലാളികളുടെ സംഭാവന ചില്ലറയല്ല. ഇതുമായി താരതമ്യംചെയ്യുമ്പോള് ഇവര് പുറത്തേക്കയയ്ക്കുന്ന തുക അത്രവലുതല്ല. മാത്രമല്ല കൂലിയിനത്തില് ലഭിക്കുന്ന പണത്തിന്റെ നല്ലൊരുഭാഗം അവര് ഇവിടെ ചെലവഴിക്കുന്നുമുണ്ട്.

കഠിനാധ്വാനികള്, ആര്ക്കും പരാതിയില്ല


മലയാളികളെ അപേക്ഷിച്ച് കുടിയേറ്റത്തൊഴിലാളികള് കഠിനാധ്വാനികളാണെന്ന കാര്യത്തില് ആര്ക്കും എതിരഭിപ്രായമില്ല. ദിവസവും രണ്ടും മൂന്നും ഷിഫ്റ്റ് തുടര്ച്ചയായി ജോലിചെയ്യാന് ഇവര്ക്ക് മടിയില്ല. ആഴ്ചയില് ഒരു ഓഫ് പോലുമെടുക്കാതെ ജോലിചെയ്യുന്നവരുമുണ്ട്. 'ഗിഫ്റ്റി'ന്റെ പഠനത്തില് കണ്ടെത്തിയത് 57.82 ശതമാനം തൊഴിലാളികളും ആഴ്ചയില് ആറുദിവസം ജോലിചെയ്യുന്നവരാണെന്നാണ്. 28.71 ശതമാനം പേര് ഏഴുദിവസവും ജോലിചെയ്യുന്നുണ്ട്.
കുടിയേറ്റത്തൊഴിലാളിയെ ജോലിക്ക് വെക്കുന്നവര്ക്കും അവരുടെ അധ്വാനശീലത്തെക്കുറിച്ച് പരാതിയില്ല. മടുപ്പില്ലാതെ ജോലിചെയ്യാന് തയ്യാറാണിവര്. കണ്ണൂരിലെ ബ്രദേഴ്‌സ് ചിക്കന് സെന്ററില് ജോലിചെയ്യുന്ന സിറാജ് ഒഡിഷ ബാലേശ്വര് സ്വദേശിയാണ്. രാവിലെ മുതല് ചിക്കന് സെന്ററില് സക്രിയമാണ് സിറാജ്. സിറാജ് എത്തിയതോടെ കോഴിയിറച്ചി ആവശ്യപ്പെടുന്നവര്ക്ക് അത് വീട്ടിലെത്തിച്ചുകൊടുക്കാനും മറ്റും തനിക്ക് പുറത്തുപോകാനാകുന്നുണ്ടെന്ന് ചിക്കന് സെന്റര് നടത്തുന്ന അന്‌സാരി പറഞ്ഞു. പത്തുവര്ഷത്തോളമായി സിറാജ് കേരളത്തിലെത്തിയിട്ട്. നിര്മാണമേഖലയിലും മറ്റുമായി പലയിടങ്ങളില് ജോലിചെയ്ത ശേഷമാണ് ഇവിടെയെത്തിയത്. ദിവസം ശരാശരി 500 രൂപ കൂലിയും ലഭിക്കും. ഇവിടെനിന്ന് വിവാഹംകഴിച്ച സിറാജ് ഇപ്പോള് ഭാര്യവീട്ടിലാണ് താമസം.

കൂലിയും മോശമല്ല


അവിദഗ്ധ, അര്ധവിദഗ്ധ കുടിയേറ്റത്തൊഴിലാളിക്ക് ഇന്ന് ദിവസം ശരാശരി 500600 രൂപ കൂലി ലഭിക്കുന്നുണ്ട്. മേസ്തിരിയാണെങ്കില് 700800 രൂപ ലഭിക്കും. നിര്മാണത്തൊഴിലാളിക്ക് 600800 രൂപവരെയും. ആയിരവും അതില്ക്കൂടുതലും കൂലി വാങ്ങുന്ന അതിവിദഗ്ധ തൊഴിലാളികളും ഇവരുടെ കൂട്ടത്തിലുണ്ട്. നൂറും അതില്ത്താഴെയുമുള്ള ദേശീയ കൂലി ശരാശരിയുടെ പത്തുമടങ്ങോളം വരുമിത്.
ബിഹാറിലെ ചപ്ര സ്വദേശിയാണ് മുന്നാ സാഹ. കോണ്ക്രീറ്റ് പണിക്കാരനാണ്. ദിവസം 600 രൂപ കൂലി ലഭിക്കുമെന്ന് മുന്നാ സാഹ പറഞ്ഞു. ഭാര്യ യാനിയും മൂന്നു മക്കളും ബിഹാറിലാണ്. മാസം 5,000 രൂപവരെ ഇവര്ക്കയച്ചുകൊടുക്കും. ഇടനിലക്കാരുടെ കീഴില് ജോലിചെയ്യുന്നവര്ക്ക് പക്ഷേ, മുഴുവന് തുകയും ലഭിക്കണമെന്നില്ല. കൂലിയില് ഒരു വിഹിതം ഇവര് എടുത്തശേഷം ബാക്കിയാവും തൊഴിലാളിക്ക് ലഭിക്കുക.
കോണ്ക്രീറ്റ് ജോലി ചെയ്യുന്നവര്ക്ക് ഒരിടത്തെ കോണ്ക്രീറ്റ് പണിക്ക് 600700 രൂപ കൂലി കിട്ടും. ഒരു ദിവസം രണ്ടും മൂന്നും സ്ഥലങ്ങളില് ഇവര് ജോലിക്ക് പോകുമെന്ന് വടകരയിലെ ഒരു കരാറുകാരന് വ്യക്തമാക്കി. ദിവസവരുമാനം 1,800 മുതല് 2,000 രൂപ വരെ. പക്ഷേ, എല്ലാ ദിവസവും ജോലി ഉണ്ടാകണമെന്നില്ല. പണിനടക്കുന്ന സ്ഥലത്തേക്കും കെട്ടിടത്തിന്റെ മുകളിലേക്കും ചെങ്കല്ല് മുമ്പ് തലച്ചുമടായി എത്തിച്ചിരുന്നത് നാട്ടിന്പുറത്തുകാരായ സ്ത്രീകളായിരുന്നു. ഇന്ന് ഈരംഗം കുടിയേറ്റത്തൊഴിലാളികളുടെ കുത്തകയാണ്

ചൂഷണം പ്ലൈവുഡ് മേഖലയില്

മറ്റ് മേഖലകളിലൊക്കെ മോശമല്ലാത്ത കൂലി ലഭിക്കുന്നുണ്ടെങ്കിലും ടിമ്പര്, പ്ലൈവുഡ് മേഖലയിലെ തൊഴിലാളികള്ക്ക് ഇത് നന്നേ കുറവാണ്. 150 രൂപ മുതല് 200 രൂപ വരെയാണ് ഈ മേഖലയിലെ ദിവസക്കൂലി. ഓവര്‌ടൈം ജോലി ചെയ്യുന്നവരും ഈ മേഖലയിലാണ് കൂടുതല്. ഓവര്‌ടൈമിന് ഇരട്ടിവേതനം നല്കണമെന്നുണ്ടെങ്കിലും ആദ്യ ഷിഫ്റ്റിലെ കൂലി തന്നെയാണ് ഓവര്‌ടൈം ഷിഫ്റ്റിലും നല്കുന്നത്. അതായത് എട്ടുമണിക്കൂര് ജോലിക്ക് 200 രൂപ ലഭിക്കുമെങ്കില് 16 മണിക്കൂര് ജോലി ചെയ്താല് 600 രൂപ ലഭിക്കേണ്ടിടത്ത് ലഭിക്കുന്നത് 400 രൂപയും. പ്ലൈവുഡ് മേഖലയില് പലസ്ഥലങ്ങളിലും മിനിമംകൂലി പോലും തൊഴിലാളികള്ക്ക് ലഭിക്കുന്നില്ലെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന് പറഞ്ഞു.

ആന്ധ്രയിലെ ശ്രീകാകുളം സ്വദേശിയാണ് മാതയ്യ. കണ്ണൂരിലെ ഒരു പ്രമുഖ പ്ലൈവുഡ് കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഈ മേഖലയില് 22 വര്ഷത്തെ ജോലി പരിചയമുണ്ട്. പക്ഷേ, ലഭിക്കുന്ന കൂലി പരമാവധി 200 രൂപ വരെയാണെന്ന് മാതയ്യ പറഞ്ഞു. ഒഡിഷയിലെ ധെന്കനാല് ജില്ലക്കാരനായ ദീപ്തിയും ഇതേ പരിഭവം പങ്കുവെച്ചു. 15 വര്ഷമായി ഈ മേഖലയില് പണിയെടുക്കുന്നയാളാണ് ദീപ്തി. മാതയ്യയ്ക്ക് ഭാര്യയും കുട്ടികളുമുണ്ട്. അവര് ആന്ധ്രയിലാണ്. ദീപ്തിയാകട്ടെ അവിവാഹിതനാണ്. നാട്ടില്‌പോയി പെണ്ണന്വേഷിക്കണമെന്നുണ്ടെങ്കിലും കുറഞ്ഞകൂലിയാണ് പിന്നാക്കംവലിക്കുന്നത്. കമ്പനി സൗജന്യതാമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നതും ഇ.എസ്.ഐ., പി.എഫ്. തുടങ്ങിയ ആനുകൂല്യങ്ങളുണ്ടെന്നതുമാണ് ഏക ആശ്വാസം.

പെരുമ്പാവൂര് മേഖലയില് പക്ഷേ, പണി കരാറിനെടുത്താണ് തൊഴിലാളികള് പ്ലൈവുഡ് മേഖലയിലെ ഈ പ്രതിസന്ധി മറികടക്കുന്നത്. തുടക്കത്തില് ഇവിടെയും കൂലിക്കാണ് പണിയെടുത്തിരുന്നത്. അടുത്തകാലത്താണ് കരാര് രീതി വ്യാപകമായത്. ഇത്ര ടണ് മരം പോളയാക്കി പശതേച്ച് ഉണക്കി പ്രസ് ചെയ്ത് പ്ലൈവുഡാക്കാന് ഇത്ര തുക എന്ന നിരക്കില് വിലപേശി കരാറുറപ്പിക്കും. കൂടുതല് ഓര്ഡറെടുത്ത് കുറഞ്ഞ സമയത്തിനുള്ളില് പണിതീര്ക്കും. ദിവസം മുഴുവന് ഫാക്ടറി പ്രവര്ത്തിച്ചുകൊണ്ടേയിരിക്കും. കൂലിക്ക് പണിയെടുക്കുമ്പോള് കിട്ടുന്നതിനേക്കാള് മൂന്നിരട്ടിവരെ തുക ലഭിക്കുമെന്നതാണ് തൊഴിലാളിയുടെ നേട്ടം. പറഞ്ഞ സമയത്ത് പണിതീരുന്നതും വിലപേശി കരാര് ഉറപ്പിക്കുന്നതുവഴിയുള്ള ലാഭവും ഫാക്ടറി ഉടമയ്ക്കും നേട്ടം. എന്നാല്, കരാര് അടിസ്ഥാനത്തില് മാത്രമല്ല കൂലിക്കും നിരവധിപേര് ഈ മേഖലയില് ജോലി ചെയ്യുന്നുണ്ടന്ന് സോമില് ഓണേഴ്‌സ് ആന്ഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന് പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന് പറഞ്ഞു.

സംസ്ഥാനത്ത് കുടിയേറ്റത്തൊഴിലാളികള് ആദ്യമായി എത്തിയ തൊഴില്‌മേഖലയാണ് പ്ലൈവുഡ് വ്യവസായം. മരംമുറിക്കുന്നതിന് നിയന്ത്രണം വന്നതോടെ അസമിലും മറ്റും നിരവധി പ്ലൈവുഡ് ഫാക്ടറികള് പൂട്ടിപ്പോയി. ഇതേത്തുടര്ന്ന് തൊഴില്രഹിതരായവരാണ് എണ്പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും പെരുമ്പാവൂരിലെ തടിവ്യവസായമേഖലയിലേക്കും പിന്നീട് വിവിധ സ്ഥലങ്ങളിലെ പ്ലൈവുഡ് ഫാക്ടറികളിലേക്കും നീങ്ങിയത്. മറ്റ് മേഖലകളില് ഉയര്ന്ന കൂലി ലഭിച്ചുതുടങ്ങിയതോടെ പലരും പ്ലൈവുഡ് മേഖല വിട്ടെങ്കിലും മാതയ്യയെപ്പോലുള്ളവര് അതില്ത്തന്നെ തുടരുകയാണ്.

ആഴ്ചയില് 25,000 രൂപവരെ


ആഴ്ചയില് 25,000 രൂപവരെ സ്വന്തം നാട്ടിലേക്കയയ്ക്കുന്ന കുടിയേറ്റത്തൊഴിലാളികള് പെരുമ്പാവൂര് മേഖലയിലുണ്ട്. പണി കരാറെടുത്ത് ഓവര്‌ടൈം ജോലിചെയ്താണ് പലരും ഈ തുക സമ്പാദിക്കുന്നത്. 'ഗിഫ്റ്റി'ന്റെ പഠന പ്രകാരം 4.76 ശതമാനം തൊഴിലാളികള് മാസം 20,000 രൂപയില്ക്കൂടുതല് നാട്ടിലേക്കയയ്ക്കുന്നവരാണ്. 5,000 മുതല് 10,000 രൂപവരെ അയയ്ക്കുന്നവരാണ് കൂടുതല്. ഇവരുടെ സംഖ്യ 38.5 ശതമാനം വരും. 24 ശതമാനം പേര് 1,000 മുതല് 5,000 രൂപവരെയാണ് അയയ്ക്കുന്നത്. 10,000 മുതല് 20,000 വരെ അയയ്ക്കുന്നവര് 19.73 ശതമാനമാണ്.
57.69 ശതമാനം പേരും സ്വന്തം ബാങ്ക് അക്കൗണ്ട് വഴി പണമയയ്ക്കുന്നവരാണ്. 21.5 ശതമാനം പേര് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. പോസ്റ്റ് ഓഫീസ് വഴി അയയ്ക്കുന്നവര് നന്നേ കുറവാണ്; 1.63 ശതമാനം മാത്രം. നാട്ടിലേക്ക് പണമയയ്ക്കാത്തവര് 7.62 ശതമാനം വരും. എസ്.ബി.ഐ. അഴീക്കോട് ശാഖയില് മാത്രം ആഴ്ചയില് ഇരുനൂറോളം തൊഴിലാളികള് പണമയയ്ക്കാനെത്തുന്നുണ്ടെന്ന് മാനേജര് കെ.എം. സമിതശ്രീ പറഞ്ഞു. ഇവരെല്ലാവരും കൂടി മൂന്നുലക്ഷം രൂപ നാട്ടിലേക്കയയ്ക്കുന്നുണ്ട്. അതായത് മാസം 12 ലക്ഷം രൂപ.
ഓരോ ആഴ്ചയിലും ലഭിക്കുന്ന കൂലി ബാങ്കിലോ സമീപത്തെ സഹകരണ സംഘത്തിലോ സൂക്ഷിച്ച ശേഷമാണ് മാസാവസാനം മിക്കവരും പണമയയ്ക്കുന്നത്. നഷ്ടപ്പെടാന് സാധ്യതയുള്ളതിനാല് മിക്കവരും പണം കൈവശം സൂക്ഷിക്കാറില്ല. കുടിയേറ്റത്തൊഴിലാളികളുടെ നിക്ഷേപം ഇപ്പോള് കൂടിയിട്ടുണ്ടന്ന് അഴീക്കോട് സൗത്ത് വനിതാ സഹകരണസംഘം സെക്രട്ടറി പി. പ്രീത പറഞ്ഞു. ''മുമ്പ് മാസം 5,000 രൂപവരെയായിരുന്ന നിക്ഷേപം ഇപ്പോള് 10,000 ആയി ഉയര്ന്നിട്ടുണ്ട്'' അവര് പറഞ്ഞു.

ജീവിതച്ചെലവ് കൂടുതല്

കേരളത്തില് ജീവിതച്ചെലവ് കൂടുതലാണെന്ന അഭിപ്രായക്കാരാണ് കുടിയേറ്റത്തൊഴിലാളികള്. നാട്ടില് അരിയും ആട്ടയുമൊക്കെ കിലോഗ്രാമിന് 15 രൂപയ്ക്കടുത്ത വിലയ്ക്ക് ലഭിക്കും. ഇവിടെയാണെങ്കില് അരിക്ക് 35 രൂപയും ആട്ടയ്ക്ക് 25 രൂപയും നല്കണം. അതേപോലെ പരിപ്പിനും പച്ചക്കറിക്കുമൊക്കെ സ്വന്തം സ്ഥലങ്ങളില് ഇത്രയും വിലയില്ലെന്നാണ് ഇവരുടെ പക്ഷം.

പണമയയ്ക്കാന് സി.ഡി.എം.


നാട്ടിലേക്ക് പണമയയ്ക്കാന് കുടിയേറ്റത്തൊഴിലാളികളിലേറെപ്പേരും പ്രയോജനപ്പെടുത്തുന്നത് ബാങ്കുകളിലെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളെ. ഇതിന് പ്രധാനമായും ആശ്രയിക്കുന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും. സ്വന്തം നാട്ടില് എസ്.ബി.ഐ.ക്ക് ശാഖകളുണ്ടെന്നതാണ് ഇതിനുകാരണം. മുമ്പ് ഗ്രീന് റെമിറ്റന്‌സ് കാര്ഡ് ഉപയോഗിച്ചാണ് പണമയച്ചിരുന്നത്. ഇപ്പോള് കാര്ഡില്ലാതെയും പണമയയ്ക്കാമെന്ന് എസ്.ബി.ഐ. അസി. ജനറല് മാനേജര് എന്. ഷാജി പറഞ്ഞു. കാര്ഡ് ഉപയോഗിച്ചാണെങ്കില് ഒരേ അക്കൗണ്ടിലേക്കേ പണമയയ്ക്കാനാവൂ. കാര്ഡില്ലാതെയാണെങ്കില് അതേ ബാങ്കിന്റെ ഏത് അക്കൗണ്ടിലേക്കും പണമയയ്ക്കാം.
എസ്.ബി.ഐ. കോഴിക്കോട് ശാഖയില് ദിവസം ശരാശരി 600 പേര് സി.ഡി.എം. വഴി പണമയയ്ക്കുന്നുണ്ട്. ഇതില് 90 ശതമാനവും കുടിയേറ്റത്തൊഴിലാളികളാണെന്നാണ് ബാങ്കിന്റെ കണക്ക്.

കുടിയേറ്റത്തൊഴിലാളികള് നാട്ടിലേക്ക് പണമയയ്ക്കുന്നതിനുപുറമേ നല്ലൊരു തുക ഇവിടെ ചെലവഴിക്കുകയുംചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ തട്ടുകടകള്ക്കു മുതല് ഇന്ത്യന് റെയില്വേക്കു വരെ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.


++++++++++


വരുമാനം തട്ടുകടകള്‍ക്ക് മുതല്‍ റെയില്‍വേക്ക് വരെ
തലസ്ഥാനം പെരുമ്പാവൂര്‍


ഗള്‍ഫില്‍ മലയാളികളുടെ പ്രിയ കുടിയേറ്റകേന്ദ്രം യു.എ.ഇ.യില്‍പ്പെട്ട ദുബായ് ആണെങ്കില്‍ സംസ്ഥാനത്ത് കുടിയേറ്റത്തൊഴിലാളികളുടെ
തലസ്ഥാനം പെരുമ്പാവൂരാണ്


വരുമാനം തട്ടുകടകള്‍ക്ക് മുതല്‍ റെയില്‍വേക്ക് വരെ

പെരുമ്പാവൂര്‍ മേഖലയില്‍ ഒരുദിവസം വിറ്റുപോകുന്ന പൊറോട്ടയുടെ എണ്ണം കേട്ടാല്‍ ആരും ഒന്നുഞെട്ടും. പ്രതിദിനം ശരാശരി അഞ്ചുലക്ഷം പൊറോട്ട. കുടിയേറ്റത്തൊഴിലാളികളാണ് ഈ പൊറോട്ട വിപ്ലവത്തിനുപിന്നില്‍. ഒരു പൊറോട്ടയ്ക്ക് ശരാശരി ഏഴുരൂപ കൂട്ടിയാല്‍ 35 ലക്ഷം രൂപയുടെ കച്ചവടമാണ് ഒരുദിവസം നടക്കുന്നത്. പൊറോട്ടയ്ക്ക് ഇവര്‍ക്ക് കറിയായിവേണ്ടത് സാമ്പാറാണ്. ചോറിനും ഇഡ്ഡലിക്കുമൊക്കെയൊപ്പം ഒഴിച്ചുകൊടുക്കുന്ന സാമ്പാര്‍ 'ഭായി'ക്ക് പക്ഷേ, വെറുതെ ലഭിക്കില്ല. ഒരു ഗ്ലാസ് സാമ്പാറിന് പത്തുരൂപ നല്‍കണം. കുടിയേറ്റത്തൊഴിലാളികള്‍ക്ക് മലയാളികള്‍ സ്‌നേഹപൂര്‍വം നല്‍കിയ വിളിപ്പേരാണ് 'ഭായ്'.

ചപ്പാത്തിയും പരിപ്പും ഉരുളക്കിഴങ്ങും ഉള്ളിയും കഴിച്ചിരുന്ന ഭായിമാരെ ഇന്ന് പൊറോട്ടയുടെ ആരാധകരാക്കിമാറ്റിയതും സാമ്പാറിനുവരെ വിലയീടാക്കുന്നതും മലയാളിയുടെ കച്ചവടമിടുക്ക്. കഴിച്ചാല്‍ മണിക്കൂറുകളോളം വിശപ്പറിയില്ലെന്നതാണ് ഇവരെ പൊറോട്ടപ്രേമികളാക്കിയത്. ദിവസം മൂന്നുനേരമായി 30 പൊറോട്ടവരെ കഴിക്കുന്ന തൊഴിലാളികളുണ്ട്. പൊറോട്ടയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ മലയാളി പതിയെ ഇതില്‍നിന്ന് പിന്മാറുമ്പോഴാണ് ഭായിമാര്‍ ഇതിന്റെ ആരാധകരായതെന്നത് വൈരുധ്യം. കൈകൊണ്ട് മാത്രം പരത്തി ചുട്ടാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും പൊറോട്ട ഉണ്ടാക്കാനാവില്ല. ഇതിന് പരിഹാരമായി ചപ്പാത്തിക്കെന്നപോലെ പൊറോട്ട നിര്‍മിക്കാനും യന്ത്രമെത്തി. പെരുമ്പാവൂര്‍ ടൗണില്‍ മാത്രം ഇത്തരം നാല് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സാമ്പത്തികമേഖലയ്ക്ക് കുടിയേറ്റത്താങ്ങ്

ഗള്‍ഫില്‍ മലയാളികളുടെ പ്രിയ കുടിയേറ്റകേന്ദ്രം യു.എ.ഇ.യില്‍പ്പെട്ട ദുബായ് ആണെങ്കില്‍ സംസ്ഥാനത്ത് കുടിയേറ്റത്തൊഴിലാളികളുടെ തലസ്ഥാനം പെരുമ്പാവൂരാണ്. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം ഒന്നരലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ദിവസം അഞ്ഞൂറോളം പേര്‍ പുതുതായി എത്തുന്നുമുണ്ട്. മരംമുറിക്കുന്നതിന് നിയന്ത്രണം വന്നതോടെ തടിവ്യവസായം തകരുകയും 13 വര്‍ഷം മുമ്പ് ട്രാവന്‍കൂര്‍ റയോണ്‍സ് പൂട്ടുകയും ചെയ്തതോടെ തകര്‍ന്നടിഞ്ഞ പെരുമ്പാവൂരിന്റെ സമ്പദ്ഘടനയെ ഇന്ന് പിടിച്ചുനിര്‍ത്തുന്നത് കുടിയേറ്റത്തൊഴിലാളികളാണ്.

ഒരുകാലത്ത് കല്ലായി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ തടിവ്യവസായ കേന്ദ്രമായിരുന്നു പെരുമ്പാവൂര്‍. പ്രതാപകാലത്ത് 1500ഓളം തടിമില്ലുകള്‍ ഇവിടെയുണ്ടായിരുന്നു. തടിവ്യവസായം തകര്‍ന്നതോടെ ഇവയെല്ലാം പ്ലൈവുഡ് കമ്പനികളായിമാറി. സോമില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള 1300 പ്ലൈവുഡ് ഫാക്ടറികള്‍ ഇവിടെയുണ്ട്. അംഗത്വമില്ലാത്തവ ഇതിന് പുറമേയാണ്. ഈ പ്ലൈവുഡ് ഫാക്ടറിയിലെ പണിക്കാരായാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികള്‍ ആദ്യമായി പെരുമ്പാവൂരിലെത്തിയത്. പിന്നീട് കായികാധ്വാനം ആവശ്യമുള്ള എല്ലാ മേഖലകളിലേക്കും പടര്‍ന്നുകയറിയ അവര്‍ക്കിന്ന് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാനപങ്കുണ്ട്.

വിപണിയിലൊഴുകുന്നത് കോടികള്‍

കുടിയേറ്റത്തൊഴിലാളികള്‍ സമ്പാദിക്കുന്ന തുകയുടെ 60 മുതല്‍ 70 ശതമാനം വരെ ഇവിടെത്തന്നെ ചെലവഴിക്കുന്നുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതേപോലെ 30 മുതല്‍ 40 ശതമാനം വരെ തുക സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നുമുണ്ട്. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പഠനമനുസരിച്ച് കുടിയേറ്റത്തൊഴിലാളികള്‍ വര്‍ഷം 17,500 കോടി രൂപയാണ് നാട്ടിലേക്കയയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇവര്‍ ശരാശരി 32,500 കോടി രൂപയോളം ഇവിടെ ചെലവഴിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ ഇതിന്റെ സ്വാധീനമെത്രയെന്ന് ഊഹിക്കുക.

മുറുക്കാന്‍കട മുതല്‍ പലചരക്ക് കടവരെയും പാനിപൂരി ബങ്ക് മുതല്‍ ബാര്‍ ഹോട്ടലുകള്‍ വരെയും വഴിയോരവിപണിമുതല്‍ തുണിക്കടകള്‍ വരെയും മൊബൈല്‍ റീച്ചാര്‍ജിങ് മുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഷോപ്പുകള്‍ വരെയും കുടിയേറ്റത്തൊഴിലാളികളുടെ സ്വാധീനം പ്രകടമാണ്. ഇവര്‍ക്ക് താമസസൗകര്യം നല്‍കുന്നത് വഴിയും നാട്ടുകാര്‍ നല്ല വരുമാനമുണ്ടാക്കുന്നുണ്ട്. ഇവിടെ കടകളില്‍നിന്ന് പണിപഠിച്ചവര്‍ നാട്ടുകാരില്‍നിന്ന് കടകള്‍ ദിവസവാടകയ്‌ക്കെടുത്തുനടത്തുന്ന പ്രവണതയും അടുത്തകാലത്തായി തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡുകളില്‍ പാട്ടും വീഡിയോ ക്ലിപ്പിങ്ങുകളും നിറച്ചുനല്‍കുന്ന കടകളാണിങ്ങനെ ഇവര്‍ ഏറ്റെടുത്ത് നടത്തുന്നത്. അതേപോലെ വഴിയോരവാണിഭത്തിലും കുടിയേറ്റക്കാര്‍ സക്രിയമാണ്.

കുടിയേറ്റത്തൊഴിലാളികളുടെ സാന്നിധ്യം വ്യാപാരമേഖലയ്ക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്ന് വ്യാപാരിവ്യസായി ഏകോപനസമിതി എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവും പെരുമ്പാവൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ സി.കെ. അബ്ദുള്ള പറഞ്ഞു. ''വ്യാപാരസ്ഥാപനങ്ങളില്‍ നിരവധി കുടിയേറ്റത്തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങളും തുണിയും പലചരക്ക് സാധനങ്ങളുമൊക്കെ കൂടുതല്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വഴിയോരവിപണിയില്‍നിന്ന് സാധങ്ങള്‍ വാങ്ങാനാണ് ഇവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. അവിടെ വിലയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ഇവര്‍ വഞ്ചിക്കപ്പെടും. ഗുണമേന്മനോക്കാതെ കാഴ്ചയ്ക്കുള്ള പകിട്ടുമാത്രം വിലയിരുത്തിയാണ് പലരും സാധങ്ങള്‍ വാങ്ങുന്നത്. വഴിയോരവാണിഭം ശക്തിപ്പെടുമ്പോള്‍ നികുതിയടച്ച് നിയമപ്രകാരം കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്'' അദ്ദേഹം അഭിപ്രായപ്പെട്ടു.

പലചരക്ക് കടകളില്‍ പരിപ്പിനും ഉരുളക്കിഴങ്ങിനും പുറമേ കടുകെണ്ണയും സോയച്ചണ്ടിയുമെല്ലാം ഇപ്പോള്‍ സുലഭം. പാന്‍പൂരി, ഭേല്‍പൂരി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും നല്ല വരുമാനമുണ്ട്. ഭായിമാര്‍ക്ക് വാടകയ്ക്ക് താമസസൗകര്യമൊരുക്കിയും നാട്ടുകാര്‍ നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊന്നും ലഭ്യമാക്കാതെയാണ് ഈ വാടകപ്പരിപാടി. 200 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുറിയില്‍ പത്തും ഇരുപതും പേരെ വരെ താമസിപ്പിക്കുന്നുണ്ട്. സ്ഥലസൗകര്യമില്ലെങ്കിലും വാടകയ്ക്ക് കുറവില്ല. രാത്രി പത്തുരൂപ വാടകനല്‍കി കിടക്കാന്‍ മാത്രം സ്ഥലംനല്‍കുന്ന കേന്ദ്രങ്ങളുമുണ്ട്. പെരുമ്പാവൂര്‍ കാളച്ചന്തയ്ക്ക് സമീപം കോഓപ്പറേറ്റീവ് കോളേജ് പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ കെട്ടിടം വാടകയ്‌ക്കെടുത്ത സ്വകാര്യവ്യക്തി ഇത്തരമൊരു കേന്ദ്രം നടത്തുന്നുണ്ട്. വൈകിട്ട് പണികഴിഞ്ഞ് വന്നാല്‍ പത്തുരൂപ നല്‍കി കയറിക്കിടക്കാം. രാവിലെ സ്ഥലംകാലിയാക്കിക്കൊള്ളണം.

പി.പി. റോഡിലെ ഭായ് ബസാര്‍

പെരുമ്പാവൂര്‍പുത്തന്‍കുരിശ് റോഡില്‍ ഞായറാഴ്ചയെത്തിയാല്‍ ഏതെങ്കിലും ഉത്തരേന്ത്യന്‍ തെരുവിലെത്തിയ പ്രതീതിയാവും. റോഡിനിരുവശവും വഴിവാണിഭക്കാര്‍ കൈയടക്കിയിട്ടുണ്ടാവും. നോക്കുന്നിടത്തെല്ലാം ബംഗാളികളും അസംകാരും ബിഹാറികളും ഒഡിഷക്കാരും. ബോര്‍ഡുകളില്‍ പേരിനുപോലും മലയാളമുണ്ടാവില്ല. എല്ലാം ഹിന്ദി, ഒറിയ, അസമീസ് തുടങ്ങിയ ഭാഷകളില്‍. വിളിച്ചുപറഞ്ഞ് വില്‍പ്പനയും വിലപേശലുമെല്ലാം തകര്‍ക്കും. സ്ഥലത്തിന്റെ മുഖച്ഛായതന്നെ മാറിയിട്ടുണ്ടാവും. ജീന്‍സും ടിഷര്‍ട്ടും ബര്‍മുഡയുമുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സി.ഡി.കള്‍, ടോര്‍ച്ച്, സ്റ്റീരിയോസെറ്റുകള്‍, കൂളിങ് ഗ്ലാസ്, ചെരിപ്പ്, ഷൂ, ഹെഡ് ഫോണ്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങി ഇവിടെ കിട്ടാത്തതൊന്നുമില്ല. കച്ചവടക്കാരായി മുന്നൂറിലധികം പേരുണ്ടാവും. ഇതാണ് പെരുമ്പാവൂരിലെ ഭായ് ബസാര്‍.

ഭായ് ബസാറില്‍നിന്ന് സാധങ്ങള്‍ വാങ്ങാന്‍ അയല്‍പ്രദേശങ്ങളില്‍നിന്നുവരെ കുടിയേറ്റത്തൊഴിലാളികള്‍ ഇവിടെയെത്തും. നാട്ടുകാര്‍ ഈ ദിവസം ഇവിടേക്ക് വരാറുതന്നെയില്ല. ഇവിടെ മറ്റ് കടകളുള്ള ഗാന്ധി ബസാര്‍ എന്നൊരു ഷോപ്പിങ് കോംപ്ലക്‌സുണ്ട്. ഞായറാഴ്ച ഇവിടെ മറ്റുകടകള്‍ തുറക്കാറില്ല. ഭായ് ബസാറില്‍ കച്ചവടത്തിനെത്തുന്നവര്‍ക്ക് ഷോപ്പുകളുടെ വരാന്ത വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഓരോ ഞായറാഴ്ചയും ലക്ഷങ്ങളുടെ കച്ചവടമാണ് ഭായ് ബസാറില്‍ നടക്കുന്നത്. സി.കെ. അബ്ദുള്ളയെപ്പോലുള്ള വ്യാപാരസംഘടനാ നേതാക്കളുടെ ആശങ്കയ്ക്ക് കാരണവും ഇതുതന്നെ.

മൊബൈല്‍ മാനിയ

ഊണിലും ഉറക്കത്തിലും കുടിയേറ്റത്തൊഴിലാളികളുടെ കൈവശം മൊബൈല്‍ ഫോണുണ്ടാവും. പണിയെടുക്കുമ്പോഴും ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിയിരിക്കും. പാട്ട് കേട്ടുകൊണ്ടാണ് പണിയെടുപ്പും ഭക്ഷണംകഴിപ്പുമെല്ലാം. വീട്ടുകാരെയും കൂട്ടുകാരെയും വിളിക്കുന്നതിലുപരി പാട്ടുകേള്‍ക്കാനും വീഡിയോ കാണാനുമാണ് മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഓരോ ആഴ്ചയും ലക്ഷങ്ങളുടെ ബിസിനസാണ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ നടക്കുന്നത്. കുടിയേറ്റത്തൊഴിലാളികളുടെ വരുമാനത്തിന്റെ നല്ലൊരുപങ്കും ചോര്‍ത്തുന്നത് ഈ മൊബൈല്‍ മാനിയ തന്നെ. പെരുമ്പാവൂര്‍ ടൗണില്‍ മാത്രം ചെറുതും വലുതുമായി മുന്നൂറോളം മൊബൈല്‍ ഫോണ്‍ കടകളുണ്ട്. ഞായറാഴ്ചകളില്‍ ഇവിടെമാത്രം നാന്നൂറോളം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്.

ഇഷ്ടംതോന്നുന്ന ഫോണ്‍ എന്ത് വിലകൊടുത്തും ഭായിമാര്‍ വാങ്ങും. വാങ്ങി ദിവസങ്ങള്‍പോലും കഴിഞ്ഞിട്ടില്ലെങ്കിലും ഇഷ്ടം മാറിയാല്‍ ഇത് തിരികെനല്‍കി പുതിയതെടുക്കും. ലാഭം കച്ചവടക്കാര്‍ക്ക്. ഫോണ്‍ റീച്ചാര്‍ജ് ചെയ്തുനല്‍കുന്നതും പാട്ടും വീഡിയോയും കയറ്റിക്കൊടുക്കുന്നതുമാണ് മറ്റൊരു പ്രധാന ബിസിനസ്. ആവശ്യപ്പെടുന്ന ഒറിയ, അസമീസ്, ബിഹാറി പാട്ടുകള്‍ മെമ്മറി കാര്‍ഡില്‍ നിറച്ചുകൊടുക്കാന്‍ നാട്ടുകാരനായ കടയുടമയ്ക്കറിയാത്തതിനാല്‍ മിക്ക കടകളോടും ചേര്‍ന്ന് ഒരു ഭായിയെ കസേരയും കമ്പ്യൂട്ടറും നല്‍കി ഇരുത്തിയിട്ടുണ്ടാവും. സ്വന്തം ഭാഷയിലുള്ള സിനിമയും വീഡിയോ ക്ലിപ്പിങ്ങുകളും തേടിവരുന്നവരുമുണ്ട്. പാട്ടും വീഡിയോ ക്ലിപ്പിങ്ങും കയറ്റിനല്‍കുന്നതിന് 25 രൂപ മുതല്‍ മുകളിലേക്കാണ് നിരക്ക്. താത്പര്യമുള്ളവര്‍ക്ക് ചൂടന്‍ വീഡിയോകളും കിട്ടും. തുക കൂടുതല്‍ നല്‍കണമെന്നുമാത്രം.

ഹരമായി ബംഗാളി ഗാനമേള

ജൂണ്‍ ആദ്യം പെരുമ്പാവൂരിനടുത്ത് വെങ്ങോല കമ്യൂണിറ്റി ഹാളില്‍ ഒരു ഗാനമേള നടന്നു. ഗായകര്‍ ബംഗാളില്‍നിന്നെത്തിയവരാണ്. പാടിയത് ബംഗാളി, ഒറിയ ഹിറ്റ് ഗാനങ്ങള്‍. ടിക്കറ്റ് വെച്ചായിരുന്നു പരിപാടിയെങ്കിലും ആസ്വാദകര്‍ക്ക് കുറവുണ്ടായില്ല. കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടമായെത്തി. മലയാളി ഗായകരുടെയും സിനിമാതാരങ്ങളുടെയും ഗള്‍ഫ് പരിപാടികള്‍ പോലെ കുടിയേറ്റത്തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നടന്ന ആദ്യ കലാപരിപാടികളിലൊന്നായി ഇതിനെ കണക്കാക്കാം. ഇവര്‍ക്കായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ഈ പരിപാടിയുടെ വിജയമെന്ന് കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കെ.ഇ. നൗഷാദ് പറയുന്നു.

സംസ്ഥാനത്തെ പല സി ക്ലാസ് തിയേറ്ററുകളെ നിലനിര്‍ത്തുന്നതും കുടിയേറ്റത്തൊഴിലാളികളാണ്. ഈ തിയേറ്ററുകളില്‍ ഇവര്‍ക്കായി ഒറിയ, ബംഗാളി സിനിമകളും പ്രദര്‍ശിപ്പിക്കാറുണ്ട്. വളപട്ടണത്തെ വനജ, പെരുമ്പാവൂരിലെ ലക്കി തുടങ്ങിയ തിയേറ്ററുകള്‍ ഉദാഹരണം.

++++++++++

കരുതല്‍ ഉണ്ടായിരിക്കണം


എന്തെങ്കിലും കാരണത്താല്‍ കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനംവിടുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന് അത് താങ്ങാനാവില്ല


2012ലെ ഓണം സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികള്‍ക്ക് എന്നും ഓര്‍മിക്കത്തക്കതായിരുന്നു. മുഴുവന്‍ കുടിയേറ്റത്തൊഴിലാളികള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി ഓണക്കിറ്റ് നല്‍കി. അരിയും പലവ്യഞ്ജനവും പായസത്തിനുള്ള സാധനങ്ങളുമെല്ലാമടങ്ങുന്ന കിറ്റ് തൊഴില്‍വകുപ്പ് മുഖേനയാണ് വിതരണം ചെയ്തത്. കിംവദന്തികളെത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ തൊഴിലാളികളും ജോലിക്കാരും വിദ്യാര്‍ഥികളുമെല്ലാം പലായനംചെയ്തതാണ് സര്‍ക്കാറിനെ ഇതിന് പ്രേരിപ്പിച്ചത്.

ബെംഗളൂരുവിനെ നിശ്ചലമാക്കിയ പലായനം

2012 ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ബെംഗളൂരുവില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ ആളുകള്‍ നടത്തിയ കൂട്ടപ്പലായനം ടെക് നഗരത്തെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കി. തൊഴില്‍സ്ഥലങ്ങളും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിട്ട് ആയിരങ്ങളാണ് ഓടിരക്ഷപ്പെട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ ചിലര്‍ക്കെതിരെ നഗരത്തില്‍ ഒറ്റപ്പെട്ട അക്രമം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപകഅക്രമത്തിന് സാധ്യതയുണ്ടെന്ന് കിംവദന്തി പ്രചരിച്ചതിനെത്തുടര്‍ന്നായിരുന്നു പലായനം.

കേരളം താങ്ങില്ല

എന്തെങ്കിലും കാരണത്താല്‍ കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനംവിടുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന് അത് താങ്ങാനാവില്ല. സംസ്ഥാനത്തെ നിര്‍മാണമേഖലയും സേവന മേഖലയുമെല്ലാം ഇവരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് സാമൂഹികശാസ്ത്രവിദഗ്ധരുടെ അഭിപ്രായം. കുടിയേറ്റത്തൊഴിലാളികളും പ്രാദേശികസമൂഹവും സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ കഴിയേണ്ടത് ആവശ്യമാണെന്ന് തൃശ്ശൂരിലും ഇപ്പോള്‍ കണ്ണൂരിലും ജില്ലാ ലേബര്‍ ഓഫീസറായ (എന്‍ഫോഴ്‌സ്‌മെന്റ്) സുനില്‍ തോംസണ്‍ പറഞ്ഞു.
കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെയെടുക്കണമെന്ന് സംസ്ഥാന ധനകാര്യകമ്മിഷന്‍ ചെയര്‍മാനും പ്രമുഖ സാമ്പത്തികവിദഗ്ധനുമായ പ്രൊഫ. ബി.എ. പ്രകാശ് പറഞ്ഞു.

സ്വന്തം നാട്ടിലും ചൂഷണം

നമ്മുടെ നാട്ടില്‍ ആധാര്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്ത ആരുമില്ലെന്ന് പറയാം. എന്നാല്‍, കുടിയേറ്റത്തൊഴിലാളികളുടെ കാര്യത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ ഉള്ളവര്‍ നന്നേ കുറവാണ്. ഇവിടേക്ക് ജോലിക്കുവരുമ്പോള്‍ പഞ്ചായത്തില്‍നിന്നോ വില്ലേജില്‍നിന്നോ ഫോട്ടോ പതിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങുകയാണ് പലരും ചെയ്യുന്നത്. ഇത് ലഭിക്കാന്‍ ഇടനിലക്കാര്‍ക്ക് പണം നല്‍കേണ്ടിവരും. ചിലര്‍ ഇതുമില്ലാതെയാണ് ഇവിടെയെത്തുന്നത്. പണി ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാണെന്ന് വരുമ്പോള്‍ ഇവര്‍ അതിനായി ശ്രമിക്കും. ഇത് ലഭ്യമാക്കാനും ഏജന്റുമാരുണ്ട്. സ്വന്തം നാട്ടില്‍നിന്ന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചുകൊടുക്കാന്‍ ഇവര്‍ നല്ലൊരു തുക കൈവശപ്പെടുത്തുമെന്ന് മാത്രം.
ബംഗാളില്‍നിന്നും മറ്റുമുള്ള മൂന്നാംലിംഗക്കാരും കുടിയേറ്റത്തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ താവളമുറപ്പിച്ചിട്ടുണ്ട്. പിങ്കി, മോഹിനി തുടങ്ങിയവരുള്‍പ്പെട്ട സംഘം ആലുവയില്‍ വീട് വാടകയ്‌ക്കെടുത്താണ് താമസം. ഗുവാഹാട്ടിക്കുള്ള വണ്ടികളില്‍ എറണാകുളത്തുനിന്ന് കയറുന്ന ഇവര്‍ പാലക്കാടുവരെ പോയി മടങ്ങും. ഇതിനിടയില്‍ ഭായിമാരില്‍നിന്ന് പണം പിരിക്കുകയും ചെയ്യും.

രോഗങ്ങള്‍, കുറ്റകൃത്യങ്ങള്‍

സംസ്ഥാനത്തുനിന്ന് നിര്‍മാര്‍ജനംചെയ്ത രോഗങ്ങള്‍ കുടിയേറ്റത്തൊഴിലാളികള്‍ വഴി ഇവിടെയെത്തിയാലും അവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാലും അതിന്റെ സാമ്പത്തിക, സാമൂഹിക ബാധ്യത അവസാനം വന്നുചേരുന്നത് സംസ്ഥാന സര്‍ക്കാറിലാണ്. മന്ത്, ജപ്പാന്‍ജ്വരം, മലമ്പനി, പോളിയോ, കരിമ്പനി തുടങ്ങിയ രോഗങ്ങളാണ് ഇവര്‍വഴി ഇവിടെയെത്തുന്നത്. എണ്ണത്തില്‍ വളരെ കുറവാണെങ്കിലും എച്ച്.ഐ.വി., എയ്ഡ്‌സ് ബാധിതരുമുണ്ട്. അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രം 2013ല്‍ നടത്തിയ മന്തുരോഗ നിര്‍ണയ ക്യാമ്പില്‍ 19 പേര്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ഇതില്‍ 17 പേരും ഇതരസംസ്ഥാനത്തൊഴിലാളികളായിരുന്നു.
കേരളത്തിന് അന്യമായ പല രോഗങ്ങളും കുടിയേറ്റത്തൊഴിലാളികളില്‍ കാണുന്നുണ്ടന്ന് രാജഗിരി ഔട്ട്‌റീച്ച് സുരക്ഷാ മൈഗ്രന്റ് പ്രോജക്ട് മാനേജര്‍ അഡ്വ. സപ്ന രാജ് പറഞ്ഞു.

കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ കാര്യത്തിലും സര്‍ക്കാറിന്റെ ഉത്തരവാദിത്വമേറെയാണ്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള ബാധ്യത ഒരു വശത്ത്. ഇരകളെ രക്ഷിക്കേണ്ട ബാധ്യത മറുവശത്ത്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് വിദൂര സംസ്ഥാനങ്ങളില്‍നിന്നുള്ളവരായതിനാല്‍ കേസന്വേഷണത്തിന് ചെലവേറും. കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ ഇവരെ കണ്ടെത്താനും പ്രയാസമാകും. കുടിയേറ്റത്തൊഴിലാളികളുടെ അംഗസംഖ്യ കൂടുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ നിരക്കും കൂടിവരുന്നുണ്ട്. സ്വന്തംനാട്ടില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയശേഷം ഇവിടെയുള്ള തൊഴില്‍കേന്ദ്രങ്ങള്‍ ഒളിയിടങ്ങളാക്കുന്നവരുമുണ്ട്. തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും രജിസ്‌ട്രേഷനും കാര്യക്ഷമമായ നടപടികളില്ലാത്തതും പ്രശ്‌നമാണ്.

നിരക്ഷരത പ്രശ്‌നം

കുടിയേറ്റത്തൊഴിലാളികളുടെ സംസ്ഥാനത്തേക്കുള്ള വരവിന് കേരളത്തില്‍നിന്നുള്ള ഗള്‍ഫ് കുടിയേറ്റവുമായി സാമ്യമുണ്ടെങ്കിലും ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗള്‍ഫില്‍ നിന്നൊഴുകിയ പണം കേരളത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സംസ്ഥാനത്ത് നിലനിന്നിരുന്ന ഉയര്‍ന്ന സാക്ഷരതാനിരക്കാണ് ഇതിനു ചാലകശക്തിയായത്. കുടിയേറ്റത്തൊഴിലാളികള്‍ ഇവിടെനിന്ന് സ്വന്തം നാട്ടിലേക്കു പണമയയ്ക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥ കാരണം ഇത് സാമൂഹികോന്നമനത്തിനു പ്രയോജനപ്പെടുന്നില്ല. അഡ്വ. സപ്നയും ഇത് ശരിവെക്കുന്നു.
കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാന്‍ എസ്.എസ്.എ.യിലുള്‍പ്പെടുത്തി പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്തും കാക്കനാട്ടും പ്രത്യേക സ്‌കൂളുകള്‍ തുടങ്ങിയിരുന്നു. പെരുമ്പാവൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പാലക്കാട്ടുതാഴത്ത് തുടങ്ങിയ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ബംഗാളില്‍നിന്ന് അധ്യാപികയെയും ഏര്‍പ്പെടുത്തി. 27 കുട്ടികളാണിവിടെയുണ്ടായിരുന്നതെന്ന് ഇതിന് മുന്‍കൈയെടുത്ത സാമൂഹികപ്രവര്‍ത്തകന്‍ ടി.കെ. അനില്‍ പറഞ്ഞു. സ്‌കൂള്‍ ഒന്നരവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ശമ്പളം നല്‍കാന്‍ എസ്.എസ്.എ.യ്ക്കു ഫണ്ടില്ലാഞ്ഞതിനാല്‍ അധ്യാപികയുടെ വേതനം മുടങ്ങി. ഇതോടെ അവര്‍ നാട്ടിലേക്ക് മടങ്ങി; സ്‌കൂളിന്റെ പ്രവര്‍ത്തനവും നിലച്ചു.

വേണം സമഗ്രസമീപനം

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് കുടിയേറ്റത്തൊഴിലാളി നല്‍കുന്ന സംഭാവനയുമായി തട്ടിച്ചുനോക്കിയാല്‍ നമ്മള്‍ അവര്‍ക്കായി ചെയ്യുന്നത് തുലോം കുറവാണെന്നു കാണാം. കുടിയേറ്റത്തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ചെയ്യാന്‍ സൗകര്യമൊരുക്കുക, മെച്ചപ്പെട്ട താമസ, ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക, ആരോഗ്യ, സാമൂഹിക സുരക്ഷാപദ്ധതികള്‍ നടപ്പാക്കുക, തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനറിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തിരുന്നു. രജിസ്‌ട്രേഷനൊപ്പം ഓരോ തൊഴിലാളിക്കും പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ നല്‍കണം. ബംഗാളി, ഒറിയ, അസമീസ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു. ഇതൊന്നും പക്ഷേ, നടപ്പായിട്ടില്ലെന്നു മാത്രം. കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങളും തീവണ്ടിസമയവുമൊക്കെ ഉള്‍പ്പെടുത്തി ഹിന്ദിയിലുള്‍പ്പെടെ വിവിധ ഭാഷകളില്‍ അച്ചടിച്ച ലഘുലേഖകള്‍ തൊഴില്‍വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഭാഷയാണ് കുടിയേറ്റത്തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. അവരുടെ ഭാഷ നമുക്കുമറിയില്ല, നമ്മുടെഭാഷ അവര്‍ക്കുമറിയില്ല. പോലീസും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. ഹിന്ദിപോലും പലര്‍ക്കുമറിയില്ല. കുടിയേറ്റത്തൊഴിലാളികളുടെ ബാഹുല്യമുള്ള സ്ഥലങ്ങളിലെങ്കിലും ഇവരുടെ ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പ്രയോജനപ്പെടും. തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ നടപടിയെടുക്കുന്നതും ഫലപ്രദമാണ്. തുടര്‍വിദ്യാഭ്യാസപദ്ധതിയും മറ്റും ഇതിനായി പ്രയോജനപ്പെടുത്താം. കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്ന സാഹചര്യത്തില്‍ സമഗ്രമായ കുടിയേറ്റത്തൊഴിലാളിനയത്തെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

വീട്ടിലേക്ക് സോപ്പും വെളിച്ചെണ്ണയും

ആറുമാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ ഉള്ള കുടിയേറ്റത്തൊഴിലാളിയുടെ നാട്ടില്‍പ്പോക്കും വ്യാപാരികള്‍ക്ക് കൊയ്ത്താണ്. ഗള്‍ഫില്‍നിന്ന്് മലയാളിയുടെ നാട്ടില്‍പ്പോക്കിനോട് സാമ്യമുള്ളതാണ് ഇവരുടെ നാട്ടില്‍പ്പോക്കും. സോപ്പും പേസ്റ്റും പെര്‍ഫ്യൂമുകളും സൗന്ദര്യവര്‍ധക വസ്തുക്കളുമെല്ലാം ഇവര്‍ വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. വെളിച്ചെണ്ണ ലിറ്റര്‍ കണക്കിന് കന്നാസുകളില്‍ നിറച്ചാണ് കൊണ്ടുപോകുന്നത്. കടുകെണ്ണ കഴിച്ച് മടുത്ത കുടിയേറ്റത്തൊഴിലാളിക്ക് വെളിച്ചെണ്ണ നന്നേ പിടിച്ചതിന്റെ ലക്ഷണം. തുണികളും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുമെല്ലാം വാങ്ങുന്നത് ഇതിനുപുറമേയാണ്. തുടക്കത്തില്‍ കുടിയേറ്റത്തൊഴിലാളികള്‍ ഇരുമ്പുപെട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇത് വലിയ ട്രോളിബാഗുകള്‍ക്കും സ്യൂട്ട്‌കേസുകള്‍ക്കും വഴിമാറി. മുമ്പ് ഇരുമ്പുപെട്ടി തേടിയെത്തിയിരുന്ന തൊഴിലാളികള്‍ ഇപ്പോള്‍ ബാഗുകളും സ്യൂട്ട്‌കേസുകളും അന്വേഷിച്ചാണെത്തുന്നത്.

നാടുകാണല്‍ ഓട്ടോയില്‍

കുടിയേറ്റത്തൊഴിലാളികളില്‍ ഒരു വിഭാഗമെങ്കിലും ചെറിയ ഉല്ലാസയാത്രകള്‍ക്കും സമയം കണ്ടെത്തുന്നുണ്ട്. പെരുമ്പാവൂരില്‍നിന്നുള്ളവരാണിതില്‍ മുന്നില്‍. ഓട്ടോറിക്ഷയാണ് ഇഷ്ടവാഹനം. അഞ്ചോ ആറോ പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷ ഒരുദിവസത്തേക്ക് വാടകയ്‌ക്കെടുക്കും. ഉയര്‍ന്നശബ്ദത്തില്‍ പാട്ടുവെക്കാന്‍ സൗകര്യമുള്ള ഓട്ടോകളോടാണ് താത്പര്യം. അടിമാലിയിലേക്കും മൂന്നാറിലേക്കും മട്ടാഞ്ചേരിയിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും മറ്റുമാവും യാത്ര. ചെലവാകുന്ന തുക പങ്കിട്ട് വഹിക്കും. കുടിയേറ്റത്തൊഴിലാളികളുടെ താത്പര്യം കണക്കിലെടുത്ത് സ്റ്റീരിയോ സംവിധാനവും മറ്റും ഘടിപ്പിച്ച് ഓട്ടോറിക്ഷകളും കോലംമാറി.

പുകയില ലഹരി

പുകയില ഉത്പന്നങ്ങളോടുള്ള ഭ്രമവും കുടിയേറ്റത്തൊഴിലാളികളുടെ കീശചോര്‍ത്തുന്നുണ്ട്. കുട്ടികളും സ്ത്രീകളും വരെ ഇത് ഉപയോഗിക്കുന്നു. പുകയില സംസ്ഥാനത്ത് നിരോധിച്ചിട്ടില്ലെങ്കിലും ഇവര്‍ ഉപയോഗിക്കുന്ന പല പുകയില ഉത്പന്നങ്ങള്‍ക്കും ഇവിടെ നിരോധനമുണ്ട്. എന്നാല്‍, സംസ്ഥാനത്തെവിടെയും രഹസ്യമായി ഇവ ലഭിക്കും. പക്ഷേ, വിപണിവിലയുടെ പലമടങ്ങ് നല്‍കേണ്ടിവരുമെന്നുമാത്രം. പെരുമ്പാവൂര്‍ പോലുള്ള സ്ഥലങ്ങളില്‍ പരസ്യവില്‍പ്പനയുമുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തുകാരില്‍ നാട്ടുകാര്‍ മാത്രമല്ല ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പച്ചക്കറി ലോഡുകളുടെയും മറ്റും കൂടെ ഒന്നോ രണ്ടോ ചാക്ക് പുകയില ഉത്പന്നങ്ങളുമുണ്ടാവും. വലിപ്പം കൂടിയ ബംഗാള്‍ ബീഡികളും ഇന്ന് കേരളത്തിലെ തെരുവുകളില്‍ പതിവുകാഴ്ചയാണ്.

ഷാപ്പുകളിലും ഭായിമാരുടെ തിരക്ക്

വിദേശമദ്യത്തിന്റെ സുഗമമായ ലഭ്യതയോടെ സ്വദേശി കുടിയന്മാര്‍ ഒരുപരിധിവരെ ഉപേക്ഷിച്ച കള്ളുഷാപ്പുകളിലും ഇന്ന് ഭായിമാരുടെ തിരക്കാണ്. പല ഷാപ്പുകളിലെയും പ്രധാന ഇടപാടുകാരും ഇവര്‍തന്നെ. പൂട്ടുന്നതുവരെ ബാറുകളിലും ഇവര്‍ തിക്കിത്തിരക്കിയിരുന്നു. പെരുമ്പാവൂര്‍ ടൗണില്‍ ഒമ്പത് ബാറുകളാണ് ഉണ്ടായിരുന്നത്. പൂട്ടുന്നതുവരെ ഒമ്പതെണ്ണത്തിലും നിറയെ ആളായിരുന്നു. ഞായറാഴ്ചകളില്‍ ബാറുകളില്‍ ഭായിമാര്‍ മാത്രമായിരുന്നു ഇടപാടുകാര്‍. പ്രദേശവാസികള്‍ അങ്ങോട്ട് പോകാറേയില്ല. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ ക്യൂനില്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കുറവില്ല. എന്നാല്‍, കള്ളിനേക്കാള്‍ കറി കഴിക്കാനാണ് ഭായിമാര്‍ ഷാപ്പിലെത്തുന്നതെന്ന് പെരുമ്പാവൂരിലെ ഷാപ്പ് കരാറുകാരനായ ജെമി നെടുങ്കണ്ടത്തില്‍ പറഞ്ഞു.

വളരുന്ന സമാന്തര സമ്പദ്‌വ്യവസ്ഥ

കുടിയേറ്റത്തൊഴിലാളിയുടെ വരവിനൊപ്പം ഒരു സമാന്തര സമ്പദ്‌വ്യവസ്ഥയും ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ഭൂരിഭാഗം പേരും ബാങ്കുകള്‍ വഴിയാണ് പണമയയ്ക്കുന്നതെങ്കിലും ചിലര്‍ ഹവാല ഇടപാടുകാരെ ആശ്രയിക്കുന്നുണ്ട്. ഇവിടെ പണവും നിശ്ചിതശതമാനം കമ്മിഷനും ഹവാല ഏജന്റിന് നല്‍കിയാല്‍ നാട്ടില്‍ നിര്‍ദേശിക്കുന്നയാള്‍ക്ക് പണം കൈമാറും. പുകയില ഉത്പന്നങ്ങളുടെയും മയക്കുമരുന്നകളുടെയും കടത്തുവഴിയും ദിവസേന ലക്ഷങ്ങളാണ് മറിയുന്നത്. പോലീസിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ ഇതിന്റെ വ്യാപ്തിയെക്കുറിച്ച് ഒരു ധാരണയുമില്ല. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ കള്ളക്കടത്തായി കൊണ്ടുവരുന്നതിനാല്‍ സര്‍ക്കാറിന് നികുതിയിനത്തില്‍ വന്‍തുകയാണ് നഷ്ടപ്പെടുന്നത്.
കുടിയേറ്റത്തൊഴിലാളികളുടെ വരവോടെ സംസ്ഥാനത്ത് കഞ്ചാവിന്റെയും മറ്റ് പുതുതലമുറ മയക്കുമരുന്നുകളുടെയും ലഭ്യത കൂടി. കഞ്ചാവുമായി ഒരു കുടിയേറ്റത്തൊഴിലാളിയെങ്കിലും അറസ്റ്റിലാവാത്ത ദിവസമില്ലെന്നുപറയാം.
കുടിയേറ്റത്തൊഴിലാളികളുടെയും അവര്‍ വഴിയും പണമൊഴുകുന്ന വഴികളാണിതെല്ലാം. അറിവില്ലായ്മയും വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥയും കാരണം പല ചൂഷണങ്ങള്‍ക്കും അവര്‍ വിധേയരാകുന്നുണ്ട്. നമ്മുടെ നാടിനെ ചലിപ്പിക്കാനായി വിയര്‍പ്പൊഴുക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്കായി നമ്മള്‍ ഇത്രയും ചെയ്താല്‍ മതിയോ?

കുടിയേറ്റത്തൊഴിലാളി നിയമം ഫ്രീസറില്‍

കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ 'കേരള കുടിയേറ്റത്തൊഴിലാളി സാമൂഹികസുരക്ഷാ ബില്‍' ഇതുവരെ നിയമമായിട്ടില്ല. ഒന്നുരണ്ടുതവണ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയ ബില്‍ പക്ഷേ, തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ബില്‍ നിയമമായാല്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാവും. അങ്ങനെ അവരുടെ കൃത്യമായ എണ്ണവും മറ്റുവിവരങ്ങളും സര്‍ക്കാറിന് ലഭിക്കും. ഇവര്‍ക്കായി ക്ഷേമപദ്ധതികള്‍ തയ്യാറാക്കുമ്പോഴും ഇത് പ്രയോജനപ്പെടും.
തൊഴിലാളികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും അതിനായി രജിസ്റ്റര്‍ ചെയ്യാനുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) എ. അലക്‌സാണ്ടര്‍ പറഞ്ഞു. 2013ലാണ് ബില്‍ തയ്യാറാക്കിയത്.
ഇപ്പോള്‍ വ്യക്തമായ നിയമമില്ലാത്തതിനാല്‍ തൊഴിലുടമകള്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല. നിയമംവഴി നിര്‍ബന്ധമാക്കിയാല്‍ എല്ലാവരും രജിസ്റ്റര്‍ചെയ്യും.
തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലും അവരെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലാത്തതിനാലും കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതി പോലും കാര്യക്ഷമമായി നടത്താകാനാത്ത സ്ഥിതിയാണ്. ഇതിനായി 2010ല്‍ പത്തുകോടി രൂപ അനുവദിച്ചിരുന്നു.
ഈ ഫണ്ട് ഇതുവരെ ചെലവഴിക്കാനായിട്ടില്ല. ഈ തുക ട്രഷറിയില്‍ സ്ഥിരനിക്ഷേപമായി ഇട്ട് അതിന്റെ പലിശയുപയോഗിച്ച് ബോധവത്കരണക്ലാസുകള്‍ നടത്തുകയും ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യുകയുമൊക്കെയാണിപ്പോള്‍ ചെയ്യുന്നത്.


++++++++++

മലയാളിക്ക് ചെയ്തുകൂടേ ഈ പണികള്‍


ഏറെ സ്വപ്നങ്ങളുമായി അറബിനാട്ടിലെത്തി അടിമജീവിതം നയിക്കേണ്ടിവരുന്ന മലയാളി അവിദഗ്ധതൊഴിലാളിയുടെ പ്രതിരൂപമാണ് ബെന്യാമിന്റെ 'ആടുജീവിത'ത്തിലെ നജീബ് മുഹമ്മദ്. മലയാളിയുടെ ഗള്‍ഫ് പ്രേമത്തിനുനേരേ പിടിച്ച നേര്‍ക്കണ്ണാടി. 'ആടുജീവിതം' വായിച്ച് മലയാളി ഞെട്ടിയെങ്കിലും ഗള്‍ഫ് മലയാളി ഞെട്ടിയിട്ടുണ്ടാവില്ല. കാരണം, അവര്‍ക്കിത് അത്ര അപരിചിതമല്ലല്ലോ. അവിദഗ്ധതൊഴിലാളിയായും വീട്ടുവേലക്കാരായും ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നവര്‍ക്കാണ് ഏറെയും അടിമജീവിതം നയിക്കേണ്ടിവരുന്നത്. ഇക്കാര്യത്തില്‍ സ്ത്രീപുരുഷഭേദമില്ല. 2011ല്‍ പുറത്തിറങ്ങിയ കമലിന്റെ സിനിമ 'ഗദ്ദാമ' അറബിനാട്ടിലെത്തി ദുരിതക്കയത്തിലാണ്ട അശ്വതിയുടെ കഥയാണ് പറയുന്നത്. ഗദ്ദാമയെന്നാല്‍ അറബിയില്‍ വീട്ടുവേലക്കാരി.

പക്ഷേ, ഇതൊന്നും മലയാളിയുടെ ഗള്‍ഫ്‌പ്രേമത്തെ ഇല്ലാതാക്കിയിട്ടില്ല. മുന്‍കാലത്തെ അപേക്ഷിച്ച് ചെറിയ കുറവ് വന്നിട്ടുണ്ടെന്നുമാത്രം. ഇന്നും അവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിസയ്ക്കായി നിര്‍ബന്ധിക്കുന്നു. ഏജന്‍സികള്‍ക്ക് വന്‍തുക നല്‍കി വിസ സ്വന്തമാക്കുന്നു. ചിലപ്പോള്‍ വിസതട്ടിപ്പിനിരയായി ഭാര്യയുടെ താലിമാലവരെ പണയംവെച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുത്തുന്നു. ഗള്‍ഫിലെത്തി ജോലിയില്ലാതെ അലയുന്നു. ഇല്ലാത്ത പണമുണ്ടാക്കി വിസിറ്റിങ് വിസയില്‍ വിദേശത്തെത്തി ഇന്റര്‍വ്യൂകളില്‍ പങ്കെടുത്ത് പരാജിതനായി മടങ്ങുന്നു. കേരളത്തില്‍ അവിദഗ്ധ, അര്‍ധവിദഗ്ധ തൊഴിലാളികള്‍ക്ക് കടുത്ത ക്ഷാമംനേരിടുമ്പോഴാണീ അവസ്ഥ. ഇവിടെ ജോലിയുണ്ട്. പല മേഖലകളിലും ഇന്ന് ഗള്‍ഫിലെക്കാള്‍ ഉയര്‍ന്ന കൂലിയുണ്ട്. പാസ്‌പോര്‍ട്ടും വിസയുമൊന്നും വേണ്ട. സ്വന്തം വീട്ടില്‍ താമസിച്ച് പണിചെയ്യാം. കാലാവസ്ഥയും മെച്ചമാണ്. പക്ഷേ, സ്വന്തം നാട്ടില്‍ ഈ പണിചെയ്യാന്‍ ഇന്നും മലയാളി തയ്യാറല്ല. ഗള്‍ഫില്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കുന്ന പ്രവാസിമലയാളിയുടെ വീട്ടിലും കൂലിപ്പണിചെയ്യുന്നത് അതില്‍ക്കൂടുതല്‍ കൂലിവാങ്ങുന്ന കുടിയേറ്റത്തൊഴിലാളിയാവും!

അവിദഗ്ധ, അര്‍ധവിദഗ്ധ തൊഴിലുകളുടെ കാര്യത്തിലാണീ ദുര്യോഗം. എന്നാല്‍, വിദഗ്ധതൊഴിലാളിക്കും സാങ്കേതികജ്ഞാനം ആവശ്യമുള്ള ഉയര്‍ന്നതട്ട് ജോലിക്കാര്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും സാധ്യതകളേറെയാണ്. അവര്‍ക്ക് മികച്ച ശമ്പളം ലഭിക്കും. ലോകനിലവാരത്തിലുള്ള ജോലിസാഹചര്യങ്ങളുമുണ്ട്. ഇത്തരം ജോലിക്കായി വിദേശികള്‍ ഇന്ത്യയിലേക്കുമെത്തുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, സാധാരണക്കാരായ തൊഴിലാളികള്‍ സ്വന്തം നാട്ടില്‍ അവസരമുള്ളപ്പോഴും എന്തിനീ ദുരന്തമേറ്റുവാങ്ങുന്നുവെന്നതാണ് ചോദ്യം.

വിസയില്‍ തുടങ്ങുന്ന ചൂഷണം

കുടിയേറ്റം ചെലവേറിയതാണ്. പാസ്‌പോര്‍ട്ട്, വിസ, വിമാനടിക്കറ്റ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, ഏജന്‍സിയുടെ ഫീസുകള്‍... പട്ടിക നീളും. സി.ഡി.എസ്സിന്റെ പഠനപ്രകാരം 2008ല്‍ കുടിയേറ്റത്തിനുള്ള ശരാശരി ചെലവ് 57,000 രൂപയാണ്. ഇന്നിത് ഇതിലും ഉയര്‍ന്നിട്ടുണ്ട്. 40 ശതമാനം പേര്‍ക്കും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഈ പണം നല്‍കിയത്. 30 ശതമാനം പേര്‍ ആഭരണങ്ങള്‍ പണയംവെച്ചുംമറ്റുമാണ് പണം കണ്ടെത്തിയതെന്നും പഠനത്തില്‍ പറയുന്നു.

'ആടുജീവിത'ത്തിലെ മുഹമ്മദ് നജീബിന് സുഹൃത്തിന്റെ അളിയനാണ് വിസ ശരിയാക്കിക്കൊടുത്തത്. 'ഗദ്ദാമ'യിലെ അശ്വതിക്കാണെങ്കില്‍ സൗദി അറേബ്യയില്‍ കാര്‍ഡ്രൈവറായ നാട്ടുകാരന്‍ ഉസ്മാനും. കൂലിപ്പണിക്കും വീട്ടുവേലയ്ക്കുമൊക്കെ ഗള്‍ഫിലേക്കു പോകുന്നവര്‍ക്ക് ഇന്നും പ്രധാനമായും വിസ ലഭിക്കുന്നത് ഈ വഴിക്കുതന്നെ. ഇതിന് ഇവര്‍ നല്ലൊരു തുക ഈടാക്കുകയും ചെയ്യും. നിര്‍മാണജോലിക്കുംമറ്റും പോകുന്നവര്‍ക്ക് 'മാന്‍പവര്‍ സപ്ലൈ' കമ്പനികളാണ് സാധാരണ വിസ നല്‍കുന്നത്. അവരും ഇതിന് നല്ലൊരു തുക ഈടാക്കും. രണ്ടും മൂന്നും ലക്ഷം രൂപവരെ ഇതിനായി വാങ്ങുന്നവരുണ്ട്. വിമാനട്ടിക്കറ്റിനുള്ള ചെലവ് ഇതിനുപുറമേയാണ്. സീസണിലും പെട്ടെന്നുള്ള യാത്രകള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ടിവരികയും ചെയ്യും.

ഗള്‍ഫിലെത്തിയാലോ

വിസകടമ്പയും യാത്രാദുരിതങ്ങളുമെല്ലാം തരണംചെയ്ത് ഗള്‍ഫിലെത്തിയാലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല. ലേബര്‍ക്യാമ്പുകളിലാവും താമസം. നഗരങ്ങള്‍ക്കുപുറത്ത് ഒറ്റപ്പെട്ട സ്ഥലത്താവും പല ക്യാമ്പും. ചില ക്യാമ്പില്‍ എ.സി.പോലുമുണ്ടാവില്ല. കിടക്കാന്‍ ഡോര്‍മിറ്ററി സൗകര്യംമാത്രമേ ഉണ്ടാവൂ. പുറത്തിറങ്ങിയാല്‍ മരുഭൂമിയുടെ നരച്ചനിറംമാത്രം. പുലര്‍ച്ചെ അഞ്ചോടെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ബസ്സെത്തും. ഇതിനുമുമ്പ് ഭക്ഷണം തയ്യാറാക്കി കഴിക്കണം. കമ്പനിഭക്ഷണമില്ലെങ്കില്‍ ഉച്ചഭക്ഷണവും കരുതണം. തിരിച്ചെത്തുമ്പോഴേക്ക് രാത്രി എട്ടുമണിയെങ്കിലുമാകും.

കെട്ടിടനിര്‍മാണത്തിലും റോഡ് ശുചീകരണത്തിലും വാഹനങ്ങളില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിലുംമറ്റും ഏര്‍പ്പെട്ടവര്‍ കടുത്ത ചൂടിലാവും ജോലിചെയ്യേണ്ടിവരിക. പകല്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന ദിവസങ്ങളുണ്ട്. ഇതുകണക്കിലെടുത്ത് മിക്ക ഗള്‍ഫ് രാജ്യങ്ങളും ജൂണ്‍മുതല്‍ മൂന്നുമാസക്കാലം ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ചില കമ്പനികള്‍ ഇതുപാലിക്കാതെ ജോലിചെയ്യിക്കുന്ന സംഭവങ്ങളുമുണ്ട്. ചൂടൊഴിവാക്കാന്‍ പണി രാത്രിയാക്കുന്ന കമ്പനികളുമുണ്ട്. അപ്പോള്‍ ഉയര്‍ന്ന നിരക്കിലുള്ള ഈര്‍പ്പം വില്ലനാവും. റെസ്റ്റോറന്റുകളിലെ അടുക്കളയില്‍ ജോലിചെയ്യുന്നവര്‍ക്കും ചൂടുകാലം പേടിസ്വപ്നമാണ്. കടുത്ത ചൂടില്‍ ആവശ്യത്തിന് വെള്ളംപോലും കുടിക്കാതെ ജോലിചെയ്ത് വൃക്കരോഗികളാവുന്നവരും കുറവല്ല.

ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് ദീര്‍ഘകാലം കഴിയേണ്ടിവരുന്നതിന്റെ വിഹ്വലതകളാണ് മറ്റൊരു പ്രശ്‌നം. ഭാര്യയെ പിരിഞ്ഞ് വിദേശത്തെ ജോലിസ്ഥലത്ത് കഴിയേണ്ടിവരുന്ന ഭര്‍ത്താക്കന്‍മാരും ഭര്‍ത്താവിനെ പിരിഞ്ഞ് നാട്ടില്‍ കഴിയേണ്ടിവരുന്ന ഭാര്യമാരും മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ഒറ്റപ്പെടുന്ന മക്കളുമെല്ലാം ഇതിന്റെ മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഭര്‍ത്താക്കന്‍മാരെ പിരിഞ്ഞ് നാട്ടില്‍ കഴിയേണ്ടിവരുന്ന ഭാര്യമാരാണ് ഇതില്‍ കൂടുതല്‍. ഇവര്‍ നേരിടുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങളില്‍നിന്നാണ് 'ഗള്‍ഫ് വൈവ്‌സ് സിന്‍ഡ്രോം' എന്ന പ്രയോഗംതന്നെ രൂപപ്പെട്ടത്. ഗള്‍ഫ് കുടിയേറ്റത്തില്‍ മുന്‍പന്തിയിലുള്ള എട്ടു ജില്ലകളില്‍നിന്നുള്ള 891 സ്ത്രീകളെ ഉള്‍പ്പെടുത്തി സി.ഡി.എസ്. മുമ്പ് നടത്തിയ പഠനത്തില്‍ 43ശതമാനംപേരും കടുത്ത ഏകാന്തത അനുഭവിക്കുന്നതായി കണ്ടെത്തി. 23.3 ശതമാനം പേര്‍ ഉത്തരവാദിത്വങ്ങള്‍ കൂടിയതായി പറഞ്ഞു.

കുറഞ്ഞ കൂലി

അവിദഗ്ധതൊഴില്‍മേഖലകളില്‍ കേരളത്തിലേതിനെക്കാള്‍ കുറഞ്ഞ കൂലിയാണ് പല ഗള്‍ഫ് രാജ്യങ്ങളിലും. യു.എ.ഇ.യിലാണെങ്കില്‍ അവിദഗ്ധതൊഴിലാളിക്ക് മാസം 500 മുതല്‍ 1000 ദിര്‍ഹംവരെയാണു ലഭിക്കുക. ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് ഏകദേശം 8,500 രൂപ മുതല്‍ 17,000 രൂപ വരെ. താമസസൗകര്യം കമ്പനി തരുമെങ്കിലും ഭക്ഷണത്തിനുള്ള തുകകൂടി ഇതില്‍നിന്നു കണ്ടെത്തണം. ഇതിന് ശരാശരി 300 ദിര്‍ഹം ചെലവാകും. അതായത് 5,100 രൂപ. ഇതുകൂടി കുറച്ചുകഴിഞ്ഞാല്‍ തുച്ഛമായ പണമാണ് കൈവശമുണ്ടാവുക. വര്‍ഷങ്ങള്‍ ജോലിചെയ്താലും വിസയ്ക്കും വിമാനടിക്കറ്റിനും ചെലവായ തുകപോലും മിച്ചംപിടിക്കാന്‍ പ്രയാസപ്പെടുന്നവരുണ്ട്.

കൂലിപ്പണി, ആടുമേയ്ക്കല്‍, വീട്ടുപണി, ഓഫീസ് ബോയ്, മെസ്സുകളിലെ കുക്ക്, വെയ്റ്റര്‍, ഹെല്‍പ്പര്‍, ഡെലിവറി ബോയ് തുടങ്ങിയ ജോലികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ കൂലിയാണ് പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്നതെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് തൃശ്ശൂര്‍ജില്ലാ പ്രസിഡന്റും സംസ്ഥാനകമ്മിറ്റി അംഗവും മുന്‍ പ്രവാസിയുമായ ജമാലുദ്ദീന്‍ പെരുമ്പാടി പറഞ്ഞു.

ഗള്‍ഫില്‍ അവിദഗ്ധതൊഴിലാളികള്‍ക്ക് കൂലി പൊതുവേ കുറവാണെന്ന് കേരള പ്രവാസിസംഘം ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.യും പറഞ്ഞു. വിദേശതൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സ്വദേശികള്‍ക്ക് തൊഴിലവസരം കൂട്ടാനും സൗദി അറേബ്യയില്‍ നടപ്പാക്കിയ 'നിതാഖാത്' പോലുള്ള പദ്ധതികള്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയവര്‍ ഇതിനുപുറമേയാണ്. സി.ഡി.എസ്സിന്റെ പഠനറിപ്പോര്‍ട്ടും ഇത് ശരിവെക്കുന്നു. ഇതനുസരിച്ച് 2008ല്‍ മടങ്ങിയവര്‍ 11.57 ലക്ഷമാണ്. 2015ല്‍ ഇത് 15.87 ലക്ഷമായി ഉയരുമെന്നും ഇതില്‍ പറയുന്നു. മടങ്ങിവരുന്നവരുടെ എണ്ണം കൂടുന്നതായിട്ടാണ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പഠനവും പറയുന്നത്. 43.59 ശതമാനം പേരും മടങ്ങാന്‍ കാരണം ജോലിനഷ്ടപ്പെട്ടതാണെന്നും ഇതില്‍ പറയുന്നു.

കുറഞ്ഞ കൂലിക്കുപുറമേ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിസമയം കൂടുതലുമാണ്. സാധാരണ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ ജോലിചെയ്യണം. ഇടയ്ക്ക് ഒരു മണിക്കൂര്‍ വിശ്രമം ലഭിക്കും. ചൂടുകാലത്ത് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നുമുതല്‍ ആറുവരെയുമാണ് ജോലിസമയം. പക്ഷേ, കടകളിലുംമറ്റും ജോലിചെയ്യുന്നവര്‍ ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ രാത്രി വൈകും. അധികസമയം ജോലിചെയ്താല്‍ ഓവര്‍ടൈം വേതനം ലഭിക്കുമെന്നുമാത്രം.

എന്നിട്ടുമെന്തേ ഗള്‍ഫ് പ്രേമം

മലയാളി അവിദഗ്ധതൊഴിലാളിക്ക് ചെയ്യാന്‍ കേരളത്തില്‍ ധാരാളം ജോലിയുണ്ട്. നെല്‍വയല്‍ മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റ് വരെയും നാട്ടിലെ ചായക്കടമുതല്‍ പഞ്ചനക്ഷത്രഹോട്ടല്‍വരെയും പ്ലൈവുഡ് ഫാക്ടറിമുതല്‍ സ്റ്റീല്‍ റോളിങ് മില്ലുകള്‍ വരെയും അത് നീളുന്നു. ഈ മേഖലകളിലെല്ലാംതന്നെ ഗള്‍ഫിലെക്കാള്‍ ഉയര്‍ന്ന കൂലിയും ലഭിക്കും. എന്നിട്ടും മലയാളി ഇവിടെ എന്തുകൊണ്ട് ജോലിചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന ചോദ്യത്തിന് സാമ്പത്തികവിദഗ്ധരും സാമൂഹികശാസ്ത്രജ്ഞരും നല്‍കുന്ന മറുപടി ഇതാണ്: മലയാളിയുടെ ദുരഭിമാനവും സ്വന്തം നാട്ടില്‍ ജോലിചെയ്യാനുള്ള മടിയും.

കൂലിയുടെ ഏറ്റക്കുറച്ചിലുകളെക്കാള്‍ സാമൂഹികവും മാനസികവുമായ കാരണങ്ങളാണ് മലയാളിയെ സ്വന്തം നാട്ടില്‍ ഇത്തരം ജോലികള്‍ചെയ്യുന്നതില്‍നിന്നകറ്റുന്നതെന്ന് സാമ്പത്തികവിദഗ്ധനായ ഡോ. ഇ.എം. തോമസ് പറയുന്നു. എന്തൊക്കെയായാലും ദുരഭിമാനത്തിന്റെപേരില്‍ സ്വന്തം നാട്ടിലെ പണി ചെയ്യാതിരിക്കുന്നത് മലയാളിക്കു ഭൂഷണമല്ല. എല്ലാക്കാര്യങ്ങള്‍ക്കും കുടിയേറ്റത്തൊഴിലാളികളെ ആശ്രയിക്കുന്നതും ആരോഗ്യകരമല്ല. അന്യനാട്ടിലെ അടിമപ്പണിയെക്കാള്‍ സ്വന്തം നാട്ടിലെ കൂലിപ്പണിയാണു മെച്ചമെന്ന് മലയാളി എന്നു തിരിച്ചറിയും!

കുടിയേറ്റങ്ങളുടെ തമ്പുരാന്‍!


കുടിയേറ്റത്തിന്റെ കാര്യത്തില്‍ മലയാളികള്‍ കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയപ്പോള്‍ ചന്ദ്രന്‍ചേട്ടന്റെ ചായക്കടകണ്ടു ഞെട്ടിയെന്ന തമാശതന്നെ ഇതിനുദാഹരണം. ലോകത്ത് മലയാളികളെത്തിപ്പെടാത്ത രാജ്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. മലയാളിമനസ്സിനെ രൂപവത്കരിച്ചതില്‍ നിര്‍ണായകപങ്കുവഹിച്ച രണ്ടു കുടിയേറ്റങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ടില്‍ കേരളം സാക്ഷ്യംവഹിച്ചുവെന്നാണ് എന്‍.എസ്. മാധവന്റെ അഭിപ്രായം. 1920കളില്‍ തെക്കന്‍ കേരളത്തില്‍നിന്ന് നാടിനെ നെടുകെ മുറിച്ച് വയനാടന്‍ കുന്നുകളിലേക്കു നടന്ന കുടിയേറ്റമാണ് ആദ്യത്തേത്. ഗള്‍ഫ് കുടിയേറ്റം രണ്ടാമത്തേതും.
ഗള്‍ഫിനുമുമ്പേ മലയാളികള്‍ ജോലിതേടി ബര്‍മയിലേക്കും മൗറീഷ്യസിലേക്കും സിലോണിലേക്കും(ശ്രീലങ്ക) മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമെല്ലാം കുടിയേറിയിരുന്നു. പക്ഷേ, എണ്ണത്തില്‍ കുറവായിരുന്നുവെന്നുമാത്രം. മലബാറുകാരായിരുന്നു ഇതില്‍ മുന്നില്‍. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍പ്രദേശം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നതാണ് കാരണമെന്നാണ് വിദഗ്ധമതം. നിര്‍ബന്ധിത കരാര്‍തൊഴിലാളികളായും കങ്കാണിത്തൊഴിലാളികളായുമാണ് അന്ന് പലരും കടല്‍ കടന്നത്. മദ്രാസ് പ്രസിഡന്‍സിയുടെ സെന്‍സസ് റിപ്പോര്‍ട്ടുകളിലും മലബാര്‍ പ്രിന്‍സിപ്പല്‍ കളക്ടറുടെ റിപ്പോര്‍ട്ടുകളിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.
അറബിരാജ്യങ്ങളുമായി കേരളത്തിന് ചരിത്രാതീതകാലംമുതലേ ബന്ധമുണ്ടെങ്കിലും തൊഴില്‍തേടിയുള്ള കുടിയേറ്റം തുടങ്ങിയത് 1932ല്‍ ബഹ്‌റൈനില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ്. ബഹ്‌റൈന്‍ പെട്രോളിയം കമ്പനിയുടെ നേതൃത്വത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പെട്രോള്‍ കുഴിച്ചെടുത്തുതുടങ്ങിയതോടെ അവിടേക്ക് തൊഴിലന്വേഷകരുടെ ഒഴുക്കായി. പിന്നാലെ കുവൈത്ത്, ഒമാന്‍, ഖത്തര്‍, ഇന്ന് യു.എ.ഇ.യുടെ ഭാഗമായ എമിറേറ്റുകള്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും. ഇതിലും മലബാറുകാരായിരുന്നു മുന്നില്‍. 1975 വരെയുള്ള കാലത്ത് നിയമാനുസൃതമാര്‍ഗങ്ങളിലൂടെയായിരുന്നില്ല ഭൂരിഭാഗം കുടിയേറ്റവും. ഏജന്റുമാരുടെ സഹായത്തോടെ കള്ളലോഞ്ച് കയറിയുംമറ്റുമാണ് പലരും കടല്‍കടന്നത്. പിന്നീട് ഈ അവസ്ഥ മാറി. മലയാളികള്‍ ഗള്‍ഫിനെ രണ്ടാംവീടാക്കി.
ഇന്ന് ഈ കുടിയേറ്റത്തിെന്റ ആശാന്‍മാര്‍ തിരിച്ചടി നേരിടുകയാണ്. ഇവര്‍ നാടും വീടും വിട്ടുപോയപ്പോള്‍ ഇവിടെ പണിചെയ്യാന്‍ ആളില്ലെന്നായി. ഇവിടേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളുടെ ഒഴുക്കുമായി.

(അവസാനിച്ചു)