ഉദാഹരണങ്ങള്‍ വിറ്റ് ജീവിക്കുന്ന ഒരാളുണ്ടായിരുന്നു.
അയാള്‍ക്ക് രണ്ട് പെണ്‍മക്കളായിരുന്നുഉപമയും ഉത്‌പ്രേക്ഷയും.
ജീവിതത്തിന്റെ ആദ്യകാലമെല്ലാം ട്യൂട്ടോറിയല്‍ അധ്യാപകനായിരുന്നു. ക്രമേണ വിദ്യാഭ്യാസ സമ്പ്രദായം മാറുകയും ട്യൂട്ടോറിയല്‍
കോളേജുകള്‍ ഇല്ലാതാവുകയും കുട്ടികള്‍ ഭാഷ പഠിക്കുന്നത്
നിര്‍ത്തുകയും ചെയ്തപ്പോഴാണ്
മറ്റൊരു പ്രവൃത്തി ഒരു ആവശ്യകതയായത്.
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വീടിനുമുന്‍വശത്ത്
പണ്ട് അയാളുടെ അച്ഛന്‍ പലചരക്കുസാധനങ്ങള്‍ വിറ്റിരുന്ന
കട വീണ്ടും തുറന്ന് അതില്‍
ഇരിപ്പായി. മറ്റൊന്നും വില്‍ക്കാന്‍ അറിയാത്തതുകൊണ്ടും ധാരാളം ഉദാഹരണങ്ങള്‍ അറിയാവുന്നതുകൊണ്ടും ഉദാഹരണങ്ങള്‍
വില്‍ക്കാമെന്ന് തീരുമാനിച്ചു.
'ഇവിടെ ഉദാഹരണങ്ങള്‍ വില്‍ക്കപ്പെടും' എന്നെഴുതിയ ബോര്‍ഡിന്റെ ഉള്ളില്‍ പുകപിടിച്ച റാന്തല്‍ വിളക്കിന്റെ മുഷിഞ്ഞ മുഖഭാവത്തോടെ അയാള്‍ ഇരിക്കുന്നത്
എല്ലാവരും കണ്ടു. വില്‍ക്കാനേറെയുള്ള കടയില്‍ വാങ്ങാനാരുമില്ലാത്ത കാലത്ത് അയാള്‍ കൃത്യമായി പീടിക തുറന്ന് ഇരിപ്പാവുകയും വൈകുന്നേരം കൃത്യമായി
പീടിക പൂട്ടുകയും ചെയ്തു.
ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും അയാള്‍ സ്വപ്നങ്ങള്‍
കണ്ടുകൊണ്ടിരുന്നു. അവയിലെല്ലാം പുതിയ കാലത്തിന്റെ
ചടുലത നിറഞ്ഞിരുന്നു. മനസ്സില്‍ ഉദാഹരണങ്ങള്‍ തോന്നുന്ന മുറയ്ക്ക് അയാള്‍ ഒരു നോട്ടുബുക്കില്‍
അവ എഴുതിവെച്ചു. ചിലനേരം
കുളിക്കുന്നതിനിടയില്‍ വസ്ത്രം
ഉടുക്കാന്‍പോലും നില്‍ക്കാതെ
ഉദാഹരണങ്ങള്‍ ഇരമ്പിമൂളുന്നതറിഞ്ഞ് അയാള്‍ അവ പകര്‍ത്തി.
ഉപമയും ഉത്‌പ്രേക്ഷയുംപോലും അയാളുടെ ഈ പ്രസരിപ്പുകളെ എങ്ങനെ അംഗീകരിക്കുമെന്നോര്‍ത്ത് ഭയപ്പെട്ടു. ഒരു ദിവസം
അവരെല്ലാം വീടുമാറിപ്പോയി.
അതും അയാള്‍ അറിഞ്ഞില്ല.
നിറയെ ഉദാഹരണങ്ങള്‍ തിമിര്‍ക്കുന്ന വീട്ടില്‍ ഏകാന്തത ഒരിക്കലും ഏകാന്തതയാവുകയില്ലെന്നായിരിക്കാം.
ഒരു ദിവസം അയാളുടെ പീടികമുറ്റത്ത് വിലകൂടിയ ഒരു കാര്‍
വന്നുനിന്നു. അയാളുടെ ഒരു പഴയ വിദ്യാര്‍ഥിയായിരുന്നു. എങ്ങനെയോ നടന്ന ചെക്കനെ അപ്പുമാഷ് കണ്ണുതെളിച്ചുവിട്ടു,
ഇപ്പോള്‍
ഗള്‍ഫില്‍ വലിയ ബിസിനസ്സും കാര്യങ്ങളുമായെന്ന് നാട്ടുകാര്‍ സന്തോഷം
പറഞ്ഞു. ഒന്നും കൊടുത്താല്‍
അപ്പുമാഷ് വാങ്ങില്ലെന്ന്
അറിയാവുന്നതുകൊണ്ട് അയാള്‍ മാഷിന്റെ കൈയില്‍നിന്ന്
കുറേ ഉദാഹരണങ്ങള്‍ വാങ്ങി.
വിലയെത്രയെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ഉദാഹരണങ്ങള്‍
പകര്‍ത്തിവെക്കുന്നതല്ലാതെ
അവയുടെ മൂല്യം നിര്‍ണയിക്കാന്‍ അയാള്‍ക്ക് അറിയാമായിരുന്നില്ല. ഉത്പാദകന്‍ നിശ്ചയിക്കുന്നതായിരുന്നില്ല, വാങ്ങുന്നവന്‍ കണ്ടെത്തുന്നതായിരുന്നു ഉദാഹരണങ്ങളുടെ
വില. ഇത്രയേറെ ഉദാഹരണങ്ങള്‍ വാങ്ങിച്ചിട്ടെന്തിനാണെന്ന് അടക്കം ചോദിച്ച മാനേജരോട്
വാങ്ങാന്‍ വന്നയാള്‍ പറഞ്ഞതിതാണ്: അപ്പുമാഷിന് ഇതല്ലാതെ
മറ്റെന്താണ് ചെയ്യുക?
പിന്നെ കുറേ ഉദാഹരണങ്ങളെങ്കിലും കോര്‍പ്പറേറ്റ് മീറ്റിങ്ങുകളില്‍
നമ്മുടെ എക്‌സിക്യുട്ടീവ്‌സിനെ
നിലംപരിശാക്കാന്‍ ഉപയോഗിക്കാം, ചിലത് നമ്മള്‍ എഴുതാന്‍ പോകുന്ന നോവലിലും
ഉപയോഗിക്കാമല്ലോ.
ദിവസങ്ങള്‍ക്കുശേഷം അപ്പുമാഷിന്റെ പീടികമുറ്റത്ത് മറ്റൊരു
വിലകൂടിയ കാര്‍ വന്നുനിന്നു.
കുറേയേറെ ഉദാഹരണങ്ങളും പൊതിഞ്ഞുകെട്ടി അതുപോയി. പിന്നാലെ മറ്റൊന്ന്.
ഇടതൂര്‍ന്ന കണ്ണുകളോടെ അപ്പുമാഷ് എല്ലാവരെയും കൈക്കൊണ്ടു. വലിയ കോര്‍പ്പറേറ്റ് മേധാവികളൂം ഭരണാധികാരികളും രാഷ്ട്രീയക്കാരും അപ്പുമാഷിന്റെ ഉദാഹരണങ്ങള്‍ക്കുവേണ്ടി ക്ഷമയോടെ
കാത്തുനില്‍ക്കുന്നതുകണ്ട് നാട്ടുകാര്‍ അമ്പരന്നു. വഴിതെറ്റിപ്പോകുന്ന മക്കള്‍ക്കുവേണ്ടി ഉദാഹരണങ്ങള്‍ അന്വേഷിച്ചും ചിലര്‍ വന്നു. എടുത്തോളൂ എന്നുപറഞ്ഞ്
നോട്ടുപുസ്തകങ്ങള്‍ മാഷ് എല്ലാവര്‍ക്കും വിട്ടുകൊടുത്തു.
പെട്ടിയില്‍ പണം വന്ന് നിറയുന്നതും പൂക്കുന്നതും കായ്ക്കുന്നതും
മാഷ് അറിഞ്ഞില്ല. ഉദാഹരണങ്ങള്‍ വിറ്റുപോയ പുസ്തകത്തിന്റെ താളുകള്‍ വെളുത്തുകിടന്നു.
പിന്നീടൊരിക്കല്‍ ഏറെ വ്യഥയോടെ അവയില്‍ മറ്റൊരെണ്ണം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും മഷിതെളിഞ്ഞില്ല. ഒന്നും എങ്ങും പോകുന്നില്ലായിരിക്കുമെന്ന് അയാള്‍
ഓര്‍ത്തു. ഒരുവേള ഉപേക്ഷിച്ചുപോയ ഭാര്യയും മക്കളും
പണം വന്നു തുടങ്ങിയപ്പോള്‍ തിരിച്ചുവന്നതുപോലെ അവരവരുടെ ധര്‍മം
പൂര്‍ത്തിയാവുമ്പോള്‍ ഉദാഹരണങ്ങളും തിരിച്ചുവരുമെന്നായിരിക്കാം.
നാളുകള്‍ക്കുശേഷം ഒരു ദിവസം ഉറക്കമുണര്‍ന്ന് ഉച്ചയായിട്ടും
ഉദാഹരണങ്ങള്‍ ഒന്നും തോന്നാഞ്ഞതുകൊണ്ട് അയാള്‍ അസ്വസ്ഥനായി. എന്തുപറ്റി? ഉദാഹരണങ്ങള്‍ വാങ്ങാന്‍ കടയില്‍ തിക്കുകൂട്ടിയ ആളുകളിലാരോ അയാളുടെ വീര്‍പ്പുമുട്ടല്‍ കണ്ട് അന്വേഷിച്ചു. അയാള്‍ മറുപടിപറയാതെ തലമുടിക്കിടയിലൂടെ വിരലുകള്‍ വലിച്ചിളക്കി മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉദാഹരണങ്ങളെപ്പറ്റി ആരോ എന്തോ സംശയം ചോദിച്ചപ്പോള്‍ പതിവില്ലാതെയും അകാരണമായും പൊട്ടിത്തെറിച്ചു. സന്ധ്യവരെ കാത്തിരുന്നിട്ട് സമയം കഴിഞ്ഞതോടെ സൂര്യനും അസ്തമിക്കാന്‍ തീരുമാനിച്ചു. ടി.വി. സീരിയലുകള്‍ അവസാനിച്ചപ്പോഴും
അയാള്‍ വന്നില്ലെന്നതുകണ്ട് അന്വേഷിച്ചുവന്ന ഭാര്യയോടും മക്കളോടും അയാള്‍ തട്ടിക്കയറി.
പോ പോ എന്ന് ആട്ടിയോടിച്ചു.
രാത്രിയിലെ വീടിന്റെ വിളക്കുകള്‍ അങ്ങനെ പിണക്കത്തില്‍
കെട്ടുപോയി.
രാത്രിമുഴുവന്‍ തുറന്നുകിടന്ന
പീടിക എപ്പോഴാണ് ആരാണ് പൂട്ടിയത് എന്നൊന്നും അറിഞ്ഞുകൂടാ. പിന്നീടൊരിക്കലും പീടിക തുറക്കപ്പെട്ടുമില്ല. അപ്പുമാഷിനെ ആരും കാണുകയുമുണ്ടായില്ല. അടഞ്ഞുകിടന്ന പീടികമുറ്റത്ത് മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ വഴിതെളിക്കാന്‍ വന്ന അധ്യാപകരും ഉദ്യോഗസ്ഥരെ ചങ്ങലക്കിടാന്‍ വന്ന രാഷ്ട്രീയക്കാരും കുറേനാള്‍കൂടി കാത്തുനിന്ന് നിരാശരായി മടങ്ങിപ്പോയി.
ഇവിടെ ഉദാഹരണങ്ങള്‍ വില്‍ക്കപ്പെടുമെന്ന ബോര്‍ഡും ഒരു
മഴക്കാലം കഴിഞ്ഞപ്പോള്‍ ദ്രവിച്ചില്ലാതെയായി.
ഉപമ ഒരു ആക്‌സിഡന്റില്‍ മരിക്കുകയും ഉത്‌പ്രേക്ഷ ഒരു പ്രണയത്തിലകപ്പെട്ട് വിവാഹിതയായി പ
ിന്നെയതൊരു നൈരാശ്യത്തില്‍ ഡിവോഴ്‌സില്‍ കലാശിക്കുകയുംചെയ്തവാറെ കുറച്ചുനാള്‍ ഭ്രാന്തില്‍ ജീവിച്ച് അപ്പുമാഷിന്റെ ഭാര്യയും മരണപ്പെട്ടതോടെ ഉത്‌പ്രേക്ഷ
വീട്ടില്‍ തനിച്ചായി.
മഴ തകര്‍ത്താടിയ ഒരു രാത്രിയില്‍ ആരോ തന്നെ വിളിക്കുന്നതുകേട്ട് ഉത്‌പ്രേക്ഷ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ മുറ്റത്ത് നനഞ്ഞുവിറച്ചു നില്‍ക്കുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും കണ്ടു. സങ്കടത്തോടെ വേഗം വാതില്‍
തുറന്ന് ഉത്‌പ്രേക്ഷ വെളിയിലേക്ക് ചെന്നപ്പോള്‍ ആരെയും കണ്ടില്ല.
മഴയും പൊയ്‌പ്പോയിരുന്നു.
അത് കണക്കാക്കാതെ അവള്‍
മഴ പോയ വഴിയിലേക്ക് നടന്നു.
ഉത്‌പ്രേക്ഷയും പോയതോടെ ആ ഭാഷ പിന്നെ എല്ലാവരും
മറന്നു. ആരും അത് സംസാരിച്ചില്ല. എഴുതിയും വായിച്ചുമില്ല.
അതില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍മാത്രം കുറേക്കാലംകൂടി പണക്കാരുടെ ഷോക്കേസിലെ കാഴ്ചവസ്തുക്കളായി തുടര്‍ന്നു.

manojjathavedaru@gmail.com