തമിഴനല്ലെന്ന ആക്ഷേപവുമായി തമിഴ്‌വികാരം ആളിക്കത്തിക്കാൻ ശ്രമിച്ചാൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമോയെന്നതിനെ ആശ്രയിച്ചിരിക്കുന്ന രജനിയുടെ രാഷ്ട്രീയഭാവി. മലയാളിയായ എം.ജി.ആറിനെതിരേ വിലപോകാത്ത ആയുധമാണിതെങ്കിലും മാറിയ സാഹചര്യത്തിൽ രജനിയ്ക്കെതിരേ ഇത് വിജയിക്കുമോയെന്നും അറിയാൻ കത്തിരിക്കുകതന്നെ വേണം 

രാഷ്ട്രീയം തനിക്ക് പുത്തരിയല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള രജനിയുടെ രാഷ്ട്രീയ എൻട്രി സിനിമയിലെപോലെ അമ്പരപ്പിക്കുന്നില്ല. അവസരത്തിനായി കാത്തിരുന്ന കുശാഗ്രബുദ്ധി ഈ തീരുമാനത്തിന് പിന്നിലുണ്ട്. ജനമനസ്സുകളിൽ ആഴ്ന്നിറങ്ങിയ ജയലളിതയുടെയും കരുണാനിധിയുടെയും അസാന്നിധ്യമാണ് തമിഴ് രാഷ്ട്രീയത്തിൽ വലിയസ്വപ്നങ്ങൾ കാണാൻ രജനിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. എം.ജി.ആറിനുശേഷം തമിഴകരാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിയന്ത്രിച്ചവരാണ് ജയയും കരുണാനിധിയും.

ജയയുടെ മരണം എ.ഐ.എ.ഡി.എം.കെ.യുടെ നിലനിൽപ്പുപോലും അപകടത്തിലാക്കിയപ്പോൾ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കരുണാനിധി പൊതുരംഗത്തുനിന്ന് പിൻവാങ്ങിയത് ഡി.എം.കെ.യുടെ കരുത്ത് ചോർത്തിക്കളഞ്ഞു. സഹോദരൻ അഴഗിരിയെ ഒതുക്കി പാർട്ടിയിൽ ആധിപത്യം നേടിയെങ്കിലും സംസ്ഥാനത്ത് കാര്യമായ ചലനങ്ങളുണ്ടാക്കാൻ സ്റ്റാലിന് കഴിഞ്ഞിട്ടില്ല. ജനകീയതയിൽ കരുണാനിധിയുടെ നിഴലാകാൻപോലും സ്റ്റാലിനായിട്ടില്ല. 

ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ട്

മോദിതരംഗം പറഞ്ഞ് തമിഴകത്തിൽ സ്വന്തമായി മേൽവിലാസമുണ്ടാക്കാൻ കിണഞ്ഞ് ശ്രമിച്ചിട്ടും നടക്കാതെവന്നതോടെ പുതിയ തന്ത്രങ്ങൾ പയറ്റുന്ന ബി.ജെ.പി.യുമായി രജനി കൂട്ടുകെട്ടുണ്ടാക്കുമോയെന്നതാണ് പ്രധാന വിഷയങ്ങളിൽ മറ്റൊന്ന്. രജനിയെ സ്വന്തം പാളയത്തിൽ എത്തിക്കാൻ ഇതുവരെ ബി.ജെ.പി. പുറത്തെടുത്ത ഒരടവും വിജയിച്ചിരുന്നില്ല. ആർക്കും ഒരെത്തുംപിടിയും കിട്ടാത്ത രജനിയുടെ ആത്മീയരാഷ്ട്രീയം എന്ന നയം മതാധിഷ്ഠിത രാഷ്ട്രീയമാണെന്ന വ്യാഖ്യാനം തുടക്കത്തിൽത്തന്നെ കല്ലുകടിയായി.

ന്യായത്തിലും നീതിയിലും അധിഷ്ഠിതമായ രാഷ്ട്രീയമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിച്ചെങ്കിലും ആത്മീയ വാദിയെന്ന വിശേഷണം അത്രവേഗത്തിൽ തമിഴകത്തിലെ ജനങ്ങൾക്ക് ദഹിക്കുമോയെന്നുറപ്പില്ല. ബി.ജെ.പി. അനുകൂല നിലപാടായിരിക്കും രജനിയുടേതെന്ന വിലയിരുത്തലിന് കാരണവും സ്വയം ചാർത്തുന്ന ഈ വിശേഷണമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ഉറപ്പിക്കുന്ന രജനി എന്നാൽ, രണ്ടുവർഷത്തിനുള്ളിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നയം പിന്നീട് വ്യക്തമാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ ഒരു സഖ്യസാധ്യത കാണുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർവിരുദ്ധ വികാരം തമിഴകത്തിൽ ശക്തമായതിനാൽ ബി.ജെ.പി.യുമായി അത്ര വേഗം ഒരു കൂട്ടുകെട്ടിന് സാധ്യത കുറവാണ്. 

മുന്നിൽ ശിവാജിയും വിജയകാന്തും 

സിനിമാരംഗത്തിന്  തമിഴക രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ടെന്നത് കാലം തെളിയിച്ചതാണ്. അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ., ജയലളിത എന്നിവർ സിനിമയിൽനിന്നെത്തി സംസ്ഥാന രാഷ്ട്രീയത്തിൽ വേരുറപ്പിച്ച മഹാമേരുക്കളാണ്. എന്നാൽ, ഇവരാരും സ്വന്തം പാർട്ടി രൂപവത്‌കരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്നവരല്ല. ദ്രാവിഡ കഴകത്തിലൂടെ പൊതുരംഗത്ത് സജീവമായതിനുശേഷമാണ് അണ്ണാദുരൈയും കരുണാനിധിയും രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കിയത്.
 ഡി.എം.കെ.യിൽനിന്ന് അടിതട പഠിച്ചതിനുശേഷമാണ് എം.ജി.ആർ. എ.ഐ.എ.ഡി.എം.കെ. രൂപവത്‌കരിച്ചത്.

എം.ജി.ആറിനുകീഴിൽ ഏറെനാളത്തെ പ്രവർത്തനത്തിന് ശേഷമാണ് ജയലളിത പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. ഇതിൽനിന്ന് വ്യത്യസ്തമായി രംഗത്തുവന്ന രണ്ടുപേർ ശിവാജി ഗണേശനും വിജയകാന്തുമാണ്.  12 വർഷംമുൻപ് രൂപവത്‌കരിച്ച വിജയകാന്തിന്റെ ഡി.എം.ഡി.കെ. ഇപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽപോലും വിജയിക്കാൻ കഴിയാത്തത്ര ദുർബലമാണ്. സ്വന്തം മണ്ഡലത്തിൽപോലും വിജയിക്കാൻ സാധിക്കാതിരുന്ന ശിവാജി ഗണേശന്റെ അനുഭവം മാസങ്ങൾക്കുമുൻപ് രജനീകാന്ത് തന്നെ അനുസ്മരിച്ചിരുന്നു. 

കമൽഹാസനുംരജനിയും 

കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ജയലളിതയുടെ മരണംവരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം, ചർച്ചകൾ മുഴുവൻ നടന്നത് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചൊല്ലിയായിരുന്നു. എന്നാൽ, രജനീകാന്തിനെക്കാൾ മുൻപ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത് കമൽഹാസനായിരുന്നു. എ.ഐ.എ.ഡി.എം.കെ. സർക്കാരിനെതിരേയുള്ള എതിർപ്പാണ് കമലിന്റെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തിന് കാരണം.

രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നാൽ ഒരുമിച്ച് പ്രവർത്തിക്കാൻ താത്‌പര്യമുണ്ടെന്ന് കമൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇരുവരും സ്വന്തംപാർട്ടി രൂപവത്‌കരിക്കാൻ ഒരുങ്ങുമ്പോൾ അത് എപ്രകാരം പ്രാവർത്തികമാക്കുമെന്ന ചോദ്യമുണ്ട്. രണ്ട് പാർട്ടിയുമായി എത്തുമ്പോൾ അത് രണ്ടുപേരുടെയും സാധ്യത ഇല്ലാതാക്കുമോയെന്ന ആശങ്കയും ബാക്കിയാണ്. രജനിയുടെ തീരുമാനത്തോടെ പാർട്ടി രൂപവത്‌കരണത്തിൽനിന്ന് കമൽ പിന്നാക്കം പോകുമോയെന്നും കണ്ടറിയണം. 

തമിഴ് സംഘടനകളുടെ എതിർപ്പ്

ആയുസ്സിന്റെ ഭൂരിപക്ഷവും തമിഴ്‌നാട്ടിൽ ജീവിച്ച താൻ ഒരു പച്ച തമിഴനാണെന്ന്‌ ആവർത്തിക്കുമ്പോഴും രജനി നേരിടുന്ന വലിയപ്രശ്നം തമിഴനല്ലെന്ന വിമർശനമാണ്. രജനിയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ കാലത്തെല്ലാം തമിഴ് അനുകൂല സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 
നാം തമിഴർ കക്ഷി, തമിഴക വാഴ്‌വുറുമൈ കക്ഷി എന്നി ചെറുപാർട്ടികളും ഈ കാരണം ചൂണ്ടിക്കാട്ടിയാണ് രജനീകാന്തിനെ എതിർക്കുന്നത്. മഹാരാഷ്ട്രക്കാരനായ രജനീകാന്ത് തമിഴ്‌നാടിനെ ഭരിക്കേണ്ടെന്നാണ് ഇവരുടെ നിലപാട്. 

സംവിധായകൻ ഭാരതിരാജ അടക്കമുള്ളവരും ഇതേപേരിൽ രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ എതിർക്കുന്നു. തമിഴനല്ലെന്ന ആക്ഷേപവുമായി ഇവർ തമിഴ്‌വികാരം ആളിക്കത്തിക്കാൻ ശ്രമിച്ചാൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമോയെന്നതിനെ ആശ്രയിച്ചിരിക്കുന്ന രജനിയുടെ രാഷ്ട്രീയഭാവി. 
മലയാളിയായ എം.ജി.ആറിനെതിരേ വിലപ്പോകാത്ത ആയുധമാണിതെങ്കിലും മാറിയ സാഹചര്യത്തിൽ രജനിയ്ക്കെതിരേ ഇത് വിജയിക്കുമോയെന്നും അറിയാൻ കത്തിരിക്കുകതന്നെ വേണം.