image
ദൽവീർ ഭണ്ഡാരി

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ (ഐ.സി.ജെ.) അഞ്ചാമത്തെ ജഡ്ജിയായുള്ള ദൽവീർ ഭണ്ഡാരിയുടെ തിരഞ്ഞെടുപ്പിന് ഒരു പ്രതികാരത്തിന്റെ സുഖമുണ്ട്. കാരണം, ഭണ്ഡാരിയോട് പരാജയം സമ്മതിച്ചത് ബ്രിട്ടന്റെ പ്രതിനിധിയാണ്. ജയിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയശേഷമാണ് 12-ാംവട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് വളരെ നാടകീയമായി ബ്രിട്ടൻ പിന്മാറ്റം പ്രഖ്യാപിച്ചത്. അതോടെ, ഐ.സി.ജെ.യുടെ 71 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബ്രിട്ടന് സ്വന്തം പ്രതിനിധിയില്ലാതായി. 

ഐ.സി.ജെ.യിൽ ഇത്തവണ ഒഴിവുവന്ന അഞ്ചുസ്ഥാനങ്ങളിൽ നാലിലും തിരഞ്ഞെടുക്കപ്പെട്ടത് പാശ്ചാത്യരാജ്യങ്ങളുടെ പ്രതിനിധികളല്ല. ബ്രസീൽ, ഫ്രാൻസ്, ലെബനൻ, സൊമാലിയ, ഇന്ത്യ എന്നിവയുടെ പ്രതിനിധികളാണ് വിജയികളായത്. ഇത് പാശ്ചാത്യതാത്പര്യങ്ങളെ ബാധിക്കുമെന്ന് വൻശക്തിരാഷ്ട്രങ്ങൾ ആശങ്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 

ഇന്ത്യക്കുമുന്നേ ബ്രസീൽ, ലെബനൻ, സൊമാലിയ എന്നിവയുടെ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭണ്ഡാരിയും ഗ്രീൻവുഡും തമ്മിലുള്ള മത്സരം ഇവയിലെല്ലാംവെച്ച് കടുത്തതായിരുന്നു. പൊതുസഭയിലും രക്ഷാസമിതിയിലും 11 തവണ വോട്ടെടുപ്പ് നടന്നു. 193 അംഗ പൊതുസഭയിൽ ഭണ്ഡാരി എപ്പോഴും മുന്നിട്ടുനിന്നു. 15 അംഗരക്ഷാസമിതിയിൽ ഒമ്പത് വോട്ട് ഗ്രീൻവുഡിനും അഞ്ചെണ്ണം ഭണ്ഡാരിക്കും എന്ന നിലയായിരുന്നു. ഈ സാഹചര്യത്തിലാണ് എങ്ങനെയും ജയിക്കാനായി ബ്രിട്ടൻ കളത്തിലിറങ്ങിയത്. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ദുരുപയോഗിച്ച് പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്തസമ്മേളനം നടത്തി ഗ്രീൻവുഡിനെ ജയിപ്പിക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനെല്ലാം ഒടുവിൽ ബ്രിട്ടൻതന്നെ പിന്മാറി. രക്ഷാസമിതിയിലെ 15 അംഗങ്ങളും ഭണ്ഡാരിയെ പിന്തുണച്ചു. 

വളരുന്ന ഇന്ത്യ, തളരുന്ന ബ്രിട്ടൻ

ലോകക്രമം മാറുന്നതിന്റെ സൂചനകൂടിയാണ് ഭണ്ഡാരിയുടെ ജയം. ഇന്ത്യക്ക്‌ അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് പൊതുസഭയിൽ ലഭിച്ച 183 വോട്ട്. ബ്രെക്സിറ്റ് യാഥാർഥ്യത്തോടടുക്കുംതോറും ബ്രിട്ടന്റെ അന്താരാഷ്ട്രസമ്മതി ഇടിയുന്നുണ്ടെന്നത് വസ്തുതയാണ്. 

യു.എന്നിൽ ഇക്കൊല്ലം രണ്ടാംതവണയാണ് ബ്രിട്ടൻ പരാജയപ്പെടുന്നത്. ജൂണിൽ മൗറീഷ്യസിനോടായിരുന്നു  ആദ്യ തോൽവി. ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ ഉടമസ്ഥതയ്ക്കായി മൗറീഷ്യസ് പൊതുസഭയിൽ കൊണ്ടുവന്ന പ്രമേയം പതിനഞ്ചിനെതിരേ 93 വോട്ടുകൾക്കാണ് പാസായത്. നാണംകെട്ട ബ്രിട്ടൻ ഇപ്പോൾ ഐ.സി.ജെ.യെ സമീപിച്ചിരിക്കുകയാണ്. 
ഈ സാഹചര്യത്തിൽ വിജയം ബ്രിട്ടന് ആവശ്യമായിരുന്നു. ഗാർഡിയൻ പത്രം എഴുതിയതുപോലെ ഗ്രീൻവുഡിന്റെ തോൽവി, അന്താരാഷ്ട്രതലത്തിൽ ബ്രിട്ടന് അഭിമാനക്ഷതം വരുത്തി; അന്താരാഷ്ട്രകാര്യങ്ങളിൽ ബ്രിട്ടന്റെ സ്ഥാനം ഇടിഞ്ഞു. അടുത്തവർഷം ബ്രെക്സിറ്റ് യാഥാർഥ്യമാവുമ്പോൾ ബ്രിട്ടന് ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നതും ഗ്രീൻവുഡിന്റെ പിന്മാറ്റത്തിന് കാരണമാവാം. 

ശുഭസൂചന

പൊതുസഭയിൽ ഇന്ത്യക്ക്‌ കിട്ടിയ വൻപിന്തുണ ലോകശക്തികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഭണ്ഡാരി ഗ്രീൻവുഡിനെ തോൽപ്പിക്കും എന്ന സ്ഥിതിവന്നപ്പോൾ ‘ഇന്ന്‌ ബ്രിട്ടനെങ്കിൽ നാളെ നമ്മളിൽ ആരുമാകാം’ എന്ന ചിന്തയാണ് രക്ഷാസമിതി മറ്റ്‌ സ്ഥിരാംഗങ്ങൾ (യു.എസ്., ഫ്രാൻസ്, റഷ്യ, ചൈന) പങ്കുവെച്ചതെന്നാണ് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തത്. പക്ഷേ, യു.എന്നിലെ ഇന്ത്യൻ പ്രതിനിധികളുടെ നിരന്തരശ്രമത്തിന് ഈ ആശങ്കയെ ഇല്ലാതാക്കാൻ സാധിച്ചു. 
ഇന്ത്യക്ക്‌ പ്രതീക്ഷയേകുന്ന ജയമാണ് ഭണ്ഡാരിയുടേത്. രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് ഇത് ബലമേകും. കാരണം, ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളിലൊന്നിന്റെ പ്രതിനിധിയോടാണ് ഇന്ത്യ മത്സരിച്ചതും ജയിച്ചതും. ജയത്തിനുശേഷം ജസ്റ്റിസ് ഭണ്ഡാരിതന്നെ ഈ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

പാകിസ്താൻ വധശിക്ഷവിധിച്ച് തടവിലിട്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവിന്റെ കേസ് അടുത്തമാസം ഐ.സി.ജെ.യിൽ വിചാരണയ്ക്ക്‌ വരുമെന്നാണ് കരുതുന്നത്. ഭണ്ഡാരിയുടെ ജയം ഇന്ത്യക്ക്‌ ഐ.സി.ജെ.യിൽ മേൽക്കൈ നേടിത്തന്നിരിക്കുന്നു. ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെങ്കിൽ ഐ.സി.ജെ.യിൽ സ്വന്തം ജഡ്ജിയില്ലാതെ ഇന്ത്യക്ക്‌ കേസ് നടത്തേണ്ടിവന്നേനെ. കേസ് നടത്തിപ്പിനായി പാകിസ്താൻ ഐ.സി.ജെ.യിൽ താത്കാലിക ജഡ്ജിയെ നിയമിച്ചുകഴിഞ്ഞു. 
ബ്രിട്ടന്റേത് നാണംകെട്ട തോൽവിയെന്ന് ബി.ബി.സി. അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ പരിതപിക്കുമ്പോൾ കാണാതെപോകരുതാത്ത ഒന്നുണ്ട്; യു.എന്നിൽ അധികാരസമവാക്യങ്ങളിൽ മാറ്റംവരുന്നു എന്നത്. രക്ഷാസമിതിയുടെ വിധിയെഴുത്തിനോട് പൊതുസഭ മുഖംതിരിച്ചുനിന്നതാണ് ഭണ്ഡാരി-ഗ്രീൻവുഡ് മത്സരത്തെ 12-ാം തവണത്തെ വോട്ടെടുപ്പിലേക്ക് നയിച്ചത്. ചെറുരാജ്യങ്ങൾ വൻശക്തികളെ പരിഭ്രാന്തരാക്കിയെന്നതിന് ഇതിൽ കൂടുതൽ തെളിവുവേണ്ടല്ലോ. 

ഐ.സി.ജെ.യും മത്സരവും

ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) കോടതിയാണ് നെതർലൻഡ്‌സിലെ ഹേഗ് ആസ്ഥാനമായുള്ള ഐ.സി.ജെ. 1945-ൽ സ്ഥാപിതമായ കോടതി തൊട്ടടുത്തവർഷം പ്രവർത്തനം തുടങ്ങി. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ അന്താരാഷ്ട്ര നിയമമനുസരിച്ച് പരിഹരിക്കുന്നു. നിയമപരമായ വിഷയങ്ങളിൽ ഉപദേശം നൽകുന്നു. 15 ജഡ്ജിമാരാണ് ഐ.സി.ജെ.യിലുള്ളത്. ഒമ്പതുവർഷമാണ് ഒരു ജഡ്ജിയുടെ കാലാവധി. 15 ജഡ്ജിമാരിൽ മൂന്നിലൊന്നുപേർ ഓരോ മൂന്നുവർഷം കൂടുമ്പോഴും മാറും. ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. രക്ഷാസമിതിയിലും പൊതുസഭയിലും കേവലഭൂരിപക്ഷം നേടുന്നയാളാണ് തിരഞ്ഞെടുക്കപ്പെടുക. ഇത്തവണ ഒഴിവുവന്ന അഞ്ചുസ്ഥാനങ്ങളിൽ നാലിലേക്കും തിരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. ബ്രസീൽ, ഫ്രാൻസ്, ലെബനൻ, സൊമാലിയ എന്നിവയുടെ പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാമത്തെ സ്ഥാനത്തിനായാണ് ഇന്ത്യയും ബ്രിട്ടനും മത്സരിച്ചത്.