സോളാർ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും അതിൽ പരാമർശിക്കപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തിൽ ക്രിമിനൽ നിയമനടപടികൾ ആരംഭിക്കുന്നതിന്‌ മുന്നോടിയായി കൂടുതൽ അന്വേഷണങ്ങൾ നടത്താൻ തീരുമാനിച്ചതായി സർക്കാർ പറയുന്നു.  ഇക്കാര്യത്തിൽ പക്വവും സംതുലിതവുമായ സമീപനം സ്വീകരിക്കാനുള്ള നിയമപരവും ജനാധിപത്യപരവുമായ ബാധ്യത സർക്കാറിനുണ്ട്‌.
കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളെ പാടേ നിരാകരിക്കാൻ ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്‌ കഴിയില്ല. അതേസമയം, ഏകപക്ഷീയവും പ്രതികാര രൂപത്തിലുള്ളതുമായ നടപടികൾ ഒഴിവാക്കുകയും വേണം. കക്ഷിരാഷ്ട്രീയത്തിന്റെയും നിക്ഷിപ്ത താത്‌പര്യങ്ങളുടെയും തന്ത്രങ്ങൾക്കപ്പുറം ജനാധിപത്യപരവും ഭരണഘടനാപരവുമായ കടമകളാണ്‌ ഇക്കാര്യത്തിൽ പ്രധാനം.

ഭരണസിരാകേന്ദ്രങ്ങൾ പൊതുവഴിയാവുമ്പോൾ

റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗുരുതരമാകുന്നത്‌ അത്‌ നമ്മുടെ രാഷ്ട്രീയ, ഭരണമേഖലയിലെ ഇരുണ്ട യാഥാർഥ്യങ്ങളെ പുറത്തുകൊണ്ടുവരുന്നുവെന്നതിനാലാണ്‌. ആരോപിക്കപ്പെട്ട കാര്യങ്ങളിൽ അന്തിമമായതും വിശ്വാസയോഗ്യമായതുമായ തെളിവുകളും മൊഴികളും എത്രകണ്ട്‌ ഉണ്ടാകുമെന്നത്‌ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അറിയാൻ കഴിയുന്ന ഒന്നാണ്‌.
എന്നാൽ, അധികാരത്തിന്റെ ഇടനാഴികൾ മലീമസമായിരുന്നുവെന്ന രാഷ്ട്രീയപാഠങ്ങൾ മനസ്സിലാക്കാൻ മലയാളിക്ക്‌ ഇക്കാര്യത്തിൽ ഒരു എഫ്‌.ഐ.ആർ. പോലും ആവശ്യമില്ല. ആർക്കും എപ്പോഴും കയറിയിറങ്ങാവുന്ന, എന്തും ചെയ്യാവുന്ന, ചെയ്യിക്കാവുന്ന സ്ഥലങ്ങളായി ഭരണസിരാകേന്ദ്രങ്ങൾ മാറിക്കഴിഞ്ഞതിന്റെ രാഷ്ട്രീയമായ ഉത്തരവാദിത്വം അധികാരം െെകയാളിയവർ ഏറ്റെടുത്തേ പറ്റൂ. അതിന്‌ വീണ്ടുമൊരു വിചാരണയോ കോടതിവിധിയോപോലും ആവശ്യമില്ല.

നിഷ്‌പക്ഷമാവണം
അതേസമയം, നിയമപരമായി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ സ്വതന്ത്രവും നി ഷ്‌പക്ഷവുമായ അന്വേഷണം തന്നെയാണ്‌ വേണ്ടത്‌. ഗൗരവപ്പെട്ട കുറ്റാരോപണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പ്രാഥമികാന്വേഷണവും പ്രഥമ വിവര റിപ്പോർട്ടും ഉണ്ടാകേണ്ടതിന്റെ ഭിന്നവശങ്ങളെക്കുറിച്ച്‌ സുപ്രീംകോടതി ലളിതകുമാരിയും യു.പി. സർക്കാറും തമ്മിലുള്ള കേസിൽ (2014) 2 സുപ്രീംകോർട്ട്‌ കേസസ്‌ 1) വിശദീകരിക്കുകയുണ്ടായി. പ്രഥമ വിവര റിപ്പോർട്ട്‌ തയ്യാറാക്കാനുള്ള പോലീസ്‌ ഉദ്യോഗസ്ഥരുടെ ബാധ്യതയെക്കുറിച്ച്‌ ഭരണഘടനാ ബെഞ്ച്‌ അടിവരയിട്ട കേസാണിത്‌. യാതൊരു അന്വേഷണവും നടക്കാതെ ഗൗരവപ്പെട്ട ആരോപണങ്ങൾ തമസ്കരിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ, നിയമവാഴ്ച നിലനിൽക്കില്ല. ചില കേസുകളിൽ ആവശ്യമെങ്കിൽ, എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്ത ഉടനെ, ഏഴ്‌ ദിവസങ്ങൾക്കകം, പ്രാഥമികാന്വേഷണം നടത്താം.
അതുപക്ഷേ, വാറണ്ടില്ലാതെ അറസ്റ്റുചെയ്യാവുന്ന ഒരു ക്രിമിനൽക്കുറ്റം ആരോപണത്തിൽനിന്നും വെളിവാകുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻവേണ്ടിയാണ്‌. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, യാന്ത്രികമായി എഫ്‌.ഐ.ആർ. രേഖപ്പെടുത്തുകയല്ല, അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യേണ്ടത്‌. ലളിതകുമാരി കേസിന്റെ തത്ത്വങ്ങളെ പിന്നീട്‌ വിശദീകരിച്ച രാംദേവ്‌ ഫുഡ്‌ പ്രൊഡക്ടിന്റെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറയുകയുണ്ടായി. ക്രിമിനൽ നിയമചക്രം തിരിക്കുന്നതിനും ആരോപണങ്ങളുടെ കാര്യത്തിൽ ക്ലിപ്തത വരുത്തുന്നതിനും പ്രഥമവിവരറിപ്പോർട്ട്‌ സഹായമാകുമെന്ന്‌ സുപ്രീംകോടതി വിലയിരുത്തി. ഒപ്പം, നടപടിക്രമങ്ങളിലെ സുതാര്യതയും അന്വേഷണത്തിലെ നിഷ്‌പക്ഷതയും ഉറപ്പുവരുത്തുന്നതിനും കൂടിയുള്ളതാണ്‌ ഈ റിപ്പോർട്ട്‌. ഒപ്പം, അന്വേഷണകാര്യത്തിൽ അനന്തമായ കാലതാമസം ഒഴിവാക്കാനും പ്രഥമവിവര റിപ്പോർട്ട്‌ നിർബന്ധമാക്കുന്നതിലൂടെ കഴിയും.

പുറത്തുനിന്നുള്ള ഏജൻസി വേണം
ചുരുക്കിപ്പറഞ്ഞാൽ സോളാർ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാർ എങ്ങനെ നിറവേറ്റുമെന്നതാണ്‌ കണ്ടറിയേണ്ടത്‌. ആരോപണ കർത്താക്കളുടെ വിശ്വാസ്യതയും അന്വേഷിക്കപ്പെടണം. രാഷ്ട്രീയാധികാരകേന്ദ്രങ്ങൾക്ക്‌ വിധേയമായി മാത്രം പ്രവർത്തിക്കുന്ന പോലീസ്‌ സംവിധാനത്തെ സ്വതന്ത്രമാക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ പ്രകാശ്‌ സിങ്ങിന്റെ കേസിൽ സുപ്രീംകോടതി വിവരിച്ചതാണ്‌. (2006 (8) സുപ്രീംകോർട്ട്‌ കേസസ്‌ 1).

കേരളത്തിലടക്കം പക്ഷേ, പ്രകാശ്‌ സിങ്‌ കേസിലെ നിർദേശങ്ങൾ യഥാവിധി നടപ്പാക്കാതെ പോയി.  സ്വതന്ത്രമായ പോലീസ്‌ സംവിധാനവും ക്രമസമാധാന കുറ്റാന്വേഷണ വിഭാഗങ്ങൾ തമ്മിലുള്ള  വേർതിരിവും ഉറപ്പാക്കാനായി നടപടികൾ സ്വീകരിക്കണമെന്ന നിർദേശം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്‌ അലക്സാണ്ടർ തോമസും മുമ്പ്‌  പുറപ്പെടുവിക്കുകയുണ്ടായി.
എന്നാൽ, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്താലും താത്‌കാലിക താത്‌പര്യങ്ങളുെട ആധിക്യത്താലും ആ  വഴിക്കുള്ള ഫലപ്രദമായ നടപടികൾ ഉണ്ടായില്ല. ഈ പശ്ചാത്തലത്തിൽ, സോളാർ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പുറത്തുനിന്നുള്ള ഒരു ഏജൻസി അന്വേഷിക്കുന്നതായിരിക്കും അഭികാമ്യം.
അങ്ങനെ വന്നാൽ, അന്വേഷണത്തെ എതിർക്കാൻ കുറ്റാരോപിതർക്ക്‌ കഴിയില്ല; അന്വേഷണം സ്വതന്ത്രമാക്കാൻ  വേണ്ടതു ചെയ്തുവെന്ന്‌ ഭരണതലത്തിലുള്ളവർക്ക്‌ ന്യായമായും അവകാശപ്പെടുകയും ചെയ്യാം. സ്വതന്ത്രാന്വേഷണത്തിനു പകരമാവില്ല,  ഇതു സംബന്ധിച്ച നിലവാരമില്ലാത്ത വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും.

സോളാർ റിപ്പോർട്ടിൽ എന്തു ചെയ്യാം
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്ത്‌ അന്വേഷണം നടത്താനുള്ള ബാധ്യത സർക്കാറിനുണ്ട്‌. അങ്ങനെ അന്വേഷിക്കപ്പെടേണ്ടുന്ന ആരോപണങ്ങളെ നിയമത്തിന്റെ പാതയിലേക്ക്‌ കൊണ്ടുവരുന്നത്‌ ആരുടെയും അവകാശനിഷേധമല്ല എന്ന്‌ ലളിതകുമാരി കേസിലെ തന്നെ വിധി വ്യക്തമാക്കുന്നുണ്ട്‌.

എഫ്‌.ഐ.ആർ. തയ്യാറാക്കി എന്നതിന്റെ പേരിൽ അന്യായമായ അറസ്റ്റ്‌ നടക്കുമെന്ന്‌ കരുതേണ്ടതില്ല; അന്വേഷണത്തിൽ, ആരോപണത്തിൽ കഴമ്പില്ലെന്നുകണ്ട്‌ നടപടികൾ അവസാനിപ്പിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്‌; അന്യായമായ അറസ്റ്റിനെ ചോദ്യംചെയ്യാൻ കുറ്റാരോപിതർക്ക്‌ അവകാശമുണ്ട്‌.ചുരുക്കിപ്പറഞ്ഞാൽ എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്ത്‌ അന്വേഷണം നടത്തുന്നതുകൊണ്ടുമാത്രം ആരും കുറ്റക്കാരായിത്തീരുന്നില്ല.

അതേസമയം, റിപ്പോർട്ടിൽ വിവരിക്കാത്തതും പുതുതായി ഉന്നയിക്കപ്പെടാവുന്നതുമായ ആരോപണങ്ങൾക്ക്‌ വീണ്ടുമൊരു കമ്മിഷൻ എന്ന രീതി വിചിത്രമായി തോന്നുന്നു. ഇത്തരം ശുപാർശ ശിവരാജൻ കമ്മിഷനിൽ ഉണ്ടെങ്കിൽ പോലും ക്രിമിനൽ നടപടിക്രമമനുസരിച്ചുള്ള അന്വേഷണങ്ങൾക്കുപകരം, അന്വേഷണ കമ്മിഷനുകളുടെതന്നെ ഒരു പരമ്പര സൃഷ്ടിക്കുന്നത്‌, അതുവഴി പുതിയ ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിയൊരുക്കുന്നത്‌, ആരോപണങ്ങളുടെ കാര്യത്തിലെ കൃത്യതയ്ക്കും ക്ളിപ്തതയ്ക്കും അടിവരയിട്ട ലളിതകുമാരി വിധിന്യായത്തിന്‌ തന്നെയും എതിരാണ്‌.
അന്വേഷണം നിയമപരമായ അനിവാര്യതയായിരിക്കെ, ഏതു തരത്തിലുള്ളതായിരിക്കണം അന്വേഷണം എന്നതാണ്‌ പ്രധാനം.

കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളെ അപ്പടി അംഗീകരിക്കാനുള്ള ബാധ്യത അന്വേഷണ ഉദ്യോഗസ്ഥർക്കില്ല. എന്തിന്‌, റിപ്പോർട്ടിലെ നിഗമനങ്ങൾക്ക്‌ നേരേ വിപരീതമായ നിഗമനങ്ങളിൽ എത്തിച്ചേരാനും അന്വേഷണ ഉദ്യോഗസ്ഥന്മാർക്കധികാരമുണ്ട്‌. കേരളത്തിൽനിന്നുതന്നെ ഉണ്ടായ ടി.ടി. ആന്റണിയുടെ കേസിൽ (2001 (6) സുപ്രീംകോടതി കേസസ്‌ 181) സുപ്രീംകോടതി ഇക്കാര്യം വിശദീകരിച്ചു. മുമ്പ്‌ ആർ. സരളയുടെ കേസിൽ (2000(4) സുപ്രീംകോർട്ട്‌ കേസസ്‌ 459) അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വച്ഛന്ദതയിലും വിവേചനാധികാരത്തിലും കോടതിപോലും ഇടപെടരുത്‌ എന്ന്‌ വ്യക്തമാക്കപ്പെട്ടു. നിയമോപദേശങ്ങൾ അന്വേഷണങ്ങളെ സ്വാധീനിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയതും ഇതേ കേസിലാണ്‌.

(ലേഖകൻ സുപ്രീംകോടതിയിലും
കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)