ഡോ. ആർ. ബാലശങ്കർ

‘‘എന്നെ തെറ്റിദ്ധരിച്ചാലും എന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതിരിക്കൂ’’ -അദ്വാനി ഒരിക്കൽ ഒരഭിമുഖത്തിൽ എന്നോടു പറഞ്ഞു. ഇന്ത്യൻരാഷ്ട്രീയത്തിന്‌ ഒരു പുതിയ വഴിത്തിരിവ്‌, ബി.ജെ.പി.ക്ക്‌ ഒരു ജനകീയ മുഖം, ആധുനികരാഷ്ട്രീയത്തിൽ പ്രസക്തമായിത്തീർന്ന തനിമയുള്ള ഒരു ബദൽ സമീപനം ഇതെല്ലാം ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ലാൽകൃഷ്ണ അദ്വാനിയുടെ സംഭാവനയാണ്‌.

1984-ൽ ബി.ജെ.പി. ലോക്‌സഭയിൽ കേവലം രണ്ടുസീറ്റിലൊതുങ്ങിയപ്പോഴാണ്‌, രാഷ്ട്രീയമായി അദ്വാനി ഉദയം ചെയ്തത്‌. ആ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ രാജീവ്‌ഗാന്ധി പ്രധാനമന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള, സഹതാപതരംഗമായിരുന്നു അത്. ആ തിരഞ്ഞെടുപ്പിൽ വാജ്‌പേയി മുഖ്യപ്രചാരണച്ചുമതല വഹിച്ചെങ്കിലും ചുക്കാൻപിടിച്ചത്‌ അദ്വാനി ആയിരുന്നു. 

അന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചംവീശുന്ന ഒരു സംഭവമുണ്ടായി. വാജ്‌പേയിയുടെ അഭിമുഖത്തിനായി പോയതായിരുന്നു ഞാൻ. പക്ഷേ, അദ്ദേഹം അദ്വാനിക്ക് ഫോൺ കണക്ട്‌ ചെയ്ത്‌ പറഞ്ഞു: ‘‘അദ്വാനി സംസാരിക്കും’’ അന്ന്‌ ദേശീയരാഷ്ട്രീയം വിശകലനം ചെയ്യുന്ന വിശദമായൊരു അഭിമുഖം അദ്ദേഹം തന്നു. എന്റെ ഒപ്പം അന്ന്‌ ഓർഗനൈസർ എഡിറ്ററായിരുന്ന വേദ്‌ പ്രകാശ്‌ ഭാട്ടിയ ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നു അഭിമുഖം ടേപ്പ്‌ ചെയ്തത്‌. തിരികെ ഓഫീസിലെത്തിയപ്പോൾ ടേപ്പ്‌ റെേക്കാഡറിൽ ഒന്നരമണിക്കൂർ നീണ്ടുനിന്ന അഭിമുഖത്തിന്റെ ഒരുവരി പോലുമില്ല. അദ്വാനിയെ വിവരം അറിയിക്കണം, അങ്കലാപ്പിലായ ഭാട്ടിയ പറഞ്ഞു. അദ്ദേഹം ദേഷ്യപ്പെടില്ലേ? അടുത്ത ആഴ്ചത്തെ കവർ സ്റ്റോറിയാണ്‌. എന്തുചെയ്യും. വരുന്നതുവരട്ടെ എന്നു കരുതി ഞാൻ അദ്വാനിയെ വിവരമറിയിച്ചു. ‘‘ഒറ്റയ്ക്കുവന്നാൽ മതി. അഭിമുഖം ഞാൻ ആവർത്തിക്കാം.’’ ഒട്ടും കാലുഷ്യമില്ലാതെ അദ്വാനി പറഞ്ഞു. അങ്ങനെ വീണ്ടും, ഒന്നര മണിക്കൂർ അദ്ദേഹം പറഞ്ഞതെല്ലാം അങ്ങനെത്തന്നെ ആവർത്തിച്ചു. 

അദ്ദേഹത്തിന്റെ ആശയങ്ങളുടെ വ്യക്തത, അത്‌ വിശദീകരിക്കുന്ന ശൈലി, വാക്കുകളുടെയും ഭാഷയുടെയും കൃത്യത, ഇതൊക്കെയാണ്‌ ബി.ജെ.പി.യുടെ താത്ത്വികാചാര്യൻ എന്നതലത്തിലേക്ക്‌ അദ്ദേഹത്തെ ഉയർത്തിയത്‌. വലിയ പ്രാസംഗികനെന്ന നിലയ്ക്ക്‌ അടൽജി ശോഭിച്ചപ്പോഴും ഏറ്റവും നല്ല സംഘാടകനും താത്ത്വികനും എന്ന നിലയ്ക്കും അദ്വാനി തിളങ്ങി. ബി.ജെ.പി.ക്ക്‌ പുതിയൊരു മുഖച്ഛായ, മറ്റ്‌ പാർട്ടികളിൽനിന്ന്‌ വ്യത്യസ്തമായൊരു വ്യക്തിത്വം എന്നിവ അദ്വാനിയാണ്‌ സമ്മാനിച്ചത്‌.

സമകാലീനരാഷ്ട്രീയത്തിൽ പ്രചലിതമായ സ്യൂഡോസെക്യുലർ (Pseudo secular) പോലുള്ള പല പദപ്രയോഗങ്ങളും അദ്ദേഹത്തിന്റേതാണ്‌. ‘‘അദ്വാനിക്ക്‌ തൊണ്ടയിൽ ഒരു തുലാസുള്ള പോലെ’’ (A guage in the throat). ഒരിക്കൽ എം.ജെ. അക്ബർ വിശേഷിപ്പിച്ചു. അത്രയ്ക്ക്‌ അളന്നുമുറിച്ചാണ്‌ അദ്ദേഹം സംസാരിക്കുക.

1989 ആയപ്പോഴേക്കും ബി.ജെ.പി.യുടെ സൂര്യോദയമായി. എൺപത്‌, തൊണ്ണൂറുകളിൽ രാമജന്മഭൂമിസമരവും രഥയാത്രയുമാണ്‌ ഒരു തന്ത്രജ്ഞൻ, രാഷ്ട്രീയസംഘാടകൻ, ആദർശവാദി എന്നതിനുപരി ഒരു ദേശീയനേതാവിന്റെ തലത്തിലേക്ക്‌ അദ്ദേഹത്തെ ഉയർത്തിയത്‌. തിരഞ്ഞെടുപ്പിൽ പാർട്ടിയെയും സ്ഥാനാർഥികളെയും സ്വന്തം വ്യക്തിപ്രതിഭയുടെ പശ്ചാത്തലത്തിൽ ജയിപ്പിക്കാനാവുന്ന തലത്തിലേക്ക്‌ അദ്ദേഹത്തിന്റെ ജനപിന്തുണ വർധിച്ചു. ’90-കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ബദൽ ധ്രുവമായി അദ്വാനി. രണ്ടരദശാബ്ദം ബി.ജെ.പി.യുടെ ഏറ്റവും സമുന്നത പദവിയിലേക്ക്‌ അദ്ദേഹം ഉയർന്നു. വാജ്‌പേയി പോലും അദ്വാനിയുടെ സംഘടനാപരമായ നേതൃശൈലിയെ പിന്തുണച്ചു. 1998-ലെ തിരഞ്ഞെടുപ്പിൽ വാസ്തവത്തിൽ അദ്വാനിയുടെ നേതൃത്വമാണ്‌, എൻ.ഡി.എ.യുടെ വിജയത്തിനു പിന്നിൽ. ഹവാല വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ, പ്രധാനമന്ത്രിപദവും അദ്ദേഹത്തിന്റേതാകുമായിരുന്നു. 

അദ്വാനി ഒരുക്കിയ രാഷ്ട്രീയവേദിയിൽ, അദ്ദേഹം മെനഞ്ഞെടുത്തതന്ത്രവും സൃഷ്ടിച്ചെടുത്ത വോട്ട്‌ ബാങ്കുമാണ്‌ യഥാർഥത്തിൽ 2014 -െല വൻ വിജയത്തിലേക്ക്‌ ബി.ജെ.പി.യെ നയിക്കാൻ നരേന്ദ്രമോദിയെ സഹായിച്ചതുപോലും. അദ്വാനി പ്രധാനമന്ത്രിയാകുമെന്ന്‌ പലരും പ്രതീക്ഷിച്ചു. അദ്ദേഹവും അതാഗ്രഹിച്ചു.

പക്ഷേ, വിവാദപരമായ പാകിസ്താൻ സന്ദർശനവും അവിടെ ജിന്നയുടെ സമാധിയിൽ  അദ്ദേഹം നടത്തിയ പരാമർശങ്ങളും അദ്ദേഹംതന്നെ വളർത്തിയെടുത്ത സ്വന്തം പ്രതിച്ഛായയ്ക്ക്‌ കോട്ടം തട്ടിച്ചു. നേതൃസ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ പതനത്തിന്‌ കാരണമായതും ഇതാണ്‌. അദ്വാനി തൊണ്ണൂറുകളിൽ സൃഷ്ടിച്ച തരംഗം ഒരു രാഷ്ട്രീയ സുനാമിയാക്കാൻ മോദിക്കു കഴിഞ്ഞു. അതേ വഴിയിലൂടെ തന്ത്രം മെനഞ്ഞുതന്നെ. എന്നാൽ, 2000-ന്റെ ആദ്യം, താത്ത്വികമായി പറ്റിപ്പോയ പാകപ്പിഴകൾ അദ്വാനിയുടെ രാഷ്ട്രീയനേട്ടങ്ങൾക്ക്‌ വിരാമമിട്ടു. ഇന്നത്തെ രാഷ്ട്രീയസായാഹ്നത്തിലേക്ക്‌ അദ്ദേഹത്തെ എത്തിച്ചതും ഇതാകാം.

(മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ ബി.ജെ.പി. ബൗദ്ധിക സെല്ലിന്റെ ദേശീയ കൺവീനറായിരുന്നു)

കെ.വി.എസ്. ഹരിദാസ് 

‘രാജ്യത്ത് ഇന്നവശേഷിക്കുന്ന    ശാന്തനും സൗമ്യനും സംശുദ്ധനും അതേസമയം കഴിവുറ്റ ഒരു രാഷ്ട്രീയനേതാവ് എൽ.കെ. അദ്വാനിയാണ്'    ഖുശ്വന്ത് സിങ്  ഒരിക്കൽ  എഴുതി.   സർവരാലും അംഗീകരിക്കപ്പെടുന്ന വ്യക്തിത്വങ്ങൾ ബി.ജെ.പി.യിൽ വളരെ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ ആ നിലയ്ക്ക് ഉയരാനായ രണ്ട്  നേതാക്കളാണുള്ളത്; എ.ബി. വാജ്‌പേയിയും അദ്വാനിയും. അവർ ഇന്ത്യയുടെ മുഖമായി മാറിയതും പിൽക്കാലത്ത് നാമൊക്കെ കണ്ടു. ബി.ജെ.പി.യുടെ വളർച്ചയും വികാസവും ഒക്കെ അവരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 

അദ്ദേഹം പക്ഷേ, ഇന്ന് ദൂരെ  മാറിനിന്നുകൊണ്ട് എല്ലാം വീക്ഷിക്കാൻ നിർബന്ധിതനായിരിക്കുന്നു. ഒരു പക്ഷേ, ഇത്രയും സ്ഥിരോത്സാഹിയായ അതേസമയം ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട, ഇത്രമാത്രം നിർഭാഗ്യവാനായ രാഷ്ട്രീയ നേതാവ് ഈ രാജ്യത്ത് ഉണ്ടായിട്ടുണ്ടാവും  എന്ന് തോന്നുന്നില്ല.
അദ്വാനിയെ ഓർക്കുമ്പോൾ രണ്ട്  സംഭവങ്ങളാണ് ഓർമയിലെത്തുക. 1980 ലാണ് അതിലൊന്ന്. ജനതാപാർട്ടി വിട്ടവർ പുതിയ പാർട്ടി രൂപവത്‌കരിക്കാൻ ഡൽഹിയിൽ സമ്മേളിച്ചിരിക്കുകയാണ്. 

ഭാരതീയ ജനതാപാർട്ടി എന്ന് പേരിടുകയും ചെയ്തു. പിന്നീട് ആരാണ് അതിനെ നയിക്കേണ്ടത് എന്നതായി ചർച്ച. അവിടെ അഭിപ്രായഭിന്നത ഉടലെടുത്തു. മധ്യസ്ഥരായി അക്കാലത്തെ മുതിർന്ന നേതാക്കൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആദ്യം പോയി വാജ്‌പേയിയെ കാണുന്നു, പിന്നെ അദ്വാനിയിലേക്ക്. തർക്കം അവർക്കിടയിലാണ്.  എന്തായിരുന്നു പ്രശ്നം?. വാജ്‌പേയി പറയുന്നു, അദ്വാനി പ്രസിഡന്റാവണം; അത് അംഗീകരിക്കാൻ അദ്വാനി തയ്യാറല്ല, പകരം വാജ്‌പേയി പ്രസിഡന്റാവണം എന്ന് അദ്ദേഹം. അവസാനം ധാരണയിലെത്തിയത്, അദ്വാനിയുടെ വിജയത്തോടെയാണ്.

സമാനമായ മറ്റൊരു സംഭവം  1991-ലെ പൊതുതിരഞ്ഞെടുപ്പിൽ  ബി.ജെ.പി. 120 സീറ്റുകൾ നേടി. അതുവരെ വാജ്‌പേയിയാണ് ബി.ജെ.പി.യുടെ പാർലമെന്ററി പാർട്ടി നേതാവ്, ലോക്‌സഭയിലെ  പ്രതിപക്ഷ നേതാവ്. 1991-ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ സ്ഥാനമൊഴിയാൻ വാജ്‌പേയി സ്വയം തയ്യാറായി. അതിന് കാരണമായി പറഞ്ഞത് ഈ വിജയത്തിന് പിന്നിലെ യഥാർഥശക്തി അദ്വാനിയാണ് എന്നതാണ്. ആദ്യമൊക്കെ അദ്വാനി സമ്മതിച്ചില്ല. പക്ഷേ, ഇത്തവണ വാജ്‌പേയിയാണ് നേടിയത്,   ലോക്‌സഭയിൽ അദ്വാനിക്കരികെ അദ്ദേഹം രണ്ടാമനായി മാറിയിരുന്നു.  ഇന്നത്തെ തലമുറയിലെ  ബി.ജെ.പി.ക്കാർക്ക് ഇടയ്ക്കെങ്കിലും ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട സംഭവങ്ങളാണിത്.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് അദ്വാനി. അതിൽ ആദ്യത്തേതാണ്  ഹവാല കേസ്.  അന്ന് രാഷ്ട്രീയ പ്രതിയോഗികളെ  ഞെട്ടിച്ചുകൊണ്ട് പാർലമെന്റ് അംഗത്വം രാജിവെക്കാനും കേസിൽ നിന്ന് കുറ്റവിമുക്തനാവുംവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കാനും അദ്ദേഹം തയ്യാറായി. കേസ് കോടതി തള്ളി. അഗ്നിശുദ്ധിവരുത്തി അദ്വാനി  തിരിച്ചു വന്നു.   

പിന്നീട് അതിനേക്കാൾ അദ്ദേഹം വേദന അനുഭവിച്ച രണ്ട്  സംഭവങ്ങളുണ്ടായി. ഒന്ന്,  പൊതുരംഗത്തുനിന്ന് വിടപറയണം എന്ന് വാജ്‌പേയിയോടും അദ്വാനിയോടും ആർ.എസ്.എസ്. സർസംഘചാലക് ആയിരുന്ന കെ.എസ്. സുദർശൻ പരസ്യമായി ആവശ്യപ്പെട്ടതാണ് അത്. 2005-ലാണത്.  2004-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഏതാണ്ടൊക്കെ പൊതുരംഗം വിട്ട വാജ്‌പേയിക്കും അത് വല്ലാതെ വേദനിച്ചു. യഥാർഥത്തിൽ സംഘപ്രസ്ഥാനത്തിന്റെ ഒരു തീരുമാനമായിരുന്നു അത്. പുതിയതലമുറയ്ക്കായി മാറി നിൽക്കണമെന്നും പഴമക്കാർ പിന്നിൽനിന്ന് ഉപദേശിക്കണമെന്നും സംഘപ്രസ്ഥാനം കരുതിയത് നല്ല ഉദ്ദേശ്യത്തോടെയാണ്. പക്ഷേ, അത്   കുടുംബത്തിനുള്ളിൽ പറയാമായിരുന്നു. തനിക്ക് പറ്റിയ ആ അബദ്ധം പിന്നീട്  സുദർശൻ തിരുത്തുകയും ചെയ്തിരുന്നു.  

അതിനേക്കാളൊക്കെ അദ്വാനിയെ വേദനിപ്പിച്ചത്, അല്ലെങ്കിൽ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടത് വിവാദമായ ജിന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം പ്രസ്ഥാനങ്ങളിലെ ചിലർ സ്വീകരിച്ച നിലപാടാണ്. ഹവാല കേസിൽ കുടുങ്ങുമ്പോൾ പോലും അത്രയ്ക്ക് വേദന തോന്നിയിട്ടില്ലെന്ന് അദ്വാനി തന്നെ പറഞ്ഞതോർക്കുക.  

2014-ലെ പൊതുതിരഞ്ഞെടുപ്പ് വേളയിലെ സ്വന്തം പ്രസ്ഥാനത്തിന്റെ ചിന്തയും വികാരവും തിരിച്ചറിയുന്നതിൽ ആ  പരിണിത പ്രജ്ഞനായ ആ നേതാവ് പരാജയപ്പെട്ടു എന്ന് കരുതുന്നയാളാണ് ഞാൻ. അന്ന് രാജ്യം ഏതാണ്ടൊക്കെ നരേന്ദ്ര മോദിക്കൊപ്പമായിരുന്നു; മുഴുവൻ സംഘ പ്രസ്ഥാനവും. അത്തരമൊരു വേളയിൽ എന്തിനാണ് അദ്ദേഹം വീണ്ടും മത്സരിക്കാൻ തയ്യാറായത് എന്നത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)