അമരാവതി എന്നാൽ മരണമില്ലാത്തത്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അമരാവതി ഇതുവരെ ജനിക്കാത്തതാണ്; അടുത്ത കാലത്ത് ഉണ്ടാവുകയുമില്ല.   2015-ലെ വിജയദശമിനാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തിനു തറക്കല്ലിട്ടു. രണ്ടുകൊല്ലം പിന്നിട്ടു. താത്കാലിക സെക്രട്ടേറിയറ്റ് കെട്ടിയതൊഴിച്ചാൽ, ഒരിഷ്ടികപോലും വെക്കാൻ ഇതുവരെ നായിഡുസർക്കാരിനായില്ല. സർക്കാരിന് ഇനിയുള്ളത് ഒന്നരക്കൊല്ലം.  തലസ്ഥാനത്തിന്റെ ഒന്നാംഘട്ടവും പോലവരം അണയും 2018-19നകം പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബുനായിഡുവിന്റെ വാക്ക്. 
 
ആന്ധ്രാപ്രദേശ് വിഭജിച്ച നിയമം (2014) നോക്കിയാൽ, 2024-വരെ ഹൈദരാബാദ് ആന്ധ്രയുടെകൂടി തലസ്ഥാനമാണ്. എങ്കിലും ഏറ്റവും വേഗം ആന്ധ്രയ്ക്കുള്ളിലിരുന്നു ഭരിക്കാൻ നായിഡു തിടുക്കംകൂട്ടി. മേല്പടി നിയമപ്രകാരം ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം കേന്ദ്രസർക്കാർ നിർമിച്ചുകൊടുക്കേണ്ടതാണ്. സ്ഥലം നോക്കാൻ കേന്ദ്രം ഒരു ശിവരാമകൃഷ്ണൻസമിതിയെ നിയോഗിച്ചിരുന്നു. ഒരു സൂപ്പർ സിറ്റി നിർമിക്കുന്നതിനുപകരം വികേന്ദ്രീകൃത സംവിധാനമാണ് സമിതി ശുപാർശചെയ്തത്. സിങ്കപ്പൂർ സിറ്റിയെ പകർത്താനിരിക്കുന്ന ചന്ദ്രബാബുവുണ്ടോ അത് ഗൗനിക്കുന്നു? കേന്ദ്രീകൃത തലസ്ഥാനം സംസ്ഥാനമധ്യത്ത്, ഗുണ്ടൂർ ജില്ലയിൽ കൃഷ്ണാനദിക്കരയിലെന്ന് ഉറപ്പിച്ചു. ഇപ്പോഴുള്ള ഒരു നഗരത്തെ തലസ്ഥാനമാക്കിയാൽ ഹൈദരാബാദിലും മികച്ചതാവില്ല. അതിനാൽ, ഒന്നുമില്ലാത്തിടത്ത് ‘കന്യാതലസ്ഥാനം’ (വിർജിൻ ക്യാപിറ്റൽ) പണിയും.   
 
ഹൈദരാബാദിനെക്കാൾ നൂറുമടങ്ങ് മികച്ച നഗരം നിർമിക്കും. അത് ലോകത്തെ ഏറ്റവും മികച്ച അഞ്ചു നഗരങ്ങളിലൊന്നായിരിക്കും. ഇതാണ് ചന്ദ്രബാബുവിന്റെ വാക്ക്.   തലസ്ഥാനം മാത്രമല്ല, ദേശീയപദ്ധതിയായി പ്രഖ്യാപിച്ച പോലവരം അണയും തന്റെ സർക്കാർ നിർമിക്കും; കേന്ദ്രം പണം തന്നാൽ മതി. സത്‌പേര് തനിക്കിരിക്കട്ടെയെന്ന് അദ്ദേഹം കരുതി. നടപ്പാക്കാത്തതിന്റെ പേരുദോഷം ഫലം.
 
തലസ്ഥാനം ഇവിടെയായാൽ...
ആന്ധ്രാപ്രദേശിന്റെ ഒത്ത നടുക്ക്. ധാരാളം സ്ഥലം പരന്നുകിടക്കുന്നു. കൃഷ്ണാനദി അടുത്തുണ്ട്. തലസ്ഥാനം പണിക്കിടെ, ഇടത്താവളങ്ങൾക്കായി വിജയവാഡ, ഗുണ്ടൂർ നഗരങ്ങൾ അടുത്തുണ്ട്. വിജയവാഡയിൽ താപവൈദ്യതനിലയമുണ്ട്; അവരാവതിക്ക് ഊർജം കിട്ടും. ഗുണ്ടൂരും കൃഷ്ണയും തെലുഗുദേശം പാർട്ടിക്ക് ശക്തിയുള്ള ജില്ലകളാണ്. സ്ഥലം വിട്ടുകൊടുക്കാൻ ജനങ്ങളെ നിർബന്ധിക്കാനാകും. തലസ്ഥാനത്തിന്റെ എല്ലാം ഉത്സവമാക്കി പാർട്ടിക്ക് മേന്മ അവകാശപ്പെടാം. ചരിത്രപ്രാധാന്യം. അതിലും ഹൈദരാബാദിനു പിന്നിലായിക്കൂടാ. തലസ്ഥാനത്തിന് അമരാവതിയെന്നു പേരിട്ടത് അതുകൊണ്ടാണ്. (നിലവിൽ, കിലോമീറ്ററുകൾക്കപ്പുറം അമരാവതി ഗ്രാമമുണ്ട്. 1800 കൊല്ലംമുമ്പ് അവിടെയായിരുന്നു ശാതവാഹനന്മാരുടെ രാജധാനി).  അതെന്തായാലും നഗരം പണി പാടാണിവിടെ. പാടമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല വിളഭൂമികളിലൊന്ന്. അതിൽ അമ്പതിനായിരം ഏക്കറെങ്കിലും നഗരം വരുമ്പോൾ നശിക്കും.
 
മണ്ണുറപ്പ് കുറവ്. ഭൂകമ്പസാധ്യതയുള്ള മേഖല (സീസ്മിക് സോൺ 3). ബഹുനിലക്കെട്ടിടങ്ങൾക്ക്  വളരെ ആഴത്തിൽനിന്നേ അടിസ്ഥാനം കെട്ടണം. റോഡുകളും ആഴത്തിൽനിന്നു പണിതുയർത്തണം.  പെരുമഴ പെയ്താൽ നദിയിൽനിന്നു വെള്ളം കയറാം. അതിനാൽ കെട്ടിടങ്ങളുടെ അടിത്തറയും റോഡുകളും പൊക്കത്തിൽ വേണം. പരിസ്ഥിതി-നദീസംരക്ഷണനിയമങ്ങൾ പാലിക്കാതെയാണ് തലസ്ഥാനനിർമാണമെന്ന് ആരോപിച്ചുള്ള ഹർജി ദേശീയ ഹരിത ട്രിബ്യൂണലിലുണ്ട്. 

amaravathi

2015-ൽ ഭൂമിസമർപ്പണപദ്ധതിയിലൂടെ (എൽ.പി.എസ്. -ലാൻഡ് പൂളിങ് സ്കീം) 33000 ഏക്കർ കർഷകരിൽനിന്നു നേടി തലസ്ഥാനമേഖലാവികസന അതോറിറ്റി റെക്കോഡിട്ടു. വിട്ടുകൊടുത്ത ഓരോ ഏക്കറിനും പകരം പുതിയ നഗരത്തിൽ ആയിരം ചതുരശ്ര അടി വാസസ്ഥലവും 300-400 ച. അടി കച്ചവടസ്ഥലവും വർഷം അമ്പതിനായിരം രൂപ നിരക്കിൽ പത്തുകൊല്ലം പെൻഷനുമാണ് കർഷകർക്കു കിട്ടുക.   ഇത് പല കർഷകർക്കും നഷ്ടമാണ്. ചിലർ ഭൂമി വിട്ടുകൊടുത്തില്ല. എണ്ണായിരത്തോളം ഏക്കർ ഓർഡിനൻസ്‌കൊണ്ടു പിടിച്ചെടുക്കുമെന്നായപ്പോൾ ചിലർ കേസിനു പോയിട്ടുണ്ട്.   
 
 പ്ലാനുകൾ വിദേശത്തുനിന്ന് 
സിങ്കപ്പൂർ സർക്കാർ മുഖേന, ആരാജ്യത്തെ രണ്ടു കമ്പനികളെക്കൊണ്ടാണ് തലസ്ഥാനഭൂമി ഉപയോഗത്തിനു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 7235 ചതുരശ്ര കിലോമീറ്റർ വരുന്ന തലസ്ഥാനമേഖല യ്ക്കകത്ത് 135 ച.കീ. വരുന്ന തലസ്ഥാനനഗരവും അതിനു പതിനേഴു ച. കീ. വരുന്ന ഭരണസങ്കേതവും (സീഡ് ക്യാപിറ്റൽ) അവർ വരച്ച് 2015 ജൂലായിൽ ഏല്പിച്ചു. 
 
ഭരണസങ്കേതമെന്ന ഉൾമേഖലയുടെ പ്രധാന വാസ്തുശില്പികളായി ജപ്പാനിലെ മകി ആൻഡ് അസോസിയേറ്റ്‌സിനെ രണ്ടുകൊല്ലംമുമ്പ് സർക്കാർ നിശ്ചയിച്ചു. മാസങ്ങൾ കഴിഞ്ഞ് അവരെ മാറ്റി, ബ്രിട്ടണിലെ ഫോസ്റ്റർ പ്ലസ് പാർട്‌ണേഴ്‌സിനെ ഏല്പിച്ചു. നിയമസഭ, ഹൈക്കോടതി കെട്ടിടങ്ങൾ വരച്ച് അവർ ഒന്നുരണ്ടു തവണ വന്നുപോയി. സായിപ്പിന്റെ വരയിൽ ഈ നാടിന്റെ സാംസ്കാരിക അംശങ്ങൾകൂടി ചേർക്കണമെന്നായി മുഖ്യമന്ത്രി. അതിന് 'ബാഹുബലി' സംവിധായകൻ രാജമൗലിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

amaravathi

 പൊക്കാനാകാത്ത ഭാരം
നിയമസഭയ്ക്കും സെക്രട്ടേറിയറ്റിനും ഹൈക്കോടതിക്കും മറ്റു പൊതു ആവശ്യങ്ങൾക്കുമുള്ളതു സർക്കാർ പണിയിക്കുക. നഗരത്തിനു പിന്നെ വേണ്ടതൊക്കെ ജനം കാലക്രമത്തിൽ നിർമിക്കും. ഇതാണ് നാട്ടുനടപ്പ്. അതിനുപകരം, വമ്പൻ നഗരം പെട്ടെന്ന് ഉണ്ടാക്കാനാണ് ചന്ദ്രബാബു മോഹിച്ചത്.  അതുണ്ടാകാൻ ലക്ഷം കോടികൾ വേണം. ഭരണമേഖലയ്ക്കുമാത്രംതന്നെ ഇരുപതിനായിരം കോടി.  പണം അധികമുണ്ടായിട്ടല്ല ഇതൊക്കെ. സംസ്ഥാനവിഭജനംതൊട്ടേ കമ്മിയിലോടുകയാണ് ആന്ധ്രാസർക്കാർ. ഈ സാമ്പത്തികവർഷംതന്നെ ആറുമാസത്തിനകം സർക്കാരിന്റെ മറ്റു ചെലവുകൾക്കുള്ള കടമെടുപ്പ് 16,000 കോടിയായി.
 
 തലസ്ഥാനത്തിന് കേന്ദ്രം ഇതുവരെ കൊടുത്തത് 1500 കോടി രൂപ. എന്നിട്ട,് എന്തു ചെയ്തെന്നു ചോദിച്ചാൽ, ഇപ്പോൾ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്ന സമുച്ചയമേ ചൂണ്ടിക്കാട്ടാനുള്ളൂ. ഇടക്കാല/ തത്കാല വിശേഷണമുണ്ടെങ്കിലും ആറുലക്ഷം ച. അടി സ്ഥലമുള്ള വാർക്കക്കെട്ടിടസമുച്ചയമാണിത്. പണിയാൻ ആയിരം കോടിയോളമായെന്ന് അഭ്യൂഹം. അവിടേക്കുള്ള റോഡിനും ശതകോടികൾ ചെലവായി.  
 ഇനി, സാക്ഷാൽ സെക്രട്ടേറിയറ്റ്-നിയമസഭാസമുച്ചയം പണിയാൻ പണം തേടുകയാണ് സംസ്ഥാന സർക്കാർ. അതിന് ആയിരം കോടിയിലധികം വേണം. അമരാവതിയിൽ വ്യവസായത്തിനു മുതൽമുടക്കാൻ ക്ഷണവുമായി വികസിത-വികസ്വര രാജ്യങ്ങളിലൊക്കെ മുഖ്യമന്ത്രി പോകാറുണ്ട്. പലരും താത്പര്യപ്പെട്ടിട്ടുമുണ്ട്.   
 
 ഇനി?
നിയമസഭാതിരഞ്ഞെടുപ്പ് 2019 മധ്യത്തിലാണ്. പ്രതിപക്ഷം ക്ഷീണിച്ചിരിക്കുകയാണ്. സകല മണ്ഡലങ്ങളിലും തന്റെ ടി.ഡി.പി. ജയിക്കുമെന്നും വീണ്ടും അവസരം കിട്ടുമെന്നുമാണ് ചന്ദ്രബാബു പറയുന്നത്. പക്ഷേ, രാഷ്ട്രീയസാഹചര്യം കുറച്ചു മാറിയാൽ, ചന്ദ്രബാബു വാക്ക് പാലിച്ചില്ലെങ്കിൽ, ഈ പ്രവചനം തെറ്റിയേക്കും.
 
വേറൊരു സർക്കാർ വന്നാലും അമരാവതി പദ്ധതിയുമായി മുന്നോട്ടുപോകേണ്ടിവരും; അങ്ങുമിങ്ങും ചില മാറ്റങ്ങൾ ഉണ്ടാകാം. ലോകനിലവാരമുള്ള തലസ്ഥാനം പണിയിച്ചുവെന്ന് ചന്ദ്രബാബുവിന് ഒറ്റയ്ക്ക് അവകാശപ്പെടാനാകാതെവരും. തലസ്ഥാനത്തിന്റെ പേരിലുള്ള ചാകരക്കൊയ്ത്തുകൾക്ക് വേറെ ആളുകൾ വന്നേക്കും.