ഞരളത്ത് രാമപ്പൊതുവാളിന്റെ ശിഷ്യ
നവതി കഴിഞ്ഞ മൂക്കശ്ശാട്ടില്‍ സൗദാമിനി തിരുമുല്‍പ്പാടിനെക്കുറിച്ച്...പ്രസംഗീതജ്ഞാനം ഭക്തിയോടെ വേണമെന്നാണല്ലോ സങ്കല്പം. അങ്ങനെയുള്ള ഒരു മലയാളി സംഗീതജ്ഞ ഇന്ന് ചെന്നൈ
നഗരത്തില്‍ ജീവിച്ചിരിപ്പുണ്ട്. മഹാന്മാരായ ടൈഗര്‍
വരദാചാരിയുടെയും ടി.കെ. രംഗാചാരിയുടെയും ശിഷ്യ എന്നനിലയ്ക്കാണ് അവര്‍ തമിഴ്‌നാട്ടില്‍ അറിയപ്പെടുന്നതെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് അവരെ മറ്റൊരുതരത്തില്‍ ആദരിക്കേണ്ടിയിരിക്കുന്നു സോപാനസംഗീതത്തില്‍ ഞരളത്ത് രാമപ്പൊതുവാളിന്റെ ശിഷ്യയാണ് ഇവര്‍! നിലമ്പൂര്‍ കോവിലകത്ത്
വല്യുണ്ണി തിരുമുല്‍പാടിന്റെയും മൂക്കശ്ശാട്ടില്‍ കുഞ്ഞിലക്ഷ്മി അമ്മയുടെയും 15 മക്കളില്‍ മൂത്തവളായി 1924ല്‍
ജനിച്ച സൗദാമിനി പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. കോഴിക്കോട് അച്യുതന്‍ സ്‌കൂളിലും ഗണപത്
സ്‌കൂളിലുമെല്ലാം പഠിച്ച പെണ്‍കുട്ടി. പത്താം
ക്ലാസുകഴിഞ്ഞപ്പോള്‍
ചെറിയമ്മയായ രത്‌നത്തിനൊപ്പം അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ സൗദാമിനി തിരുമുല്‍പ്പാട് ഗാനഭൂഷണം കോഴ്‌സിന് ചേര്‍ന്നു.
പ്രസിദ്ധ സംഗീതജ്ഞനായ
ടൈഗര്‍ വരദാചാരിയായിരുന്നു (സാക്ഷാല്‍
എം.ഡി. രാമനാഥന്റെ
ഗുരു) അന്ന് അവിടെ വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂചെയ്തിരുന്നത്. ''ഒരു കീര്‍ത്തനം പാടൂ'', അദ്ദേഹം ആവശ്യപ്പെട്ടു.
''അറിഞ്ഞുകൂടാ'',
കൗമാരം കടക്കാത്ത സൗദാമിനി പറഞ്ഞു. കൂട്ടത്തില്‍ ഇന്റര്‍വ്യൂവിനുവന്ന പലരും വളരെക്കാലം സംഗീതം അഭ്യസിച്ചവരായിരുന്നു.
''ഒരു വര്‍ണമോ സ്വരമോ എന്തെങ്കിലും?'', അദ്ദേഹം തുടര്‍ന്നുചോദിച്ചു.
''അഷ്ടപദി പാടാനറിയാം'', പെണ്‍കുട്ടി പറഞ്ഞു.
''എന്നാല്‍ അതുപാടൂ'', കാര്‍ക്കശ്യത്തിന് പേരുകേട്ട ടൈഗര്‍ മുരണ്ടു.
നീലാംബരിരാഗമാണ്
മനസ്സില്‍ വന്നത്. മനസ്സറിഞ്ഞ് അത് പാടി. കേട്ടുകഴിഞ്ഞ ഉടനെ വരദാചാരി സന്തോഷത്തോടെ
ചിരിച്ചുകൊണ്ട് പറഞ്ഞു: 'അവസാനം പഠിക്കേണ്ടതാണ് ആദ്യംതന്നെ പഠിച്ചിരിക്കുന്നത്, അല്ലേ?''
അങ്ങനെ പ്രവേശനം കിട്ടി. രണ്ടുകൊല്ലമാണ് കോഴ്‌സ്.
ഇടക്കാലത്ത് അസുഖംവന്ന്
രത്‌നം ചെറിയമ്മ മടങ്ങി. ആദ്യവര്‍ഷം ഭാഷകള്‍ പഠിക്കണംതമിഴും തെലുങ്കും.
''അര്‍ഥമറിഞ്ഞുവേണം സംഗീതം പഠിക്കാന്‍'', ഗുരുനാഥനായ രംഗാചാരി പറയും. ഇംഗ്ലീഷും മലയാളവും സംസ്‌കൃതവും സ്‌കൂളില്‍ത്തന്നെ അടിസ്ഥാനമുറപ്പിച്ചിരുന്നത്
സൗദാമിനിക്ക് ഗുണംചെയ്തു. 'ശ്രീ ബാലസുബ്രഹ്മണ്യ അഗ്രഗണ്യ' എന്നത് ഗണപതിയുടെ ഏട്ടനാണ് സുബ്രഹ്മണ്യന്‍ എന്ന മട്ടിലെടുത്ത് ഒരു കൃതിയില്‍ വര്‍ണിച്ചിരിക്കുന്നതിനെക്കുറിച്ച് സൗദാമിനി തിരുമുല്‍പ്പാട് ഒരിക്കല്‍ എം.ഡി. രാമനാഥനെഴുതി. അത്
ബഹുവ്രീഹി സമാസമാണെന്നും സുബ്രഹ്മണ്യന്റെ തന്നെ വിശേഷണമാണെന്നും.
അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.
1942ല്‍ അണ്ണാമലയില്‍നിന്ന് ഗാനഭൂഷണം പാസായാണ് സൗദാമിനി നിലമ്പൂരില്‍ തിരിച്ചെത്തുന്നത്. നന്നേ കുട്ടിക്കാലത്തുതന്നെ കോഴിക്കോട്ടുനിന്ന് ഒരു കുട്ടന്‍ നെടുങ്ങാടി വന്ന് കുറച്ചുകാലം അഷ്ടപദി പഠിപ്പിച്ചിരുന്നത് സൗദാമിനി ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായി ഒരു തിരുമുല്‍പ്പാടുണ്ടായിരുന്നു. ഗുരുവായൂരില്‍നിന്ന് വന്ന് അദ്ദേഹവും കുറച്ചുകാലം പഠിപ്പിച്ചു.
ഒരു ദിവസം നിലമ്പൂരില്‍ ഞരളത്ത് രാമപ്പൊതുവാള്‍ വന്നു. വേട്ടേക്കരന്‍ പാട്ട് നടക്കുന്ന കാലമായിരുന്നു.
''സംഗീതം ചിദംബരത്തുപോയി പഠിച്ചിട്ടുണ്ടെന്നുകേട്ടു. ഒന്നുപാടൂ!'', രാമപ്പൊതുവാള്‍ ആവശ്യപ്പെട്ടു.
ചിലതെല്ലാം പാടി. സ്തുതികള്‍, കീര്‍ത്തനങ്ങള്‍. രാമപ്പൊതുവാള്‍ കണ്ണടച്ചു കേട്ടുകൊണ്ടിരുന്നു.
കുറേക്കഴിഞ്ഞ് നിര്‍ത്തിയപ്പോള്‍ അദ്ദേഹം കണ്ണുതുറന്നു. 'വേട്ടേക്കരനെക്കുറിച്ചുള്ള കൃതി അറിയുമോ?' എന്നുചോദിച്ചു. 'ഇല്ല' എന്നുപറഞ്ഞപ്പോള്‍ അത് ചൊല്ലി പഠിപ്പിച്ചുതന്നു.
വേകട രാഗത്തില്‍ 'അരവിന്ദ ദളനയനാ...' എന്നുതുടങ്ങുന്നത്. വളരെ വ്യത്യസ്തമായ
ഒരു പുതിയ ശൈലിയാണ് പൊതുവാളിന്റേത് എന്നാണ് അന്ന് തോന്നിയത്. പഴയ ശൈലിയിലായിരുന്നു കുട്ടന്‍ നെടുങ്ങാടി പാടിയിരുന്നത്. (രണ്ടു ശൈലിയും സൗദാമിനി തിരുമുല്‍പ്പാട് ഇടറാതെ പാടിത്തന്നു). ''വേറെയും കൃതികള്‍ പലപ്പോഴായി ഞെരളത്ത് രാമപ്പൊതുവാള്‍ എനിക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്'', കൃതാര്‍ഥതയോടെ അവര്‍ പറഞ്ഞു.
നവതി കഴിഞ്ഞ ഗാനഭൂഷണം സൗദാമിനി തിരുമുല്‍പ്പാടിനെ മെയ് 9ന് നിലമ്പൂര്‍
കോവിലകം കുടുംബസദസ്സില്‍വെച്ച് ആദരിച്ചു. ഭര്‍ത്താവ്
ടി.എന്‍.ശ്രീകുമാരന്‍ തിരുമുല്‍പ്പാട് 1987ല്‍ അന്തരിച്ചു. ഇവര്‍ക്ക് അഞ്ചുമക്കളുണ്ട്.
ഇന്ന് ചെന്നൈയില്‍ പുരാണങ്ങളും ഭക്തികാവ്യങ്ങളും
വായിച്ചും പാടിയും ജീവിതസായാഹ്നം ചെലവഴിക്കുകയാണ് ഞരളത്തിന്റെ ഈ അഷ്ടപദീശിഷ്യ.

rajendu@gmail.com