കേരളം ശ്വാസമടക്കി നിന്ന നിമിഷം. 2020 ജനുവരി 11. രാവിലെ 11 ആകുന്നതിനുമുമ്പേ ലോകമെങ്ങുമുള്ള മലയാളികൾ ടി.വി.യിലേക്ക് കണ്ണുനട്ടിരുന്നു. മരടിലെ വിവാദ ഫ്ളാറ്റുകളുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ വീഴ്ത്താൻ കൗണ്ട്ഡൗൺ തുടങ്ങി. 11.15-ന് കായലോരത്തെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ളാറ്റിൽ ഒരു പ്രകമ്പനം. തുടർന്ന്, 350-ഓളം പേർ താമസിച്ചിരുന്ന ആ മനോഹരസൗധം ഒരു നീർച്ചാൽപോലെ ഒഴുകിപ്പരന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഫ്ളാറ്റിന്റെ അതിർത്തിക്കുള്ളിൽ ഒരു കൂമ്പാരമായി ഉയർന്നു. അല്പനേരത്തേക്ക് പൊടിച്ചുരുളുകൾമാത്രം. 11.42-നും 11.43-നും ആൽഫ സെറീനിന്റെ ടവറുകൾ നിലംപൊത്തി. പിറ്റേന്ന് ജെയിൻ കോറൽകോവും ഗോൾഡൻ കായലോരവും ഇതേരീതിയിൽ മണ്ണോടുചേർന്നു. നഷ്ടപ്പെടലിന്റെ വേദന ഒരുവശത്ത്. അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ കൃത്യമായി സ്ഫോടനം നടത്തിയതിന്റെ ആശ്വാസം മറുവശത്ത്. 17 നില വരെയുള്ള കെട്ടിടങ്ങൾ കണ്ണടച്ചുതുറക്കുംമുമ്പ് നിലംപൊത്തുന്ന കാഴ്ചകണ്ട് അമ്പരന്ന് ജനം. അത്തരമൊരു ദൃശ്യം കേരളത്തിൽ ആദ്യമായിരുന്നു. ഇത്ര വ്യാപ്തിയിലുള്ള പൊളിക്കൽ ഇന്ത്യയിലും ആദ്യത്തേതായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് മൂന്നുമാസത്തോളം നീണ്ട ആസൂത്രണത്തിലൂടെയാണ് അഞ്ച് ടവറുകളും വീഴ്‌ത്തിയത്. ആയിടയ്ക്ക് വാർത്തകളിൽ നിറഞ്ഞ ഒരു പേരാണ് പെസൊ. ഫ്ളാറ്റ് പൊളിക്കുന്ന ഏതോ കമ്പനിക്കാർ എന്നു കരുതിയവർ ഏറെയാണ്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ഈ പേര് എല്ലാവർഷവും കേൾക്കാറുണ്ടെങ്കിലും പെസൊയെ ഏറെ മലയാളികളും അറിഞ്ഞത് മരട് ഫ്ളാറ്റ് പൊളിക്കലിലൂടെയാണ്. നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു കേന്ദ്രസർക്കാർ സ്ഥാപനമാണിതെന്ന് വൈകിയെങ്കിലും പലരുമറിഞ്ഞു. പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ എന്ന പെസൊയുടെ 123-ാം പിറന്നാളാണ് ബുധനാഴ്ച. 1898 സെപ്റ്റംബർ ഒമ്പതിനാണ് രാജ്യത്ത് എക്സ്‌പ്ലോസീവ്‌സ് വകുപ്പ് ആരംഭിച്ചത്. ഒരു നൂറ്റാണ്ടിലധികം നീണ്ട യാത്രയ്‌ക്കിടെ പേര് പരിഷ്കരിച്ച് പെസൊ ആയി.
ആസൂത്രണത്തിലെ കൃത്യത
മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിന് ചുക്കാൻപിടിച്ചത് പെസൊയായിരുന്നു. ഫ്ളാറ്റുകൾ പൊളിക്കാൻ രണ്ട് വ്യത്യസ്ത കമ്പനികൾക്ക് കരാർ നൽകിയിരുന്നെങ്കിലും അവരുടെ ജോലികൾ വിലയിരുത്തി അപ്പപ്പോൾ നിർദേശം നൽകേണ്ടത് പെസൊ ആയിരുന്നു. സമീപത്ത് നാശനഷ്ടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമായിരുന്നു. സ്ഫോടകവസ്തുക്കളുടെ അളവും നിറയ്ക്കലും വിന്യാസവും തുടങ്ങി എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിച്ച് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ് ഡോ. ആർ. വേണുഗോപാലും സഹപ്രവർത്തകരും രാപകലില്ലാതെ അധ്വാനിച്ചു. നാട്ടുകാർ ഇവരുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചു. അണുവിട തെറ്റിയാൽ പഴികേൾക്കേണ്ടി വരുമായിരുന്നു. പക്ഷേ, ആസൂത്രണത്തിലെ കൃത്യതയായിരുന്നു അവരുടെ ആത്മവിശ്വാസം.
എങ്ങനെ ജനജീവിതത്തെ ബാധിക്കുന്നു
സ്ഫോടകവസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, കംപ്രസ്ഡ് ഗ്യാസ് എന്നിവ കൈകാര്യംചെയ്യുന്ന എല്ലാവർക്കും പെസൊയിൽ എത്തിയേ മുന്നോട്ടുപോകാനാകൂ. സ്ഫോടകവസ്തു ഉപയോഗിക്കുന്ന ഖനനത്തിലൂടെ ലഭിക്കുന്ന എന്തും, സ്വർണമുൾപ്പെടെ പെസൊയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലൈസൻസ് നേടുന്നതെങ്ങനെ?
സ്ഫോടകവസ്തുക്കൾ, പാചകവാതക ബോട്ട്‌ലിങ് പ്ലാന്റുകൾ, പെട്രോളിയം ഉത്പന്നങ്ങൾ കൈകാര്യംചെയ്യുന്ന മറ്റ് വ്യവസായങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നവർ പെസൊയെ സമീപിക്കുകയാണ് വേണ്ടത്. സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ച് ആദ്യം അംഗീകാരം നേടണം. തുടർന്ന് കളക്ടറുടെ എതിർപ്പില്ലാരേഖ (എൻ.ഒ.സി.) സമ്പാദിച്ച് പണി പൂർത്തിയാക്കണം. വിദഗ്ധ എൻജിനിയർമാരെക്കൊണ്ട് പരിശോധിപ്പിച്ച് സുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങിയശേഷം വീണ്ടും പെസൊയെ സമീപിക്കണം. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ലൈസൻസ് നൽകും. ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റിനുള്ള എൻ.ഒ.സി. നൽകുന്നത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. മറ്റുള്ളവയ്ക്കെല്ലാം കളക്ടറും.
എന്തുകൊണ്ട് കൊച്ചി
പെട്രോളിയവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ കേരളത്തിൽ വർധിച്ചുവന്നതോടെയാണ് കൊച്ചിയിൽ സബ് സർക്കിൾ ഓഫീസ് തുടങ്ങിയത്. 1966-ലാണ് കൊച്ചി റിഫൈനറി വന്നത്. ഫാക്ടിന്റെ രണ്ടാം കാമ്പസ് അമ്പലമേട്ടിൽ വന്നതോടെ കൊച്ചി രാസവള ഹബ്ബായി മാറിയിരുന്നു. 1972-ൽ കൊച്ചി കപ്പൽശാല വന്നു. സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ഗതാഗതവും കൂടി. ഇവ കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ നടുക്കായി കൊച്ചിയിൽ ഓഫീസ് തുടങ്ങിയത്. ലക്ഷദ്വീപിന്റെ മേൽനോട്ടവും ഉള്ളതിനാൽ കൊച്ചി ഉചിതമായ കേന്ദ്രമായി. തുടക്കത്തിൽ കടവന്ത്ര പവർ ഹൗസ് എക്സ്റ്റൻഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് 1995-ൽ കാക്കനാട്ടേക്ക് മാറി.
വൻകിട പദ്ധതികൾ
ഈ നൂറ്റാണ്ട് തുടങ്ങിയതോടെയാണ് ബി.പി.സി.എലിന്റെ കൊച്ചി-കോയമ്പത്തൂർ-കരൂർ(സി.സി.കെ.) എണ്ണ പൈപ്പ്‌ലൈൻ ജോലികൾ തുടങ്ങിയത്. 15 പുഴകൾ, തടാകങ്ങൾ, മലകൾ എന്നിവ കടന്നാണ് ലൈൻ പോകുന്നത്. പാരിസ്ഥിതിക വൈവിധ്യമുള്ള പ്രദേശങ്ങളിലൂടെയുള്ള ലൈനിന്റെ പണികൾക്ക് മേൽനോട്ടം വഹിച്ചത് പെസൊയാണ്. 293 കിലോമീറ്റർ നീളുന്ന ലൈനിന്റെ സുരക്ഷയാണ് പെസൊ നിയന്ത്രിക്കുന്നത്.
കൊച്ചി-കൂറ്റനാട്-ബെംഗളൂരു/മംഗളൂരു ഗെയ്‌ൽ പ്രകൃതിവാതകക്കുഴലിന്റെ സുരക്ഷാ അംഗീകാരങ്ങളും പെസൊയാണ് നൽകുന്നത്. കൊച്ചി-കൂറ്റനാട് ലൈനിന് 2019-ൽ അംഗീകാരം നൽകിയിരുന്നു. കൂറ്റനാട്-മംഗളൂരു ലൈൻ പൂർത്തിയാകാറായി.
ലഘുചരിത്രം
1884-ലെ ഇന്ത്യൻ എക്സ്‌പ്ലോസീവ് നിയമം അനുസരിച്ച് 1898-ൽ ചീഫ് ഇൻസ്പെക്ടർ ഓഫ് എക്സ്‌പ്ലോസീവായി മേജർ സി.എ. മുസ്‌പ്രാറ്റ് വില്യംസിനെ നിയമിച്ചതോടെയാണ് ഈ വകുപ്പിന്റെ തുടക്കം. ബ്രിട്ടീഷ് ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഷിംലയിലും കൊൽക്കത്തയിലും മാറിമാറിയാണ് തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. 1920-ൽ ആസ്ഥാനം കൊൽക്കത്തയായി. തുടർന്ന് പുണെയിൽ ബ്രാഞ്ചും ലഹോർ, മദ്രാസ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ സർക്കിൾ ഓഫീസുകളും തുറന്നു. വൈകാതെ നാഗ്പുരിൽ സെൻട്രൽ സർക്കാർ ഓഫീസ് തുടങ്ങി.
1945-ൽ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയെങ്കിലും 1958 മുതൽ നാഗ്പുരിലാണ് കേന്ദ്ര ആസ്ഥാനം. 1980-’82 കാലയളവിലാണ് കൊച്ചിയിൽ സബ് സർക്കിൾ ഓഫീസ് തുടങ്ങിയത്. എക്സ്‌പ്ലോസീവ്‌സ് വകുപ്പ് എന്ന പേര് പെസൊ എന്നു മാറ്റിയത് 2005-ൽ.
പെസൊയുടെ ചുമതലകൾ
- പാചകവാതക സംഭരണം, അതിന്റെ ഗതാഗതം എന്നിവയ്ക്ക് അംഗീകാരം നൽകൽ. ബി.പി.സി.എൽ. ഐ.ഒ.സി., എച്ച്.പി.സി.എൽ. എന്നിവയുടെ കീഴിലും സ്വകാര്യമേഖലയിലും ബോട്ട്‌ലിങ് പ്ലാന്റുകളുണ്ട്. എല്ലാത്തിനും സുരക്ഷാ അംഗീകാരം നൽകുന്നത് പെസൊയാണ്.
- 500 കിലോയിൽ കൂടുതലുള്ള പടക്ക സംഭരണത്തിന് ലൈസൻസ് നൽകൽ. അതിൽത്താഴെയുള്ളതിന് കളക്ടറാണ് നൽകുന്നത്.
- ഇന്ധന സംഭരണ കേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ, എൽ.എൻ.ജി. ടെർമിനൽ, സി.എൻ.ജി. സ്റ്റേഷനുകൾ, പമ്പുകളിലെ ഇലക്‌ട്രിക് ചാർജ് സ്റ്റേഷനുകൾ എന്നിവയുടെ അംഗീകാരം
- സിലിൻഡറുകൾ, വാൽവുകൾ, റെഗുലേറ്ററുകൾ എന്നിവയുടെ ഗുണമേന്മ നിശ്ചയിക്കൽ.
- പെട്രോളിയം, കാർബൈഡ് കാൽസ്യം, ഗ്യാസ് സിലിൻഡറുകൾ തുടങ്ങി പൊട്ടിത്തെറിക്ക് സാധ്യതയുള്ളവയിൽ വ്യവസായങ്ങൾ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉപദേശം നൽകൽ. സ്ഥാപനങ്ങൾ നിശ്ചിത ഇടവേളകളിൽ സന്ദർശിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ.
- വ്യവസായങ്ങൾക്കും എണ്ണവാതകക്കുഴലുകൾക്കും സുരക്ഷാ അംഗീകാരം നൽകൽ.
- വൻകിട വ്യവസായങ്ങളായ ബി.പി.സി.എൽ. കൊച്ചി റിഫൈനറി, കൊച്ചി കപ്പൽശാല, ഫാക്ട്, കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയുടെ സുരക്ഷാ മേൽനോട്ടം.
- തൃശ്ശൂർപൂരം പോലുള്ള വൻകിട വെടിക്കെട്ടുകൾക്ക് അംഗീകാരം നൽകലും മേൽനോട്ടവും. ജില്ലാഭരണകൂടത്തിന് സാങ്കേതിക മാർഗനിർദേശം നൽകുകയാണ് ചെയ്യുന്നത്.
- വിമാനത്താവളങ്ങളിലെ ഇന്ധനം നിറയ്ക്കലിന്റെ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കൽ
- ഐ.എസ്.ആർ.ഒ. റോക്കറ്റ് വിക്ഷേപണത്തിന് ആവശ്യമായ ക്രയോജനിക് ദ്രാവകങ്ങളുടെ സംഭരണത്തിന് ലൈസൻസ് നൽകൽ.
- ക്വാറികളിലെ സ്ഫോടകവസ്തു ശേഖരണത്തിന് ലൈസൻസ് നൽകൽ.