Pazhassirajaവീരപഴശ്ശി ദിനം ഇന്ന്

ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം  ആഘോഷിക്കുന്ന അവസരത്തിൽ, രാജ്യത്ത് ദേശീയതയും ഐക്യവുമെല്ലാം ശക്തിപ്പെടുന്നതിനുമുമ്പ് വൈദേശികശക്തികൾക്ക് എതിരേനടന്ന ധീരമായ ഒട്ടേറെ പോരാട്ടചരിത്രം കേരളത്തിനുണ്ട്.   

കേരളത്തിലെത്തിയ ആദ്യത്തെ വൈദേശിക ശക്തിയായ പോർച്ചുഗീസുകാർക്കെതിരേ പോരാടിയ   കുഞ്ഞാലിമരക്കാർ, ഇംഗ്ലീഷുകാർക്കെ തിരേ പടനയിച്ച മലബാറിലെ കേരളവർമ പഴശ്ശിരാജ, കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചൻ, തിരുവിതാംകൂർ പ്രധാനമന്ത്രി അഥവാ ദളവ വേലുത്തമ്പി ഇവരുടെ ധീരോദാത്തമായ പ്രവർത്തനങ്ങൾ കേരളചരിത്രത്തിൽ തിളങ്ങുന്ന അധ്യായങ്ങളാണ്. ഇതിൽ 1805 നവംബർ 30-ന് വയനാട്ടിലെ പുല്പള്ളിയിലുള്ള മാവിലാംതോട്ടിന്റെ കരയിലാണ് കേരളവർമ പഴശ്ശിരാജ വീരമൃത്യുവരിച്ചത്. അദ്ദേഹം  ശത്രുക്കളുടെ കൈയിൽപ്പെടാതിരിക്കാൻ ആത്മഹത്യ ചെയ്തതാണോ, അതോ വെടിയേറ്റു മരിച്ചതാണോ എന്ന തർക്കം ഇന്നും തുടരുന്നു. 

 തോമസ്‌ ബാബറുടെ  വിശേഷണം
കലാപം അടിച്ചമർത്താൻ നിയുക്തനായ തലശ്ശേരി സബ്കളക്ടർ തോമസ് ഹാർവേ ബാബർതന്നെയാണ് തന്റെ സ്വന്തം പല്ലക്കിൽ പഴശ്ശിയുടെ മൃതദേഹം പുല്പള്ളിയിൽനിന്നു മാനന്തവാടിയിൽ കൊണ്ടുവന്ന് ബഹുമതിയോടെ സംസ്കരിച്ചത്. തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ടും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടും ബാബർ മേലുദ്യോഗസ്ഥനായ കളക്ടർക്ക് എഴുതിയ കത്തിൽ, ഒരു പ്രഖ്യാപിത ലഹളത്തലവനാണെങ്കിലും രാജ്യത്തിലെ യഥാർഥ നാടുവാഴികളിൽ ഒരാളെന്ന നിലയ്ക്ക് ഇങ്ങനെയൊരു ഒരു ബഹുമതിക്ക് അദ്ദേഹം സർവഥാ അർഹനാണെന്ന് തനിക്കു തോന്നിയതായി പറഞ്ഞിരുന്നു. മരണത്തെ അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും അന്തസ്സും അഭിമാനവും കൈവിടാതെ പെരുമാറിയതായും പഴശ്ശിരാജയ്ക്കുനേരെ  ഉദാരവും വിട്ടുവീഴ്ചാപരവുമായ സമീപനം കമ്പനി സ്വീകരിച്ചിട്ടുകൂടി അദ്ദേഹത്തിന്റെ നൈസർഗികമായ അക്ഷമതയ്ക്കും  ശൗര്യവീരപരാക്രമങ്ങൾക്കും ഒരു ശമനവും ഉണ്ടായിട്ടില്ലെന്നും ആ കത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പഴശ്ശിയുടെ വീരമൃത്യുവിന് അഞ്ചുവർഷം മുമ്പാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി മലബാർ, കാനറ, മൈസൂരു പ്രദേശങ്ങളെപ്പറ്റി ഫ്രാൻസിസ് ബുക്കാനൻ സമഗ്രമായി അന്വേഷണം നടത്തിയത്. അന്നും ഇംഗ്ലീഷുകാർക്കെതിരേ പോരാട്ടം നടത്തുകയായിരുന്നു പഴശ്ശിരാജ. കമ്പനിയുടെ ശത്രുവാണെങ്കിലും അദ്ദേഹത്തിൽ കുടികൊണ്ടിരിക്കുന്ന  സ്വാതന്ത്ര്യമോഹവും അഭിവാഞ്ഛയും  ബുക്കാനനും പ്രകീർത്തിച്ചിട്ടുണ്ട്. പഴശ്ശിയുടെ മരണത്തിനുശേഷം നാലുവർഷം കഴിഞ്ഞപ്പോഴായിരുന്നു 1809-ൽ തിരുവിതാംകൂറിലെ വേലുത്തമ്പിയും കൊച്ചിയിലെ പാലിയത്തച്ചനും ഇംഗ്ലീഷുകാർക്ക് എതിരേ കലാപത്തിനിറങ്ങിയത്. വേലുത്തമ്പി ഇംഗ്ലീഷുകാർക്ക്‌ എതിരേ നടത്തിയ ‘കുണ്ടറ വിളംബരം’ പ്രസിദ്ധമാണ്. ആ വർഷംതന്നെയാണ് ശത്രുക്കളുടെ കൈയിൽ പെടാതിരിക്കാൻ മണ്ണടിയിൽവെച്ച് അദ്ദഹം ആത്മഹത്യ ചെയ്തത്‌. ആ മൃതദേഹത്തോട് കാട്ടിയ ക്രൂരത വിവരണാതീതമായിരുന്നു. മണ്ണടിയിൽനിന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നാടുനീളെ പ്രദർശിപ്പിച്ചശേഷം ‘തൂക്കിലിട്ട്’ ആണ് ആളുകളെ ഭയപ്പെടുത്തിയത്. പഴശ്ശിരാജയോടും വേലുത്തമ്പിയോടും അങ്ങനെ രണ്ട് സമീപനമായിരുന്നു ഇംഗ്ലീഷുകാർ സ്വീകരിച്ചത്.

 ആർതർ വെല്ലസ്ളിയുടെ വരവും പോക്കും 
കോട്ടയം രാജകുടുംബത്തിലെ ഒരു ശാഖയായ പടിഞ്ഞാറേ കോവിലകത്തെ ഇളംമുറ തമ്പുരാനായിരുന്നു കേരളവർമ. ഈ ശാഖ പഴശ്ശിയിൽ താമസിച്ചതിനാലാണ് ‘പഴശ്ശിരാജ’ എന്ന് അറിയപ്പെട്ടിരുന്നത്. 1793-1797 വരെയും 1800-1805 വരെയും ഏകദേശം ഒൻപതുവർഷം ആയിരുന്നു പഴശ്ശിരാജ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ചെയ്തത്. ഇതിനിടയിൽ ചില കരാറുകളിലും സന്ധികളിലും ഏർപ്പെട്ട് യുദ്ധം നിർത്തിവെച്ചിട്ടുണ്ട്. തെറ്റായ നികുതി നയത്തിനെതിരേയാണ് ആദ്യത്തെ യുദ്ധം. ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ടിപ്പുസുൽത്താൻ വിട്ടുകൊടുത്ത വയനാട് കൈക്കലാക്കാനും അത് രണ്ടായി ഭാഗിച്ച് രണ്ടു ഭരണകേന്ദ്രങ്ങളുടെ കീഴിലാക്കാനും കമ്പനി നടത്തിയ ശ്രമം കാരണമാണ്‌ രണ്ടാംപ്രാവശ്യവും പഴശ്ശി ഇംഗ്ലീഷുകാർക്കെതിരേ യുദ്ധത്തിലേർപ്പെട്ടത്. 
പഴശ്ശിയുടെ യുദ്ധത്തെ നേരിടാൻ അന്നത്തെ ഏറ്റവും വലിയ യുദ്ധതന്ത്രജ്ഞനും പിൽക്കാലത്ത് നെപ്പോളിയൻ ബോണപ്പാർട്ടിനെ തോൽപ്പിക്കുകയും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുകയും ചെയ്ത സർ ആർതർ വെല്ലസ്ളി (വെല്ലിങ്‌ടൺ പ്രഭു) നിയമിതനായി. എന്നാൽ, പഴശ്ശിയുടെ യുദ്ധതന്ത്രങ്ങൾക്കു മുമ്പിൽ വെല്ലസ്ളിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. എടച്ചെന കുങ്കൻനായർ, തലയ്ക്കൽ ചന്തു എന്നിവർ സൈന്യാധിപന്മാരായുള്ള പഴശ്ശിപ്പടയെ അമർച്ചചെയ്യാൻ കഴിയാത്ത ദുഃഖത്തോടെയാണ് പിന്നീട് ആർതർ വെല്ലസ്ളിക്ക് ഇവിടെനിന്നു കപ്പൽ കയറേണ്ടിവന്നത്.

 സംശയങ്ങൾ ദൂരീകരിക്കണം
1802-ൽ തലയ്ക്കൽ ചന്തുവിന്റെയും എടച്ചെന കുങ്കൻനായരുടെയും നേതൃത്വത്തിൽ നടന്ന പനമരം കോട്ട  ആക്രമണം ഇംഗ്ലീഷുകാരെ ഞെട്ടിച്ചു. അവിടെയുണ്ടായിരുന്ന എഴുപത് ഇംഗ്ലീഷ് സൈനികരാണ് മരിച്ചത്. ഇതിനുശേഷവും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടർന്നുകൊണ്ടിരുന്നു. വയനാട്ടിലെ എല്ലാവിഭാഗം ആളുകളും യുദ്ധത്തിൽ പഴശ്ശിയുടെ സഹായികളായിമാറി. ഈ ഐക്യത്തെ തകർക്കുന്ന തന്ത്രങ്ങളായിരുന്നു പഴശ്ശിയെ പിടികൂടാൻ ബാബർ സ്വീകരിച്ചത്. അതിൽ അദ്ദേഹം വിജയിച്ചു. ചതിയിലും തന്ത്രത്തിലുമുള്ള ബാബറുടെ ഈ നീക്കമായിരുന്നു പഴശ്ശിരാജയുടെ അന്ത്യംകുറിച്ചത്. 

എഴുത്തുകാരനും ചരിത്രകാരനുമായ കെ.എം. പണിക്കർ  അഭിപ്രായപ്പെട്ടതുപോലെ തന്റെ സർവസ്വവും സ്വന്തം ജനങ്ങളുടെ  സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ  സമർപ്പണം ചെയ്ത്, അന്ത്യനിമിഷംവരെ വിദേശികളുടെ മുമ്പിൽ മുട്ടുകുത്താതെ നിന്നു പോരാടിയ കേരള സിംഹമായിരുന്നു പഴശ്ശിരാജ. പഴശ്ശിയെ സംബന്ധിച്ച് ധാരാളം രേഖകൾ ഇപ്പോൾ ലഭ്യമാണ്. ചരിത്രകാരനായ കെ.കെ.എൻ. കുറുപ്പ് ഇവയിൽ കുറച്ച് രേഖകൾ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോസഫ് സ്കറിയ എഡിറ്ററായി പ്രസിദ്ധീകരിച്ച ‘പഴശ്ശി രേഖകൾ’ ഇപ്പോൾ ലഭ്യമാണ്. തമിഴ്‌നാട് പുരാരേഖാവകുപ്പിൽനിന്നു കുറെ രേഖകൾ കേരളത്തിലേക്ക് ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, ഇനിയും എത്രയോ പഴശ്ശിരേഖകൾ ഇന്ത്യക്കകത്തും പുറത്തുമുണ്ട്. പഴശ്ശിയുടെ പോരാട്ടം, കുടുംബം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ സന്ധിയുടെ കാരണങ്ങൾ, മരണം എന്നിവ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങൾ ദൂരീകരിക്കണമെങ്കിൽ  കൂടുതൽ ഗവേഷണം ആവശ്യമാണ്. പഴശ്ശിയുടെ അന്ത്യം കണ്ടിട്ടുള്ളത്, ടി.എച്ച്. ബാബർ മാത്രമല്ല വേറെയും ഉദ്യോഗസ്ഥർ അന്ന്  ഉണ്ടായിരുന്നതായും പഴശ്ശിയുടെ ചെറുമകൾ (1849-ൽ) ജീവിച്ചിരിക്കുന്നതായും പറയുന്ന ‘പ്രോസീഡിങ് ഓഫ് ദി ഡയറക്ടർ ഓഫ് റവന്യൂ സെറ്റിൽമെന്റ്‌ ആൻഡ്  അഗ്രിക്കൾച്ചർ’ രേഖകൾ കോഴിക്കോട്ട് പുരാരേഖാ ഓഫീസിൽ ഇപ്പോഴുമുണ്ട്.

ചരിത്രനിരീക്ഷകനും മുതിർന്ന പത്രപ്രവർത്തകനുമാണ്‌ ലേഖകൻ