എല്ലാ ശമ്പളക്കമ്മിഷനുകളും വേതനവർധനയ്ക്കുപുറമേ സിവിൽ സർവീസിന്റെ കാര്യക്ഷമത കൂട്ടുന്നതിനുള്ള ശുപാർശകളും നൽകാറുണ്ട്. കഴിഞ്ഞ ശമ്പളക്കമ്മിഷൻ ഇക്കാര്യത്തിൽ നൽകിയ റിപ്പോർട്ടിൽ ഒരു നടപടിയുമുണ്ടായില്ലെന്ന് പതിനൊന്നാം ശമ്പളക്കമ്മിഷൻ അധ്യക്ഷനും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറിയുമായ കെ. മോഹൻദാസ്. കമ്മിഷന്റെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്ത്  ഭരണനവീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് അത്ര സന്തോഷകരമല്ലാത്ത ശുപാർശകളും വരുന്നു
ണ്ടെന്ന് തുറന്നുപറച്ചിലിൽ അദ്ദേഹം. മാതൃഭൂമി പ്രതിനിധി എസ്‌.എൻ. ജയപ്രകാശിന്‌ നൽകിയ അഭിമുഖത്തിൽ നിന്ന്‌

കോവിഡ് മഹാമാരിയും  സാമ്പത്തിക പ്രതിസന്ധിയും. ഈ സന്ദർഭത്തിൽ ശമ്പളവർധന ഉറപ്പാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യം പല കോണുകളിൽനിന്ന് ഉയരുന്നുണ്ടല്ലോ?

അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്‌കരണം എന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണ്. ബുദ്ധിമുട്ടുള്ള സമയങ്ങളിലും സർക്കാർ അത് പാലിക്കേണ്ടിവരും. എല്ലാ മേഖലകളിലും കരുതൽ കാട്ടാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ശമ്പളപരിഷ്‌കരണത്തെ സർക്കാർ ജീവനക്കാരുടെ കാര്യത്തിലുള്ള കരുതലായി കണ്ടാൽമതി. ജീവനക്കാരോടുള്ള പ്രതിബദ്ധതയിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
 
താങ്കളുടെ വിലയിരുത്തലിൽ ഇത്തവണത്തെ ശമ്പള പരിഷ്‌കരണത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
 
ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം വീട്ടുവാടക അലവൻസ് നിശ്ചയിക്കുന്നതിൽ നിർദേശിച്ച മാറ്റമാണ്. തുക ആദ്യഘട്ടത്തിൽ കുറവാണെങ്കിലും അത് ശമ്പളത്തിന്റെ നിശ്ചിത ശതമാനമാക്കിയത് വലിയ ഗുണം ചെയ്യും. സംസ്ഥാനത്ത് ഏകദേശം 30 ശതമാനം ഉദ്യോഗസ്ഥർ വാടകവീടുകളിൽ താമസിക്കുന്നെന്നാണ് കണക്ക്. അങ്ങനെ വാടക കൊടുക്കേണ്ടിവരുന്നവർക്ക് ന്യായമായ അലവൻസ് കിട്ടണം.ഭാവിയിൽ സർക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതനുസരിച്ച് യാഥാർഥ്യവുമായി അടുത്തുനിൽക്കുന്ന വീട്ടുവാടക അലവൻസ് നൽകാനാവണം. അതിനൊരു തുടക്കമാണ് ഞങ്ങളുടെ ഈ ശുപാർശ. മറ്റൊന്ന്, വയസ്സായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള അവധിയാണ്. ബഹുഭൂരിപക്ഷം ജീവനക്കാർക്കും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടിവരുന്നുണ്ട്. അതിൽ പരസഹായത്തോടെ മാത്രമേ ജീവിക്കാനാവൂ എന്നുള്ളവരെ, അല്ലെങ്കിൽ ഡിമെൻഷ്യ ബാധിച്ചവരെ ശുശ്രൂഷിക്കാൻ കുറഞ്ഞ ശമ്പളത്തോടെയാണെങ്കിലും  (40 ശതമാനം) ഒരുവർഷത്തെ അവധി എടുക്കാനാവും. ഇത് സിവിൽ സർവീസിൽ പുതിയ സങ്കല്പമാണ്.  കുഞ്ഞുങ്ങളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ അവധിലഭിക്കും. 80 വയസ്സുകഴിഞ്ഞവർക്ക് മാസം ആയിരം രൂപ അലവൻസും പ്രധാനകാര്യമാണ്. ആ പ്രായത്തിലുള്ള എല്ലാവരും രോഗികളല്ല. എന്നാൽ, സഹായികളെ വെക്കേണ്ടിവരുന്നവരുണ്ട്. അതിനൊക്കെ സഹായകമാകുന്ന അലവൻസ് അവർക്ക് ലഭിക്കാനുള്ള തുടക്കമാണിത്. ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്ന തുക കുറവാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ അതും കൂട്ടിനൽകണം.
 
ശമ്പളവർധന ശുപാർശകൾ സർക്കാർ ജീവനക്കാരുടെ വരുമാനത്തിൽ എങ്ങനെ പ്രതിഫലിക്കും? മാസംതോറും എത്രത്തോളം തുക അധികം കിട്ടും?
താഴേത്തട്ടിലെ തസ്തികകളിൽ ഉള്ളവർക്ക് നഗരങ്ങൾക്ക് ബാധകമായ പരിഷ്‌കരിച്ച വീട്ടുവാടക അലവൻസ് കൂടി ചേർത്താൽ നാലായിരം രൂപവരെ കൂടാം. ഏറ്റവും ഉയർന്ന തസ്തികകളിലുള്ളവർക്ക് 12,000 രൂപവരെ ശമ്പളത്തിൽ കൂടും. ഇവർക്ക് വീട്ടുവാടക അലവൻസിലും പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് വർധനവരും. മധ്യനിരയിൽവരുന്ന തസ്തികകളിൽ പത്തുവർഷത്തിലേറെ സർവീസുള്ളവർക്ക് പതിനായിരം രൂപയുടെവരെ നേട്ടമുണ്ടാകാം.
 
നാട്ടിലെ മറ്റ് മേഖലയിലുള്ളവരുടെ വരുമാനസാഹചര്യത്തെക്കുറിച്ചുള്ള ചില ചിന്തകൾ കമ്മിഷന്റെ റിപ്പോർട്ടിൽ കണ്ടു. ആ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ ജീവനക്കാർ ചെയ്യുന്ന ജോലിക്ക് ആനുപാതികമായി ശമ്പളം കിട്ടുന്നുണ്ടോ, അതോ കുറവാണോ? കമ്മിഷന്റെ വിലയിരുത്തൽ എന്താണ്?
ഈ വിഷയത്തിൽ ഞങ്ങളൊരു  സംവാദത്തിന് തുടക്കമിട്ടുണ്ട്. മിനിമം ശമ്പളത്തെക്കുറിച്ചുള്ള അധ്യായത്തിൽ ഞങ്ങൾ ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. സ്വകാര്യതൊഴിൽമേഖലയിലെ മിനിമം വേതനത്തെപ്പറ്റി എല്ലാവർക്കും അറിവുള്ളതാണ്. അതും സർക്കാർ മേഖലയിലെ വേതനവും തമ്മിൽ താരതമ്യംചെയ്താൽ അസമത്വമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർ പ്രിവിലേജ്ഡ് ക്ലാസ് ആണ്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോൾ മറ്റ് മേഖകലകളിലെ തൊഴിലുകൾക്കും സ്വാഭാവികമായി മെച്ചപ്പെട്ട വേതനം ലഭിക്കും.
 
ജീവനക്കാരുടെ കാര്യക്ഷമതയും സിവിൽ സർവീസിന്റെ സേവനക്ഷമതയും വർധിപ്പിക്കാൻ എല്ലാ ശമ്പളക്കമ്മിഷനുകളും ശുപാർശകൾ നൽകാറുണ്ട്. താങ്കളുടെ കമ്മിഷനും അടുത്ത റിപ്പോർട്ടിൽ അവ ഉൾപ്പെടുത്തും. എന്നാൽ, ശമ്പളവർധന അംഗീകരിക്കും എന്നല്ലാതെ നവീകരണ നിർദേശങ്ങളൊന്നും സ്വീകരിക്കാറില്ലെന്നതാണ് ചരിത്രം. എന്താണിങ്ങനെ?
ഈ പറഞ്ഞത് വളരെ ശരിയാണ്. കഴിഞ്ഞ ശമ്പളക്കമ്മിഷൻ രണ്ടാം റിപ്പോർട്ടായി അത്തരം ശുപാർശകൾ നൽകിയിരുന്നു. ആ റിപ്പോർട്ടിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.  തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മാർച്ചിലാണ് അവരത് നൽകിയത്. ആ ഒറ്റക്കാരണംകൊണ്ടാണ് ഇത്തവണ ഞങ്ങളുടെ രണ്ടാം റിപ്പോർട്ട് മാർച്ചിൽ കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ജീവനക്കാർക്ക് വലിയ സന്തോഷം തോന്നാത്ത ചില കാര്യങ്ങൾ അതിൽ ഉണ്ടാവും. അത് തിരഞ്ഞെടുപ്പ് കഴിഞ്ഞേ നൽകൂ. ഇനിവരുന്ന സർക്കാരാണ് അതിൽ തീരുമാനമെടുക്കേണ്ടിവരിക.
 
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന മേഖലകളിൽ പുരോഗതി ഉറപ്പാക്കണമെങ്കിൽ അവിടങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർ വേണം. നല്ല ശമ്പളവും നൽകണം. അങ്ങനെവരുമ്പോൾ ശമ്പളച്ചെലവ് വികസനച്ചെലവായി കണക്കാക്കണം എന്നൊരു വ്യാഖ്യാനമുണ്ട്. കമ്മിഷൻ അതിനോട് യോജിക്കുന്നുണ്ടോ?
ശമ്പളം റവന്യൂച്ചെലവാണ്. വിദ്യാഭ്യാസ മേഖലയിലെ ചെലവ് എന്നാൽ, അധ്യാപകർക്കും അനധ്യാപകർക്കും വേണ്ട ചെലവാണ്. ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യത്തിനൊഴിച്ചാൽ ഭൂരിഭാഗവും ചെലവിടുന്നത് ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള ശമ്പളത്തിനാണ്.  അത് മൂലധനച്ചെലവാണെന്ന് സാങ്കേതികമായി പറയാനാവില്ല. പക്ഷേ, വികസനാവശ്യത്തിനുള്ള ചെലവിന്റെ പ്രധാന ഘടകമാണ് ശമ്പളം.
വിരമിക്കൽ ഒരുവർഷംകൂടി നീട്ടണമെന്ന കമ്മിഷന്റെ ശുപാർശ അംഗീകരിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. പെൻഷൻ പ്രായം കൂട്ടണമെന്ന് അടുത്ത റിപ്പോർട്ടിൽ താങ്കളുടെ കമ്മിഷൻ ശുപാർശ ചെയ്യുമെന്നു  കരുതാം. പിന്നിട്ട കമ്മിഷനുകളിലേറെയും പെൻഷൻ പ്രായം കൂട്ടുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാൽ, ഇനിയും അത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 
 
പെൻഷൻ പ്രായം കൂട്ടുന്നതിനെതിരേയുള്ള ആശങ്കകൾക്ക്  എത്രത്തോളം അടിസ്ഥാനമുണ്ട്?
 
സർക്കാരിന്റെ അഭിപ്രായം എന്തെന്നതല്ല പ്രശ്നം.  കമ്മിഷൻ സ്വതന്ത്രമായാണ് ശുപാർശകൾ നൽകുന്നത്. അടുത്ത റിപ്പോർട്ടിലെ ശുപാർശ എന്തെന്ന് ഇപ്പോൾ പറയാനാവില്ല. ഒരുവർഷം കേരളത്തിൽ ഇപ്പോൾ 20,000 പേർ വിരമിക്കുന്നുണ്ട്. അപ്പോൾ അതനുസരിച്ച്‌ താഴേത്തട്ടിൽ നിയമനം നടക്കുമെന്നാണ് സങ്കല്പം. ആ നിയമനങ്ങൾ കാത്തിരിക്കുന്നവർ പെൻഷൻ പ്രായം കൂട്ടുന്നതിനെ എതിർക്കും. എന്നാൽ, ഇതിൽ വേറൊരു വശമുണ്ട്. പ്രസക്തി നഷ്ടപ്പെട്ട ഒരുപാട് വിഭാഗങ്ങളുണ്ട്. സിവിൽ സർവീസിന്റെ വലിപ്പം കുറയ്ക്കണമെന്നല്ല. പ്രസക്തിയില്ലാത്ത ജോലികൾ അവസാനിപ്പിക്കണം. പ്രസക്തിയുള്ളവയിലേക്ക്‌ കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യണം.  ഇക്കാര്യത്തിൽ നന്നായി പഠിച്ചശേഷമേ ഒരു നിലപാട് എടുക്കാനാവൂ. എല്ലാ വകുപ്പുകളിലും വരാനിരിക്കുന്നത് സാങ്കേതികവിദ്യയിലേക്കുള്ള മാറ്റമാണ്. 
 
സർവീസിൽ കയറുന്നവരെല്ലാം യന്ത്രങ്ങൾ ഉപയോഗിക്കാൻ അറിയാവുന്നവരായിരിക്കണം. എല്ലാവരുടെയും മുന്നിൽ ഒരു കംപ്യൂട്ടർ ഉള്ളപ്പോൾ പരമ്പരാഗതമായ  ടൈപ്പിസ്റ്റ് എന്ന തസ്തികയ്ക്ക് എന്താണ് പ്രസക്തി? പ്രസക്തമായ തസ്തികകളിലാണ് ഇനി കൂടുതൽ ആളുകൾ വേണ്ടിവരിക.  ആ തസ്തികകളിൽ ആവശ്യമായ വൈദഗ്ധ്യവും വ്യത്യസ്തമായിരിക്കും.
 
അവസാന ശമ്പളത്തിന്റെ പകുതിക്ക്‌ തുല്യമായ തുക പെൻഷനായി നൽകുന്നതിനെ ശമ്പളക്കമ്മിഷനുമായിനടന്ന ചർച്ചകളിൽ പല വിഭാഗങ്ങളും ചോദ്യംചെയ്തിരുന്നു.  ഇക്കാര്യത്തിൽ കമ്മിഷന്റെ വിലയിരുത്തൽ എന്താണ്?
 
പങ്കാളിത്ത പെൻഷൻ വരുന്നതുവരെയും പെൻഷൻ എന്നാൽ, മാറ്റിവെച്ച വേതനം എന്നായിരുന്നു സങ്കല്പം. പെൻഷൻ  ശമ്പളത്തിന്റെ പകുതി എന്ന തത്ത്വമാണ് കേരളത്തിലുള്ളത്. അതിൽനിന്നൊരു മാറ്റംവരുത്താനുള്ള സാഹചര്യം കണ്ടില്ല.
 
കേന്ദ്രത്തിലെയും കേരളത്തിലെയും ശമ്പളം ഏതാണ്ട് തുല്യമാണ്. വീട്ടുവാടക അലവൻസുമാത്രമാണ് ഇവിടെ കുറവുള്ളത്. അതുകൊണ്ടാണ് കേന്ദ്രം ഇനി ശമ്പളം പരിഷ്‌കരിക്കുന്നതിനുമുമ്പ് ഇവിടെ അതിന് തുനിയരുതെന്ന് ഞങ്ങൾ പറഞ്ഞത്. ഇനി പരിഷ്‌കരിച്ചാൽ കേന്ദ്രസർക്കാരിന്റെ ശമ്പളത്തിന് മുകളിൽപ്പോകും. കേന്ദ്രത്തിൽ ശമ്പളം പരിഷ്‌കരിച്ചശേഷം അതിനെക്കാൾ താഴെയാണെങ്കിൽ മാത്രമേ ഇവിടത്തെ ശമ്പളം പരിഷ്‌കരിക്കേണ്ടതുള്ളൂ. കേരളത്തിൽ ന്യായമായ ശമ്പളം സർക്കാർ നൽകുന്നുണ്ട്. അതിൽ ആർക്കും സംശയമൊന്നും വേണ്ടാ.