എന്താണ്‌ 'പാൻഡൊറ രേഖകൾ'

അതിസമ്പന്നരും അധികാരസ്ഥാനത്തിരിക്കുന്നവരും മതനേതാക്കളും രാജകുടുംബാംഗങ്ങളും സെലിബ്രിറ്റികളും വിദേശത്തു സമ്പാദിച്ചുകൂട്ടിയതിന്റെ രേഖാമൂലമുള്ള തെളിവാണ് 'പാൻഡൊറ രേഖകൾ.'

രേഖകളിൽ ആരെല്ലാം

90 രാജ്യങ്ങളിലെ 330 രാഷ്ട്രീയക്കാർ, ഫോബ്‌സ് പട്ടികയിലുള്ള 130 കോടീശ്വരർ, രാജകുടുംബാംഗങ്ങൾ, സെലിബ്രിറ്റികൾ, മതനേതാക്കൾ, ലഹരി ഇടപാടുകാർ.

പുറത്തുകൊണ്ടുവന്നത് ആര്

ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐ.സി.ഐ.ജെ.). 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളിലെ അറുന്നൂറിലേറെ ജേണലിസ്റ്റുകൾ അന്വേഷണത്തിൽ പങ്കാളികൾ. ഇന്ത്യയിലെ പങ്കാളി ‘ഇന്ത്യൻ എക്സ്‌പ്രസ്.’ ഐ.സി.ഐ.ജെ.യുടെ ഏറ്റവും വിപുലമായ അന്വേഷണം. അന്വേഷിക്കാനെടുത്തത് ഒരുവർഷം.

രേഖകളിലുള്ളത്

വിദേശത്ത് സ്ഥാപിച്ചിട്ടുള്ള 29,000 കമ്പനികളുടെ (ഓഫ്‌ഷോർ കമ്പനികൾ) വിവരങ്ങൾ. പണത്തിന്റെയും സ്വത്തിന്റെയും ഉടമസ്ഥരാരെന്ന്‌ മറച്ചുവെക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സാധാരണ ഇത്തരം കമ്പനികളുണ്ടാക്കുന്നത്. മൂന്നുതരം പ്രദേശങ്ങളിലാണ് ഇവ സ്ഥാപിക്കുക. 1. എളുപ്പത്തിൽ കമ്പനികൾ സ്ഥാപിക്കാവുന്നവ 2. കമ്പനികളുടെ ഉടമസ്ഥരാരെന്ന് തിരിച്ചറിയുക പ്രയാസമാക്കുന്ന നിയമങ്ങളുള്ളവ 3. നികുതി തീരേ കുറഞ്ഞതോ ഇല്ലാത്തതോ ആയവ. കെയ്‌മെൻ ഐലൻഡ്‌സ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, സിങ്കപ്പൂർ, ഹോങ്‌ കോങ്, ബെലിസ് തുടങ്ങിയവ ഇതിലുൾപ്പെടും.

കണ്ടെത്തിയത് എങ്ങനെ

രഹസ്യനിക്ഷേപത്തിന്‌ സഹായിക്കുന്ന ഇത്തരം കമ്പനികളും ട്രസ്റ്റുകളും ഉണ്ടാക്കാനും നടത്തിക്കൊണ്ടുപോകാനും സഹായിക്കുന്ന 14 ധനകാര്യ-നിയമ സ്ഥാപനങ്ങളിൽനിന്ന്‌ ചോർത്തിയ 1,19,03,676 രേഖകൾ വിശദമായി പരിശോധിച്ചു. ആകെ 2.94 ടെറാബൈറ്റ് ഡേറ്റ. 1996 മുതൽ 2020 വരെ സ്ഥാപിച്ച കമ്പനികളുടെ വിവരങ്ങളാണിവ.

വിദേശത്ത്‌ നിക്ഷേപിക്കൽ എളുപ്പമോ?

നിക്ഷേപങ്ങളുടെയും നിക്ഷേപകരുടെയും വിവരം അതിരഹസ്യമാക്കിവെക്കുന്ന ഏതെങ്കിലും രാജ്യത്ത് ഒരു കടലാസ് കമ്പനി തുടങ്ങുകയാണ് ആകെ വേണ്ടത്. കടലാസ് കമ്പനിയെന്നാൽ പേരുമാത്രമേയുണ്ടാകൂ. ഓഫീസോ ജീവനക്കാരോ ഉണ്ടാവില്ലെന്നുസാരം. ഇങ്ങനെ കമ്പനി തുടങ്ങാൻ പക്ഷേ, പണമെറിയണം. ഇവ സ്ഥാപിക്കുന്നതിനും പണം മുടക്കുന്നയാൾക്കായി നടത്തിക്കൊണ്ടുപോകുന്നതിനുംമാത്രമായി സ്ഥാപനങ്ങളുണ്ട്.

വിദേശത്ത് ഒളിപ്പിച്ചത് എത്രപണം

ഇതിന്റെ കൃത്യമായ കണക്കെടുപ്പ് അസാധ്യം. എന്നാൽ, 5.6 ലക്ഷം കോടി ഡോളർ (417 ലക്ഷം കോടി രൂപ) മുതൽ 32 ലക്ഷം കോടി ഡോളർ (2383.42 ലക്ഷം കോടിരൂപ) വരെയുണ്ടാകാം എന്നാണ് ഐ.സി. ഐ.ജെ.യുടെ വലയിരുത്തൽ. ഈ നിക്ഷേപങ്ങൾമൂലം ലോകത്തെ സർക്കാരുകൾക്കെല്ലാംകൂടി നികുതിയിനത്തിൽ വർഷാവർഷം നഷ്ടമാകുന്ന 60,000 കോടി ഡോളറാണെന്ന് അന്താരാഷ്ട്ര നാണയനിധി.

ഇന്ത്യക്കാർ 380

പാൻഡൊറ രേഖകളിൽ പേരുള്ള 380 ഇന്ത്യക്കാരിൽ 60 പേരുടെ വിവരങ്ങൾ കണ്ടെത്തിയെന്ന് ‘ഇന്ത്യൻ എക്സ്‌പ്രസ്’. ഇതുവരെ പുറത്തുവിട്ട പേരുകളിൽ ചിലത്:

സച്ചിൻ തെണ്ടുൽക്കർ 
ക്രിക്കറ്റ് താരം, 
രാജ്യസഭ മുൻ എം.പി.
കിരൺ മജുംദാർ ഷാ 
ഔഷധനിർമാണ കമ്പനിയായ 
ബയോകോണിന്റെ പ്രൊമോട്ടർ 
ലളിത് ഖൈതാൻ, 
അഭിഷേക് ഖൈതാൻ 
റാഡികോ ഖൈതാൻ 
കമ്പനിയുടെ ഉടമകൾ 
നീരാ റാഡിയ 
കോർപ്പറേറ്റ് ഇടനിലക്കാരി 
ജാക്കി ഷ്‌റോഫ് 
ബോളിവുഡ് നടൻ
വിനോദ് അദാനി
വ്യവസായി
ഇക്ബാൽ മിർച്ചി 
അധോലോക കുറ്റവാളി
പൂർവി മോദി 
വ്യവസായി, നീരവ് മോദിയുടെ 
സഹോദരി
സമീർ ഥാപ്പർ 
വ്യവസായി
സതീഷ് ശർമ 
മുൻകേന്ദ്രമന്ത്രി 
രാകേഷ് കുമാർ ലൂംബ 
ലഫ്. ജനറൽ (റിട്ട.) 

രേഖകളിലുള്ള വിദേശികൾ

ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ
ലെബനൻ പ്രധാനമന്ത്രി നജീബ് മികാറ്റി, അനന്തരാവകാശി ഹസൻ ദിയാബ്, കേന്ദ്ര ബാങ്ക് ഗവർണർ റിയാദ് സലാമെഹ്
പാകിസ്താൻ ധനമന്ത്രി ഷൗക്കത്ത് തരിൻ, ജലവിഭവമന്ത്രി മൂനിസ് ഇലാഹി, മുൻ ധനമന്ത്രി വഖാർ മസൂദ് ഖാൻ
ചെക് പ്രധാനമന്ത്രി ആന്ദ്രേയ് ബബിസ്
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്
കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ
റഷ്യൻ പ്രസിഡന്റിന്റെ പ്രചാരണവിഭാഗം മേധാവി കോൺസ്റ്റന്റിൻ എൺസ്റ്റ്
യുക്രൈൻ പ്രസിഡന്റ് വൊളോദിമിൻ സെലെൻസ്കി