പി.ടി., നീ എനിക്കൊരു നഷ്ടമാണ്. പൊതുവിഷയങ്ങളിൽ എന്റെ ഹൃദയമിടിപ്പിനോട് ചേർന്നുനിൽക്കുന്ന നിലപാടുകളാണ് നീ വിളിച്ചുപറഞ്ഞത്. മനസ്സിൽ ഒന്നും പുറത്ത് മറ്റൊന്നുമായി നിന്റെ വാക്കുകൾ കേരളം കേട്ടിട്ടില്ല. ശരിയുടെ പക്ഷം ചേർന്നുമാത്രം നടക്കുന്ന രാഷ്ട്രീയക്കാരനെയാണ് നീ നാടിനുമുമ്പിൽ കണിച്ചുകൊടുത്തത്. ആദരത്തോടെ വിയോജിക്കുകയും മൂർച്ചയോടെ പ്രതികരിക്കുകയും പ്രതികരണത്തിന്റെ മൂർച്ച ആളുനോക്കി മയപ്പെടുത്താതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയരീതി നീ നിന്റെ ജീവിതംകൊണ്ട് തെളിയിച്ചതാണ്. പി.ടി., നീ കേരളരാഷ്ട്രീയത്തിലെ ഒരേയൊരു പി.ടി.യാണ്. 

പരിസ്ഥിതിസംരക്ഷണം അനിവാര്യമാണെന്ന് ഗാഡ്ഗിൽ റിപ്പോർട്ടിനെ മുൻനിർത്തി പി.ടി. വാദിച്ചപ്പോൾ കോൺഗ്രസിനുള്ളിൽപ്പോലും അതിനോട് നെറ്റിചുളിച്ചവർ ഏറെയായിരുന്നു. പറയുന്നതിലെ വരുംവരായ്കകൾ പി.ടി.ആലോചിച്ചില്ല. അതിലുണ്ടായ നഷ്ടങ്ങൾ ആകുലപ്പെടുത്തിയില്ല. ചിരിച്ചുകൊണ്ട് നേരിടാനും ശിരസ്സു താഴ്ത്താതെ നടക്കാനും ശീലിച്ച അപൂർവ രാഷ്ട്രീയനേതാവായി പി.ടി.മാറി. തനിക്കുവേണ്ടി എന്തെങ്കിലും സ്ഥാനം മാറ്റിവെക്കണമെന്ന് ഒരിക്കൽപോലും അദ്ദേഹം ആരോടെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. 

തന്റെ നിലപാടുകൾക്കുനേരെ കൂട്ട ആക്രമണങ്ങളുണ്ടാകുമ്പോഴും അദ്ദേഹം ചിരിച്ചു. കാരണം പി.ടി. പഠിച്ചുപറയുന്നവനാണ്. അതിനെ വൈകാരികമായി തിരുത്തിക്കാനൊരുങ്ങുന്നവർക്ക്, സ്വയം തിരുത്തേണ്ടിവരുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ തടവറയിൽ കുരുങ്ങിക്കിടന്നയാളായാരുന്നില്ല അദ്ദേഹം. പാർട്ടിക്ക് അകത്തും പുറത്തും ഒരേപോലെ ഒരുതിരുത്തൽ ശക്തിയായി നിലകൊണ്ടു. അനഭിലഷണീയ പ്രവണതകൾ പ്രകടമാകുന്ന ഘട്ടത്തിലെല്ലാം അദ്ദേഹം പ്രതികരിച്ചു. കേരളം ആഗ്രഹിക്കുന്നത് മടിയില്ലാതെ പറയാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാരനായി അദ്ദേഹം മാറി. ആർക്കുമുമ്പിലും തലകുനിച്ചില്ല. എതിരിടുമ്പോൾ വാക്കിന്റെ മൂർച്ച ആർക്കുവേണ്ടിയും മയപ്പെടുത്തിയില്ല.  

പി.ടി.ക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ടായിരുന്നു. നിയമസഭയിലും സഭാസമിതികളിലും ഇത്രയേറെ പഠിച്ചുപറയുന്ന ഒരാളെ കണ്ടെത്താൻ പ്രയാസമാണ്. നദീജല കരാറുകളുടെ കാര്യത്തിൽ കേരളത്തിന് സംഭവിക്കുന്ന വീഴ്ചകളും സംഭവിക്കാനിരിക്കുന്ന അപകടങ്ങളും അദ്ദേഹം ഉന്നയിച്ചു. ഒറ്റപ്പെട്ട ശബ്ദമായിട്ടും പി.ടി. അത് വിളിച്ചുറഞ്ഞുകൊണ്ടേയിരുന്നു.