വ്യാപകമായ തലത്തിലുള്ള ഓൺലൈൻ പഠനം-പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ- പുതിയൊരു സംവിധാനമാണ്. സ്വാഭാവികമായും അത്തരമൊരു സംവിധാനത്തിന്റെ സാധ്യതകളും അതുപയോഗിക്കുമ്പോൾ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളും മുമ്പത്തേതിൽനിന്ന് വ്യത്യസ്തവുമായിരിക്കും. ഇത്തരത്തിൽ സംഭവിക്കാവുന്ന പുതിയ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തിരിച്ചറിയുകയും അവ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയുംചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഓൺലൈൻ വിദ്യാഭ്യാസത്തെ കൂടുതൽ കാര്യക്ഷമവും വിദ്യാർഥിസൗഹൃദവുമാക്കിത്തീർക്കാൻ പര്യാപ്തമായ ഒരു ജ്ഞാനമണ്ഡലം വികസിച്ചുവരുന്നതിന് അത്തരം ഇടപെടലുകൾ അനിവാര്യമാണ്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സാങ്കേതികവിദഗ്ധരും വിഷയവിദഗ്ധരുമടങ്ങുന്ന വിവിധതലത്തിലുള്ള ആളുകളുടെ ജനാധിപത്യപരമായ ചർച്ചകളിലൂടെയും അന്വേഷണങ്ങളിലൂടെയുംകൂടിമാത്രമേ അത്തരം ഫലപ്രദമായൊരു ഇടപെടൽ സാധ്യമാകൂ.
വെല്ലുവിളികൾ എന്തൊക്കെ
പ്രധാനമായും മൂന്നുരീതിയിലാണ് ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. സംസ്ഥാനസർക്കാരിന്റെ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണംചെയ്യുന്ന ഓരോ ക്ലാസിലെയും കുട്ടികൾക്കുവേണ്ടി വിവിധ സമയങ്ങളിലായി നടത്തുന്ന അധ്യയനം. സൂം, ഗൂഗിൾമീറ്റ് എന്നിവയും സമാനമായ മറ്റ് ആപ്ലിക്കേഷനും ഉപയോഗിച്ചുള്ള ലൈവായുള്ള ക്ലാസുകൾ. ഓരോ ക്ലാസിനും/ഡിവിഷനും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കുകയും റെക്കോഡ്ചെയ്ത ക്ലാസുകൾ ഗ്രൂപ്പുകളിലിടുകയും ക്ലാസിനോടുള്ള കുട്ടികളുടെ പ്രതികരണവും ക്ലാസുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളും അതേ വാട്‌സാപ്പ് ഗ്രൂപ്പിൽ അയക്കാൻ ആവശ്യപ്പെടുകയുംചെയ്യുന്ന സംവിധാനം. ഇതിൽ വിക്ടേഴ്‌സ് ചാനൽവഴി സംപ്രേഷണംചെയ്യുന്ന സംസ്ഥാനതലത്തിൽ വിദഗ്‌ധരായ അധ്യാപകരാൽ തയ്യാറാക്കപ്പെടുന്ന സാങ്കേതികമായി മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ക്ലാസുകൾ ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ഓരോ ക്ലാസിലെയും കുട്ടികൾക്ക് പഠനത്തിനായി ലഭ്യമാവുന്നുണ്ട്.
ലോക്‌ഡൗൺ സമയത്ത് പഠനപ്രവർത്തനങ്ങളെ പരിമിതമായ രീതിയിലെങ്കിലും മുന്നോട്ടുകോണ്ടുപോവുക എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രാവർത്തികമാവുന്നത്. നിലവിലുള്ള സാമ്പ്രദായിക ബോധനപ്രക്രിയയുടെ താത്‌കാലികമായ ഒരനുബന്ധം എന്നനിലയിലാണ് ഈ ക്ലാസുകളെ ഇപ്പോൾ വിഭാവനംചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സംവിധാനം വിദ്യാർഥികളെയും അധ്യാപകരെയും രക്ഷാകർത്താക്കളെയും അമിതമായി സമ്മർദത്തിലാക്കുകയോ കുട്ടികളെ ഒരുപാടുസമയം സ്ക്രീനിനുമുന്നിൽ ചെലവഴിക്കാൻ നിർബന്ധിതരാക്കുകയോ ചെയ്യുന്നില്ല. പക്ഷേ, മേൽപ്പറഞ്ഞ മറ്റുരണ്ടു സംവിധാനങ്ങളും ക്ലാസ്റൂം പഠനത്തെ ഡിജിറ്റൽ രൂപത്തിലേക്കുമാറ്റി അധ്യയനത്തെ പുതിയൊരു മാതൃകയിലേക്ക് സംവിധാനംചെയ്യുകയാണ്. ഇത്തരമൊരു മാറ്റം വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും പുതിയ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാക്കുന്നുണ്ട്. അവരിൽനിന്ന് പുതിയ തരംഅറിവുകളും ശേഷികളും ആവശ്യപ്പെടുന്നുമുണ്ട്.
ബോധനശാസ്ത്രപരമായ വെല്ലുവിളികൾ
ഓൺലൈൻപഠനം പ്രധാനമായും പ്രവർത്തിച്ചുവന്നിരുന്നത് മുതിർന്ന ആളുകളുടെ സ്വയംപഠനത്തിന്റെ (Adult learning) ഒരു സംവിധാനം എന്നനിലയ്ക്കായിരുന്നു. മുതിർന്നവർക്കായുള്ള ഒരു ബോധന ശാസ്ത്രത്തിന്റെ മാതൃകയിലാണ് അത്തരമൊരു പഠനപ്രക്രിയ ക്രമപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻബോധനം പഠിതാവിന്റെ ഭാഗത്തുനിന്നും കൂടുതൽ താത്‌പര്യവും സാങ്കേതികവിദ്യാജ്ഞാനവും വ്യക്തിപരമായ ഉത്തരവാദിത്വവും ആവശ്യപ്പെടുന്നുണ്ട്. വിവിധ പ്രായങ്ങളിലുള്ള കുട്ടികളിൽ ഈ ഘടകങ്ങൾ എങ്ങനെയെല്ലാമാണ് പ്രവർത്തിക്കുകയെന്നത് പഠനവിധേയമാക്കുകയും അതനുസരിച്ചുള്ള മാറ്റങ്ങൾ ബോധനപ്രക്രിയയിൽ കൊണ്ടുവരികയുംചെയ്യേണ്ടിവരും.
പഠനവിമുഖത കാണിക്കുന്ന കുട്ടികളെയും അതുപോലെ പഠനത്തിൽ പ്രയാസംനേരിടുന്ന കുട്ടികളെയും സഹായിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള പൊതുമാർഗനിർദേശങ്ങളുണ്ടാവണം. ക്ലാസ്റൂമിൽ മുഖാമുഖമിരിക്കുമ്പോൾ സ്വീകരിച്ചിരുന്ന പഠനരീതി അതേപടി പുനരാവിഷ്കരിക്കുകയും അത് റെക്കോഡുചെയ്ത് അവതരിപ്പിക്കുകയും ചെയ്യുന്നത് എല്ലായ്‌പ്പോഴും ഉചിതമായ ഒരു പഠനരീതിയാവില്ല. ചില വിഷയങ്ങളിൽ ആശയങ്ങൾ ക്രമാനുഗതമായി വികസിപ്പിച്ച് പടിപടിയായി ബോർഡിലെഴുതി അവതരിപ്പിക്കുന്നതു തന്നെയായിരിക്കും ഏറ്റവും ഫലപ്രദമായ മാർഗം. ഉദാഹരണത്തിന് ഭൗതികശാസ്ത്രം പഠിപ്പിക്കുന്ന പ്രശസ്തമായ ഓൺലൈൻ ക്ലാസുകളാണ് ലിയോനാർഡ് സസ്കിന്റിന്റെയും മദ്രാസ് ഐ.ടി.ഐ.യിലെ പ്രൊഫ. വി.ബാലകൃഷ്ണന്റെയും കോഴ്‌സുകൾ. ഇരുവരും ബോർഡിൽ എഴുതിക്കൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്ന മാതൃകയിലാണ് വിഷയം അവതരിപ്പിക്കുന്നത്. ഇത് ബിരുദതലത്തിലും മറ്റുമുള്ള ഭൗതികശാസ്ത്രം കൈകാര്യം ചെയ്യുന്ന രീതിയാണ്.
പ്രൈമറിക്ലാസിലെ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം
പ്രൈമറിക്ലാസിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാനും അവരെ പഠനപ്രക്രിയയിൽ താത്‌പര്യം നിലനിർത്തിക്കൊണ്ടു മുന്നോട്ടുപോവാനും മേൽപ്പറഞ്ഞരീതി ഉപകാരപ്രദമാവില്ല. ആശയങ്ങൾ രസകരമായി അവതരിപ്പിക്കുന്നത് കുട്ടികളെ പിടിച്ചിരുത്താൻ സഹായിച്ചേക്കും. പക്ഷേ, ഇത് എല്ലായ്‌പ്പോഴും സാധിക്കണമെന്നില്ല. അധ്യാപകരുടെ ശൈലികൾ വ്യത്യസ്തമായിരിക്കും. ചില വിഷയങ്ങളും ആശയങ്ങളും ചില രീതിയിലുള്ള അവതരണങ്ങൾക്കുവഴങ്ങണമെന്നില്ല. അതായത്, പഠിപ്പിക്കാനുള്ള വിഷയം അല്ലെങ്കിൽ ആശയം, അത് വിനിമയം ചെയ്യാനുള്ള സാങ്കേതികവിദ്യ, വിദ്യാർഥികളുടെ വളർച്ചഘട്ടത്തിന് അനുയോജ്യമായ ബോധനരീതി എന്നിവ ഉചിതമായി സംയോജിപ്പിക്കേണ്ടത് ഓൺലൈൻ പഠനം ഫലപ്രദമാവാൻ അത്യാവശ്യമാണ്. അത്തരമൊരു സംയോജനം നടപ്പാക്കുകയും ഉചിതമായ വിദ്യാഭ്യാസസാങ്കേതികവിദ്യ ഉരുത്തിരിഞ്ഞുവരുകയും ചെയ്യണമെങ്കിൽ അതിനെ സാധ്യമാക്കുന്ന ഒരു ജ്ഞാനമണ്ഡലം ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. (തുടരും)