പമ്പ പറയും; ഇത്തിരിയേറെയിഷ്ടം ചിങ്ങത്തോടാണ്... അന്നാണല്ലോ പുഴ പോഷിപ്പിച്ച 52 ദേശങ്ങളിൽനിന്നുള്ള പള്ളിയോടങ്ങൾ ഓളമാവുക. അന്നാണല്ലോ രാമപുരത്തിന്റെ വരികൾ നീട്ടിപ്പാടുക. അടനയമ്പ് പിടിച്ചവർ ആകാശത്തേക്ക് മിഴിയൂന്നിനിന്ന് ‘പറഞ്ഞതങ്ങനേ തന്നേ...’ എന്ന് കുചേലവൃത്തം മുഴക്കുക.

പമ്പയുടെ പിറവിദേശത്ത് അയ്യനാണ് നാഥനെങ്കിൽ പാതിവഴിയെത്തുമ്പോൾ  പുഴ പാർഥസാരഥിയുടെ കൈപിടിക്കും. വന്നവരെ മുഴുവൻ അന്നമൂട്ടുകയും പുഴയിലെ മീനുകൾക്ക്  അരിമണി നൽകുകയും ചെയ്യുന്ന ദേശം.  

ഇടക്കുളംമുതൽ ചെന്നിത്തലവരെയുള്ള കരകൾ. അതിന്റെ കൊടിയേറും പള്ളിയോടങ്ങൾ. പള്ളിയോടങ്ങൾക്ക് വഴിപാടുപറഞ്ഞ് വള്ളസദ്യ സമർപ്പിച്ചാൽ അത് കൈക്കൊള്ളുക സാക്ഷാൽ പാർഥസാരഥിതന്നെ. ഓരോ പള്ളിയോടത്തിലും അദ്ദേഹമുണ്ട്. തലയിൽ കുറിയാണ്ടകെട്ടി തോളിൽ ഉത്തരീയമണിഞ്ഞവർ വ്രതശുദ്ധയോടെ പാടിത്തുഴഞ്ഞുപോകുന്ന തോണികൾ വെറും തോണികളല്ല. അതിന്റെ അമരം മുതൽ അണിയംവരെ പല പ്രതീകമാകുന്നു. നാഗസാന്നിധ്യംപോലെയെന്ന് ഒരു ശാസ്ത്രം. കുണ്ഡലിനിയുടെ ഉണർവിന്റെ പടികളോരോന്നെന്ന് മറ്റൊരെഴുത്ത്. എഴുത്തുകൾ പലതെങ്കിലും കൃഷ്ണഗീതികൾ പാടിയ വാഴുവേലിയിലെ കവയിത്രി പറഞ്ഞതാണ് ഓർത്തിരിക്കാനെളുപ്പം.

താൻ പമ്പയുടെ തീരത്ത് നിൽക്കുമ്പോൾ ഓരോ പള്ളിയോടവും കാണും. അതിൽ തന്റെ കണ്ണനുണ്ട്. വേഷം അത്ര കേമമല്ല. ചുണ്ടിൽ ഓടക്കുഴലുമില്ല. സാധാരണക്കാരനായി നിൽക്കുന്ന ആ ബാലനെ തനിക്ക് കാണാം. ആ കണ്ണിൽ നനവുണ്ട്. പമ്പയുടെ ശോഷണത്തിൽ ആ മനസ്സിടറുമത്രേ... സുഗതകുമാരി പുഴയോരത്തുനിന്നൊരിക്കൽ പറഞ്ഞു. പിന്നീട് എഴുതി. ആ കൃഷ്ണനെ താനറിഞ്ഞിട്ടുണ്ടെന്ന്. പാർഥസാരഥിയുടെ സന്നിധിയിൽനിന്ന് വിളിപ്പാടകലെയുള്ള തറവാട്ടിൽ  താമസിക്കവേ കണ്ടുമതിവരാത്ത ഓണക്കാലങ്ങളുടെ സ്മൃതികൾ.

രുചിയുടെ അറുപത്തിനാലു കലകൾ
മഹാമാരിയില്ലാത്ത മുൻകാലങ്ങളിൽ കർക്കടകംമുതൽ കന്നി പാതിവരെ ആറന്മുള ഉറങ്ങില്ല. പകൽ പള്ളിയോടങ്ങളുടെ വരവും സദ്യയും. രാത്രി പുളിമുട്ടികളിൽ തിളച്ചൊരുങ്ങുന്ന പാചകപ്പുരകൾ. 64 വിഭവങ്ങൾ തയ്യാറാക്കി വിളമ്പുന്ന ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്സവവും ഇതുതന്നെ. പാടത്ത് വിളയുന്ന മടന്തയും മൂക്കാത്ത അമ്പഴങ്ങയുടെ അച്ചാറും വെച്ചൂർ പശുവിന്റെ പാലിൽനിന്നുള്ള തൈരുമെല്ലാമായി കൗതുകങ്ങളുടെ തുടർച്ചയായ വിളമ്പ്. വിളക്കുവെച്ച് ഇലയിട്ടാൽ പള്ളിയോടക്കരകളിൽനിന്ന് വരുന്നവർ ഓരോ വിഭവവും പാടിച്ചോദിക്കും.
‘വിരിഞ്ഞൊരഞ്ചും പതിനഞ്ചുമഞ്ചും കഴിഞ്ഞ നാളിൽ കയറിപ്പറിച്ച്...

അരിഞ്ഞുകൊണ്ടുപ്പുരസത്തിലിട്ടാൽ
ആ ചിരട്ട മാങ്ങയ്ക്കെതിരൊന്നുമില്ല’

സദ്യക്കിടെ ഇങ്ങനെയൊന്ന് പാടിച്ചോദിച്ചാൽ വഴിപാട് നടത്തുന്നയാൾ അമ്പഴങ്ങ അച്ചാർ വിളമ്പണം.

തിരുവോണം കഴിഞ്ഞ് ഉത്രട്ടാതിയെത്തിയാൽ ആറന്മുളയുടെ ഓണമായി. അന്നാണ് ഉത്രട്ടാതി ജലമേള. എല്ലാ പള്ളിയോടങ്ങളും ഒന്നായി ഇവിടെയെത്തുംദിനം. ഉത്രാടരാത്രിമുതൽ ഉത്രട്ടാതിവരെ രാവും പകലുമില്ലാതെ ദേശങ്ങൾ കാത്തിരിക്കുന്നത് ഈ ദിനത്തിനാണ്. മത്സരത്തിനുപകരം ഭക്തിക്കും പതിഞ്ഞുപാടുന്നതിനും താളത്തിനുമാണ് ഇവിടെ പ്രാധാന്യം.

ഉത്രട്ടാതി പിന്നിട്ടാൽ നാട് അഷ്ടമിരോഹിണിക്ക് മഞ്ഞപ്പട്ടുടുക്കും. കണ്ണന്റെ പിറന്നാളിന് മുറ്റത്തെ മണ്ണിലിരുന്നും ഇലയിട്ട് ഒരുപിടിച്ചോറ് കഴിച്ചാൽ ഭക്തർക്ക് അതിലേറെ മറ്റൊന്നും വേണ്ടാ. ഇങ്ങനെ ആറന്മുളദേശം ഉത്സവങ്ങളുടെ അധ്യായങ്ങളിലൂടെ തുടർയാത്ര നടത്തിക്കൊണ്ടിരിക്കും.

 ഓണത്തോണിയിൽ കണ്ണനെ കാണാൻ
കർക്കടകത്തിലേ വള്ളസദ്യക്കാലം തുടങ്ങുമെങ്കിലും എല്ലാമൊന്ന് താളത്തിലാവുക ചിങ്ങമാസത്തിലെ മൂലത്തിലാണ്. അന്നാണ് മങ്ങാട്ടില്ലത്ത് ഭട്ടതിരി കുമാരനല്ലൂരിൽനിന്ന് പഴയ തട്ടകമായ കാട്ടൂർ ദേശത്തെത്തുക. കാട്ടൂരും തിരുവാറന്മുളയപ്പന്റെ കരകളിലൊന്നാണ്. അവർക്കാണ് ഭഗവാന് തിരുവോണവിഭവം സമർപ്പിക്കാനുള്ള അവകാശം. അതിന് നായകനാവുക ഭട്ടതിരിയും.
പണ്ട് കാട്ടൂർ ദേശത്തായിരുന്നു മങ്ങാട്ടില്ലം. എല്ലാ തിരുവോണത്തിനും വിശിഷ്ടവ്യക്തികൾക്ക് വിളമ്പിയശേഷമേ അവിടെ കാരണവർ ഓണമുണ്ടിരുന്നുള്ളൂ. ഒരു തിരുവോണത്തിന് കാത്തിരുന്നിട്ടും  പ്രമുഖരൊന്നും വന്നില്ല. ഉച്ചനേരത്ത് മുറ്റത്ത് വന്നുകയറിയ  ഒരു ബാലന് സദ്യ നൽകിയപ്പോൾ ആശ്വാസമായി. ആ കുഞ്ഞ് താനായിരുന്നുവെന്ന് ആറന്മുളേശൻ സ്വപ്നത്തിൽ വെളിപ്പെടുത്തിയപ്പോൾ ഭട്ടതിരിക്ക് മനംനിറഞ്ഞു. തന്റെ സഹോദരിയായ കുമാരനല്ലൂരമ്മയുടെ ദേശത്തേക്ക് മാറിത്താമസിച്ച് എല്ലാ ഓണത്തിനും കാട്ടൂരെത്തി വിഭവമെത്തിക്കണമെന്നും നിർദേശിച്ചത്രേ. അത് പാലിക്കാനാണ് കുമാരനല്ലൂരിൽനിന്ന് ഭട്ടതിരി ഓരോ മൂലംനാളിലും യാത്രതിരിക്കുക. 41 ജലാശയങ്ങൾ കടന്നാണ് വരവ്. ചുരുളൻവള്ളത്തിലേറി വരുമ്പോൾ മീനച്ചിലും കൊടൂരാറും കരകാണാ വേമ്പനാടും. വെയിലിൻ പ്രഭയും മഴതൻ നനവും ഏറ്റുവാങ്ങിവരവേ മനസ്സിൽ നാരായണനാമം. ഭദ്രദീപം തെളിയും കുമാരനല്ലൂരിൽനിന്ന് കാട്ടൂർ ദേശത്തേക്ക്. വഴിമധ്യേ പൊങ്കാലയുടെ നാടായ ചക്കുളത്തുകാവ്. വിളക്കണയാത്ത ശ്രീവല്ലഭനാട്. 1008 പാളയുടെ പടയണിദേശമായ കദളിമംഗലം.  ആദിപമ്പയുടെ ഓതറ... തുഴഞ്ഞേറിച്ചെന്ന് അയിരൂരിന്റെ മണൽപ്പുറം. പുതിയകാവിന്റെ പുഴവളവിൽ ദേവിയുടെ നാട്. ഉത്രാടനാൾ ഉച്ചയ്ക്ക്‌ ഭട്ടതിരി പിതൃസ്മരണകളുടെ കാട്ടൂർദേശത്ത്. അവിടെ ഉരലിൽ ഇടിച്ചൊരുക്കിയ അരിയും വിഭവങ്ങളുമായി ജനം കാത്തിരിക്കും.

ഉത്രാടസന്ധ്യയിൽ ആറന്മുളയ്ക്ക്‌ പുറപ്പാട്. അയിരൂർ മഠവും വെച്ചൂർ മഠവും കടന്ന് ആറന്മുളയിലേക്ക്. നെട്ടായത്തിൽ രാവിലൊഴുകി നീങ്ങുന്ന വെളിച്ചസാന്നിധ്യമായി മുന്നിൽ വിളംബരവള്ളം. പിന്നിൽ അകമ്പടിയായി പള്ളിയോടങ്ങൾ. നടുവിൽ അരുമയോടെ തിരുവോണത്തോണി. അന്നമുഖമുള്ള തോണിയിൽ ദീപവും വിഭവങ്ങളും. ഗോവിന്ദാ ഹരി മുഴങ്ങവേ ഇരുകരകളും വിളക്കുകളുടെ നിറവിലാകും. പരപ്പുഴക്കടവിലെത്തുമ്പോൾ വിളിപ്പാടകലെ ഗോപുരം കാണാം. ദേശസ്നേഹത്തിന്റെ വാക്കുകളുമായി മഹാത്മാവ് വന്നിറങ്ങിയ എതിർവശത്തെ മണൽപ്പുറം കാണാത്തവിധം പുഴയ്ക്ക്‌ നിറവുണ്ടാകും.

ഗോപുരംകടന്ന് ചെന്നാൽ വെറ്റിലയും പുകയിലയുമായി വരവേൽപ്പ്. ചുണ്ടിൽ പുഞ്ചിരിയണിഞ്ഞ് തേർത്തട്ടിൽ കാരുണ്യത്തോടെ നിൽക്കും, സാരഥിയുടെ സന്നിധി. ഭട്ടതിരി കാട്ടൂരിൽനിന്നെത്തിക്കുന്ന ദീപം അവിടെ ആറന്മുളേശന്റെ കെടാവിളക്കിലേക്ക്. ഉറങ്ങാതെ ഉത്രാടം കഴിഞ്ഞ് തിരുവോണത്തിന് മാനത്ത് വെള്ളകീറുമ്പോൾ ഉച്ചസദ്യയ്ക്ക്് വട്ടമൊരുങ്ങുകയായി. രണ്ടുവർഷമായി മങ്ങാട്ടില്ലത്ത് രവീന്ദ്രബാബു ഭട്ടതിരിയാണ് നിയോഗം നിറവേറ്റാൻ ആറന്മുളയാത്ര നടത്തുന്നത്. തിരുവോണനാളിലെ ചടങ്ങുകൾ പൂർത്തിയാക്കിയേ അദ്ദേഹം സന്നിധിവിട്ടുമടങ്ങൂ.