അത്രമേൽ പെരുത്ത ആകുലതകൾ നമ്മെ ചൂഴ്ന്നുനിൽക്കുന്നുവെങ്കിലും ഓണമടുക്കുമ്പോൾ ചിങ്ങത്തിന്റെ  ആകാശത്തെയും പ്രകൃതിയെയും വല്ലാത്തൊരു രമണീയത വന്നുപുണരും. അതുവരെ എത്ര തമോവൃതമായിരുന്നെങ്കിലും  ഓണമെത്തുന്നതോടെ മലയാളികളുടെ മനസ്സിലും  എവിടെയോനിന്ന് ഒരു നിലാത്തിളക്കം വിരുന്നുവരും. കോവിഡ് വ്യാപനഭീഷണിയുടെ നിഴൽപതിഞ്ഞ കേരളത്തിൽ ആശങ്കയൊഴിഞ്ഞവരാരുണ്ട്? പ്രതിജനഭിന്നമായ നഷ്ടങ്ങളും അനിശ്ചിതത്വങ്ങളും ദുഃഖങ്ങളുംകൊണ്ട്  ലോകമെങ്ങുമുള്ള മനുഷ്യർക്ക് ഇത് വിഹ്വലകാലം. അഫ്ഗാനിസ്താന്റെ ആകാശവും മനുഷ്യമനസ്സുകളും അവിടത്തെ പെൺജീവിതങ്ങളും വെടിപ്പുകയാൽ ഇരുളുന്നത് നിർവികാരരായി നോക്കിനിൽക്കാൻ ആർക്കുകഴിയും?

ഭൂമി എന്ന മനുഷ്യരാശിയുടെ ഭവനത്തിനുമേൽ കാലാവസ്ഥാവ്യതിയാനത്തിന്റെയും പാരിസ്ഥിതികവിനാശത്തിന്റെയും ദുരന്തമേഘം പടരുന്നത് വിചാരശീലരെ അന്ധാളിപ്പിക്കുന്നുണ്ട്. രൂപംമാറുന്ന ഭയത്തിന്റെ വൈറസുകളെ  പ്രതിരോധിക്കേണ്ടതുണ്ട്. ചരിത്രത്തിന്റെ  തമോരാശികളിൽ ജീവിതം നിലനിർത്തിയ അതിജീവനമന്ത്രം നല്ലനാൾ വരുമെന്ന പ്രതീക്ഷയാണ്; നമ്മൾ അതിജീവിക്കും എന്ന വിശ്വാസമാണ്. ഓർമയുടെയും പ്രത്യാശയുടെയും ആഘോഷമായ ഓണത്തിനും അതിന്റെ സുപരിചിതമായ മിത്തിനും ഇതുവരെയില്ലാത്ത സാംഗത്യവും അർഥവും കൈവരുകയാണിപ്പോൾ. ഓർമകളിലും സ്വപ്നങ്ങളിലും രത്നഖനനം നടത്തുന്നവരാണല്ലോ കവികൾ. ഇരുൾപ്പാതകളിൽ എന്നും വഴിവിളക്ക് കൊളുത്തിപ്പിടിച്ച് മുന്നിൽ നടക്കുന്നതും കവികൾ. മലയാളികളുടെ ഓണസങ്കല്പത്തെ നമ്മുടെ കവികൾ പുഷ്‌കലമാക്കി. സാധാരണമനസ്സുകൾക്ക് അപ്രാപ്യമായ വിചാരവീഥികളിലൂടെ നമ്മെ നടത്തി.
വർത്തമാനകാലം എത്ര ഇരുണ്ടതായാലും അങ്ങുദൂരെ തെളിയുന്ന പ്രകാശധാവള്യമാണ് നമുക്ക് ഓണം.

‘ഈ  മലനാട്ടിൻ വായുവിലുണ്ടൊരു
മധുരോദാര വികാരം, മഞ്ഞാ-
ലീറനുടുത്തൊരു പാവന ഭാവം’

എന്ന് വൈലോപ്പിള്ളി മലയാളിയുടെ ഓണമെന്ന വികാരത്തെ നിർവചിക്കുന്നുണ്ട്.  വൈലോപ്പിള്ളിയും ഇടശ്ശേരിയും പി. കുഞ്ഞിരാമൻ നായരുമാണ് ഓണക്കവികൾ എന്ന് വിശേഷിപ്പിക്കാവുന്ന കവിസംഘത്തിലെ പ്രബലർ. ഈ മൂന്നു കവികളുടേതായി മാത്രം നൂറോളം കവിതകൾ ഓണത്തെക്കുറിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. ഓരോ കവിയുടെയും പരിചരണം വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപുരാവൃത്തമായ മഹാബലിയുടെ ക്ഷേമരാജ്യവും വാമനന്റെ വരവും മൂന്നടി മണ്ണ് ചോദിക്കലും തുടർന്നുള്ള മഹാബലിയുടെ നിഷ്‌കാസനവും ഓണംനാളിലെ ബലിചക്രവർത്തിയുടെ പ്രത്യാഗമനവും കവികൾക്ക് നവംനവങ്ങളായ വ്യാഖ്യാനങ്ങൾക്ക്‌ അക്ഷയവിഭവമായിമാറി. എല്ലാ വ്യാഖ്യാനങ്ങളിലും മഹാബലി ഉത്തമനായ ഭരണകർത്താവാണ്. മഹാബലിയുടെ നാടുകടത്തൽ നീതിരഹിതമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രത്യാശാനിർഭരമാണ്. കവികളുടെ മനസ്സിൽ മഹാബലി രക്ഷകനാണ്. പലപ്പോഴും പിതൃബിംബമാണ്.

മലയാളമനസ്സിൽ കുടിയേറിയ നീതിബോധത്തിന്റെ അടിസ്ഥാനസങ്കല്പം മഹാബലിയിൽനിന്നാണ് നമ്മൾ തോറ്റിയെടുത്തത്‌. അങ്ങനെയാണ് പരാജിതനോടൊപ്പം നിൽക്കാൻ നാം സ്വാഭാവികമായി പ്രേരിതരാവുന്നത്. മലയാളി എപ്പോഴും പീഡിതർക്കൊപ്പമാണ്, ചതിക്കപ്പെട്ടവർക്കൊപ്പമാണ്. കാല്പനികപ്രസ്ഥാനത്തിന്റെ വരവറിയിച്ച മഹാകവി കുമാരനാശാന്റെ പ്രസിദ്ധകവിത വീണപൂവിനെക്കുറിച്ചായത് യാദൃച്ഛികമല്ല. ഈ അവബോധം നമ്മുടെ രാഷ്ട്രീയ, സാമൂഹിക നിലപാടുകളെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. കരാറുകളുമായിവരുന്ന വിദേശിയെ ആശങ്കയോടെ നോക്കാൻ പഠിപ്പിച്ചത്.

എന്തിനാണ് താൻ ചതിക്കപ്പെട്ടതെന്നും ശിക്ഷിക്കപ്പെട്ടതെന്നും ഇടശ്ശേരിയുടെ ഒരു കവിതയിൽ (ത്രിവിക്രമന്ന് മുമ്പിൽ) മഹാബലി അന്വേഷിക്കുന്നുണ്ട്. അനേകകാലം മഹാബലിയുടെ സാമ്രാജ്യത്തിൽ കണ്ണീരും ദുഃഖങ്ങളുമുണ്ടായില്ല. ദുഃഖമില്ലെങ്കിൽ സുഖത്തിനു വിലയില്ല. അങ്ങനെ ജീവിതാനുഭവങ്ങളെ ചലനരഹിതമാക്കിയതാണത്രേ മഹാബലിചെയ്ത കുറ്റം; അധർമം. മഹാബലി സ്വയം ബോധ്യപ്പെടാൻ ശ്രമിക്കുകയാണ്:  

‘ചലനാത്മകമാം ജീവിത-
ചാരുതയല്ലോ ധർമ്മം’ - എന്ന ന്യായത്താൽ. ഇന്നത്തെ ആകുലതകൾക്കുമേൽ ഈ അറിവ് പ്രക്ഷേപിക്കപ്പെടുമ്പോൾ വന്നണയുന്ന സമാശ്വാസം കവികൾക്ക് മാത്രം പകർന്നുതരാൻ കഴിയുന്നതാണ്. മാറിവരുന്ന ജീവിതാവസ്ഥകളെ അനിവാര്യമായ ചലനത്തിന്റെ ലക്ഷണമായി കാണുകിൽ അനുഭവതീക്ഷ്ണത കുറയുകയും പ്രതീക്ഷ കൂടുതൽ തിളങ്ങുകയും ചെയ്യാതിരിക്കില്ല.  

മഹാബലി വാണിരുന്ന കാലം  ഒരു ജനതയുടെ അബോധത്തിൽ പറുദീസാ നഷ്ടമായി പതിഞ്ഞുകിടക്കുന്നുണ്ട്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ആ പെരുമാളിന്റെ മടങ്ങിവരവിൽ ഈ മണ്ണിന്റെ ഹൃദയം ത്രസിക്കുന്നത് ‘പൊയ്‌പ്പോയ പൊന്നോണം’ എന്ന കവിതയിൽ പി. കുഞ്ഞിരാമൻ നായർ വർണിക്കുന്നുണ്ട്. സമതയുടെ വിളംബരമാണ് ഓണമെന്നതിൽ ഈ കവിക്ക് സന്ദേഹമില്ല.
‘ഒരു മതമൊരു ജാതിയൊരു നിറമൊരു നിണം / പൊരുളിതു പരസ്യമായരുളിയോണം’.

ഭൂതകാലത്തിൽനിന്ന് ഭാവിയിലേക്ക് കുലച്ചുവെച്ച ഇന്ദ്രധനുസ്സായി ഓണം നമ്മുടെ അബോധമനസ്സിൽ കുടിപാർക്കുന്നു. ഓരോ വ്യക്തിക്കുമുണ്ടല്ലോ നന്മനിറഞ്ഞ ഒരു മഹാബലിക്കാലം. അത് ബാല്യമാകാം, യൗവനമാകാം, ഗ്രാമവിശുദ്ധിയാകാം, പ്രണയമാകാം. ആ ഗൃഹാതുരതയിൽ അഭിരമിക്കാനുള്ള അഭിലാഷമാണ് ഓണത്തിലേക്ക്‌ നമ്മെ വീണ്ടും വീണ്ടും ആകർഷിക്കുന്നത്. നഷ്ടപ്പെട്ട കാലമൊന്നും വീണ്ടെടുക്കാനാവില്ലെന്നറിയാം. എങ്കിലും ഓർമകളുടെ വസന്തമാളികയിലേക്ക്‌ ഇത്തിരിനേരം മടങ്ങാൻ കഴിയുകയെന്നത് എന്തൊരു സുഖമാണ്! താത്‌കാലികമായെങ്കിലും  ഓർമകളിൽ അഭിരമിക്കാനുള്ള മനുഷ്യവാസനയെ ശാശ്വതീകരിക്കുന്നു മഹാബലിയുടെ തത്‌കാലവരവെന്ന ചന്തമുള്ള വിചാരം. ‘ദുഃഖങ്ങൾക്കവധി കൊടുത്തു’കൊണ്ട്  മലയാളികൾ മാസ്‌ക് കെട്ടിയും ഓണം കൊണ്ടാടുന്നതിന്റെ ഉൾപ്രേരണ ഇതാവണം.  

മലയാളികളുടെ മാത്രമല്ല,  മനുഷ്യവർഗത്തിന്റെ തന്നെ ചരിത്രയാനമായി വൈലോപ്പിള്ളി ‘ഓണപ്പാട്ടുകാർ’ എന്ന കവിതയിലൂടെ ഓണസങ്കല്പത്തെ ഭാവനാപൂർണമായി വിപുലീകരിക്കുന്നുണ്ട്. ‘നഷ്ടവസന്തസ്ഥലികളിൽനിന്ന് സമൃദ്ധവസന്തതടങ്ങളിലേക്കു’ള്ള മനുഷ്യരാശിയുടെ ‘ഭാസുര  ചിന്താസങ്കല്പങ്ങ’ളായി ഓണത്തെ പരിവർത്തനപ്പെടുത്തുക വഴി, കവി മലയാളികളുടെ ഭാവനയെ മാനവരാശിയുടെ പ്രത്യാശകളുമായി കൂട്ടിയിണക്കി. വിശാലമായൊരു മാനവികതയെയാണ് ഈ വിശ്രുത കവിതയിലൂടെ ആവിഷ്‌കരിക്കുന്നത്. മനുഷ്യകുലത്തിന്റെ ഭാഗധേയത്തെ അനിശ്ചിതത്വത്തിലേക്ക്‌ ആവാഹിക്കുന്ന കാലാവസ്ഥാ വ്യതിയാനം രാജ്യസീമകളെ അപ്രസക്തമാക്കവേ, കവിയുടെ  സമ്യക്ദർശനം എത്ര കൃത്യം എന്ന് നമ്മൾ വിസ്മയിക്കുന്നു.
ഓണത്തിന്റെ പരിചിതമായ ആഖ്യാനത്തിൽ രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ മാനങ്ങൾ മലയാളികൾ എന്നും കണ്ടെത്തി. വാമനന്റെ കഥയിൽ ബ്രാഹ്മണ-പൗരോഹിത്യ അധിനിവേശത്തിന്റെ ഇഴകൾ വയലാർ രാമവർമ ‘മഹാബലിക്കൊരു കത്ത്’ എന്ന കവിതയിൽ ഉപദർശിക്കുന്നു. മഹാബലിയെ നാടുകടത്തിയ രാഷ്ട്രീയ ഉപജാപത്തിനുശേഷം മലനാട്ടിലേക്ക്‌ കുടിയേറിയവരെക്കുറിച്ച് കവി പറയുന്നു:

‘ഒന്നായി നിന്ന മനുഷ്യവംശത്തിനെ
വർണ്ണങ്ങളായി വകഞ്ഞു തിരിച്ചവർ. / നമ്മുടെ സംസ്‌കാര ശാദ്വല ഭൂമികൾ / ബ്രഹ്മസ്വമാക്കി സ്വരൂപിച്ചെടുത്തവർ’

1957-ൽ ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതിലും മഹാബലിക്കഥയിലുൾച്ചേർന്ന അധികാര സമവാക്യത്തിലെ  അനീതിയുടെ  ആവർത്തനം മലയാളി തിരിച്ചറിയുകയായിരുന്നല്ലോ.  

ആധുനിക കേരളം പൊതുജനാരോഗ്യത്തിലും സാമൂഹിക സുരക്ഷയിലും ഭൂപരിഷ്‌കരണത്തിലും സമത്വബോധത്തിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങൾക്കിടയിൽ തലയുയർത്തിനിൽക്കുന്നതിനു പിന്നിൽ മഹാബലിക്കഥയിൽ സംക്ഷേപിക്കപ്പെട്ടിരിക്കുന്ന സാമൂഹികദർശനം കേരളത്തിന്റെ പൊതുബോധത്തിൽ നിശ്ശബ്ദവും സുദൃഢവുമായ പ്രേരണയുണ്ട്‌. ‘ബാലമരണങ്ങൾ കേൾപ്പാനില്ല’ എന്ന  പഴംപാട്ടിലെ ഒറ്റവരിയുടെ പുതിയ പരാവൃത്തം ‘ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം’ എന്നതത്രേ. ആ പഴയ പാട്ടിനെ പുതിയ പദാവലികൊണ്ട്‌ പുനരാവിഷ്‌കരിച്ചാൽ നമ്മുടെ സാമൂഹിക വികസന സൂചികകളായി രൂപാന്തരപ്പെടും. കേരളത്തിന്റെ ഭരണകൂടങ്ങൾക്ക് സാമൂഹിക വികസന ദിശാബോധം നൽകുന്നതിൽ ഓണമെന്ന സമത്വമനോഹാരിതയുടെ ആദിരൂപം ചെലുത്തിയ അബോധപ്രേരണ ഇനിയും അസ്തമിച്ചിട്ടില്ല; അത് വേണ്ടത്ര പഠിക്കപ്പെട്ടിട്ടുമില്ല. ഓണം, മലയാളിയുടെ എഴുതപ്പെടാത്ത മാനിഫെസ്റ്റോ. ‘നല്ലനാളെ വരും, വരാതിരിക്കില്ല’ എന്ന പ്രത്യാശ; വിശ്വാസം.