OCT 01 ലോക വയോജന ദിനം

ഒക്ടോബർ ഒന്ന്‌ ലോകമെമ്പാടും മുതിർന്നപൗരന്മാരുടെ ദിനമായി ആചരിക്കാൻ തുടങ്ങിയത് 1991 മുതൽക്കാണ്. ഇന്ത്യയിലും കേരളത്തിലും പ്രായമായവരുടെ പരിചരണത്തിന്റെ സമകാലിക സ്ഥിതിയിലൂടെ ഒരു ‘നോട്ടപ്രദക്ഷിണം’ നടത്തിനോക്കാം...

 ജീവിക്കുന്നൂ മക്കളിലൂടെ...
വിദ്യാഭ്യാസം തന്നെയാണ് വിപ്ലവമെന്ന് മനസ്സിലാക്കിയവരാണ് മലയാളികൾ. ഉയർന്ന വിദ്യാഭ്യാസം നേടണമെന്ന നമ്മുടെ സ്വപ്നങ്ങൾ, കിട്ടിയ കുടുംബസ്വത്ത് വിറ്റും നിത്യവരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും അവസാനത്തെ തുട്ട് ചെലവഴിച്ചും നമ്മൾ നമ്മുടെ മക്കളിലൂടെ അത്‌ സാക്ഷാത്കരിച്ചു. എന്നാൽ, ഉയർന്ന ജോലികളിൽ പ്രവേശിച്ച്, വലിയവരുമാനം നേടിയ മക്കൾ മാതാപിതാക്കൾ ഒരുക്കിത്തന്ന സൗഭാഗ്യങ്ങളുടെ ഒരംശമെങ്കിലും തിരിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ചുവോ? ലക്ഷങ്ങൾ കാപ്പിറ്റേഷൻ ഫീ കൊടുത്ത് പഠിപ്പിച്ച മക്കൾ ജോലികിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രൂപപോലും തങ്ങളെ ഏൽപ്പിച്ചില്ലല്ലോ എന്ന് സങ്കടപ്പെടുന്ന അനേകം മാതാപിതാക്കളുണ്ട്. എന്നാൽ, പല മക്കളുടെയും കാഴ്ചപ്പാടാകട്ടെ, അത് ഒരു കീഴ്‌വഴക്കമാവും അതുവേണ്ടാ എന്നാണ്. മക്കളിൽ പലരും വിദേശങ്ങളിലാണ്. ചിലർ അവിടെ സ്ഥിരതാമസമാക്കി.

പല കുടുംബങ്ങളിലും മാതാപിതാക്കൾ കടുത്ത ഒറ്റപ്പെടലും മാനസികസമ്മർദവും അനുഭവിക്കുന്നുണ്ട്. ചിലരാകട്ടെ, അവഹേളനങ്ങൾ സഹിച്ചുകൊണ്ടാണ് ജീവിക്കുന്നത്. മാതാപിതാക്കളെയും പ്രായമായവരെയും നിഷ്‌കരുണം ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഉപേക്ഷിച്ച് കടന്ന സംഭവങ്ങളുണ്ട്. മേൽപ്പറഞ്ഞ സാമൂഹികസാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ദേശീയതലത്തിൽ 2007-ൽ ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം’ നിലവിൽവന്നത്. മക്കൾ മാതാപിതാക്കളെ സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ഈ നിയമം. അതിൽ വീഴ്ച വരുത്തുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്ക് മെയിന്റനൻസ് ട്രിബ്യൂണലിനെ സമീപിക്കാം. 2019-ലെ കണക്കനുസരിച്ച് ട്രിബ്യൂണലിന്റെ മുന്നിലെത്തിയത് 7000-ത്തോളം കേസാണ്. മറ്റൊരു സുപ്രധാനമായ നിയമപരിരക്ഷയും ഈ നിയമംവഴി സാധ്യമാണ്.

 റിവേഴ്‌സ് മോർട്ട്‌ഗേജ്
പല മാതാപിതാക്കളും മുതിർന്നപൗരന്മാരും അവരുടെ സ്വത്തുക്കൾ അവർ ജീവിച്ചിരിക്കെത്തന്നെ അനന്തരാവകാശികൾക്ക് കൈമാറിക്കഴിഞ്ഞിട്ടുണ്ടാവും. സ്വത്ത് തട്ടിയെടുത്ത് അവകാശികൾ അവരെ വീട്ടിൽനിന്ന്‌ പുറത്താക്കിയ സംഭവങ്ങളുണ്ട്. അനന്തരാവകാശികൾക്ക് കൈമാറിയാലും ഒരാൾക്ക് അയാളുടെ സ്ഥാവര സ്വത്തുക്കൾ ഒരു ബാങ്കിന് റിവേഴ്‌സ് മോർട്ട്‌ഗേജ് ചെയ്യാം. ബാങ്ക് അതിന്റെ നടപ്പുവില കണക്കാക്കി മാസംതോറും ഒരു തുക അയാൾക്ക് ചെലവിന് നൽകും. അയാളുടെ മരണംവരെ. ശേഷം ആ സ്വത്ത് ബാങ്ക് ഏറ്റെടുക്കും. ഇനി അവകാശികൾക്ക് തിരിച്ചുകിട്ടണം എന്നുണ്ടെങ്കിൽ അവകാശികൾ ബാങ്ക് ഇത്രയുംനാൾ നൽകിയ തുക പലിശസഹിതം ബാങ്കിന് തിരിച്ചുകൊടുക്കണം. കേരളത്തിൽ ഇത്തരത്തിൽ ആദ്യം റിവേഴ്‌സ് മോർട്ട്‌ഗേജ് ചെയ്ത ഒരു അമ്മയുണ്ട്. പാലക്കാട്ട്. സാമൂഹികസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ അവരുടെ പ്രകാശിക്കുന്ന മുഖമുണ്ട്.

മക്കളെയെല്ലാം അടച്ചാക്ഷേപിക്കുകയല്ല. സംരക്ഷണം സ്വമേധയാ, സന്തോഷപൂർവം നിർവഹിക്കുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പൊതുസമൂഹം എത്രത്തോളം അറിയുന്നുണ്ട് എന്നുള്ളത് സംശയമാണ്. അവിവാഹിതർ, അനന്തരതലമുറ ഇല്ലാത്ത ദമ്പതിമാർ, അസംഘടിത മേഖലയിൽ അസ്ഥിരവരുമാനവുമായി ഒറ്റയ്ക്കു ജീവിക്കുന്ന തൊഴിലാളികൾ, വിധവകൾ, വിഭാര്യന്മാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഭിന്നശേഷിയുള്ളവർ, അന്യത്ര അനാഥത്വം നേരിടുന്നവർ ഇവർക്കെല്ലാം വയസ്സാകുന്നുണ്ട്. ഇവരുടെ സംരക്ഷണം ആര് ഏറ്റെടുക്കും ? നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്‌.

 അവർക്കായി എന്തുവേണം

01 ആദ്യം മാറേണ്ടത് സംജ്ഞകൾ
വയസ്സന്മാർ, വൃദ്ധന്മാർ, വയോധികർ എന്നീ സംജ്ഞകൾ കഴിവതും ഒഴിവാക്കുക. അവശർ, ദുർബലർ എന്ന ഒരു ധ്വനി അതിലുണ്ട്. അവരെ വരിഷ്ഠപൗരന്മാർ എന്ന് അഭിസംബോധന ചെയ്യുക.

02 വേണം, സമ്പൂർണ വകുപ്പ്
മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന മുതിർന്നപൗരന്മാരുടെ ക്ഷേമത്തിന് സമ്പൂർണമായ ഒരു മന്ത്രാലയം ആവശ്യമാണ്.

03 നൽകാം ആരോഗ്യപരിരക്ഷ
ജെറിയാട്രിക് കെയർ പ്രത്യേക വിഭാഗമായി ഉയർന്നുവരണം. ജെറിയാട്രിക് ഫിസിഷ്യൻ നേതൃത്വം നൽകുന്ന ഒരു ടീം. ജെറിയാട്രിക് നഴ്‌സ്, സോഷ്യൽ വർക്കർ, പാലിയേറ്റീവ് കെയർ വൊളൻറിയർമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ ഇവരെല്ലാം ഈ സംഘത്തിൽ വേണം. ഏകോപനത്തിന് പ്രത്യേക ദേശീയ ആരോഗ്യ മിഷൻതന്നെ രൂപവത്‌കരിക്കണം. ഗാർഹികം, സ്ഥാപനകേന്ദ്രിതം എന്നീ രണ്ടു തരത്തിൽ ആവണം പരിചരണം.

04 ആരും പരിത്യക്തരല്ല
 അനാഥത്വം നേരിടുന്ന പ്രായമായവരുടെ പരിചരണത്തിനും സംരക്ഷണത്തിനും ഇന്ത്യയിൽ അംഗീകാരമുള്ളതും അംഗീകാരമില്ലാത്തതും ആയി കൃത്യമായ കണക്കില്ലാത്ത ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. വ്യക്തമായ ഒരു ഡേറ്റയും ഓഡിറ്റും ഇക്കാര്യത്തിൽ ആവശ്യമാണ്.

05 വളരട്ടെ ജെറിയാട്രിക്‌സ്
പ്രായമായവരുടെ രോഗാവസ്ഥയും പരിചരണവും സംബന്ധിച്ച സവിശേഷ വൈദ്യശാസ്ത്ര ശാഖ. നമ്മുടെ ഒരു സർക്കാർ മെഡിക്കൽ കോളേജിലും ജെറിയാട്രിക്‌സ് എന്ന വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് ആരംഭിച്ചിട്ടില്ല. ഉള്ള ഒരേയൊരു കേന്ദ്രം സ്വകാര്യമേഖലയിലാണ്. മുതിർന്ന പൗരന്മാരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത പത്തുവർഷത്തിൽ എത്ര ജെറിയാട്രിക് ഫിസിഷ്യൻസ് ആവശ്യമാണ്, അതിന് അനുസൃതമായി കൃത്യമായ പരിശീലനം ലഭിച്ച എത്ര ജെറിയാട്രിക് നഴ്‌സുമാർ ആവശ്യമാണ് എന്ന ഒരു വീക്ഷണത്തോടെ എത്രയും പെട്ടെന്ന് ഈ കോഴ്‌സ് തുടങ്ങണം.
ഇപ്പോൾ നിലവിലുള്ള ജെറിയാട്രിക് കെയർ ക്ലിനിക് ഒരു ജെറിയാട്രിക് ഫിസിഷ്യന്റെ നേതൃത്വത്തിൽ ആവണം.
കേരളസർക്കാർ സായംപ്രഭ എന്നപേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ അനുകരണീയമാണ്. പക്ഷേ, നമ്മുടെ ജെറിയാട്രിക് കെയർ സംവിധാനം മേൽപ്പറഞ്ഞ രീതിയിൽ വികാസപരിണാമങ്ങൾക്ക് വിധേയമാവേണ്ടതുണ്ട്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്‌ ലേഖകൻ