കോവിഡ് കാലത്ത് കേരളത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ -പ്രവാസികളുടെ മടങ്ങിവരവ്. ചിലർ തിരിച്ചുപോയി. ചിലർ മടങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, മഹാഭൂരിപക്ഷത്തിന്റെയും പ്രവാസം കോവിഡ് കാലം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. കേരളത്തെ കേരളമാക്കിയ പ്രവാസികൾ കടുത്ത
ദുരിതത്തിലാണിപ്പോൾ.  നിതാഖാത്ത് കാലത്ത് തുടങ്ങിയ പുനരധിവാസപ്രഖ്യാപനങ്ങൾ വെറും വായ്പാപദ്ധതികളിലൊതുങ്ങി. വിദേശത്തുനിന്ന് തൊഴിൽനൈപുണ്യവും പ്രവർത്തനപരിചയവും നേടിയവരെ നാം ഇങ്ങനെ ഉപയോഗിച്ചാൽമതിയോ? തിരിച്ചെത്തിയ പ്രവാസികളെ സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണ്ടേ? മാതൃഭൂമി അന്വേഷിക്കുന്നു...

graphic

ഇത് കോഴിക്കോട് കോടഞ്ചേരി തറക്കുന്നേൽ ലിജോ തോമസ് എന്ന പ്രവാസി വായ്പതേടി നോർക്ക റൂട്‌സിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി. ദുബായിലെ സൂപ്പർമാർക്കറ്റിൽ അഞ്ചുവർഷം ഫ്ളോർ മാനേജരായിരുന്നു മുപ്പത്തിമൂന്നുകാരനായ ലിജോ. കോവിഡ് കാലത്ത് തൊഴിൽ പ്രതിസന്ധിയിലായപ്പോൾ നാട്ടിലെത്തി. ഇവിടെത്തന്നെ നല്ലൊരു സംരംഭം തുടങ്ങുകയായിരുന്നു സ്വപ്നം. പ്രവാസി സംരംഭങ്ങളെ നെഞ്ചോടുചേർക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചും സഹായങ്ങളെക്കുറിച്ചുമുള്ള വായ്ത്താരികൾ കേട്ടപ്പോൾ പ്രതീക്ഷയോടെ നോർക്കയിലേക്ക് വിളിച്ചു. എട്ടുലക്ഷം രൂപ വായ്പവേണം. ഈടില്ലാതെ വായ്പനൽകാൻ ബാങ്ക് തയ്യാറല്ല. സ്വന്തംപേരിലാകട്ടെ സ്വത്തുമില്ല. സർക്കാർ ഗ്യാരന്റിയൊട്ടു നൽകുകയുമില്ല. ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടാനാകില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെ കൊട്ടിഘോഷിച്ചുള്ള വായ്പാമേളകളെന്നാണ് ലിജോയുടെ ചോദ്യം.

ഒരു വായ്പയ്ക്ക് ഒന്നരവർഷം

കോടഞ്ചേരിയിൽനിന്ന്‌ നേരെ തൃശ്ശൂർ ചേലക്കരയിലേക്ക് പോകാം. വായ്പകിട്ടാനായി 20 മാസം ബാങ്കിലും നോർക്കയുടെ ഓഫീസിലും കയറിയിറങ്ങേണ്ടിവന്ന ഒരു പ്രവാസിയുണ്ടവിടെ. സി.എ. ഹസ്സൻ എന്ന 55-കാരൻ. സൗദിയിൽ കപ്പൽക്കമ്പനിയിൽ ജോലിക്കാരനായിരുന്നു ഹസ്സൻ. സ്വദേശിവത്കരണംമൂലം 2017-ൽ നാട്ടിൽ തിരിച്ചെത്തി. 2019 നവംബറിലാണ് നോർക്കവഴി നൽകുന്ന വായ്പയ്ക്കായി ശ്രമിക്കുന്നത്. ഗുജറാത്തിൽനിന്ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ മൊത്തക്കച്ചവടത്തിലെടുത്ത് നാട്ടിലെ കടകളിൽ വിതരണത്തിനെത്തിക്കുന്നതാണ് ബിസിനസ്.

പത്തുലക്ഷം രൂപയുണ്ടെങ്കിൽ സംരംഭം തുടങ്ങാം. നോർക്കയിൽ അപേക്ഷിച്ചു. നോർക്കയുടെ കടമ്പകളെല്ലാം ഒരുമാസംകൊണ്ടു കഴിഞ്ഞു. പിന്നെ ബാങ്കിലേക്ക്. ആദ്യം ഈടുവേണ്ടെന്നായിരുന്നു ബാങ്ക് അധികൃതരും നോർക്കയും പറഞ്ഞത്. പിന്നെ ഈടുവേണമെന്നായി. തന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് ഒടുവിൽ ഈടായിനൽകി. പിന്നെയും ഓരോതവണയും ഓരോ കാര്യങ്ങൾ പറഞ്ഞ് നടത്തിച്ചു. അതിനോടകം ബിസിനസ് തുടങ്ങിയിരുന്ന ഹസ്സൻ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായി. ഒടുവിൽ ഒന്നരവർഷത്തിനുശേഷം ഹസ്സന് ബാങ്ക് വായ്പ അനുവദിച്ചു -പത്തുലക്ഷം രൂപ അപേക്ഷിച്ചിടത്ത് അനുവദിച്ചത് വെറും മൂന്നുലക്ഷം. അതുകൊണ്ടെന്താകാൻ? ആകെയുള്ള സ്വത്താകട്ടെ ഈടായി ബാങ്കിനും നൽകി. നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയായതോടെ ആ തുകവാങ്ങി തൃപ്തിപ്പെടേണ്ടിവന്നെന്ന് ഹസ്സൻ പറയുന്നു.

പദ്ധതികളേറെ, പക്ഷേ കിട്ടില്ല

നോർക്കയുടെ വായ്പാപദ്ധതിമുതൽ മുദ്രാവായ്പവരെ എത്രയെത്ര പദ്ധതികൾ. പക്ഷേ, സാധാരണക്കാരനായ പ്രവാസികൾക്ക് കിട്ടാൻ പാടുപെടുമെന്നുമാത്രം. കോടഞ്ചേരിയിലെ ലിജോയുടെയും ചേലക്കരയിലെ ഹസ്സന്റെയും അനുഭവങ്ങൾ നൽകുന്ന ചുരുക്കം ഇതാണ്
 സാമ്പത്തികഭദ്രതയില്ലാത്ത പ്രവാസിക്ക് വായ്പകിട്ടില്ല.

സംരംഭങ്ങൾക്ക് സബ്‌സിഡിയും പലിശയിളവുമാണ് സർക്കാർ നൽകുന്ന ഏക ആനുകൂല്യം. ഇതുകിട്ടണമെങ്കിൽ അലച്ചിൽ ചില്ലറയല്ല.
വായ്പയുടെ കാര്യത്തിൽ നോർക്കയ്ക്കോ സർക്കാരിനോ ഇടപെടാനാകുന്നില്ല. പത്തുലക്ഷം രൂപവരെ ഈടില്ലാതെ വായ്പകിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും ഈടില്ലാതെ തരാൻ മിക്കബാങ്കുകളും തയ്യാറല്ല.

ഇതിന്റെ പേരോ പുനരധിവാസം?

2013-ൽ ഗൾഫ് നാടുകളിൽ സ്വദേശിവത്കരണം ശക്തിപ്രാപിച്ചതുമുതൽ നാം തുടർച്ചയായി കേൾക്കുന്ന വാക്കാണ് പ്രവാസി പുനരധിവാസം. ഏറിയാൽ ഒരു വായ്പ. അതിനു സബ്‌സിഡിയും പലിശയിളവും. അതിൽ തീർന്നു പുനരധിവാസം. സ്വദേശിവത്കരണംമൂലം തൊഴിൽ നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്ന മറ്റൊന്നും കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ നാളിതുവരെയായിട്ടും ആസൂത്രണംചെയ്തിട്ടില്ല. ഇതിനുപുറമേയാണ് കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ ലക്ഷക്കണക്കിനാളുകൾ.

തിരിച്ചെത്തിയ പ്രവാസികൾ എന്തുചെയ്യുന്നെന്നു ചോദിച്ചാലും ഉത്തരമില്ല. ഗൾഫുകാരൻ എന്ന ലേബലിൽ കുറച്ചുനാൾ നാട്ടിൽ ജീവിക്കും. എന്നെന്നേക്കുമായി പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചാണ് വന്നതെങ്കിലും നടപ്പാകാത്ത പുനരധിവാസം അവരെ വീണ്ടും തിരിച്ചുപോകാൻ പ്രേരിപ്പിക്കും. നാട്ടിൽ അവനെ പിടിച്ചുനിർത്താനോ വിദേശത്ത് അവൻ ആർജിച്ച തൊഴിൽനൈപുണ്യം ഇവിടെ ഉപയോഗപ്പെടുത്താനോ സർക്കാരുകൾ ശ്രമിച്ചിട്ടില്ല.

വഴിമുട്ടി വായ്പയിലേക്ക്

തൊഴിലും ജീവിതവും നഷ്ടപ്പെട്ട് വഴിമുട്ടിയവരാണ് തിരിച്ചത്തിയ പ്രവാസികളിലേറെയും. 2008-ൽ ആഗോള സാമ്പത്തികമാന്ദ്യത്തിൽ തുടങ്ങി, സ്വദേശിവത്കരണവും കടന്ന് ഇപ്പോൾ കോവിഡ്കാല പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണവർ.  തിരിച്ചുപോകാനുള്ള വഴിയടയുന്നതോടെ നാട്ടിൽ ഒരു തൊഴിലിനായാണ് ആദ്യശ്രമം. കോവിഡ് നിയന്ത്രണങ്ങളിൽക്കുരുങ്ങി വിപണിസ്ഥിരത നഷ്ടപ്പെട്ട കാലത്ത് ആരു ജോലിനൽകാൻ? എന്തു ജോലിയും ചെയ്യാനുള്ള മനസ്സുണ്ടായിട്ടെന്തുകാര്യം?

ഒരു സംരംഭം കരുപ്പിടിപ്പിക്കലാണ് അടുത്ത പിടിവള്ളി. സർക്കാർ സഹായം പ്രതീക്ഷിച്ച് അതിനുള്ള ശ്രമം തുടങ്ങും. അതും ചുരുക്കം ചിലർമാത്രം. ഉള്ള ബാധ്യതയ്ക്കുമേൽ വീണ്ടുമൊരു ബാധ്യതകൂടി വരുത്തിവെക്കുകയാണെന്നറിയാം. മറ്റൊരു വഴിയുമില്ലാത്തതിനാൽ പിന്നെ വായ്പയ്ക്കായുള്ള നെട്ടോട്ടം. പക്ഷേ, കിട്ടണ്ടേ? പ്രവാസിയായാൽ മാത്രംപോരാ... ഈടുവേണം, ആസ്തിവേണം, തിരിച്ചടവുശേഷിവേണം. അങ്ങനെയൊരു സാമ്പത്തികശേഷിയുണ്ടെങ്കിൽ പിന്നെ വായ്പതേടുന്നതെന്തിന്? -വായ്പയിലൂടെ പുതുസംരംഭമെന്ന സ്വപ്നം മനസ്സിൽ കൊണ്ടുനടക്കുന്ന മിക്ക പ്രവാസിയുടെയും മനസ്സിലുയരുന്ന ചോദ്യമിതാണ്.
തിരിച്ചെത്തിയ പ്രവാസികൾക്കായി സർക്കാരും നോർക്കയും വാഗ്ദാനംചെയ്യുന്ന ഏറ്റവും പ്രധാന പദ്ധതിയാണ് നോർക്ക പുനരധിവാസപദ്ധതി (എൻ.ഡി.പി.ആർ.എം.). സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം രൂപവരെ വായ്പലഭിക്കും. കൃത്യമായി തിരിച്ചടച്ചാൽ 15 ശതമാനം നോർക്കയുടെ സബ്്‌സിഡി. പലിശയിലാകട്ടെ മൂന്നുശതമാനം റിബേറ്റും. അത്ര ആകർഷകമായ പദ്ധതിയിലേക്ക് ഏതു പ്രവാസിയും വീണുപോകും. പക്ഷേ, സംഭവിച്ചതു മറിച്ചാണ്. കോവിഡ് തുടങ്ങിയശേഷം 20 മാസത്തിനിടെ ഈ വായ്പയെടുത്ത പ്രവാസികൾ വെറും 938. ഇക്കാലത്തിനിടെ തൊഴിൽനഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾ 11 ലക്ഷത്തിനുമേലാണ്. എന്നിട്ടും ആയിരത്തിൽത്താഴെപ്പേർക്കു മാത്രമേ വായ്പകിട്ടിയിട്ടുള്ളൂ. നൽകിയ വായ്പയാകട്ടെ 19.07 കോടി രൂപമാത്രം.

ഒരു കടംകൂടിയെടുത്ത് തലയിൽവെക്കാനുള്ള വിമുഖതയാണ് പ്രവാസികളെ വായ്പയിൽനിന്ന് പിന്തിരിപ്പിക്കുന്ന പ്രധാനഘടകം.  സ്ഥിരവരുമാനമുള്ള ജോലിയാണ് അവരുടെ സ്വപ്നം.  വായ്പയിലേക്കുള്ള വഴിയിലെ കല്ലുംമുള്ളും അവശേഷിച്ചവരെയും പിന്തിരിപ്പിക്കും. എന്നിട്ടും പ്രവാസികൾക്ക് താത്പര്യമില്ലാത്ത ഇത്തരം പദ്ധതികളുടെപേരിൽ നോർക്കയും സർക്കാരും ഊറ്റംകൊള്ളുകയാണിപ്പോഴും.

പേടിപ്പിക്കുന്ന മടക്കം

കേരളത്തിലെ പ്രവാസികളിൽ പകുതിയിലേറെപ്പേരും കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 15,56,715 പേരാണ് കേരളത്തിൽ മടങ്ങിയെത്തിയത്. ഇതിൽ 11,13,997 പേരും തൊഴിൽ നഷ്ടപ്പെട്ട് വന്നവരാണെന്നാണ് നോർക്കയുടെതന്നെ കണക്ക്. നാട്ടിലുള്ള 2.9 ലക്ഷംപേർ വിസകാലാവധി കഴിഞ്ഞ് തിരിച്ചുപോക്ക് മുടങ്ങിയവരാണ്. 2008 മുതൽ കേരളത്തിലേക്കുള്ള പ്രവാസികളുടെ മടക്കത്തിന്റെ തോത് കൂടുകയാണ്. ജോലിനഷ്ടപ്പെട്ട് മടങ്ങുന്നവരുടെ എണ്ണമാകട്ടെ രണ്ടിരട്ടിയിലേറെയായി. 

നോർക്കയുടെ വായ്പാപദ്ധതി വർഷം-തുടങ്ങിയ സംരംഭങ്ങൾ
2020-21    782
2021-22    156

അവർ പുറത്തുപോയി നന്നായി സമ്പാദിച്ചു വന്നതല്ലേ. അവർക്കൊക്കെ എന്തുദാരിദ്ര്യം? പ്രവാസികളെക്കുറിച്ച് ഇങ്ങനെ കരുതുന്നവർ ധാരാളം. പക്ഷേ, വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. അതേക്കുറിച്ച് നാളെ...