സമാധാന നൊബേൽ 2021

2006 ഒക്ടോബർ ഏഴിനാണ് റഷ്യൻ പത്രമായ നൊവായ ഗസെറ്റയിലെ പത്രപ്രവർത്തകയായിരുന്ന അന്ന പൊളിറ്റ്‌കോവ്‌സ്കയ കൊല്ലപ്പെടുന്നത്. ഓഫീസിലേക്കുള്ള കവാടത്തിനരികിൽവെച്ച് ശത്രുക്കൾ അവരെ വെടിവെക്കുകയായിരുന്നു. ചെച്‌നിയൻ യുദ്ധത്തിന്റെ യാതനകൾ പേറിയ സാധാരണക്കാരുടെ ജീവിതത്തെപ്പറ്റി എഴുതിയതിനുള്ള ശിക്ഷയാണ് അവർ ഏറ്റുവാങ്ങിയത്. പതിനഞ്ചു വർഷത്തിനിപ്പുറം അന്ന നടത്തിയ പത്രപ്രവർത്തനം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. നൊവായ ഗസെറ്റിന്റെ പത്രാധിപരായ ദിമിത്രി മുറടോവിലൂടെ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന മാധ്യമപ്രവർത്തകർക്കുള്ള അംഗീകാരമായി എത്തിയ സമാധാന നൊബേലിലൂടെ. 1993-ൽ പരിമിതമായ സൗകര്യങ്ങളിൽ ദിമിത്രി മുറടോവ് തുടങ്ങിയ പത്രമായ നൊവായ ഗസെറ്റ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ദശകങ്ങളായി റഷ്യയിൽ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. 

വ്ളാദിമിർ പുതിൻ ഭരണത്തിനെതിരേ വിമർശനാത്മക മാധ്യമപ്രവർത്തനം നടത്തുന്ന ഒരേയൊരു പത്രമാണ് 59-കാരനായ മുറടോവ് പത്രാധിപരായുള്ള നൊവായ. വസ്തുതകളുടെയും പ്രൊഫഷണൽ മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള പത്രപ്രവർത്തനത്തിലൂന്നി സർക്കാരിന്റെ തെറ്റായ നയങ്ങളെ എന്നും വിമർശിച്ചുപോന്ന നൊവായ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ റഷ്യയിൽ ആരും പറയാൻ ഭയക്കുന്ന പല കാര്യങ്ങളും ലോകത്തെ അറിയിച്ചു. സർക്കാരിലെ അഴിമതി, പോലീസ് അതിക്രമം, നിയമവിരുദ്ധമായ അറസ്റ്റുകൾ, തിരഞ്ഞെടുപ്പിലെ കള്ളക്കളി, ട്രോൾ ഫാക്ടറികൾ എന്നറിയപ്പെടുന്ന റഷ്യയുടെ ഇന്റർനെറ്റ് ഗവേഷണ ഏജൻസിയെ സൈന്യം എങ്ങനെ രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കുന്നു തുടങ്ങി തൊട്ടാൽ കൈപൊള്ളുന്ന വിഷയങ്ങളെല്ലാം ധീരനായ പത്രാധിപരിലൂടെ സധൈര്യം നൊവായ ജനങ്ങളിലെത്തിച്ചു. ഇതിന്റെ പേരിൽ എന്നും ഭീഷണിയും അക്രമവും നേരിട്ടു നൊവായയിലെ പത്രപ്രവർത്തകർ. അന്ന പൊലിറ്റ്‌കോവ്‌സ്കയ ഉൾപ്പെടെ ആറ്് നോവായ പത്രപ്രവർത്തകരാണ് സത്യം വെളിച്ചത്തുകൊണ്ടുവന്നതിന്റെ പേരിൽ ഇതുവരെ കൊലചെയ്യപ്പെട്ടത്. 

ഫിലിപ്പീൻസ് സർക്കാരിന്റെ അധികാര ദുർവിനിയോഗവും അതിക്രമങ്ങളും വളർന്നുവരുന്ന ഏകാധിപത്യവും എതിരിടാൻ ആവിഷ്കാര സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിച്ച മരിയ റെസ്സയാണ് മുറടോവിനൊപ്പം നൊബേൽ പങ്കിടുന്നത്. 2012-ൽ ആരംഭിച്ച റാപ്ലർ എന്ന ഡിജിറ്റൽ മീഡിയ കമ്പനിയുടെ സഹസ്ഥാപകയാണ് ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ നൊബേൽ ജേതാവായ മരിയ. മാധ്യമപ്രവർത്തക എന്ന നിലയിലും റാപ്ലർ മേധാവി എന്ന നിലയിലും പ്രസിഡന്റ് റോഡിഗ്രോ ഡ്യുട്ടെർട്ടിന്റെ ഭരണകൂടത്തിനു നേർക്ക് ശക്തമായ വിമർശനങ്ങളാണ് 58-കാരിയായ മരിയ നടത്തുന്നത്. സർക്കാരിന്റെ മയക്കുമരുന്നുവിരുദ്ധ പ്രചാരണത്തിലെ ക്രമക്കേടുകളും മരിയ റാപ്ലറിളൂടെ വിളിച്ചുപറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾക്കുള്ള പങ്കും ശത്രുക്കളെ അപമാനിക്കാനും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും അവയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും മരിയ തെളിവുകൾ നിരത്തി വ്യക്തമാക്കി. 2020-ൽ അവർ അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിൽ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു മരിയയ്ക്കുമേൽ ചാർത്തിയ കുറ്റം. റാപ്ലർ തുടങ്ങുന്നതിനുമുന്പ് സി.എൻ.എൻ. റിപ്പോർട്ടറായിരുന്ന മരിയ 2018-ലെ ടൈംസ് പേഴ്സൺ ഓഫ് ദ ഇയർ ആയിരുന്നു.