സൂലൂർ (തമിഴ്‌നാട്‌): സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും സഹപ്രവർത്തകർക്കും കോയമ്പത്തൂർ സുലൂർ വ്യോമസേനാ താവളത്തിൽ വികാരനിർഭരമായ  അന്ത്യാഞ്ജലി. കൂനൂർ വെല്ലിങ്ടൺ സൈനിക മൈതാനത്തെ പൊതുദർശനത്തിനുശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20-നാണ് 13 മൃതദേഹങ്ങളും വഹിച്ചുള്ള വാഹനവ്യൂഹം സൂലൂരിലേക്ക്‌ പുറപ്പെട്ടത്. വഴിയിലുടനീളം നാട്ടുകാർ പൂക്കളുമായി അഭിവാദ്യമർപ്പിക്കാൻ കാത്തുനിന്നു. കൂനൂർ, മേട്ടുപ്പാളയം, അന്നൂർ എന്നിവിടങ്ങളിലും കോയമ്പത്തൂർ മുതൽ സുലൂർവരെയുള്ള വഴിയോരങ്ങളിൽ പലയിടത്തും ആളുകളുടെ നീണ്ടനിരയുണ്ടായിരുന്നു.   ‘വീരവണക്കം, ഭാരത് മാതാ കീ ജയ്’  തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് നാട്ടുകാർ പ്രിയ ജനറലിനും സംഘത്തിനും അന്ത്യാഭിവാദ്യമർപ്പിച്ചത്.

ആംബുലൻസ് വ്യൂഹത്തെ കാത്ത് രാവിലെമുതൽ നാട്ടുകാരും സഹപ്രവർത്തകരും സുലൂർ വ്യോമസേനാ താവളത്തിലെത്തിയിരുന്നു. എന്നാൽ, സുരക്ഷാകാരണങ്ങളാൽ സേനാംഗങ്ങൾക്കുമാത്രമാണ് താവളത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത്. കടുത്ത വെയിലിനെയും പൊടിക്കാറ്റിനെയും അവഗണിച്ച് താവളത്തിനുമുന്നിലെ റോഡിൽ നാട്ടുകാർ പുച്ചെണ്ടുകളും പൂമാലകളുമായി തടിച്ചുകൂടി. പോലീസും വ്യോമസേനാംഗങ്ങളും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു.

ഇതിനിടെ, മേട്ടുപ്പാളയത്തിനുസമീപം ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായ വാർത്ത സേനാ താവളത്തിലും കാത്തുനിന്ന നാട്ടുകാരിലും ആശങ്കയുണ്ടാക്കി. ചെറിയ അപകടമായിരുന്നെന്നും അപകടത്തിൽപ്പെട്ട ആംബുലൻസിൽനിന്ന് മൃതദേഹം മാറ്റി മറ്റൊരു ആംബുലൻസിൽ കയറ്റിയശേഷം യാത്ര തുടർന്നെന്നും പോലീസുദ്യോഗസ്ഥർ അറിയിച്ചതോടെയാണ് ആശങ്ക അകന്നത്.  2.55-ഓടെയാണ് 13 മൃതദേഹങ്ങളുമായി 13 ആംബുലൻസുകൾ എത്തിയത്. റോഡരികിൽ തടിച്ചുകൂടിയവർ വാഹനവ്യൂഹത്തെ അഭിവാദ്യങ്ങളോടെയും പുഷ്പവൃഷ്ടിയോടെയുമാണ് ആനയിച്ചത്. അഭിവാദ്യമുദ്രാവാക്യങ്ങളുമുയർന്നു.

വ്യോമസേനാ താവളത്തിലെത്തിച്ച മൃതദേഹങ്ങൾക്ക് മുതിർന്ന സേനാംഗങ്ങളുടെ നേതൃത്വത്തിൽ വികാരനിർഭരമായ അഭിവാദനമർപ്പിച്ചു. മരിച്ച ഫ്ലൈറ്റ് എൻജിനിയർ തൃശ്ശൂർ സ്വദേശി പ്രദീപ് കുമാറിന്റെ ബന്ധുക്കളും എത്തിയിരുന്നു. 3.25-ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച സൂലൂർ വ്യോമസേനാ താവളത്തിൽനിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ ചടങ്ങിൽ പങ്കെടുക്കാൻ പോവുന്നതിനിടെയാണ് ജനറൽ ബിപിൻ റാവത്തും ഭാര്യയും സഹപ്രവർത്തകരും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.