ത്രേതായുഗവും ദ്വാപരയുഗവുമൊക്കെ എന്നാണ് ആരംഭിച്ചതും അവസാനിച്ചതും എന്നൊന്നും ആര്‍ക്കും കൃത്യമായി അറിയില്ല. പക്ഷേ, ആണവയുഗം ആരംഭിച്ചത് 1945 ജൂലൈ 16-നാണ്. അന്നാണ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ കരസേന ന്യൂ മെക്‌സിക്കോയിലെ ജൊണാദ ദെല്‍ മ്യുവേര്‍ട്ടോ മരുഭൂമിയില്‍ ആദ്യത്തെ അണുബോംബ് വിജയകരമായി പരീക്ഷിച്ചത്. അക്കാലത്ത് കിട്ടുമായിരുന്ന ഏറ്റവും വലിയ സ്‌ഫോടകവസ്തു ടി എന്‍ ടി എന്ന് ചുരുക്കി വിളിക്കുന്ന ട്രൈനൈട്രോടുളുവിന്‍ ആയിരുന്നു. 20,000 ടണ്‍ ടി എന്‍ ടി പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന ഊര്‍ജമായിരുന്നു ട്രിനിറ്റി എന്ന പേരില്‍ നടത്തിയ ആ ആദ്യപരീക്ഷണം പുറത്തുവിട്ടത്. അതായിരുന്നു ആണവയുഗത്തിന്റെ ആരംഭം. ആദ്യപരീക്ഷണം കഴിഞ്ഞ് ഒരു മാസം തികയുംമുമ്പെ അമേരിക്ക അത്തരം ആയുധങ്ങളില്‍ രണ്ടെണ്ണം മനുഷ്യരുടെ മേലും പരീക്ഷിച്ചു-ഹിരോഷിമയിലും നാഗസാക്കിയിലും. ആ രണ്ടു ബോംബുകള്‍ 129000 മനുഷ്യരെ ഇല്ലാതാക്കി. ഭൂമിയുടെയും മനുഷ്യരുടെയും ഭാഗ്യത്തിന് പിന്നെയാരും ഒരിടത്തും യുദ്ധത്തില്‍ അണുവായുധങ്ങള്‍ പ്രയോഗിച്ചില്ല. എങ്കിലും ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഇന്ത്യയടക്കമുള്ള ഒമ്പത് 'ന്യൂക്ലിയാര്‍ ക്ലബ്' രാജ്യങ്ങളെല്ലാം ചേര്‍ന്ന് 2000 ആണവവിസ്‌ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്. 70 വര്‍ഷം നീളുന്ന ആണവയുഗത്തിന്റെ ചരിത്രം

ചിത്രങ്ങളിലൂടെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക