ഒരു യുദ്ധം ആരും ആഗ്രഹിക്കുന്നാണ്ടാവില്ല. പക്ഷെ അത് അനിവാര്യമായി വന്നാല്‍ ശത്രുമുഖം മരുപ്പറമ്പാക്കാന്‍ സുസജ്ജമാണ് ഇന്ത്യന്‍ ആര്‍മി. ഓരോ യുദ്ധത്തിലും രാജ്യത്തിനു വേണ്ടി ജീവന്‍ കളയുന്ന ധീരജവാന്‍മാരെ അനുസ്മരിക്കാനും അവരുടെ കുടുംബത്തിന് അര്‍ഹിക്കുന്ന ആദരവ് നല്‍കാനും നാം മറക്കാറില്ല. 

എന്നാല്‍ യുദ്ധം കഴിയുമ്പോള്‍ എതിര്‍ രാജ്യത്തിന്റെ പിടിയാലാകുന്നവരും കാണാതാകുന്നവരുമായി ഒരു വിഭാഗമുണ്ട്. അതുപോലെ 1971ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തെ തുടര്‍ന്ന് തടവുകാരാക്കപ്പെട്ട കുറച്ച് ജവാന്മാരുണ്ട്. 54 പേര്‍. അവര്‍ തിരികെ വന്നിട്ടില്ല. 

അവരുടെ ഓര്‍മകള്‍ നമ്മളില്‍ പലരെയും സ്പര്‍ശിക്കാതെ പോയിരിക്കാം. എന്നാല്‍ ഇന്ത്യന്‍ ആര്‍മിയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും അവരെ മറന്നിട്ടില്ലെന്നു മാത്രമല്ല ഓര്‍ക്കുന്നുമുണ്ട് ഓരോ മാത്രയിലും. മഹാരാഷ്ട്ര പൂനയിലെ ഖഡക് വാസ്‌ലയില്‍(Khadakwasla) സ്ഥിതി ചെയ്യുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ഭക്ഷണശാലയില്‍ പട്ടാളച്ചിട്ടയുടെ പരിലാളനയോടെ ഒഴിഞ്ഞു കിടക്കുന്ന ഒരു തീന്‍മേശ അവര്‍ക്കായി ഇന്നും കാത്തിരിക്കുകയാണ്. 

ആ ടേബിള്‍ സെറ്റില്‍ വച്ചിരിക്കുന്ന പ്ലക്കാര്‍ഡില്‍ ജവാന്മാരെ ഓര്‍ത്ത് കൊണ്ടുള്ള ചെറിയ ഒരു കുറിപ്പുണ്ട്. അതിലെ ഓരോ വാചകങ്ങളും ജവാന്മാരുടെ ത്യാഗത്തിന്റെ ഓര്‍മപ്പെടുത്തലാണ്.

'ഇതൊരു ചെറിയ ടേബിള്‍ സെറ്റായിരിക്കാം, പക്ഷെ ഇത് തടവിലാക്കപ്പെട്ട ധീരരായ ജവാന്‍മാരുടെ സാഹസികതയുടെ സൂചകമാണ്. ഈ മേശയില്‍ വച്ചിരിക്കുന്ന പൂപ്പാത്രത്തിലെ റോസാപ്പൂ തിരിച്ചുവരുമെന്ന് വിശ്വാസിച്ച് കാത്തിരിക്കുന്ന ജവാന്മാരുടെ കുടുംബത്തെയും അവരെ ഇഷ്ടപ്പെടുന്നവരെയും ഓര്‍മപ്പെടുത്തുന്നു. കൊളുത്താതെ മേശയില്‍ വച്ചിരിക്കുന്ന മെഴുകുതിരി അവരുടെ കീഴ്‌പ്പെടുത്താനാകാത്ത പ്രസരിപ്പിനെ സൂചിപ്പിക്കുന്നു. ബ്രെഡ് പ്ലേറ്റിലായി കാണുന്ന ചെറുനാരങ്ങയുടെ പാതി അവര്‍ അവര്‍ നേരിടേണ്ടി വന്ന കയ്പു നിറഞ്ഞ വിധിയെയും അതിനൊപ്പം വച്ചിരിക്കുന്ന ഉപ്പുതരികള്‍ ജവാന്മാരെ ഓര്‍ത്തു കരയുന്ന കുടുംബത്തിന്റെയും പ്രതീകമാണ്.  ഈ രാത്രിയില്‍ നമുക്കൊപ്പം ഭക്ഷണമാസ്വദിക്കാന്‍ അവരില്ലാത്തതിനാല്‍ ഗ്ലാസുകള്‍ കമഴ്ത്തി വച്ചിരിക്കുകയാണ്.  ഓര്‍ക്കുക ആ കസേര ഒഴിഞ്ഞു തന്നെയാണ് കിടക്കുന്നത്. പക്ഷേ അവര്‍ നമ്മളെ ഒരിക്കലും കൈവെടിഞ്ഞിട്ടില്ല. അവര്‍ തിരികെ വീട്ടിലെത്തുന്ന ആ ദിനം വരെ നാം അവരെ ഓര്‍ത്തുകൊണ്ടേയിരിക്കണം. .' പ്ലക്കാര്‍ഡില്‍ പറയുന്നു.

കഴിഞ്ഞ 45 വര്‍ഷമായി കാത്തിരിപ്പിന്റെ പ്രതീകമായി നിലനില്‍ക്കുന്ന ഈ തീന്‍മേശ 54 ജവാന്‍മാരുടെ ത്യാഗസ്മരണ മാത്രമല്ല. മറിച്ച് രാജ്യത്തിനായി കാവലിരിക്കുന്ന ആയിരക്കണക്കിനു ജവാന്‍മാര്‍ക്ക് ഊര്‍ജം കൂടിയാണ്.