ഒരു വർഷത്തെ തയ്യാറെടുപ്പിനുശേഷമാണ്‌ ‘കലക്കത്ത്‌ കുഞ്ചൻ നമ്പ്യാർ’ എന്ന ചിത്രത്തിന്റെ പൂജയും റെക്കോഡിങ്ങും ഏപ്രിൽ 14-ന്‌ വിഷുദിവസം മദിരാശിയിൽവെച്ച്‌ നടത്താൻ തീരുമാനിച്ചത്‌. കുഞ്ചൻ നമ്പ്യാരായി പൃഥ്വീരാജും മാർത്താണ്ഡവർമയുടെ വേഷത്തിൽ അതിഥിയായി മമ്മൂട്ടിയും അഭിനയിക്കാമെന്ന്‌ സമ്മതിക്കുകയും ചെയ്തു. മറ്റ്‌ നടീനടന്മാരെയും സാങ്കേതികപ്രവർത്തകരെയും മറ്റും ഏകദേശം തീരുമാനിച്ച്‌ തയ്യാറെടുക്കുമ്പോഴാണ്‌ കോ
വിഡ്‌-19 എന്ന മാരകവൈറസിന്റെ രംഗപ്രവേശം!

സിനിമാരംഗം മാത്രമല്ല, മറ്റെല്ലാ മേഖലകളും ഏതാനും ദിവസങ്ങൾകൊണ്ട്‌ നിശ്ചലമാകുന്നു. ദൃഷ്ടിക്ക്‌ ഗോചരമല്ലെന്ന്‌ പറയുന്ന കൊറോണയുടെ ഭൂഗോളംപോലെയുള്ള ഭീകരരൂപം ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു. ഭീകരം! ഭയാനകം! അനന്തം! അജ്ഞാതം! തുടങ്ങിയിട്ടുള്ള വാർത്തകളും. ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള മനുഷ്യരാശികൾ ഭയവിഹ്വലരാവുന്നു! എന്നാൽ, കൊറോണയ്ക്ക്‌ ഇന്ത്യയെന്നുണ്ടോ, ഇറ്റലിയെന്നുണ്ടോ, അമേരിക്കയെന്നുണ്ടോ? ജാതിയുണ്ടോ, മതമുണ്ടോ, കക്ഷിരാഷ്ട്രീയ ഭേദങ്ങളുണ്ടോ?

പണക്കാരനായാലും പാവപ്പെട്ടവനായാലും ഒരുപോലെ കേറി ആക്രമിക്കപ്പെടുന്നു. ഇതുപോലെയുള്ള മഹാമാരികൾ, മഹായുദ്ധങ്ങൾ, പ്രളയം, സുനാമി തുടങ്ങി മനുഷ്യരാശിയുടെ ബുദ്ധിയെയും വിവേകത്തെയും പരീക്ഷിക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ ഇതിനുമുമ്പും നൂറ്റാണ്ടുകളായി ഭൂമിയിൽ ഉണ്ടായിട്ടുണ്ട്‌. 
ഷേക്‌സ്‌പിയറുടെ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഇതുപോലൊരു രോഗം പടർന്നുപിടിച്ചതിനെക്കുറിച്ചും ഷേക്സ്‌പിയറുടെ നാടകശാലകളെല്ലാം നിശ്ചലമായതിനെക്കുറിച്ചും മനുഷ്യർ ആ രോഗത്തെ കീഴടക്കിയതിനെക്കുറിച്ചും മറ്റും നാം വായിച്ചിട്ടുണ്ട്‌. അതുപോലെ, എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടിവന്നാലും ഈ കോവിഡ്‌ എന്ന കൊറോണയെയും അധികം വൈകാതെ മനുഷ്യർ കീഴടക്കുമെന്നകാര്യത്തിൽ സംശയം വേണ്ടാ...
അതല്ല, ഇവിടെ ചിന്താവിഷയം, ഈ അനുഭവങ്ങളിൽനിന്നെല്ലാം നമ്മൾ എന്തു പാഠം പഠിക്കുന്നു എന്നുള്ളതാണ്‌. ഈ ലോക്‌ഡൗൺ സമയം അതിനുതകുന്നതായിരുന്നു. ആരുടെയും ഉപദേശം ആവശ്യമില്ല. ബുദ്ധിയുള്ളവർ സ്വയം ചിന്തിച്ച്‌ തീരുമാനിച്ചാൽ മതി. 

ലോക്‌ഡൗൺകാലത്ത്‌ ബന്ധുക്കളും സുഹൃത്തുക്കളും സിനിമാക്കാരുമൊക്കെ വിളിക്കാൻ തുടങ്ങി; മദിരാശിയിൽ കൊറോണ എവിടംവരെയെത്തി എന്നന്വേഷിക്കാൻ. ചിലരെയൊക്കെ ഞാനും അങ്ങോട്ട്‌ വിളിച്ച്‌ അന്വേഷിച്ചു. മറ്റെന്തു ചെയ്യാൻ. ചില മാധ്യമപ്രവർത്തകർ വിളിച്ച്‌ ചോദിച്ചു: ഈ ലോക്‌ഡൗൺ സമയം എങ്ങനെ ചെലവഴിക്കുന്നു? സിനിമാജോലികൾ ഒന്നുമില്ലാത്തതുകൊണ്ട്‌ അടുക്കളയുടെ ഇൻചാർജ്‌ ഭാര്യ എന്നെ ഏൽപ്പിച്ചിരിക്കുകയാണെന്നുള്ള സത്യം അവരോട്‌ പറയാൻ പറ്റുമോ? കോഴിക്കോട്ട്‌ ആർട്‌സ്‌ കോളേജിൽ പഠിക്കുന്ന കാലത്ത്‌, റെയിൽവേയിൽ ജോലിയുണ്ടായിരുന്ന അമ്മാവന്റെ ‘നളൻ’ ഞാനായിരുന്നു. അതുകൊണ്ട്‌ ഭാര്യയുടെമുന്നിൽ തോൽക്കേണ്ടിവന്നില്ല. സാമ്പാറും അവിയലും തൊട്ട്‌, പിസ്സവരെ ഉണ്ടാക്കിക്കൊടുത്തു. സഹായത്തിന്‌ മകനുമുണ്ടായിരുന്നു. സമയം വീണ്ടും ബാക്കിയായപ്പോൾ പുരാണങ്ങളുടെ ലോകത്തിലേക്ക്‌ ഒന്നുകൂടെ പ്രവേശിക്കാമെന്നുകരുതി. രാമായണം, മഹാഭാരതം, ഭാഗവതം എല്ലാം ഒരാവർത്തികൂടെ വായിച്ചു. 

മഹാഭാരതത്തിൽ ഇല്ലാത്തതൊന്നുംതന്നെ ഈ പ്രപഞ്ചത്തിൽ കാണാൻ കഴിയില്ലെന്നാണല്ലോ വേദവ്യാസൻ അവകാശപ്പെട്ടിട്ടുള്ളത്‌. ശരിയാണ്‌! ഈ കലിയുഗകാലത്ത്‌ എന്തെല്ലാം സംഭവവികാസങ്ങൾ ഉണ്ടാകുമെന്നും മാനവരാശിയും മറ്റും എങ്ങനെയായിരിക്കുമെന്നും മറ്റുമുള്ള വൃത്താന്തങ്ങൾ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിച്ചു കാണിക്കുന്നുണ്ട്‌ മഹാഭാരതത്തിന്റെ അവസാനഭാഗത്തിൽ. അതും ആറായിരം വർഷങ്ങൾക്കുമുമ്പ്‌! ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മനുഷ്യർ ദേവാലയങ്ങളിൽ അഭയം തേടുകയാണ്‌ പതിവ്‌. എന്നാൽ, ഈ കൊറോണയുടെ പ്രത്യേകതയെന്തെന്നാൽ മനുഷ്യരെ ഭയന്നിട്ടെന്നപോലെ, ഈശ്വരന്മാരും (ദേവാലയങ്ങളും) ലോക്‌ഡൗണിലാണ്‌. ഒരു ചരിത്രത്തിലും പുരാണങ്ങളിലും ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അവസ്ഥ!

വയലാർ രചിച്ച ഒരു ഗാനമാണിപ്പോൾ എന്റെ ഓർമയിലേക്ക്‌ വരുന്നത്‌: ‘ഈശ്വരൻ ഹിന്ദുവല്ല, ഇസ്‌ലാമല്ല, ക്രിസ്ത്യാനിയല്ല; ഇന്ദ്രനും ചന്ദ്രനുമല്ല...’
‘അഹം ബ്രഹ്മാസ്മി’ - ഈശ്വരൻ നമ്മളിൽതന്നെ ഒളിഞ്ഞിരിക്കുന്നു. കാലടിയിൽ ജന്മംകൊണ്ട ആദിശങ്കരൻ ഉദ്‌ഘോഷിച്ച സിദ്ധാന്തമാണിത്‌. സഹജീവിസ്നേഹത്തിലൂടെ, പ്രകൃതിസംരക്ഷണത്തിലൂടെ, ഇനിയെങ്കിലും അത്‌ കണ്ടെത്താൻ നമുക്ക്‌ പരിശ്രമിക്കാം...
‘ഉത്തിഷ്ഠത ജാഗ്രതഃ 
പ്രാപ്യവരാൻ നിബോധതഃ’

Content Highlight: Nalaveshavum Thathva chindayum Article by Hariharan