കനി കുസൃതി
കനി കുസൃതി

‘‘അച്ഛനെയും അമ്മയെയും ഇതുവരെ ഫോണിൽവിളിച്ച് ഈ സന്തോഷം പങ്കിടാൻ കഴിഞ്ഞിട്ടില്ല. വിളിക്കുന്നവരൊക്കെ ചോദിക്കുന്നുണ്ട്, അച്ഛനും അമ്മയും എന്തു പറഞ്ഞു എന്ന്. അവരോടൊക്കെ ഞാനും പറയുന്നുണ്ട്, ഈ കോൾ കഴിഞ്ഞിട്ടുവേണം അവരെയൊന്നു വിളിക്കാൻ എന്ന്’’ -പറയുമ്പോൾ സ്വതവേയുള്ള നിറഞ്ഞ ചിരിയുണ്ട് കനിയുടെ മുഖത്ത്. ആ ചിരിക്കിപ്പോൾ 2020-ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന്റെ പൊൻതിളക്കം കൂടി. 

സജിൻ ബാബു സംവിധാനംചെയ്ത ബിരിയാണിയും അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിയും അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് കൊയ്‌തെടുത്ത അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ പേരിലാണ്. മോസ്കോ ചലച്ചിത്രമേളയിൽ മികച്ച നടിയായും സ്പെയിനിലെ മഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിയായും കനി തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും സ്വന്തം നാട്ടിൽനിന്നു കിട്ടിയ പുരസ്കാരത്തിനു തന്നെയാണ് ഏറെ മധുരമെന്ന് പറയുന്നു അവർ. ‘‘സന്തോഷം എന്ന വാക്കിനപ്പുറം ഈ നേട്ടത്തെ എങ്ങനെ പറയണം എന്നറിയില്ല. കേരളത്തിൽ നിന്ന്, നമ്മുടെ നാട്ടിലുള്ള ആളുകൾ തരുന്ന അംഗീകാരമാണിത്. ഒരു അവാർഡ് കിട്ടിയാൽ ഇത്ര സന്തോഷം തോന്നുമെന്ന് എനിക്കിപ്പോഴാണ് മനസ്സിലാകുന്നത്.’’

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ കനി 2009-ൽ പുറത്തിറങ്ങിയ കേരള കഫേയിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ഒട്ടേറെ ഫീച്ചർ ഫിലിമുകളുടെയും ഹ്രസ്വചിത്രങ്ങളുടെയും ഭാഗമായി. മുമ്പോട്ടുള്ള യാത്രകൾക്ക് പ്രചോദനമാണ് അംഗീകാരങ്ങളെന്ന് കനി പറയുന്നു. ‘‘പുരസ്കാരങ്ങൾ ശക്തിപകരും. വിവേചനങ്ങൾ നേരിടേണ്ടിവരുമ്പോഴും ജീവിതത്തിൽ എന്തു വിഷമങ്ങളുണ്ടാകുമ്പോഴും പോയകാലത്തെ നേട്ടങ്ങൾ കരുത്തായി മാറും. പലപ്പോഴും കാണാറുണ്ട്, ഒരു കാര്യത്തിൽ അഭിപ്രായം പറയുന്നതുപോലും പ്രശസ്തരായവരുടെ മാത്രം അവകാശമായാണ് പലരും കണക്കാക്കുന്നത്. പ്രശസ്തരല്ലെങ്കിലും ഓരോരുത്തരും ആത്മാഭിമാനമുള്ള മനുഷ്യരാണ്. ആളുകൾ വ്യക്തിപരമായി കേൾക്കണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ.’’