കൊൽക്കത്ത: അകിര  കുറസോവയ്ക്ക്  തോഷിറോ മിഫ്യൂണെപ്പോലെയായിരുന്നു സത്യജിത് റായിക്ക്‌ സൗമിത്ര ചാറ്റർജി. റായ്‌ സംവിധാനം ചെയ്ത ചിത്രങ്ങളിൽ 14-ലും മുഖ്യ വേഷം സൗമിത്രയ്ക്കായിരുന്നു. അപു കഴിഞ്ഞാൽ പിന്നെ അശൊണി സങ്കേതിലെ ഗംഗാചരൺ ആയിരുന്നു ഇവയിൽ സൗമിത്രയ്ക്ക് കൂടുതൽ ഇഷ്ടം. റായ്‌ സൃഷ്ടിച്ചേ ഫേലുദാ എന്ന അപസർപ്പക വിദഗ്ധനെ ആദ്യം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. സോനാർ കെല്ല, ജൊയ് ബാബാ ഫേലുനാഥ് എന്നീ ചിത്രങ്ങളിൽ സൗമിത്ര ഫേലുദായായി. സത്യജിത് റായിയുടെ സിനിമയാണെങ്കിൽ അഭിനയം കഴിഞ്ഞാലും പോകാതെ സെറ്റിൽ സർവസമയവും പിന്തുണയുമായി കൂടുന്ന സ്വഭാവമായിരുന്നു സൗമിത്രയുടേതെന്ന് റായിയുടെ മകൻ സന്ദീപ് റായ്‌ അനുസ്മരിക്കുന്നു. റായിയുമായുള്ള തന്റെ കലാജീവിതത്തെക്കുറിച്ച് 'മാസ്റ്റർ ആൻഡ് ഐ’ എന്ന പുസ്തകം സൗമിത്ര എഴുതിയിട്ടുണ്ട്. ആറുപതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിത്തിൽ മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.

തുടക്കം നാടകത്തിലൂടെ 

നാദിയ ജില്ലയിലെ കൃഷ്ണ നഗർ സ്വദേശിയായ സൗമിത്രയുടെ തുടക്കം നാടകത്തിലൂടെയായിരുന്നു. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ബംഗാളി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 'അപുർ സൻസാർ' ആണ് കന്നി സിനിമ. തപൻ സിൻഹ, മൃണാൾ സെൻ, അസിത് സെൻ, ഗൗതം ഘോഷ്, അപർണ സെൻ, ഋതുപർണ ഘോഷ് തുടങ്ങി പല തലമുറകളിൽപ്പെട്ട സംവിധായകരോടൊപ്പം ശ്രദ്ധേയമായ മുന്നൂറോളം വേഷങ്ങൾ െചയ്തു. 15-ലധികം നാടകങ്ങൾ രചിച്ചു. അവസരങ്ങൾ തേടിയെത്തിയിട്ടും മറ്റു ഭാഷകളിൽ  വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് കരുതി  ബോളിവുഡിലേക്ക്  ചുവടു​െവക്കാൻ തയ്യാറായില്ല.

ബഹുമതികളേറെ

ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജ്യൻ ഓഫ് ഓണർ, ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ, പത്മഭൂഷൺ, ബംഗ ബിഭൂഷൺ, ഫ്രഞ്ച് ബഹുമതിയായ ഓർഡർ ദ് ആർത്ര് എറ്റ് ദ ലെത്രേ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ തേടിയെത്തി. ഈ ബഹുമതികിട്ടുന്ന ആദ്യ ഇന്ത്യൻ നടൻ ഇദ്ദേഹമാണ്.
രണ്ടു പതിറ്റാണ്ടിലേറെ ‘ഏക്സാൻ’ മാസിക എഡിറ്റ് ചെയ്തു. ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായിക കാതറിൽ ബ്രെജ് സൗമിത്രയുടെ കലാജീവിതത്തെ ആധാരമാക്കി ‘ഗാച്ച്’ എന്നപേരിൽ ഡോക്യുമെന്ററിയെടുത്തിട്ടുണ്ട്. 

അവസാനംവരെ അഭിനയം

അവസാനംവരെയും അഭിനേതാവായിത്തുടർന്ന സൗമിത്ര അടച്ചിടൽ കഴിഞ്ഞ് വീണ്ടും ഷൂട്ടിങ്ങിനു പോയിത്തുടങ്ങിയപ്പോഴാണ് കോവിഡ് ബാധിച്ചത്. പ്രോസ്റ്റേറ്റ് അർബുദം നേര​േത്ത ചികിത്സിച്ച് ഭേദപ്പെടുത്തിയിരുന്നെങ്കിലും അതിന്റെ ലക്ഷണങ്ങൾ വീണ്ടും അലട്ടിയിരുന്നു. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് നാലുതവണ ഡയാലിസിസ് നടത്തി. ശ്വാസനാള ശസ്ത്രക്രിയയും പ്ളാസ്മ ചികിത്സയുമടക്കം പരമാവധി ശ്രമങ്ങൾ ഡോക്ടർമാർ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

Content Highlights: Soumitra Chatterjee: India acting legend dies, aged 85, satyajit ray