മലയാള സിനിമയിലെ വൻ തൂണുകളാണിപ്പോൾ വീണുകൊണ്ടിരിക്കുന്നത്. വരുന്ന തലമുറയ്ക്ക് അവരെ ബഹുമാനിക്കാൻ ബാധ്യതയുണ്ട്. അതാണ് സംസ്കാരത്തിന്റെ വഴി. ആ വഴിയാണ് ശിവനെപ്പോലുള്ളവരൊക്കെ തെളിച്ചുതന്നിട്ടുള്ളത്.  ഫോട്ടോഗ്രാഫിയിൽ ശിവൻ സൃഷ്ടിച്ച ആശയം എന്താണ് ഫോട്ടോഗ്രാഫിയെന്നത് സാധാരണക്കാരിലേക്ക്‌ എത്തിച്ചു.

മനുഷ്യന്റെ വികാരം  പകർത്തുന്നതിൽ  വിജയിച്ച ഫോട്ടോഗ്രാഫർമാർ അപൂർവം. അതിൽ  ഒരാളാണ് ശിവൻ. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി ചരിത്രത്തെ പകർത്തിയതാണ്. വളരെക്കുറച്ചുപേർക്കേ ചരിത്രം പകർത്താനാകൂ. ഇ.എം.എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ  ശിവൻ എടുത്ത ചിത്രം അതിനൊരുദാഹരണമാണ്.

   ഏതുകാലത്തും സിനിമയ്ക്ക് പോസ്റ്റർ ഡിസൈൻ ചെയ്യാൻ  സ്റ്റിൽഫോട്ടോഗ്രാഫറുടെ സഹായം വേണം.  സിനിമയിൽ കാണാത്ത, ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ സ്റ്റിൽ ഫോട്ടോഗ്രാഫർ പകർത്തേണ്ടിവരും. അതിന്റെ മുതൽക്കൂട്ടാണ് പോസ്റ്ററിൽ വരുന്നത്. പണ്ടൊക്കെ പോസ്റ്റർ കണ്ടിട്ടാണ് പലരും സിനിമകാണാൻ വന്നിരുന്നത്. അവ വെളിച്ചംകൊണ്ടു വികാരത്തെ ഉണർത്തുന്നതാണ്. ഏതുവികാരത്തെയും ചിത്രത്തിലൂടെ മാറ്റുന്ന  സന്ദർഭങ്ങളിൽ അത് കൈകാര്യംചെയ്യുന്നയാൾക്ക്‌ പാണ്ഡിത്യം വേണം. ശിവന്‌ അതുണ്ടായിരുന്നു.

വലിയ സൗഹൃദവലയമുള്ള ഒരാളായിരുന്നു ശിവൻ. ആ കുടുംബത്തിലെ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ടവരാണ്.  അദ്ദേഹം മക്കൾക്ക് അറിവ് പകർന്നുനൽകി. അങ്ങനെയൊരച്ഛൻ ഉണ്ടാകുന്നത് ഭാഗ്യമാണ്.  നാലുഫ്രെയിമിൽക്കൂടി കാണുന്നത്  എന്തായിരിക്കണമെന്നത് വലിയ തീരുമാനമാണ്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ജീവൻ തുടിക്കുന്നതാണ്.  ആ കഴിവാണ്, കലയാണ് അദ്ദേഹം മക്കൾക്കും പകർന്നുകൊടുത്തത്. അത് സ്‌ഫുടംചെയ്തെടുക്കാനുള്ള സന്ദർഭങ്ങൾ അദ്ദേഹം അവർക്ക് ഒരുക്കിക്കൊടുത്തു. ഇവിടെ അച്ഛൻ ഗുരുവായി.

 ഫോക്കസാണ് ഫോട്ടോഗ്രാഫിയുടെ ആദ്യമർമം. അതിന്റെ സൗന്ദര്യശാസ്ത്രം അദ്ദേഹത്തിനറിയാമായിരുന്നു. അതുവഴി പ്രേക്ഷകനിൽ വികാരം സൃഷ്ടിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. ആദ്യം പതിയേണ്ട സ്ഥലം ഏതെന്നതിലാണ്  ഫോട്ടോഗ്രാഫറുടെ കഴിവുകിടക്കുന്നത്. അക്കാര്യങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനകൾ ഗണ്യമാണ്.  അതുകൊണ്ടുതന്നെയാണ് ഫോട്ടോഗ്രാഫറിൽനിന്ന്‌ അദ്ദേഹം സിനിമാട്ടോഗ്രാഫറായത്. സിനിമാട്ടോഗ്രാഫറുടെ ജോലി ഫ്രീസ്ചെയ്ത നിമിഷങ്ങളുടെ പിന്നിൽ കഥയുണ്ടാക്കുക, കഥ കണ്ടെത്തുക എന്നതാണ്.  ഈ അറിവ് അതിപ്രധാനമാണ്. ആ അറിവ് തിരിച്ചറിയുന്നത് ഒരു സംവിധായകനാണ്. ആ  സ്ഥാനത്തും അദ്ദേഹമെത്തി. അതിന് വിഷ്വൽ സാക്ഷരതയും സത്യന്ധതയും ആവശ്യമാണ്. അതിലും അദ്ദേഹം പൂർണമായും വിജയിച്ചു.

 തിരുവനന്തപുരത്ത് പ്രൊഡക്‌ഷൻ യൂണിറ്റ് വേണമെന്നാഗ്രഹിച്ച ശിവൻ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉയർച്ചയ്ക്കുവേണ്ടി വലുതായി അധ്വാനിച്ചു. അന്ന്‌ ഞാനും ചിത്രാഞ്ജലിയിലുണ്ടായിരുന്നു. അന്നുതുടങ്ങിയതാണ് ഞങ്ങളുടെ അടുപ്പം.

Content Highlight: Shaji N. Karun remembers Photographer  sivan