dennis josephനിറക്കൂട്ടിലൂടെ വരവറിയിച്ചു, പൊലിമ മങ്ങിയ മമ്മൂട്ടിക്ക് രണ്ടാംവരവ് സമ്മാനിച്ച്  ന്യൂഡൽഹി, മോഹൻലാലിനെ താരപദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ. രാജൻ പി. ദേവ് എന്ന നടനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇന്ദ്രജാലം, സെൻസർബോർഡിനോട് കലഹിച്ചെത്തിയ ഭൂമിയിലെ രാജാക്കന്മാർ, രണ്ടാംഭാഗത്തിന് വെമ്പിനിൽക്കുന്ന കോട്ടയം കുഞ്ഞച്ചൻ, മൾട്ടിസ്റ്റാർ സിനിമകളായ നമ്പർ 20 മദ്രാസ് മെയിലും മനു അങ്കിളും. കണ്ണീരിന്റെ നനവോടെമാത്രം ഓർക്കാവുന്ന ആകാശദൂത്... ഡെന്നീസ് ജോസഫിന്റെ ജനപ്രിയസിനിമകളുടെ പട്ടിക ഇങ്ങനെ നീളുന്നു... 

സിനിമയുടെ അണിയറവിശേഷങ്ങൾ കേൾക്കാൻ ഡെന്നീസ് ജോസഫിനു മുന്നിലിരിക്കുമ്പോൾ ചോദ്യങ്ങൾ അധികം ആവശ്യമില്ല. നെഞ്ചിടിപ്പുകൂട്ടുന്ന, കൈയടിക്കാൻ പാകത്തിലുള്ള കണ്ണുനിറയ്ക്കുന്ന സീനുകൾ ഒന്നിനുപിറകെ ഒന്നായി സംസാരത്തിൽ നിറയും. സംവിധായകൻ ഒമർ ലുലുവിനുവേണ്ടി എഴുതിത്തയ്യാറാക്കിയ ‘പവർസ്റ്റാർ’ സിനിമയെക്കുറിച്ചായിരുന്നു അവസാന സംസാരത്തിലേറെനേരം പറഞ്ഞത്. സിനിമയിലെ ഇടവേള അവസാനിച്ചുള്ള തിരിച്ചുവരവ് ഒരു മാസ് ചിത്രത്തിലൂടെയാകുന്നു എന്ന ആഹ്ലാദമായിരുന്നു വാക്കുകളിൽ.

മലയാളി നെഞ്ചോടു ചേർത്തുവെച്ച് ആഘോഷിച്ച ഒട്ടേറെ സിനിമകളുടെ പിറകിൽ ഡെന്നീസ് ജോസഫായിരുന്നു. നിറക്കൂട്ടിലൂടെ വരവറിയിച്ചു, പൊലിമമങ്ങിയ മമ്മൂട്ടിക്ക് രണ്ടാംവരവ് സമ്മാനിച്ച് ന്യൂഡൽഹി, മോഹൻലാലിനെ താരപദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ. രാജൻ പി. ദേവ് എന്ന നടനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇന്ദ്രജാലം, സെൻസർബോർഡിനോട് കലഹിച്ചെത്തിയ ഭൂമിയിലെ രാജാക്കന്മാർ, രണ്ടാംഭാഗത്തിന് വെമ്പിനിൽക്കുന്ന കോട്ടയം കുഞ്ഞച്ചൻ, മൾട്ടിസ്റ്റാർ സിനിമകളായ നമ്പർ 20 മദ്രാസ് മെയിലും മനു അങ്കിളും. കണ്ണീരിന്റെ നനവോടെമാത്രം ഓർക്കാവുന്ന ആകാശദൂത്... ഡെന്നീസ് ജോസഫിന്റെ ജനപ്രിയസിനിമകളുടെ പട്ടിക ഇങ്ങനെ നീളുന്നു.

നിറക്കൂട്ടിന്റെ കഥപറയാൻ ജോഷിയെ കാണാൻചെന്ന അനുഭവം അദ്ദേഹംതന്നെ വിവരിച്ചിട്ടുണ്ട്. തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ പോയാണ് ജോഷിയോട് അന്ന് കഥപറയുന്നത്. ലൈറ്റ് അപ്പ് ചെയ്ത സെറ്റിൽനിന്ന് അരമണിക്കൂർ ഇടവേളയെന്ന് പറഞ്ഞാണ് അദ്ദേഹം കഥകേൾക്കാൻ എത്തിയത്. അരമണിക്കൂർകൊണ്ട് ഒരു ഫുൾ സ്‌ക്രിപ്റ്റ് വായിച്ചുകേൾക്കുക നടപ്പുള്ള കാര്യമല്ലായിരുന്നു. ഡെന്നീസ് തിരക്കഥ നൽകി, ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായനതുടരുമ്പോൾ  മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി. ഉച്ചവരെ ഷൂട്ടില്ലെന്ന് പ്രഖ്യാപിച്ച് ജോഷി ഒറ്റയിരിപ്പിനു മുഴുവൻ തിരക്കഥയും വായിക്കുകയായിരുന്നു. അവിടെനിന്ന് തുടങ്ങുന്നു ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ട്. നിറക്കൂട്ട് സൂപ്പർ ഹിറ്റായി എന്നുമാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തു. 

മമ്മൂട്ടിയെ മനസ്സിൽക്കണ്ട് എഴുതിയ സിനിമയായിരുന്നു രാജാവിന്റെ മകൻ. കാര്യങ്ങൾ മാറിമറിഞ്ഞപ്പോൾ നായകൻ മോഹൻലാലായി, രാജാവിന്റെ മകൻ ലാലിനെ സൂപ്പർപദവിയിലേക്കുയർത്തി.
 അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരൻ ശ്രമിച്ച കഥയിൽനിന്നാണ് ന്യൂഡൽഹിയുടെ കഥ മനസ്സിലേക്കെത്തുന്നതെന്ന് ഡെന്നീസ് തന്നെ വിവരിച്ചിട്ടുണ്ട്. ന്യൂഡൽഹി കണ്ട് തന്നെ നേരിൽ കാണാൻ രജനീകാന്ത് എത്തിയ കഥ പറയുമ്പോൾ ഡെന്നീസിന്റെ വാക്കുകളിൽ അഭിമാനം നിറയുമായിരുന്നു. വി.ഐ.പി. കാണാൻ വരുന്നു എന്ന ഹോട്ടൽ റിസപ്ഷനിൽ നിന്നുള്ള കോൾ എടുത്ത് വാതിൽ തുറന്നപ്പോൾ മുന്നിൽ രജനീകാന്ത്. ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശത്തിനായാണ് രജനി വന്നത്. പക്ഷേ, അപ്പോഴേക്കും കന്നഡ, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ അവകാശങ്ങൾ വിറ്റുകഴിഞ്ഞിരുന്നു.

അഭിനയംകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച രാജൻ പി. ദേവും എൻ.എഫ്. വർഗീസും ഡെന്നീസ് ജോസഫിന്റെ എഴുത്തിന്റെ ശക്തിയിലാണ് വെള്ളിത്തിരയിൽ ഇരിപ്പിടം ഉറപ്പിക്കുന്നത്. തമ്പി കണ്ണന്താനത്തിനുവേണ്ടി എഴുതിയ മോഹൻലാൽ ചിത്രം ഇന്ദ്രജാലം. ഒരുപാട് മാനറിസങ്ങളോടുകൂടിയ വില്ലൻ. ബോംബെയിലെ അധോലോകനായകനായ  പാലാക്കാരൻ കാർലോസ്. തിലകനെക്കൊണ്ട് ചെയ്യിക്കാമെന്ന് കരുതിയിരുന്നെങ്കിലും അതൊരു ടിപ്പിക്കൽ തിലകൻ വേഷമാകുമോയെന്നു സംശയിച്ച് പുതിയൊരാളെ തേടി. ആ അന്വേഷണമാണ് രാജൻ പി. ദേവിലെത്തിയത്.

ആകാശദൂതിലെ പാൽക്കാരനായ വില്ലൻ കൊച്ചുമുതലാളിയായി ആദ്യം ഡെന്നീസിന്റെ മനസ്സിലുണ്ടായിരുന്നത് താഴ്‌വാരത്തിലെ പ്രതിനായകൻ സലിം ഘോഷിനെയായിരുന്നു. പറഞ്ഞുറപ്പിച്ചെങ്കിലും സിനിമ തുടങ്ങുന്നതിനോടുത്തപ്പോൾ സലിം ഘോഷിന് അസൗകര്യമായി. വ്യത്യസ്തനായൊരു വില്ലനെ തേടുന്നതിനിടയിലാണ് എൻ.എഫ്. വർഗീസിന്റെ പേര് ഉയർന്നുവരുന്നത്.

തിരക്കഥ ഡെന്നീസ് ജോസഫ്

സിറാജ് കാസിം


“രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്? ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു, പ്രിൻസ്...രാജകുമാരൻ...രാജാവിന്റെ മകൻ. യെസ് ഐ ആം എ പ്രിൻസ്, അണ്ടർവേൾഡ് പ്രിൻസ്... അധോലോകങ്ങളുടെ രാജകുമാരൻ”. വിൻെസന്റ് ഗോമസിന്റെ ഡയലോഗ് തിയേറ്ററിലെ ഇരുട്ടിൽ മുഴങ്ങുമ്പോൾ രോമാഞ്ചത്തോടെ കൈയടിച്ച ആ കാലം പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല. ‘രാജാവിന്റെ മകനി’ലെ വിൻെസന്റ് ഗോമസിലൂടെ മോഹൻലാലിനെയും ‘ന്യൂഡൽഹി’യിലെ ജി.കെ.യിലൂടെ മമ്മൂട്ടിയെയുമൊക്കെ മലയാള സിനിമയുടെ രാജാക്കൻമാരാക്കിയ രാജശില്പി. ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് വിടപറയുമ്പോഴും അദ്ദേഹം സൃഷ്ടിച്ച സൂപ്പർ കഥാപാത്രങ്ങളും അവരുടെ തട്ടുതകർപ്പൻ ഡയലോഗുകളുമൊക്കെ മായാതെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയുണ്ടാകും. 

‘ഈറൻ സന്ധ്യ’ എന്ന സിനിമയുടെ തിരക്കഥാകൃത്തായാണ് ഡെന്നീസ് ജോസഫ് മലയാള സിനിമയിൽ അവതരിക്കുന്നത്. അതിനു പിന്നാലെ മലയാള സിനിമയുടെ ജാതകംതന്നെ തിരുത്തിയ നിരവധി സിനിമകൾ വരവായി. 

മമ്മൂട്ടിയെ നായകനാക്കി എഴുതിയ ‘നിറക്കൂട്ടും’ ‘ന്യൂഡൽഹി’യും ‘നായർസാബും’ ‘സംഘ’വും ‘കോട്ടയം കുഞ്ഞച്ചനു’മൊക്കെ ‌പ്രേക്ഷകർ എങ്ങനെയാണ് ഏറ്റെടുത്തതെന്നത് ചരിത്രമാണ്. മോഹൻലാലിനെ നായകനാക്കി എഴുതിയ ‘രാജാവിന്റെ മകനും’ ‘ഭൂമിയിലെ രാജാക്കൻമാരും’ ‘വഴിയോരക്കാഴ്ചകളും’ ‘ഇന്ദ്രജാല’വുമൊക്കെ അതേ വഴിയിൽ തന്നെയായിരുന്നു സഞ്ചാരം. 

ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘നിറക്കൂട്ട്’ ഡെന്നീസ് ജോസഫിനെ മലയാള സിനിമയിൽ സൂപ്പർ തിരക്കഥാകൃത്തായി അടയാളപ്പെടുത്തുമ്പോൾ അതൊരു നിയോഗം തന്നെയായിരുന്നു. ജോഷിയെ ആ സിനിമയുടെ തിരക്കഥ വായിച്ചു കേൾപ്പിക്കാൻ പോയ കഥ ഡെന്നീസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സെറ്റിൽ കഥ പറയാൻ കുറേ ദിവസം കാത്തുനിന്ന ഡെന്നീസ് ഒടുവിൽ മടങ്ങാനൊരുങ്ങുമ്പോഴാണ് ജോഷി തിരക്കുകൾക്കിടയിൽ തിരക്കഥ കേൾക്കാൻ വരുന്നത്. അര മണിക്കൂർകൊണ്ട് തിരക്കഥ വായിക്കാൻ വന്ന ജോഷി പക്ഷേ വായിച്ചു തുടങ്ങിയതോടെ വലിയ ആവേശത്തിലായി. ഉച്ചയാകുമ്പോഴേക്കും തിരക്കഥ വായിച്ചുതീർത്ത് ജോഷി പറഞ്ഞ ഡയലോഗ് മലയാള സിനിമയുടെ ചരിത്രം തിരുത്തുന്ന കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു. 

“മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്നു ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്കു ചെയ്യാൻ കിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്‌റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു” - ജോഷിയുടെ ഡയലോഗിനൊടുവിൽ പിറന്ന ആ കൂട്ടുകെട്ടിൽ നിറക്കൂട്ട് ഉൾപ്പെടെ എത്രയോ സൂപ്പർ ചിത്രങ്ങളാണ് മലയാള സിനിമയ്ക്കു ലഭിച്ചത്. 

ആകാംക്ഷയും നടുക്കവും അപ്രതീക്ഷിത ട്വിസ്റ്റുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു ഡെന്നീസിന്റെ എഴുത്ത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ ‘ന്യൂഡൽഹി’യിലെ ജി. കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തിന്റെ സൃഷ്ടി ഇതിനു പൂർണമായ അടിവരയിടുന്നുണ്ട്. ‘ന്യൂഡൽഹി’യിലെ ജി.കെ.യായി മമ്മൂട്ടിക്കും ‘രാജാവിന്റെ മകനി’ലെ വിൻെസന്റ് ഗോമസായി മോഹൻലാലിനും പകർന്നാടാൻ സാധിച്ചത് ആ തിരക്കഥയുടെ അതിശക്തി കൊണ്ടുതന്നെയായിരുന്നു. ഡെന്നീസ് സിനിമയ്ക്കു വേണ്ടി പറഞ്ഞ കഥകളിലെല്ലാം അപരിചിതമായ എന്തൊക്കെയോ പുതുമകളുണ്ടായിരുന്നു. സാഹസികതയും ആണത്തവും പോരാട്ടവുമൊക്കെ സമാസമം കഥാപാത്രങ്ങളിലേക്കു സന്നിവേശിപ്പിക്കാൻ ഡെന്നീസിനുള്ള അപാരമായ രചനാ ചാതുരിയായിരുന്നു സൂപ്പർ താരങ്ങളുടെ പിറവിയുടെ അടിസ്ഥാനം.

 ‘നിറക്കൂട്ടി’ലെ രവിവർമയും ‘കോട്ടയം കുഞ്ഞച്ചനി’ലെ കുഞ്ഞച്ചനും ‘സംഘ’ത്തിലെ കുട്ടപ്പായിയും ‘ന്യൂഡൽഹി’യിലെ ജി.കെ.യുമൊക്കെ മമ്മൂട്ടി എന്ന നടനെ അതനുഭവിപ്പിക്കുമ്പോൾ ‘രാജാവിന്റെ മകനി’ലെ വിൻെസന്റ് ഗോമസും ‘ഇന്ദ്രജാല’ത്തിലെ കണ്ണൻ നായരും ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ലെ ടോണി കുരിശിങ്കലും ‘ഭൂമിയിലെ രാജാക്കൻമാരി’ലെ മഹേന്ദ്ര വർമയുമൊക്കെ മോഹൻലാലിനെയും അതേ വഴിയിലൂടെ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മലയാള സിനിമയ്ക്ക്‌ എന്നും പറയാവുന്ന ഒരു തലക്കെട്ടായി അതവശേഷിക്കും, ഡെന്നീസ് ജോസഫ്... നക്ഷത്രങ്ങളുടെ രാജശില്പി.

‘ഞായറാഴ്ചയും അവൻ വിളിച്ചിരുന്നു’ -പ്രിയദർശൻ

ഏറ്റവും അവസാനം ഡെന്നീസ്‌ എന്നെ വിളിച്ചത്‌ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു. ഒരുപാട്‌ സമയം ഞങ്ങൾ സംസാരിച്ചു. കുഞ്ഞാലി മരയ്ക്കാറിൽ പ്രണവ്‌ മോഹൽലാലും എന്റെ മകൾ കല്യാണിയും ചേർന്ന്‌ അഭിനയിച്ച ഗാനരംഗം കണ്ടിട്ടായിരുന്നു അവൻ വിളിച്ചത്‌. അതിൽ കാർത്തിക്‌ പാടിയ തമിഴ്‌ വേർഷനാണ്‌ ഇഷ്ടപ്പെട്ടത്‌ എന്നും പറഞ്ഞു.
ഞാനും ഡെന്നീസും ചേർന്ന്‌ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ- ഗീതാഞ്ജലി. പക്ഷേ, സിനിമാജീവിതത്തിന്റെ തുടക്കംമുതൽ ഞങ്ങൾ ആത്മാർഥ സുഹൃത്തുക്കളായിരുന്നു. മദ്രാസിൽ ഒരേസമയം അവന്റെയും എന്റെയും സിനിമകളുടെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ ജോലികൾ നടക്കുമ്പോൾ ഞങ്ങൾ പരസ്പരം പല ഭാഗങ്ങളും കണ്ട്‌ അഭിപ്രായങ്ങൾ പറയുമായിരുന്നു. ഭാരതിരാജയുടെ ഒരു സിനിമ കണ്ടിറങ്ങിയപ്പോഴാണ്‌ ഞാൻ എം.ജി. ശ്രീകുമാറിനെ ഡെന്നീസിന്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നത്‌. അന്ന്‌ ശ്രീക്കുട്ടൻ എന്റെ സിനിമയിലേ പാടിയിരുന്നുള്ളൂ. ആദ്യമായി, മറ്റൊരു സിനിമയിൽ പാടുന്നതിന്‌ കാരണക്കാരനായത്‌ ഡെന്നീസാണ്‌.

മലയാളത്തിലെ മോസ്റ്റ്‌ വാണ്ടഡ്‌ സ്‌ക്രിപ്‌റ്റ്‌ റൈറ്ററായിരുന്നു ഡെന്നീസ്‌. ഡെന്നീസ്‌ ജോസഫ്‌-ജോഷി എന്ന കൂട്ടുകെട്ട്‌ ഹിന്ദിയിലെ സലിം-ജാവേദ്‌ (സലിംഖാൻ-ജാവേദ്‌ അക്‌തർ) കൂട്ടുകെട്ടുപോലായിരുന്നു. ആ പേരുമാത്രം മതിയായിരുന്നു ജനങ്ങൾ തിയേറ്ററിലേക്ക്‌ ഇരച്ചുകയറാൻ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജീവിതത്തെ വഴിതിരിച്ചുവിട്ട തിരക്കഥകൾ ഡെന്നീസ്‌ ജോസഫാണ്‌ എഴുതിയത്‌. ന്യൂഡൽഹിയും രാജാവിന്റെ മകനും ഓർക്കുക. ഡെന്നീസ്‌ പെട്ടെന്ന്‌ പോയതറിയുമ്പോൾ എനിക്കിവിടെയിരുന്ന്‌ കരയാനേ സാധിക്കുന്നുള്ളൂ. ഏറ്റവും പ്രിയപ്പെട്ടവർ പോകുമ്പോഴാണ്‌ നാം തനിച്ചായതായി തോന്നുന്നത്‌. അപ്പോഴും അവരുടെ ശബ്ദം അവർ പറഞ്ഞ അവസാനവാക്കുകൾ ചെവിയിലും മനസ്സിലും ശേഷിക്കും.

വലിയ സിനിമകളുടെ രാജശില്പി -മോഹൻലാൽ

വലിയ സിനിമകളായിരുന്നു എപ്പോഴും ഡെന്നീസ്‌ ജോസഫിന്റെ മനസ്സിൽ. കാഴ്ചക്കാരെ ഇളക്കിമറിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി. രാജാവിന്റെ മകനിലെ ‘മൈ ഫോൺ നമ്പർ ഇസ്‌ 2255’ എന്നതു മാത്രം മതി ഉദാഹരണമായി. ഈ കാലത്തും അത്‌ ജനങ്ങളുടെ ചുണ്ടിലുണ്ട്‌. ഡെന്നീസ്‌ എഴുതുന്ന സിനിമകളുടെയും കഥാപാത്രങ്ങളുടെയും പേരുകൾത്തന്നെ വ്യത്യസ്തവും ആകർഷകവുമായിരുന്നു. എത്ര മനോഹരമായാണ്‌ അദ്ദേഹം ‘നമ്പർ ട്വന്റി മദ്രാസ്‌ മെയിൽ’ എഴുതിയത്‌! രാജാവിന്റെ മകൻ പുതിയ കാലത്ത്‌ പുതിയ ശൈലിയിൽ എടുക്കാൻ ഞങ്ങൾക്കൊരു പദ്ധതിയുണ്ടായിരുന്നു. നടന്നില്ല. ഇനി നടക്കുകയുമില്ല. വിദൂരത്തിരുന്ന്‌ ഞാൻ അദ്ദേഹത്തോട്‌ വിടപറയുന്നു.

നിറക്കൂട്ടുകൾക്ക്  നന്ദി, സ്നേഹിതാ...-മമ്മൂട്ടി

ഡെന്നീസ് ജോസഫിന്റെ വിയോഗവാർത്ത അങ്ങേയറ്റം സങ്കടത്തോടെയാണു കേട്ടത്. സങ്കടം സങ്കടംതന്നെയാണ്. അതിനെ വിവരിക്കാൻ അക്ഷരങ്ങൾ പോരാതെ വരും.  ഞാൻ സിനിമയിലെത്തി ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷമാണ് ഡെന്നീസ് കടന്നുവരുന്നത്. കൂടെവിടെയുടെ സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. ഡെന്നീസും ഗായത്രി അശോകനും സുഹൃത്തുക്കളായിരുന്നു. എറണാകുളം നഗരത്തിലെ ഒരു പ്രസ് ആയിരുന്നു അവരുടെ ഇടത്താവളം. അതിനോട് ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. സിനിമയുടെ പോസ്റ്റർ കാണാൻ രാജൻജോസ് പ്രകാശിനൊപ്പം പോയപ്പോഴാണ് ഞാൻ ഡെന്നീസിനെ പരിചയപ്പെടുന്നത്. രാജന്റെ അടുത്തബന്ധുവാണ് ഡെന്നീസ്. സിനിമാത്തിരക്കുകളൊഴിയുന്ന വേളകളിൽ ഞാൻ പ്രസിൽ ചെന്നിരിക്കും. അതോടെ ഞങ്ങൾ കൂടുതലടുത്തു. അന്നേ ഒരുപാട് കഥകളുണ്ടായിരുന്നു ഡെന്നീസിന്റെ ഉള്ളിൽ. ചില ലൊക്കേഷനുകളിലേക്ക് അദ്ദേഹത്തെയും കൂട്ടിപ്പോയിട്ടുമുണ്ട്.

 അങ്ങനെ ഡെന്നീസ് പറഞ്ഞൊരു കഥ ജേസിക്ക് ഇഷ്ടപ്പെട്ടു. ജോൺപോൾ അതിന് തിരക്കഥയെഴുതി. അതാണ് ഈറൻസന്ധ്യ. അതിന്റെ ഷൂട്ടിങ്ങിന് ഞാനും ഡെന്നീസും ഒരുമിച്ചാണ് കുട്ടിക്കാനത്തേക്ക് പോയത്. ആ യാത്രയിലാണ് ഡെന്നീസ് നിറക്കൂട്ടിന്റെ കഥ പറഞ്ഞത്. വലിയൊരു കൂട്ടായ്മയുടെ തുടക്കമായിരുന്നു അത്. ജോഷി, ജോയ്‌തോമസ് ഒക്കെച്ചേർന്നപ്പോൾ ഹിറ്റുകൾ മാത്രം പിറക്കുന്നൊരു സംഘമായി ഞങ്ങളുടേത്. ചില സിനിമകൾ വിജയിക്കാതെയും പോയിട്ടുണ്ട്. അതിൽനിന്നൊരു തിരിച്ചുവരവായിരുന്നു ന്യൂഡൽഹി. ബാക്കി ചരിത്രം.

 ഇടക്കാലത്ത് ഡെന്നീസ് ഉൾവലിഞ്ഞു. സിനിമയിൽ നിന്നകന്നു. പ്രാർഥനകൾ അപ്പോഴും അദ്ദേഹത്തെ ശക്തനാക്കി. കുറേനാളുകൾക്ക് മുമ്പ് ഞങ്ങൾ വീണ്ടും സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിരുന്നു. പക്ഷേ, ആലോചനകൾ പലവഴിക്കു പോയി. ഇതിനിടയ്ക്ക് അദ്ദേഹത്തിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകം പ്രകാശനം ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. ഡെന്നീസിന്റെ സിനിമകൾപോലെ ആ പുസ്തകവും പെട്ടെന്ന് ജനപ്രിയമായി.   ഡെന്നീസ് ആശുപത്രിയിലായെന്നാണ് ആദ്യം അറിഞ്ഞത്. തൊട്ടുപിന്നാലെ മരണവാർത്തയുമെത്തി. കാഴ്ചയുടെ നിറക്കൂട്ടുകൾ സമ്മാനിച്ച് ഡെന്നീസ് കടന്നുപോകുമ്പോൾ ആദ്യം കുറിച്ചപോലെ സങ്കടം... സങ്കടം മാത്രം.

സംവിധാനം ചെയ്ത സിനിമകൾ

• മനു അങ്കിൾ-(1988-ൽ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരംനേടി)
•  തുടർക്കഥ
•  അപ്പു
•  അഥർവം
•  അഗ്രജൻ
•  തിരക്കഥയെഴുതിയ ആകാശദൂതിന് മികച്ച സാമൂഹിക പ്രസക്തിക്കുള്ള ദേശീയപുരസ്കാരം

മികച്ച തിരക്കഥകൾ

രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, മനുഅങ്കിൾ, ആകാശദൂത്, വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നിറക്കൂട്ട്, ന്യൂഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, സംഘം, നമ്പർ 20 മദ്രാസ്‌മെയിൽ, ഒളിയമ്പുകൾ, തന്ത്രം, ദിനരാത്രങ്ങൾ, പ്രണാമം, സായംസന്ധ്യ, കഥയ്ക്കുപിന്നിൽ, വീണ്ടും, ആയിരം കണ്ണുകൾ, ന്യായവിധി, ശ്യാമ, ഈറൻസന്ധ്യ, അർഥന, അഗ്രജൻ, ഭൂപതി, എഫ്.ഐ.ആർ., ഫാന്റം, വജ്രം, തസ്‌കരവീരൻ, പത്താംനിലയിലെ തീവണ്ടി, ഗീതാഞ്ജലി, കന്യാകുമാരി എക്‌സ്‌പ്രസ്‌

content highlights: screen play writer and director dennis joseph passes away