റിസബാവ എന്ന നടനെ മലയാള സിനിമ ഓർക്കുന്നതു മുഴുവൻ ജോൺ ഹോനായ് എന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും. ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന കഥാപാത്രത്തെ ചെയ്യാമോയെന്ന്‌ റിസയോടു ചോദിച്ചപ്പോൾ ‘അയ്യോ’ എന്നായിരുന്നു ആദ്യ മറുപടി. റിസ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ രൂപം ഹോനായിയോടു നൂറു ശതമാനം ചേരുന്നതായിരുന്നുവെന്ന്‌ എനിക്കും ലാലിനും ഉറപ്പായിരുന്നു. സുന്ദരമായ മുഖം, ചിരി, പതിഞ്ഞ സംസാരം ഇതെല്ലാം റിസയുടെ സവിശേഷതകളായിരുന്നു. ജീവിതത്തിലായാലും സിനിമയിലായാലും റിസയുടെ ചിരിക്ക്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു. ചിരിക്കുന്ന പാവം ക്രൂരനാകാൻ കഴിഞ്ഞതു തന്നെയായിരുന്നു റിസയുടെ അഭിനയത്തിന്റെ ഏറ്റവും വലിയ സവിശേഷത. 
ഹോനായി എന്ന കഥാപാത്രത്തിലേക്കു റിസയെ മാറ്റാൻ ഞാനും ലാലും ക്യാമറാമാൻ വേണുവും കൂടിയാണ് എറണാകുളത്തെ ഒരു പാർലറിൽ കൊണ്ടുപോയത്. അവിടെവെച്ചാണ് റിസയുടെ മുടി കളർ ചെയ്തത്‌. പല തവണ മാറി മാറി നോക്കിയാണ് ഒടുവിൽ ഒരു കളർ സെറ്റ് ചെയ്തത്. കണ്ണടയും അതിന്റെ ഫ്രെയിമും ചങ്ങലയുമൊക്കെ സെറ്റ് ചെയ്തതോടെ റിസ അതിവേഗത്തിൽ ഹോനായിയായി മാറി. ഈ രൂപം കണ്ണാടിയിൽ കണ്ടതോടെ റിസ പറഞ്ഞു, 'ഇതു ഞാനല്ല, വേറെയാരോ ആണ്'. അതോടെ റിസ ഹോനായിയായെന്നു ഞങ്ങളും ഉറപ്പിച്ചു.

ഹോനായിയുടെ സൂപ്പർ ഹിറ്റായ നിധിയുടെ ഡയലോഗ് ചിത്രീകരിച്ച നിമിഷങ്ങളും മറക്കാനാകാത്ത അനുഭവങ്ങളാണ്. കലൂർ സ്റ്റേഡിയത്തിനടുത്തുള്ള ഒരു വീട്ടിൽ വെച്ചാണ് ആ രംഗം ചിത്രീകരിച്ചത്. ആദ്യം ഞങ്ങൾ എഴുതിയത് സിനിമയിൽ വന്നതിനെക്കാൾ ഏറെ നീണ്ട ഒരു ഡയലോഗായിരുന്നു. രംഗം എടുക്കാൻ ലൈറ്റ് അപ്പ് ചെയ്ത ശേഷമാണ് ഡയലോഗ് വെട്ടി ചെറുതാക്കിയത്. പക്ഷേ ആ ഡയലോഗ് മലയാള സിനിമയിലെ ഹിറ്റായ ഡയലോഗായി മാറുകയായിരുന്നു. റിസ വളരെ ആസ്വദിച്ചാണ് ആ കഥാപാത്രവും ഡയലോഗും ചെയ്തത്. തമിഴിലും തെലുങ്കിലുമൊക്കെ ഈ ചിത്രം റീമേക്ക് ചെയ്തപ്പോഴും റിസയുടെ കഥാപാത്രത്തിന്റെ കരുത്ത് കിട്ടിയില്ല. തമിഴിൽ നെപ്പോളിയനാണ് ആ കഥാപാത്രം 
ചെയ്തത്. 

റിസബാവ എന്ന നടനിൽനിന്ന്‌ ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങൾ വരാനുണ്ടായിരുന്നുവെന്നാണ് എന്റെ വിശ്വാസം. റിസയുടെ വേറൊരു കാരക്ടറൈസേഷനുള്ള സമയമായിരുന്നു വരാനുണ്ടായിരുന്നത്. ടി.വി. രംഗത്ത്‌ സജീവമായതോടെ റിസയുടെ സിനിമയിലെ കഥാപാത്രങ്ങൾ കുറഞ്ഞിരുന്നു. പുതിയ വേഷങ്ങളിലേക്കു കൂടുമാറുന്നതിനു മുമ്പേ റിസ നമ്മളോടെല്ലാം യാത്ര പറയുമ്പോൾ അതൊരു വലിയ നഷ്ടംതന്നെയാണ്.