? 1951-ൽ ജനിച്ച മമ്മൂട്ടിയുടെ ആദ്യ സിനിമയായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്, 1971-ൽ, അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിൽ, കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ ആണ്. 1960-ൽ ജനിച്ച മോഹൻലാലിന്റെ ആദ്യസിനിമയായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് 1978-ൽ, താങ്കളുടെ 18-ാം വയസ്സിൽ സൃഷ്ടിക്കപ്പെട്ട ‘തിരനോട്ടം’ ആണ്. ഏഴ്‌ വർഷത്തിന്റെ ഇടവേള നിങ്ങൾക്കിടയിൽ ഉണ്ട്. ഈ ഏഴ്‌ വർഷങ്ങൾക്കിടയിൽ മമ്മൂട്ടി എന്ന നടന്റെ നാല് സിനിമകൾ (വിൽക്കാനുണ്ട് സ്വപ്നങ്ങൾ, അനുഭവങ്ങൾ  പാളിച്ചകൾ, കാലചക്രം, മേള) എന്നിവ പുറത്തിറങ്ങി. ഇവയിലേതെങ്കിലും താങ്കൾ കണ്ടിരുന്നോ?

= ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’, ‘മേള’ എന്നിവ ഞാൻ കണ്ടിട്ടുണ്ട്. അന്ന് വേറേയും വലിയ ഒരുപാട് നടന്മാരുണ്ടായിരുന്നു. അക്കൂട്ടത്തിൽ മമ്മൂട്ടി എന്ന പേര് അത്ര വലുതായൊന്നും എന്റെ ശ്രദ്ധയിലേക്ക് കടന്നുവന്നിരുന്നില്ല. പിന്നെ, ഞാൻ ഒരു സിനിമാ നടനാവണമെന്നൊന്നും സ്വപ്നം കണ്ടിരുന്നില്ല. പിന്നീട് ‘തിരനോട്ടം’ അഭിനയിക്കുന്ന കാലത്ത് രവികുമാർ, സത്താർ എന്നീ പേരുകൾക്കിടയിൽ എവിടെയോ മമ്മൂട്ടിക്കായുടെ പേരും വന്നിരുന്നതായി ഓർക്കുന്നു, അത്രയേ ഉള്ളൂ

? 1981-ൽ ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ‘അഹിംസ’യാണ് നിങ്ങൾ ഒരുമിച്ച ആദ്യ ചിത്രം. അതിൽ മമ്മൂട്ടിക്ക്‌ ഏറ്റവും നല്ല നടനുള്ള സംസ്ഥാനപുരസ്കാരവും ലഭിച്ചു.

= അന്ന് ഞങ്ങൾ കാണുകയും വളരെപ്പെട്ടെന്ന് സൗഹൃദത്തിലാവുകയും ചെയ്തു. അന്ന് ശ്രീനിവാസൻ ഉണ്ടായിരുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പ്രത്യേകതരത്തിലുള്ള ജീവിതമായിരുന്നു അന്ന്. ഞങ്ങൾക്ക് രണ്ടുപേർക്കും സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നമ്മേക്കാൾ ഉയർന്ന ഒരുപാട് അഭിനേതാക്കളും ആർട്ടിസ്റ്റുകളും ഒപ്പമുണ്ടായിരുന്നു. അവരെ കാണുമ്പോഴുള്ള ആഹ്ലാദം ഞാനും മമ്മൂട്ടിക്കയും ഒന്നിച്ചാണ് പങ്കിട്ടത്. ഒഴിവുസമയങ്ങളിൽ മുറിയിൽ ഞങ്ങൾ ചെറിയ ചെറിയ സ്കിറ്റുകൾ ഉണ്ടാക്കി അവതരിപ്പിച്ച് സമയംപോക്കുമായിരുന്നു.അന്നും അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണ് തോന്നിച്ചത്. അദ്ദേഹത്തിന് എന്നോടും അങ്ങനെയായിരുന്നു. ഇപ്പോഴും അതങ്ങനെത്തന്നെ നിലനിർത്താൻ ഞങ്ങൾക്ക് രണ്ടുപേർക്കും സാധിക്കുന്നു എന്നതാണ് ഭാഗ്യം.

? മമ്മൂട്ടി സിനിമയോട് അപാരമായ പാഷൻ ഉള്ള ഒരാളായിരുന്നു എന്ന് അന്ന് തോന്നിയിരുന്നോ...

= അന്നും ഇന്നും മമ്മൂട്ടിക്കയ്ക്ക്‌ സിനിമയോട് പാഷനാണ്. ഞാനൊക്കെ മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ട് സിനിമയിൽ വന്നുപോയ ആളാണ്. അഭിനേതാവണം എന്ന ഒരു ഫയർ ഒന്നും എനിക്കുണ്ടായിരുന്നില്ല. പിന്നെ, ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കഴിഞ്ഞപ്പോഴാണ് എനിക്ക്‌ ഈ തൊഴിലിനോട് അല്പം ഇഷ്ടമൊക്കെ വന്നത്. പിന്നീട് ഒരുപാട് സിനിമകൾ വന്നു. ഞങ്ങൾ ഒരുപാട് സിനിമകൾ ഒന്നിച്ചഭിനയിച്ചു. മമ്മൂട്ടിക്കയുടെ ഒരുപാട് സിനിമകളിൽ ഞാൻ വില്ലനായി; അദ്ദേഹത്തിന്റെ ഒരുപാട് ഇടി ഞാൻ കൊണ്ടു. പക്ഷേ, അതൊരു നല്ല  transformation ന്റെ കാലമായിരുന്നു. എം.ടി. വാസുദേവൻ നായർ എഴുതിയ ഒരുപാട് സിനിമകളിൽ മമ്മൂട്ടിക്കയാണ് മുഖ്യ കഥാപാത്രമെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്ക്‌ സാധിച്ചു.

? ഒരേ സീനിൽ മറുവശത്ത് നിൽക്കുന്ന ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയുടെ അഭിനയരീതിയെ താങ്കൾ എങ്ങനെയാണ് നോക്കിക്കണ്ടിട്ടുള്ളത്? വിലയിരുത്തിയിട്ടുള്ളത്..

= അക്കാര്യത്തെപ്പറ്റിയൊന്നും ഞാൻ ആഴത്തിൽ പഠിച്ചിട്ടില്ല. വളരെ അനായാസം അഭിനയിക്കുന്ന ആളാണ് മമ്മൂട്ടിക്ക എന്നാണ് എന്റെ അനുഭവം. സംഭാഷണങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കും. ഒരോ സംഭാഷണത്തിനും ഒരു തുടക്കം, നിർത്തേണ്ടിടത്ത് നിർത്തൽ (pause), കോമ എന്നിവയെല്ലാം സൂക്ഷ്മമായി പാലിക്കും. കഥാപാത്രം ലഭിച്ചാൽ നന്നായി പഠിക്കും. ഇവയെല്ലാം ജീവിതത്തിലെയും അഭിനയത്തിലെയും അച്ചടക്കത്തിന്റെ തുടർച്ചയായാണ് ഞാൻ കാണുന്നത്. ഞാൻ അത്തരത്തിലുള്ള ഒരാളോ നടനോ അല്ല. അത് എന്റെ സ്വഭാവത്തിലും അഭിനയത്തിലുമെല്ലാം നിങ്ങൾക്ക് കാണാം. മമ്മൂട്ടിക്ക ഇരുത്തംവന്ന വ്യക്തിയും നടനുമാണ്.

? വളർച്ചയുടെ ഗ്രാഫിൽ ഏകദേശം ഒരേ വേഗത്തിൽ, എന്നാൽ വ്യത്യസ്തതാളത്തിൽ ഒരേ കാലത്ത് സഞ്ചരിച്ചവരാണ് നിങ്ങൾ രണ്ടുപേരും. നിങ്ങളുടെ കാലത്തിന്റേതായ സംഘർഷങ്ങൾ നിങ്ങൾ ഒന്നിച്ചാണ് പങ്കിട്ടത്. ഏതെങ്കിലും തരത്തിലുള്ള പോസിറ്റീവായ മത്സരാത്മകത നിങ്ങളുടെ വളർച്ചയെ സഹായിച്ചിട്ടുണ്ടോ

= കണക്കുകൂട്ടി ചുവടുവെക്കുക എന്നകാര്യം ഒരു കാലത്തും ഒരു കാര്യത്തിലും എനിക്ക് സാധിക്കില്ല. അങ്ങനെ ചെയ്യാനും പറ്റില്ല. ഞങ്ങൾക്ക്  രണ്ടുപേർക്കും ഒരുപാട് നല്ല കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള അവസരം ഉണ്ടായി എന്നതാണ് സത്യം. എം.ടി.യുടെയും ജോഷിയുടെയുമെല്ലാം ശക്തമായ സിനിമകളിൽ മമ്മൂട്ടിക്ക അഭിനയിക്കുമ്പോൾ ശശികുമാറിന്റെയും പദ്‌മരാജന്റെയും തമ്പി കണ്ണന്താനത്തിന്റെയും സിനിമകളിൽ ഞാൻ അഭിനയിച്ചു. സിനിമകളുടെ കാര്യത്തിലും കഥാപാത്രങ്ങളുടെ കാര്യത്തിലും അപാരമായ വ്യത്യസ്തതകൾ നിലനിന്ന കാലമായിരുന്നു അത്. അരവിന്ദന്റെയും അടൂരിന്റെയും സിനിമകളിൽ അഭിനയിക്കുമ്പോൾതന്നെ ശശികുമാറിന്റെ സിനിമയിൽ മമ്മൂട്ടിക്കയ്ക്ക് അഭിനയിക്കാം. പദ്‌മരാജന്റെ സിനിമയിൽ അഭിനയിക്കുമ്പോൾതന്നെ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ എനിക്കും അഭിനയിക്കാം. ഇപ്പോഴത്തെ അഭിനേതാക്കൾക്ക് ഇത്ര വിപുലമായ ചോയ്‌സ് ഉണ്ട് എന്നു തോന്നുന്നില്ല. ഇത്തരത്തിൽ അഭിനയിക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളുടെ വിജയം. അതിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കാനോ കുറ്റം പറയാനോ പരിഭവപ്പെടാനോ ഒന്നും സമയമില്ലായിരുന്നു. മമ്മൂട്ടിക്കയ്ക്ക് അദ്ദേഹത്തിന്റേതായ സിനമകളുടെ ശൃംഖല തന്നെയുണ്ടായിരുന്നു; എനിക്ക്‌ എന്റേതും. മമ്മൂട്ടിക്ക ചെയ്ത ഏതെങ്കിലും കഥാപാത്രം കണ്ട് ‘അയ്യോ ഇതെനിക്ക് ചെയ്യാമായിരുന്നല്ലോ’ എന്നെനിക്ക്‌ ഇതുവരെ തോന്നിയിട്ടില്ല, അദ്ദേഹത്തിനും അങ്ങനെതന്നെയാവും. ഇതിനിടെ ഞങ്ങൾ ഒരുമിച്ച് കാസിനോ പ്രൊഡക്‌ഷനിൽ ഒരുപാട് സിനിമകൾ നിർമിച്ചു. നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ്‌ സട്രീറ്റ്, കരിമ്പിൻ പൂവിനക്കരെ... അങ്ങനെ കുറെ സിനിമകൾ.

? അപ്പുറത്ത് ഒരാൾ മത്സരിക്കാനുണ്ടാവുമ്പോഴാണ് നമുക്കും കൂടുതൽ വാശിയോടെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുക എന്ന് പറയാറുണ്ട്. കരുണാനിധിയും എം.ജി.ആറും ഈ മത്സരോർജം ഉൾക്കൊണ്ടവരാണ്; രജനീകാന്തും കമൽഹാസനും അങ്ങനെതന്നെ. നിങ്ങൾക്കിടയിൽ എങ്ങനെയാണ് ഈ അവസ്ഥ

= എന്നേക്കാൾ എത്രയോ ഉയരത്തിൽ നിൽക്കുന്ന നടനായിട്ടാണ് മമ്മൂട്ടിക്കയെ ഞാൻ കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകൾ ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു എന്നത് എന്റെ വളർച്ചയെ ഏറെ സഹായിച്ചു എന്ന് കരുതുന്നയാളാണ് ഞാൻ. പിന്നീട് ഞാൻ അമിതാഭ്‌ ബച്ചൻ, ശിവാജി ഗണേശൻ, നാഗേശ്വര റാവു തുടങ്ങിയ വലിയ അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചു. അപ്പോഴെല്ലാം എനിക്ക്‌ സഹായകമായത് മമ്മൂട്ടിക്കയ്ക്കൊപ്പം ആദ്യകാലംമുതലേ അഭിനയിച്ചതിന്റെ ബലവും ധൈര്യവുമാണ്.

? നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഇന്നും തലമുറഭേദമില്ലാതെ മലയാളികൾ ആസ്വദിക്കുന്നു. താങ്കളുടെ ‘ഇളകിയാട്ട’വും മമ്മൂട്ടിയുടെ പതിഞ്ഞ മാതിരിയും. 

= ഞങ്ങൾ തമ്മിലുള്ള സ്നേഹവും പരിചയവും സൗഹൃദവും അടുപ്പവുമെല്ലാംതന്നെയാണ് നിങ്ങൾ ആ സീനിലും കണ്ടത്. അതില്ലെങ്കിൽ അങ്ങനെ അഭിനയിക്കാൻ സാധിക്കില്ല. പിന്നെ നിങ്ങൾ ആ സീനിൽ കണ്ടത് പലതും അല്ലെങ്കിലും ഞാൻ മമ്മൂട്ടിക്കയോട് ചെയ്യുന്നതാണ്. അവിടെ ഒരു ക്യാമറയും സ്റ്റാർട്ട് ക്യാമറ ആക്‌ഷനുമെല്ലാം ഉണ്ട് എന്ന വ്യത്യാസമേയുള്ളൂ. എനിക്കതുപോലെ അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട് - സിനിമയിലും അല്ലാതെയും.

? ഒരുപാട് കാലം ഒന്നിച്ചുണ്ടുറങ്ങിയവരാണ് നിങ്ങൾ എന്ന് ആലങ്കാരികമായെങ്കിലും പറയാം. മമ്മൂട്ടിയിൽ ഇതേ തൊഴിൽ ചെയ്യുന്ന താങ്കൾ നിരീക്ഷിച്ച ജീവിതഗുണങ്ങളും നിഷ്ഠകളുമെന്തൊക്കെയാണ്...

= ഒന്നിച്ചുണ്ടുറങ്ങി എന്ന് താങ്കൾ പറഞ്ഞത് തീർത്തും ശരിയാണ്. അങ്ങനെതന്നെയായിരുന്നു.ജീവിതഗുണങ്ങളെക്കുറിച്ചാണെങ്കിൽ എനിക്കില്ലാത്തതെല്ലാം അദ്ദേഹത്തിനുണ്ട്. ശരീരം നന്നായി നോക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ നല്ല ചിട്ടയുണ്ട്. പിന്നെ, എല്ലാക്കാര്യത്തിലും തന്റേതായ ഒരു സ്റ്റൈൽ അദ്ദേഹം എല്ലാകാലത്തും കാത്തുസൂക്ഷിച്ചിട്ടുണ്ട്. വസ്ത്രധാരണം, കാർ, ഫോൺ എല്ലാത്തിലും ഒരു മമ്മൂട്ടിക്കാ സ്റ്റൈൽ ഉണ്ട്. അവയെല്ലാം അദ്ദേഹത്തിന് നന്നായി ഇണങ്ങുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുകൂടെ വേണമല്ലോ. ഒരുടുപ്പിട്ടാലും കാറിൽ വന്നിറങ്ങിയാലും അത് നിങ്ങൾക്ക് ചേരണം. അത് മമ്മൂട്ടിക്കായ്ക്ക് ഉണ്ട്. എനിക്കിതൊന്നുമില്ല.

? മമ്മൂട്ടിയുടെയും താങ്കളുടെയും സ്വഭാവസവിശേഷതകൾ ഒരു മിത്തുപോലെ മലയാളികൾ താരതമ്യം ചെയ്തുകൊണ്ട് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. താങ്കൾ വിനയമുള്ളയാളാണ്, എല്ലാവരെയും പെട്ടെന്ന് ഉൾക്കൊള്ളുന്നയാളാണ്; മമ്മൂട്ടി എന്തും തുറന്നുപറയുന്ന സ്വഭാവക്കാരനാണ്... താങ്കൾ  അനുരാഗിയാണ്; മമ്മൂട്ടി ഉത്തമഗൃഹനാഥനാണ്... ഇവയെല്ലാം നിങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളെവെച്ച് ഉണ്ടായ പൊതുബോധമാണോ

= കഥാപാത്രങ്ങളിലൂടെയാണല്ലോ ഒരു അഭിനേതാവിനെ ലോകം വിശകലനം ചെയ്യുന്നത്. ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ വലിയൊരുപങ്ക്  ഒരുപാട് കുസൃതികളും കുറുമ്പുകളും ഉള്ളവയായിരുന്നു. അവയുടെയൊക്കെ നിഴലുകൾ നമ്മുടെ ജീവിതത്തിലും വീണിട്ടുണ്ടാവും. നമ്മൾ സ്ഥിരമായി ഒരു ജോലിചെയ്യുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ നമ്മളിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഞാൻ നന്നായി തമാശപറയുന്നയാളാണ്. മമ്മൂട്ടിക്കയും അങ്ങനെത്തന്നെ, പക്ഷേ, മറ്റൊരു തരത്തിലാണെന്ന് മാത്രം. കാർക്കശ്യക്കാരനാണ് താൻ എന്ന് വരുത്തിത്തീർക്കുന്നയാളാണ് മമ്മൂട്ടിക്ക. അത് അദ്ദേഹത്തിന്റെ ഒരു പരിചയാണ്. അങ്ങനെയൊക്കെ വേണം. ഇല്ലെങ്കിൽ എല്ലാവരും വന്ന് മേഞ്ഞിട്ട് പോവില്ലേ. എനിക്കങ്ങനെ പരിചയൊന്നുമില്ല, അതുകൊണ്ട് ഒരുപാട് പേർക്ക് എന്റെ മുകളിൽ കയറാനുള്ള സ്വാതന്ത്ര്യമുണ്ട്

? അറിഞ്ഞോ അറിയാതെയോ നിങ്ങൾ രണ്ടുപേരും നടത്തിയ നല്ല സിനിമകൾക്കുവേണ്ടിയുള്ള ‘വേട്ട’യാണ് മലയാളസിനിമയെ മറ്റൊരു തലത്തിലേക്കുയർത്തിയത്. നിങ്ങൾ രണ്ടുപേരുടേയും കരിയറിൽനിന്ന്, പുതിയ തലമുറയ്ക്ക് ഉൾക്കൊള്ളാൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണ്

= ലഭിക്കുന്ന സിനിമകളും കഥാപാത്രങ്ങളുംതന്നെയാണ് ഒരു അഭിനേതാവിനെ രൂപപ്പെടുത്തിയെടുക്കുന്നത്.ഹരിഹരൻ, എം.ടി, ഐ.വി. ശശി, പദ്‌മരാജൻ, സിബി മലയിൽ, ലോഹിതദാസ് (തനിയാവർത്തനമൊക്കെ എന്താ സിനിമ!), അടൂർ, അരവിന്ദൻ, ഭരതൻ എന്നിവരുടെയെല്ലാം സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടിക്കയ്ക്ക് സാധിച്ചു. ഇവരിൽച്ചിലരുടെയെല്ലാം സിനിമകളിൽ ഞാനും അഭിനയിച്ചു. അതാണ് ഞങ്ങളുടെ ഭാഗ്യം. ഇന്ന് സിനിമ മാറി, സാഹചര്യം മാറി, സ്റ്റൈൽ മാറി, മലയാള സിനിമ കേരളത്തിൽമാത്രം ഒതുങ്ങിനിന്നിരുന്ന അവസ്ഥമാറി... ലോകം മുഴുവനും ഇപ്പോൾ അത് കാണുന്നു. പക്ഷേ, കഥാപാത്രങ്ങളും കഥയും ഇനിയുമേറെ വളരാനുണ്ട്. പുതിയ അഭിനേതാക്കൾക്ക് ശക്തമായ കഥാപാത്രങ്ങൾ കിട്ടണം. അങ്ങനെ ലഭിച്ചാൽ പുതിയ മാത്രമേ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഉണ്ടാവൂ.