muhammed rafiമുഹമ്മദ് റഫി പാടിയ ‘ദിൻ ഢൽ ജായേ’ എന്ന ഗാനത്തിന്റെ വിഷാദമാധുര്യത്തിൽ മുഴുകി നിറകണ്ണുകളോടെ നിശ്ശബ്ദനായി തലകുനിച്ചിരുന്ന പിതാവിന്റെ ചിത്രം ഇന്നുമുണ്ട് നിതിൻ മുകേഷിന്റെ ഓർമയിൽ.    
‘ഗൈഡ്’ (1965) എന്ന സിനിമയ്ക്കുവേണ്ടി  സച്ചിൻ ദേവ് ബർമൻ ചിട്ടപ്പെടുത്തിയ ആ ഗാനം ആവർത്തിച്ചുകേട്ടശേഷം റഫി സാഹിബിനെ ഫോണിൽ വിളിച്ചുതരാൻ മകനോട് ആവശ്യപ്പെടുന്നു മുകേഷ്.  വിറയാർന്ന കൈകളാൽ  റിസീവർ വാങ്ങി അദ്ദേഹം പറഞ്ഞു: ‘റഫി മിയാ, ക്യാ ഗായാ ഹേ ആപ്‌നേ യേ ഗീത്. ഐസാ കോയി ഗാ നഹി സക്താ...’ എത്ര ഹൃദ്യമായാണ് അങ്ങ് ഈ പാട്ട് പാടിയിരിക്കുന്നത്. മറ്റാർക്കുമാവില്ല ഇതുപോലെ പാടാൻ... മഹാപ്രതിഭകളായ രണ്ടുഗായകർ തമ്മിലുള്ള ആത്മൈക്യത്തിന്റെ സുഗന്ധമുണ്ടായിരുന്നു ആ വാക്കുകളിൽ എന്ന് നിതിൻ മുകേഷ്. ഒരേകാലത്ത് ജീവിച്ചവരും ഒരേ മേഖലയിൽ പ്രവർത്തിച്ചവരും പരസ്പരം മത്സരിക്കാൻ വിധിക്കപ്പെട്ടവരുമായ രണ്ടുപേർ.

കിഷോർ കുമാറിനെയും കരയിച്ചിട്ടുണ്ട് ‘ദിൻ ഢൽ ജായേ’. റഫിയുടെ വേർപാടിനുശേഷം, അന്തരിച്ച ഗായകനുള്ള സ്മരണാഞ്ജലിയായി ഈ പാട്ടിന്റെ  പല്ലവി വേദിയിൽപാടവേ ‘ബാബ’ അറിയാതെ വിതുമ്പിപ്പോയി എന്ന് കിഷോറിന്റെ മകൻ അമീത് കുമാർ. റഫിയുമൊത്തുള്ള ഗാനമേളകളിൽ  ആദരസൂചകമായി അദ്ദേഹത്തിന്റെ  പാട്ടുകളുടെ പല്ലവികൾ പാടുമായിരുന്നു കിഷോർ. ‘റഫി സാഹിബിന്റെ ശബ്ദം അനുകരിക്കാൻ എനിക്കാവില്ല; ഒരു ശ്രമം നടത്തുന്നു; അത്രയേയുള്ളൂ’  എന്ന വിനീതമായ മുഖവുരയോടെയാണ് പാടുക. അങ്ങനെ പതിവായി പാടിയിരുന്ന പാട്ടുകളിലൊന്നാണ്  ‘ദിൻ ഢൽ ജായേ.’  

ഒരു പടികൂടി മുന്നോട്ടുപോയി മഹേന്ദ്ര കപൂർ. ജുഗ്‌നു (1947)വിലെ ‘യഹാം ബദലാ വഫാ കാ’ എന്ന ഗാനംകേട്ട്  ആരാധനമൂത്ത്  റഫിയെക്കാണാൻ അമൃത്‌സറിൽനിന്ന്  മുംബൈയിലേക്ക്  വണ്ടികയറുമ്പോൾ കപൂറിന് പ്രായം 12. പിന്നണിസംഗീതലോകത്ത്  പ്രശസ്തനായ ശേഷം, 1970-കളുടെ ഒടുവിൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലെ തന്റെ ഗാനമേളയ്ക്കിടെ  റഫിയുടെ മക്കളായ സയീദും ഖാലിദും സ്ഥലത്തുണ്ടെന്നറിഞ്ഞ് ഇരുവരെയും വേദിയിലേക്ക് ക്ഷണിക്കുന്നു അദ്ദേഹം. സദസ്സിനെയും റഫിയുടെ മക്കളെയും ഒരുപോലെ അമ്പരപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നെ. വേദിയിൽവെച്ച്  ഇരുവരുടെയും  കാലുതൊട്ടുവന്ദിക്കുന്നു മഹേന്ദ്ര കപൂർ. പ്രായത്തിൽ ഏറെ മുതിർന്ന, ആദരണീയനായ ഒരു ഗായകനിൽനിന്ന് പാദനമസ്കാരം സ്വീകരിക്കുന്നതിന്റെ അനൗചിത്യം സയീദ് ചൂണ്ടിക്കാണിച്ചപ്പോൾ, മഹേന്ദ്ര കപൂർ നിസ്സംശയം പറഞ്ഞു: ‘‘ഞാൻ പ്രണമിച്ചത്  നിങ്ങളെയല്ല; അങ്ങുദൂരെ ആയിരക്കണക്കിന് നാഴികകൾക്കപ്പുറത്തിരിക്കുന്ന നിങ്ങളുടെ പിതാവിനെയാണ്.’’

സ്നേഹാർദ്രമായ ഈ  റഫിസ്മൃതികളോട്  ചേർത്തുവെക്കാവുന്നതാണ് ഗായകൻ മന്നാഡെയുടെ വാക്കുകളും:  ‘‘റഫിയായിരുന്നു ഞങ്ങളുടെ തലമുറയിലെ എല്ലാ പാട്ടുകാരെയും കൂട്ടിയിണക്കിയ കണ്ണി. ഹൃദയ നൈർമല്യമുള്ള ഒരു കലാകാരനുമാത്രമേ  മറ്റൊരു കലാകാരനെ  അനസൂയവിശുദ്ധിയോടെ അഭിനന്ദിക്കാൻ പറ്റൂ. നിങ്ങൾ കേൾക്കുന്നത് എന്റെ പാട്ടുകളാവാം; പക്ഷേ ഞാൻ കേൾക്കുക മന്നാഡെയുടെ പാട്ടുകളാണെന്ന് പറയാനുള്ള ആർജവം മറ്റ്‌ ഏതുഗായകനിൽനിന്ന് നമുക്ക് പ്രതീക്ഷിക്കാനാകും?’’    

 മലയാളികൾ ഇത്രയേറെ സ്നേഹിക്കുകയും ഹൃദയത്തോട് ചേർത്തുവെക്കുകയുംചെയ്ത മറ്റൊരു മറുഭാഷാഗായകനുണ്ടാവില്ല. റഫിഗാനങ്ങൾ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു സരിഗമ. ഏറ്റവും വിപുലമായ റഫിഗാനശേഖരങ്ങളുടെ ഉടമകളിൽ ചിലർ മലയാളികളാണ്. വർഷാവർഷം  റഫിയുടെ സ്മൃതിദിനത്തിൽ ഏറ്റവുമധികം ഗാനാഞ്ജലികൾ നടക്കുന്ന നാടുകളിലൊന്നും  കേരളം തന്നെ. .

‘‘റഫിയോടുള്ള സ്നേഹം  വിശദീകരിക്കാനാവില്ല എനിക്ക് . ഈശ്വരൻ റഫിയുടെ സ്വരത്തിൽ പാടുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം’’-ഗായകൻ ജയചന്ദ്രന്റെ വാക്കുകൾ. വിചിത്രമായ ഒരു ‘റഫിയൻ’ അനുഭവം ജയചന്ദ്രന്റെ ഓർമയിലുണ്ട്. പതിറ്റാണ്ടുകൾക്കുമുമ്പാണ്. തെലുങ്കിലെ പ്രശസ്ത നിർമാതാവ് പുണ്ഡരീകാക്ഷയ്യ ഒരുനാൾ അപ്രതീക്ഷിതമായി ഭാവഗായകനെ വിളിക്കുന്നു: ‘‘അടുത്ത പടത്തിലെ അഞ്ചുപാട്ടും താങ്കൾക്ക് തരാൻ പോകുകയാണ് ഞാൻ. താങ്കൾ പ്രഗല്‌ഭനായ ഗായകൻതന്നെ. സംശയമില്ല. പക്ഷേ, കഴിവിനുള്ള അംഗീകാരംമാത്രമായി കാണേണ്ടതില്ല ഈ വാഗ്ദാനത്തെ. മുഹമ്മദ് റഫിയോടുള്ള എന്റെ അന്ധമായ ആരാധനകൂടിയുണ്ട് അതിനുപിന്നിൽ. താങ്കളുടെ രൂപഭാവങ്ങൾ കാണുമ്പോൾ എനിക്ക് റഫിയെയാണ്  ഓർമവരുക.’’

അന്തംവിട്ടുപോയി ജയചന്ദ്രൻ. പിന്നെ, മനസ്സുകൊണ്ട് മഹാഗായകനെ  വന്ദിച്ചു. ‘‘റഫി സാഹിബ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന് ഇതിൽപ്പരമൊരു തെളിവുവേണോ?'' ജയചന്ദ്രന്റെ ചോദ്യം.