1960 ഡിസംബർ 20-ന് ദക്ഷിണകൊറിയയിലെ വടക്കൻ ഗ്യോങ്സാങ് പ്രവിശ്യയിലെ ബോങ്‌വയിലാണ് കിം ജനിച്ചത്. 1990-ൽ ഫൈൻ ആർട്സ് പഠനത്തിനായി പാരീസിലെത്തി. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ മത്സരത്തിൽ തിരക്കഥയിൽ ഒന്നാം സമ്മാനം നേടിയത്‌ വഴിത്തിരിവായത്.


തൊട്ടടുത്ത വർഷം ക്രോകൊഡൈൽ എന്ന ആദ്യ സിനിമയെടുത്തു. 1998-ൽ പുറത്തിറങ്ങിയ  ‘ദി ഐൽ’ ടൊറന്റോ അന്താരാഷ്ട്ര ചലചിത്ര വേദിയിൽ പ്രദർശിപ്പിച്ചതോടെയാണ് ലോകസിനിമാ വേദിയിൽ കിം ആദ്യമായി സാന്നിധ്യമറിയിച്ചത്.


ഋതുഭേദങ്ങളുടെ  ദർശനസൗന്ദര്യംകൊണ്ടുമാത്രമല്ല,  ഹിംസാത്മകമായ നാഗരികതയുടെ  കപടമുഖം വലിച്ചുകീറി ഉള്ള് പുറത്തെടുത്ത നരകദർശനംകൊണ്ടും   ലോകത്തെ ഞെട്ടിച്ച  സംവിധായകനാണ് കിം. വെറും രണ്ടുപതിറ്റാണ്ടുകൊണ്ടാണ് ലോകസിനിമയിൽ ഈ വിസ്മയപാത വെട്ടിത്തുറന്ന് കിം കി ഡുക്ക്‌ വെള്ളിത്തിരയുടെ നരകബുദ്ധനായി മാറിയത്. ഓരോ പുതിയ കിംസിനിമയ്ക്കുമായി കാത്തിരിക്കുന്ന ഒരു സമൂഹത്തെത്തന്നെ അത് കേരളത്തിൽ സൃഷ്ടിച്ചു.

പിന്നിട്ട ഒന്നരപ്പതിറ്റാണ്ടിൽ (2005-2020) കിം കി  ഡുക്കിനെപ്പോലെ കേരളത്തിലെ ഫിലിംഫെസ്റ്റിവൽ പ്രേമികളെ ആവേശിച്ച മറ്റൊരു സംവിധായകനെ കണ്ടെത്താൻ പ്രയാസമാണ്. ജന്മനാടായ ദക്ഷിണ കൊറിയയെക്കാളേറെ ആരാധകരുള്ള ഒരു നാടായി കേരളംമാറി എന്നത് കിമ്മിനെപ്പോലും വിസ്മയിപ്പിച്ചു. മലയാളി അബോധത്തിൽ ആഴ്ന്നുകിടക്കുന്ന വീടുവിട്ടിറങ്ങിയ ബുദ്ധന്റെ സഞ്ചാരപഥത്തെ  കടൽകടന്ന് കൊറിയയിൽ തിരിച്ചെത്തിയ  ഒരാധുനിക ബുദ്ധന്റെ തിരിച്ചുവരവായി കണ്ണിചേർക്കുകയായിരുന്നു ആ സിനിമകൾ. അനിയന്ത്രിതമായ രതിയുടെയും ഹിംസയുടെയും നരകക്കാഴ്ചകളുമായാണ് ആ ബുദ്ധൻ തിരിച്ചെത്തിയത് എന്നുമാത്രം. സ്വർഗത്തിലല്ല നരകത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന ക്രൂരമായ ഓർമപ്പെടുത്തലായിരുന്നു  കിം കി  ഡുക്കിന്റെ ഓരോ സിനിമയും.

കിം കേരളത്തെ സ്നേഹിച്ചു. 2005-ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ  അഞ്ചുസിനിമകളുടെ ഒരു കിം സ്മൃതിചിത്രപരമ്പരയാണ് തത്‌സമയം കിമ്മിനെ കേരളത്തിന്റെ ആരാധ്യപുരുഷനാക്കി മാറ്റിയത്. വിഖ്യാതചിത്രമായ ‘സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ, ആൻഡ്‌ സ്പ്രിങ്’ (2003 ) എന്ന ഒരൊറ്റസിനിമയുടെ പ്രദർശനത്തിലൂടെ അതുവരെ അജ്ഞാതനായിരുന്ന ഒരു സംവിധായനെ പൊടുന്നനെ മലയാളി നെഞ്ചിലേറ്റുകയായിരുന്നു. വെള്ളിത്തിരയിലെ ഒരു ധ്യാനബുദ്ധന്റെ നിശ്ശബ്ദവും ദാർശനികവുമായ കാവ്യസൗന്ദര്യം അത് പ്രേക്ഷകരെ അനുഭവിപ്പിച്ചു.  കൊറിയൻ സിനിമയുടെ ഒരു വസന്തംതന്നെ അത് കേരളത്തിൽ സൃഷ്ടിച്ചു. തിരിച്ച് കിം കി ഡുക്ക്‌ തരംഗം കേരളം ലോകസിനിമയ്ക്ക് സമ്മാനിച്ചുവെന്നും പറയാം. ലോകത്ത് മറ്റൊരിടത്തും എന്തിന്, ദക്ഷിണകൊറിയയിൽപ്പോലും ഇല്ലാത്തത്ര ആഴത്തിൽ കിം കേരളത്തിലെ ഫെസ്റ്റിവൽ പ്രേമികളെ സ്വാധീനിച്ചു. 2005 മുതൽ 2019 വരെയും ഓരോ ഐ.എഫ്.എഫ്.കെ.യിലും ആദ്യം പ്രേക്ഷകർ തേടിയിരുന്ന സംവിധായകൻ കിം ആയിരുന്നുവെന്ന് നിസ്സംശയം പറയാം.

2012-ലാണ് കിം ആദ്യമായി ഇന്ത്യയിലെത്തുന്നത്; ഇഫി ഗോവയിൽ തന്റെ രണ്ടാംഭാവത്തിന്റെ വരവറിയിച്ച  ‘പിയാത്ത’യുമായി. കിമ്മിലെ  ധ്യാനബുദ്ധൻ അപ്പോഴേക്കും കഠാരയേന്തിയ ബുദ്ധനായി പരിണമിച്ചിരുന്നു. 2008-ൽ സ്വന്തം കാമുകിയുടെ മരണത്തെത്തുടർന്ന്  വർഷങ്ങൾനീണ്ട മൗനവും സ്വയംവരിച്ച ഏകാന്തതടവും പിന്നിട്ട് ലോകത്തിലേക്ക് തിരിച്ചിറങ്ങിയാണ് കിം ആധുനിക ‘പിയാത്ത’യെ പുനരാവിഷ്കരിച്ചത്. ഗോവയിൽ കേരളത്തിൽനിന്നെത്തിയ മലയാളിപ്രേക്ഷകർതന്നെയായിരുന്നു കിമ്മിനെയും പിയാത്തയെയും ആഘോഷിച്ചത്. അത് തൊട്ടടുത്ത വർഷം കിമ്മിന്റെ കേരളത്തിലേക്കുള്ള വരവിനും നിമിത്തമായി. 2013-ലെ ഐ.എഫ്. എഫ്.കെ . ഓർമിക്കപ്പെടുന്നത് തിരുവനന്തപുരത്തേക്കുള്ള കിമ്മിന്റെ വരവും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘മോബിയസി’ന്റെ പ്രദർശനവുംതന്നെയാണ്. തിങ്ങിനിറഞ്ഞ മോബിയസിന്റെ ഓരോ പ്രദർശനത്തിലും  അത് വെളിച്ചത്തുകൊണ്ടുവന്ന ഹിംസാത്മകമായ രംഗങ്ങൾകണ്ട് താങ്ങാനാവാതെ ബോധംകെട്ടുവീണവരും തിേയറ്റർവിട്ടോടിയവരും ഒട്ടേറെയാണ്‌. ഒരു സംഭാഷണംപോലുമില്ലാത്ത നിശ്ശബ്ദസിനിമയാണ് അതെന്ന് സിനിമ കണ്ടുതീരുംവരെയും പലർക്കും മനസ്സിലായതുപോലുമില്ലായിരുന്നു. ഭൂമിയിലെ സകലതിന്മകളുടെയും അക്രമങ്ങളുടെയും ഉറവിടത്തെ ‘മോബിയസ്’ എന്ന സിനിമ എന്നപോലെ  സിനിമയിലെ നായകനും കണ്ടെത്തുന്നു. ഉറങ്ങുന്ന തെരുവിൽ വെളിച്ചമണയാത്ത ബുദ്ധപ്രതിമയ്ക്കുമുന്നിൽ​െവച്ച് സ്വന്തം ലിംഗം സ്വയം വെടിെവച്ചുതകർത്ത് ബുദ്ധപ്രണാമം നടത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഏത് ഇന്ദ്രിയമാണോ ഈ ലോകത്ത് ഏറ്റവും നാശവും അക്രമവും വിതച്ചത് അതിന്റെ നാശംതന്നെയാണ് സിനിമ മുന്നോട്ടുവെക്കുന്ന ദർശനവും. സിനിമയാകട്ടെ ആ ‘ലിംഗ’ത്തിന്റെ ആത്മകഥയും! ലിംഗാധികാരത്തിന്റെ ഒരപനിർമാണംതന്നെ കാഴ്ചയിൽ അനുഭവിപ്പിക്കുന്നു കിം.  

അവസാനം കേരളത്തിലെത്തിയ ‘നെറ്റ്’ (2016) കിമ്മിന്റെ ഏറ്റവും പ്രകടമായ രാഷ്ട്രീയസിനിമയാണ്. ദക്ഷിണ-ഉത്തര കൊറിയൻ വിഭജനത്തിന്റെ മറവിൽ വ്യക്തിത്വം നഷ്ടപ്പെടുന്ന കൊറിയൻ സ്വത്വത്തിന്റെ ദുരന്തകഥയാണ് കിം നെറ്റിലൂടെ ആവിഷ്കരിക്കുന്നത്. പോയവർഷമെത്തിയ ‘ഹ്യുമൺ, സ്പേസ്, ടൈം, ഹ്യുമൺ’ ആകട്ടെ അതിജീവനത്തിനായി നരഭോജികളായി പരിണമിച്ച മനുഷ്യാസ്തിത്വത്തിന്റെ ദയനീയവും ഭീകരവുമായ മുഖമാണ്.  

2019-ൽ കിമ്മിന്റെ നാടായ ദക്ഷിണകൊറിയയിലെ ബുസാൻ ചലച്ചിത്രോത്സവത്തിൽ ഫിപ്രസി ജൂറിയായി പങ്കെടുക്കാൻ അവസരംകിട്ടിയപ്പോൾ ആദ്യമന്വേഷിച്ചത് കിം അവിടെയുണ്ടോ എന്നായിരുന്നു. എന്നാൽ, കിം ഇല്ല എന്നുമാത്രമല്ല, കിംസിനിമകളെയും ബുസാൻ അടുപ്പിച്ചിട്ടില്ലായിരുന്നു. 2018 മുതൽ ദക്ഷിണകൊറിയയിലെ ഏറ്റവും വെറുക്കപ്പെട്ട സംവിധായകനായി തുടർച്ചയായ മൂന്ന് ലൈംഗികാപവാദക്കേസുകൾ കിമ്മിനെ മാറ്റിയിരുന്നു. ആ കേസുകൾ ഓരോന്നും കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്നുപറഞ്ഞ് കിം തിരിച്ച് കേസുകൊടുക്കുകയും ബലാത്സംഗം തെളിയിക്കപ്പെട്ടില്ലെങ്കിലും സ്ത്രീകളെ സിനിമയിലെ ഷൂട്ടിങ്ങിനായി ദ്രോഹിച്ചുവെന്നത് തെളിഞ്ഞതിനെത്തുടർന്ന് പിഴശിക്ഷ വിധിക്കപ്പെടുകയുംചെയ്തിരുന്നു. ഒരാൾപോലും കിമ്മിന് അനുകൂലമായി സംസാരിച്ചില്ല. എത്ര മഹാനായ സംവിധായകനായാലും ശരി സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന അറിവുതന്നെ അപമാനകരമായി കൊറിയക്കാർ കാണുന്നു എന്നതിന്റെ തെളിവായിരുന്നു അത്. കിമ്മിന്റെ പതനത്തിനും ഇത് വഴിയൊരുക്കിയിട്ടുണ്ടോ എന്ന് കാലം വ്യക്തമാക്കുമായിരിക്കും.