തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് കോടമ്പാക്കം ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിൽ കെ.എസ്. സേതുമാധവൻ മാതൃഭൂമി പ്രതിനിധി സുനീഷ് ജേക്കബ് മാത്യുവിന് നൽകിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ. സേതുമാധവൻ ഒരു പത്രമാധ്യമത്തിനു നൽകിയ അവസാനത്തെ അഭിമുഖമാണിത്

രണ്ടാമത്തെ മലയാളചിത്രം ‘കണ്ണും കരളും’ തന്നെ ഒരു പരീക്ഷണമായിരുന്നു. അതിനുള്ള ധൈര്യംലഭിച്ചത്?

വളരെ ശാന്തനായ ഒരു വ്യക്തിയാണ് ഞാൻ. ഒരുകാര്യം ചെയ്യുന്നതിനും ചാടിപ്പുറപ്പെടില്ല. എന്നാൽ ചിലകാര്യങ്ങളിൽ അസാമാന്യ ധൈര്യംവരും. കണ്ണും കരളും ചെയ്തത് ഇവനാണോയെന്ന് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ട്. പ്രണയരംഗങ്ങളില്ലാതെ സിനിമ വിജയിപ്പിക്കാൻ സാധിക്കുമെന്ന് കണ്ണും കരളും തെളിയിച്ചു. 

വർഷങ്ങൾക്ക് മുമ്പ് സാക്ഷാൽ പ്രേംനസീറിനെ വില്ലനാക്കിയത് എങ്ങനെ?

1973-ൽ പുറത്തിറങ്ങിയ ‘അഴകുള്ള സെലീന’യിലാണ് നസീർ പ്രതിനായക വേഷത്തിൽ അഭിനയിച്ചത്. സിനിമാമേഖലയിൽനിന്നുതന്നെ വലിയ എതിർപ്പുണ്ടായിരുന്നു. നസീറിനെ എന്തിനാണ് മോശമാക്കുന്നതെന്നും കുറച്ചകൂടി നല്ലവേഷം നൽകരുതായിരുന്നോയെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു. സിനിമയുടെ നിർമാണവും ഞാനും സഹോദരനും ചേർന്നായിരുന്നു. എതിർപ്പ് ഒന്നും കാര്യമാക്കാതെ മുന്നോട്ടുപോയി. കാരണം നസീറിന്റെ സന്തോഷമായിരുന്നു ഞങ്ങൾക്ക് മുഖ്യം.  

സത്യനെ നായകനാക്കിയായിരുന്നു പല പരീക്ഷണങ്ങളും. അദ്ദേഹവുമായുള്ള ബന്ധം?

സിനിമയിൽ പരീക്ഷണങ്ങൾ നടത്താൻ സത്യൻ എപ്പോഴും സന്നദ്ധനായിരുന്നു. ഞാൻ കണ്ടതിൽ ഏറ്റവും മാന്യനായ താരമായിരുന്നു സത്യൻ. 1962-ൽ കണ്ണും കരളും ചിത്രത്തിനുവേണ്ടിയാണ് ഒരുമിച്ചത്. ഞങ്ങൾക്കിടയിലെ മാനസിക ഐക്യം പല സിനിമകളെയും മെച്ചപ്പെടുത്തി. കണ്ണും കരളിലും ആരംഭിച്ച ബന്ധം ഉലച്ചിലില്ലാതെ അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു.

സിനിമയുടെ തിരക്കുകളൊഴിഞ്ഞിട്ട് വർഷങ്ങളായി. ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ്?

പൊതുപരിപാടികൾക്ക് കാര്യമായി പങ്കെടുക്കാറില്ല. ഒഴിവാക്കാൻ സാധിക്കാതെ വന്നാലും പലപ്പോഴും തലകാണിച്ച് മടങ്ങും. പ്രസംഗിക്കാനൊന്നും നിൽക്കാറില്ല. ചുരുക്കം ചില സന്ദർഭങ്ങളിൽ പതിവ് തെറ്റിയിട്ടുണ്ടെന്ന് മാത്രം. കോവിഡ് തുടങ്ങിയതിനുശേഷം പൊതുപരിപാടി പൂർണമായും ഒഴിവാക്കി. വായനയിലും ധ്യാനത്തിലുമാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആത്മീയ പുസ്തകങ്ങളാണ് വായിക്കുന്നത്. നീൽ ഡൊണാൽഡ് വാൽഷിന്റെ  ‘കോൺവർസേഷൻ വിത്ത് ഗോഡ്’ അടുത്തിടയ്ക്ക് വായിച്ച മികച്ച പുസ്തകമാണ്. ഉച്ചകഴിഞ്ഞാൽ ധ്യാനമാണ്. ഈശ്വരനുമായുള്ള സംഭാഷണം അപ്പോഴാണ് നടക്കുന്നത്. അതിനിടെ മറ്റൊന്നിനും സ്ഥാനമില്ല. ഒരു ചടങ്ങിനും പങ്കെടുക്കാറില്ല. ഫോൺ കോളുകളും ഒഴിവാക്കും. ഭാര്യ നിർബന്ധിച്ചാൽ ചിലപ്പോൾ ഉച്ചയ്ക്ക് അരമണിക്കൂർ വൈകും. കൂടുതൽ സമയവും ഈശ്വരചിന്തയാണ് മനസ്സിൽ. ഇനി അതാണല്ലോ വേണ്ടത്.

ഇപ്പോൾ ഒരു സിനിമ എടുത്താൽ ആരായിരിക്കും നായകൻ?

പുതിയതലമുറ നടന്മാരിൽ ജയസൂര്യയെ വലിയ ഇഷ്ടമാണ്. ശ്രീനിവാസനോട് പണ്ടുമുതൽ വലിയ താത്പര്യമാണ്.  

90 വർഷത്തെ ജീവിതത്തിൽനിന്ന് സ്വാംശീകരിച്ച സന്ദേശം

ജീവിതത്തിൽ നാം ഒന്നും തനിയെ ചെയ്യുന്നില്ല. എല്ലാം അദൃശ്യമായ ശക്തി നമ്മളെക്കൊണ്ട് ചെയ്യിക്കുന്നത്. ജീവിതം ഒരു സിനിമയാണ്. അതിൽ നമ്മളൊക്കെ അഭിനയിക്കുകയാണ്. ഈശ്വരനാണ് സംവിധായകൻ.