വിൻസെന്റ് , രാമുകാര്യാട്ട്, പി. ഭാസ്‌കരൻ തുടങ്ങിയ പഴയകാല സംവിധായകരിൽനിന്നെല്ലാം ­കെ.എസ്. സേതുമാധവൻ വ്യത്യസ്തനായത് അദ്ദേഹത്തിന്റെ സഹജമായ പരീക്ഷണോത്സുകത കൊണ്ടാണ്. ഓരോ ചിത്രത്തിലും തന്റെ  കൈയൊപ്പ് പതിപ്പിക്കുന്നതരത്തിലുള്ള വ്യത്യസ്തത അദ്ദേഹം കാത്തുസൂക്ഷിച്ചു. നിലവിലുള്ള സിനിമാസങ്കല്പങ്ങളിൽനിന്ന് വേറിട്ടുസഞ്ചരിച്ചുകൊണ്ട് അദ്ദേഹം സിനിമയിലെ ഭാവുകത്വം നിർണയിച്ചു. സാമൂഹികയാഥാർഥ്യങ്ങളെ തന്റെ സിനിമകളിൽ പകർത്തിവെക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതുവഴി മലയാളസിനിമയിൽ ശക്തമായ കഥകളും കഥാപാത്രങ്ങളുമുണ്ടായി. കഥയും നോവലും തിരഞ്ഞെടുക്കുമ്പോൾ അത് കാലത്തിന് എത്രമാത്രം അനുയോജ്യമാണെന്ന യാഥാർഥ്യം സേതുമാധവൻ തിരിച്ചറിഞ്ഞു. എന്നാൽ, നോവലിന് കൃത്യമായ ചട്ടക്കൂടുള്ളത് സിനിമാനിർമാണം എളുപ്പമാക്കിയെന്ന് ചിലർ വാദിച്ചിരുന്നു. പക്ഷേ, ആ ചട്ടക്കൂടിൽ നിന്നുകൊണ്ട് സേതുമാധവന് പ്രേക്ഷകരുടെ സംവേദനക്ഷമതയെ മാറ്റിമറിക്കാൻ കഴിഞ്ഞുവെന്നതാണ്  സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രസക്തി.  

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ പുറത്തിറങ്ങി ഏതാണ്ട് പതിനൊന്നു വർഷം കഴിഞ്ഞപ്പോഴാണ് സേതുമാധവൻ സിനിമാരംഗത്തെത്തിയത്. കോയമ്പത്തൂരിലെയും മദ്രാസിലെയും സേലത്തെയും സ്റ്റുഡിയോകളിൽനിന്ന് പത്തുവർഷം കൊണ്ടു നേടിയ അനുഭവസമ്പത്തും മദ്രാസിലെ തിയേറ്ററുകളിൽ കണ്ടിരുന്ന ഇംഗ്ലീഷ് ചിത്രങ്ങളുമായിരുന്നു സേതുമാധവന്റെ പിൻബലം. ഇംഗ്ലീഷ് നോവലുകൾ വായിച്ചും അവ ആസ്പദമാക്കി നിർമിച്ച സിനിമകൾ കണ്ടും അദ്ഭുതപ്പെട്ടിരുന്നിട്ടുണ്ട് സേതുമാധവൻ. അതുകൊണ്ടാകണം അദ്ദേഹം സാഹിത്യകൃതികൾ സിനിമയ്ക്കായി  തിരഞ്ഞെടുത്തതും മൂലകൃതിയോട് പരമാവധി നീതിപുലർത്താൻ ശ്രദ്ധിച്ചതും. സംവിധായകന്റെ ആത്മാംശം സൃഷ്ടികളിൽ വേണമെന്ന പക്ഷക്കാരനാണ് സേതുമാധവൻ. അദ്ദേഹത്തിന്റെ സിനിമാലോകം സ്വന്തം ജീവിതത്തിൽനിന്ന് വ്യത്യസ്തമല്ല. പണിതീരാത്ത വീട് എന്ന സിനിമയിൽ സംഘട്ടനം വേണമെന്ന തിരക്കഥാകൃത്തിന്റെ ആവശ്യം സേതുമാധവൻ അംഗീകരിച്ചില്ല. അതിലെ ജോസ് എന്ന കഥാപാത്രത്തിൽ ദർശിച്ച ആത്മാംശം തന്നെയാണതിന് കാരണമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.       

ഓടയിൽനിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, വാഴ്‌വേ മായം, അടിമകൾ, കരകാണാക്കടൽ, പണിതീരാത്ത വീട്, അച്ഛനും ബാപ്പയും, ഓപ്പോൾ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ഇടംനേടിയത് അവ കൈകാര്യംചെയ്ത സവിശേഷ രീതി കൊണ്ടായിരുന്നു. ക്രൂരകഥാപാത്രങ്ങൾപോലും സേതുമാധവന്റെ തലോടലിൽ മാനസാന്തരമുള്ളവരാവുന്നു. മലയാറ്റൂരിന്റെ യക്ഷി അതിന് മികച്ച ഒരു ഉദാഹരണമാണ്. പമ്മന്റെ അടിമകളിലെ ക്രൂരമായ പരിഹാസം സംവിധായകന്റെ കൈയിലെത്തുമ്പോൾ ക്ഷമയും സഹതാപവുമായി മാറിയെന്നു ചലച്ചിത്രവിമർശകർതന്നെ വിലയിരുത്തിയിട്ടുണ്ട്.  നന്മയിൽ അധിഷ്ഠിതമായ ജീവിതവീക്ഷണത്തിന് മുൻതൂക്കം കൊടുക്കുന്ന പല സന്ദർഭങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ട്. ബിലഹരിയുടെ തമിഴ് നാടകത്തെ ഉപജീവിച്ചെടുത്ത ദാഹത്തിൽ കാരുണ്യത്തിന്റെ സ്പർശം നാം കാണുന്നു. ഒരു പെണ്ണിന്റെ കഥയിലെ മാധവൻതമ്പിയുടെ പതനത്തിൽപ്പോലും നന്മയുടെ നിഴലാട്ടം കാണാം.

അഭിനേതാക്കളെ പുനർനിർമിച്ച ശില്പി

അഭിനേതാക്കളിൽനിന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സേതുമാധവന് കഴിഞ്ഞു. ഓടയിൽനിന്ന്, ദാഹം, ഒരു പെണ്ണിന്റെ കഥ, വാഴ്‌വേ മായം, കടൽപ്പാലം, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ  ചിത്രങ്ങളിലാണ് സത്യന്റെ അഭിനയത്തിന്റെ ഔന്നത്യം കാണാൻ കഴിയുക. ഓടയിൽനിന്നിലെ പപ്പുവിന്റെ തന്റേടം, വാത്സല്യം, വാശി, അവസാനത്തെ നിസ്സഹായത എന്നിവയൊക്കെ വളരെ തന്മയത്വത്തോടെയാണ് സത്യൻ ആവിഷ്‌കരിച്ചിരിക്കുന്നത്. വാഴ്‌വേമായത്തിലെ സത്യന്റെ സുധീന്ദ്രൻ അക്കാലത്തെ പ്രേക്ഷകരിൽ വലിയ അനുഭവം തന്നെ പകർന്നു. മികച്ച സംവിധായകന്റെ കൈയിൽ കഴിവുറ്റ നടൻ ശക്തനായിത്തീരും എന്നതിന് ഉദാഹരണമാണ് അരനാഴികനേരത്തിലെ കൊട്ടാരക്കരയുടെ കുഞ്ഞേനാച്ചൻ. പരാക്രമികളുടെ വേഷമിട്ടു മാത്രം കണ്ടിട്ടുള്ള കൊട്ടരക്കരയുടെ കഥാപാത്രത്തെ പുത്തൻ സിനിമാക്കാർക്കു പോലും അദ്ഭുതത്തോടെ മാത്രമേ നോക്കിനിൽക്കാനാവൂ. ഓപ്പോളിൽ ബാലൻ കെ. നായർക്കു കൊടുത്ത വേഷമാണ് മറ്റൊന്ന്. ഈ വേഷത്തിലൂടെ ദേശീയ അവാർഡുപോലും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു.

(മുതിർന്ന പത്രപ്രവർത്തകനാണ്‌ ലേഖകൻ)